53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്

53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്

2019 നെ അപേക്ഷിച്ച് 1.32 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന മൂന്നാം ഘട്ട പോളിങിന്റെ കണക്കുകള്‍ പുറത്ത്. മേയ് ഏഴിന് 93 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തി എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലെ കണക്ക് ചൂണ്ടിക്കാട്ടുന്നത്. 2019 നെ അപേക്ഷിച്ച് 1.32 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 40 സീറ്റുകളിൽ പോളിങ് ശതമാനം വർധിച്ചപ്പോൾ, ബാക്കിയുള്ള 53 മണ്ഡലങ്ങളിൽ വോട്ടർമാരുടെ പങ്കാളിത്തത്തിൽ കുറവുണ്ടായി. പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം സ്ത്രീകളുടേതിനേക്കാൾ 2.5 ശതമാനം കൂടുതലായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വലവീശി ബിജെപി, നോട്ട ആയുധമാക്കി കോണ്‍ഗ്രസ്; വേറിട്ട പ്രചാരണത്തില്‍ ഇന്‍ഡോര്‍ മണ്ഡലം

പോളിങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ പത്തിൽ എട്ട് സീറ്റും ഗുജറാത്തിൽ നിന്നുള്ളതാണ്. മൂന്നാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോയ ബർദോളി, ദാഹോദ്, അഹമ്മദാബാദ് ഈസ്റ്റ്, നവസാരി, വഡോദര, ഗാന്ധിനഗർ, മഹേശന, അമ്രേലി എന്നീ മണ്ഡലങ്ങളിൽ പോളിങ് ശതമാനം ഒൻപത് ശതമാനം വരെയാണ് കുറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥാനാർത്ഥിയായി മത്സരിച്ച ഗാന്ധിനഗറിൽ ആറ് ശതമാനമായിരുന്നു ഇടിവ്. ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിൽ 25 എണ്ണത്തിലും മൂന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, കർണാടക, പശ്ചിമ ബംഗാൾ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16 മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരായിരുന്നു കൂടുതലായി പോളിങ് ബൂത്തിലെത്തിയത്. 2019-ലും ഇതേ ട്രെൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, സമയധിഷ്ഠിതമായി പോളിങ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലെ ഔദ്യോഗിക പോളിങ് കണക്കുകൾ പുറത്തുവിടാൻ വൈകിയതായിരുന്നു പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങൾ രൂക്ഷമാക്കിയത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന് 11 ദിവസങ്ങൾ കഴിഞ്ഞായിരുന്നു ഇ സി കൃത്യമായ കണക്കുകൾ പുറത്തുവിട്ടത്.

രാജ്യം നാലാം ഘട്ട വോട്ടെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാന ഘട്ട കണക്കുകള്‍ പുറത്തുവിടുന്നത്. നാളെയാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുക. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

logo
The Fourth
www.thefourthnews.in