'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍

'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍

തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മോദി പിന്നോട്ടാണെന്നും ഗാര്‍ഡിയന്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമം 'ദ ഗാര്‍ഡിയന്‍'. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്, പ്രതിപക്ഷ നേതാക്കാളെ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നത്, ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച പണം തുടങ്ങിയവ എടുത്തുപറഞ്ഞാണ് ഗാര്‍ഡിയൻ എഡിറ്റോറിയലിലെ വിമര്‍ശനം. തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് വിമർശിക്കുന്ന എഡിറ്റോറിയൽ, അദ്ദേഹത്തിന് വീണ്ടുമൊരു അവസരം നല്‍കുന്നതിനെക്കുറിച്ച് ജനങ്ങൾ നന്നായി ആലോചിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയിലെ സമകാലിക വിഷയങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാണ് ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ മോദിക്ക് ഭയമുണ്ടെന്നും അതിനാലാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്നും ഇന്ത്യയുടെ സാമ്പത്തിക അസന്തുലിതാവസ്ഥ കൊളോണിയല്‍ കാലത്തേതിലും വര്‍ധിച്ച അവസ്ഥയിലാണെന്നും ഗാര്‍ഡിയന്‍ നിരീക്ഷിക്കുന്നു. തന്റെ വീഴ്ചകള്‍ മറച്ചുവെക്കാനായി ഹിന്ദു വര്‍ഗീയത ആളിക്കത്തിച്ചാണ് മോദി അധികാരത്തില്‍ തുടരുന്നതെന്നും ഗാര്‍ഡിയന്‍ വിമര്‍ശിക്കുന്നു.

''ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ഈ ആഴ്ചയില്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ പോകുന്നു. വലിയ ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേട്ടത്തിനൊപ്പമെത്തും. ഫലം എന്തുതന്നെയായാലും തോല്‍ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമായിരിക്കും. സ്വയം വിമര്‍ശനത്തിന് തയാറായ ആളാണ് നെഹ്‌റു. എന്നാല്‍ മോദിക്ക് പ്രതിപക്ഷത്തിന്റെ വിമര്‍ശനം പോലും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഇല്ല,'' ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍
ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ നേര്‍സാക്ഷ്യം; നെഞ്ചുലയ്ക്കുന്ന ആ ചിത്രത്തിന് ലോക പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

ആശയങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുമ്പോഴും പൗരന്‍മാര്‍ക്ക് തുല്യ പരിഗണന ലഭിക്കുമ്പോഴുമാണ് ജനാധിപത്യം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന ഗാര്‍ഡിയന്‍, മോദിയുടെ ഇന്ത്യയില്‍ ഇക്കാര്യങ്ങള്‍ കുറവാണെന്നും വിമര്‍ശിക്കുന്നു. ''പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളില്‍ പെട്ട് അറസ്റ്റിലാകുന്നതും യാദൃശ്ചികമല്ല. ഈ അറസ്റ്റിലയാവരുടെ കൂട്ടത്തില്‍ ഒരു ഭരണകക്ഷി നേതാവ് പോലുമില്ല. 2018 മുതല്‍ ബിജെപിക്ക് 6,000 കോടി രൂപയ്ക്കു മുകളില്‍ ഇലക്ടറല്‍ ബോണ്ട് വഴി പണം ലഭിച്ചു. മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എല്ലാവര്‍ക്കും കൂടി ലഭിച്ച തുകയെക്കാള്‍ കൂടുതലാണ് ഇത്‌,'' ഗാര്‍ഡിയന്‍ പറയുന്നു.

പത്ത് വര്‍ഷത്തെ മോദി ഭരണത്തിനുശേഷം ഇന്ത്യക്കാരുടെ മനസ്സ് മാറിയിട്ടുണ്ടാകുമെന്ന് ഗാര്‍ഡിയന്‍ വിലയിരുത്തുന്നു. ''തൊഴിലില്ലായ്മ, പണപ്പെരുപ്പം, വരുമാന അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ചാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആശങ്കാകുലരെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളില്‍ മോദിക്ക് മോശം റെക്കോഡാണുള്ളത്. ഇത് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നുമുണ്ട്. മോദിയുടെ ഭരണകാലത്തില്‍ അഴിമതി വര്‍ധിച്ചതായി ഭൂരിഭാഗം വോട്ടര്‍മാരും കരുതുന്നു. സമീപകാലത്തെ സാമ്പത്തിക വളര്‍ച്ച സമ്പന്നര്‍ക്കു മാത്രം പ്രയോജനപ്പെടുന്നതാണ്. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ അസമത്വം കൊളോണിയല്‍ കാലത്തേതിനെക്കാള്‍ അസമത്വത്തിലാണെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല,'' ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു.

''മോദിയെ ചെറുത്തുനില്‍ക്കുകയെന്നത് അപകടകരമാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ തച്ചുതകര്‍ക്കുന്നതിനെതിരായ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉപയോഗിച്ചു,'' ലേഖനത്തില്‍ പറയുന്നു.

''ആധുനിക ഇന്ത്യ ഒരിക്കലും മതത്തിന്റെയോ വംശീയതയുടെയോ അടിസ്ഥാനത്തില്‍ അതിന്റെ സ്വത്വത്തെ നിര്‍വചിച്ചിട്ടില്ല. ഭൂരിഭാഗം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. എന്നാല്‍, രാജ്യം 20 കോടി മുസ്ലിംകളുടേത് കൂടിയാണ്. മോദിയെപ്പോലുള്ള ഹിന്ദു ദേശീയവാദികള്‍ ഹിന്ദുക്കളുടെ മുന്‍ഗണനയ്ക്കുവേണ്ടി വാദിക്കുന്നു. അതുകൊണ്ടാണ് ഭരണ പാര്‍ട്ടിയുമായി ബന്ധമുള്ള തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ താഴേത്തട്ടില്‍ അക്രമാസക്തമായി പ്രവര്‍ത്തിക്കുന്നത്. മോദിക്ക് അധികാരം നഷ്ടപ്പെടുകയാണെങ്കില്‍, ഈ സംഘടനകള്‍ക്കു പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ പ്രയാസമായിരിക്കും,'' ഗാര്‍ഡിയന്‍ പറയുന്നു.

'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍
'സെറിലാക്കും നിഡോയും സേഫല്ല'; കുട്ടികള്‍ക്കുള്ള നെസ്‌ലെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലെന്ന് പഠനം

''ക്രിസ്റ്റഫര്‍ ജെഫ്‌റിലോട്ട് 'ഗുജറാത്ത് അണ്ടര്‍ മോദി' എന്ന പുസ്തകത്തില്‍ എഴുതിയതുപോലെ, ഇത്തരം സംഘങ്ങളെ തടയാന്‍ ഒരു ബഹുജന മുന്നേറ്റത്തിനു മാത്രമേ സാധിക്കൂ. ഹിന്ദുമതത്തിന്റെ അധികാരശ്രേണികളെ വെല്ലുവിളിക്കുന്ന പ്രാദേശിക സാംസ്‌കാരിക സ്വത്വത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ മുന്നേറ്റം നടക്കുന്ന ദക്ഷിണേന്ത്യയില്‍ മോദി ജനപ്രിയനല്ല. നല്ല ആരോഗ്യ, വിദ്യാഭ്യാസ, ദാരിദ്ര്യ നിര്‍മാർജന സംവിധാനങ്ങളും മികച്ച സാമ്പത്തിക സ്ഥിതിയും നിലനില്‍ക്കുന്ന തമിഴ്‌നാട്ടിലാണ് മോദിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്,'' ലേഖനത്തില്‍ പറയുന്നു.

ജനസാന്ദ്രത കൂടിയ ഉത്തരേന്ത്യയില്‍ പുരോഗതിയുടെ അഭാവം മറയ്ക്കാന്‍ ബിജെപി ഹിന്ദുമതത്തെ തീവ്രമായി ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ ബിജെപിയുടെ പ്രധാന എതിരാളികളിലൊരാളായ അരവിന്ദ് കെജ്‌രിവാള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ദക്ഷിണേന്ത്യന്‍ മാതൃക നടപ്പിലാക്കാന്‍ ശ്രമിച്ചയാളാണ്. അദ്ദേഹം കഴിഞ്ഞമാസം അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ വോട്ടര്‍മാര്‍ ഇത് മോദിയുടെ ആത്മവിശ്വാസത്തേക്കാള്‍, അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥയുടെ അടയാളമായി കണ്ടേക്കാം,''എന്നും ഗാര്‍ഡിയന്‍ പറയുന്നു.

logo
The Fourth
www.thefourthnews.in