'പിണറായി രാഹുലിനെ വിമർശിക്കുന്നത് താൻപോലും ഉപയോഗിക്കാത്ത ഭാഷയിൽ';
കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി

'പിണറായി രാഹുലിനെ വിമർശിക്കുന്നത് താൻപോലും ഉപയോഗിക്കാത്ത ഭാഷയിൽ'; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി

രാഹുൽ ഗാന്ധി അമേഠിയില്‍നിന്ന് ഒളിച്ചോടിയതിന് സമാനമായി വയനാട്ട് വിട്ട് മറ്റൊരു സുരക്ഷിത മണ്ഡലം തേടേണ്ടിവരുമെന്ന് മോദി

മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്‌പോര് കനക്കുന്നതിനിടെ ഇരുനേതാക്കള്‍ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മുന്നണിയുടെ നേതാക്കള്‍ പരസ്പരം ആക്രമിക്കുന്നുവെന്ന തരത്തിലായിരുന്നു മോദിയുടെ പ്രതികരണം. ''കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു,'' എന്നായിരുന്നു മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദിയുടെ പരാമര്‍ശം. രാഹുൽ ഗാന്ധി വയനാട്ടിൽ തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വെല്ലുവിളികളില്‍നിന്ന് ഒളിച്ചോടുന്ന പതിവുള്ളയാളാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്നും രാഹുലിന് കോൺഗ്രസ് മറ്റൊരു സുരക്ഷിത മണ്ഡലം കണ്ടെത്തേണ്ടിവരുമെന്നും മോദി പറഞ്ഞു.

''കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ ആപത്ത് അഭിമുഖീകരിക്കുകയാണ്. എന്ന വിശ്വസിക്കൂ, അമേഠിയിൽനിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം വയനാട്ടിലും അതേ അവസ്ഥയിലാണ്,'' മോദി പറഞ്ഞു. തുടർന്നായിരുന്നു പിണറായി-രാഹുൽ വാക്‌പോര് മോദി പരാമർശിച്ചത്. താൻ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് നേതാവിനെ വിമർശിച്ചതെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കോട്ടകളെന്ന് പറഞ്ഞിരുന്ന അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത വിഷയവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സോണിയ ഗാന്ധി റായ്ബറേലി ഉപേക്ഷിച്ച് രാജ്യസഭാ സീറ്റ് സ്വന്തമാക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ചിലർക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഭയമാണെന്നും മോദി പരിഹസിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾ ബി ജെ പി നയിക്കുന്ന എൻ ഡി എയ്ക്ക് വോട്ട് ചെയ്തതായി മോദി അവകാശപ്പെട്ടു. 25 ശതമാനം ലോക്‌സഭാ സീറ്റിനായി ഇന്ത്യ ബ്ലോക്കിലെ കക്ഷികൾ പരസ്പരം പോരടിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഇന്നും പിണറായി വിജയന്‍ രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിക്കാത്ത രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷമനസ്സോ സംഘപരിവാര്‍ മനോഭാവമോയെന്ന ചോദ്യമാണ് ഇന്ന് പിണറായി ഉന്നയിച്ചത്. കോഴിക്കോട് കുറ്റ്യാടി, നാദാപുരം മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ സംബന്ധിച്ച് പ്രതിപക്ഷനേതാവ് പൊതുജനങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞത് പെരുംനുണയാണ്. പ്രകടനപത്രികയില്‍ എല്ലാമുണ്ടെന്ന അവകാശവാദം തെറ്റാണ്. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ പ്രകടന പത്രികയിലെ പേജിലോ ഖണ്ഡികയിലോ പൗരത്വ നിയമഭേദഗതി എന്ന വാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യമായി തന്റെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി പരാതി പറയുന്നു. അങ്ങനെയല്ല. ന്യായ് യാത്ര നടത്തിവന്ന ശേഷം വയനാട്ടില്‍ പത്രിക കൊടുക്കാന്‍ വന്നപ്പോഴെങ്കിലും രാഹുല്‍ സിഎഎയില്‍ അഭിപ്രായം പറയാന്‍ തയ്യാറായോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

logo
The Fourth
www.thefourthnews.in