'ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം ഉത്തർപ്രദേശ് ഇത്തവണ എടുക്കും'|അഖിലേഷ് യാദവ് അഭിമുഖം

'ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം ഉത്തർപ്രദേശ് ഇത്തവണ എടുക്കും'|അഖിലേഷ് യാദവ് അഭിമുഖം

മുലായം സിംഗ് യാദവ് എന്ന വലിയ രാഷ്ട്രീയക്കാരന്റെ എല്ലാ മെയ് വഴക്കങ്ങളും അഖിലേഷില്‍ കാണാം. സമാജ് വാദി പാര്‍ട്ടിയുടെ തട്ടകമായ സെയ്ഫായില്‍ എത്തിയപ്പോഴായിരുന്നു 'ദ ഫോര്‍ത്ത്' അഖിലേഷ് യാദവുമായി സംസാരിച്ചത്

സമാജ് വാദി പാര്‍ട്ടിയുടെ തട്ടകമായ സെയ്ഫായിലെ ഏയര്‍ സ്ട്രിപ്പില്‍ കൊടുംചൂടില്‍ ഒരു ഉച്ചസമയത്തായിരുന്നു അഖിലേഷ് യാദവിന്റെ ചെറുവിമാനം പറന്നിറങ്ങിയത്. മായിന്‍പുരിയിലും കനൗജിലുമൊക്കെ പ്രചരണത്തിനായാണ് അഖിലേഷ് എത്തിയത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ അഖിലേഷ് നേരെ നടന്നത് സ്വീകരിക്കാനെത്തിയ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അരികിലേക്ക്. ഫോട്ടോ എടുക്കാനും ജയ് വിളിക്കാനുമൊക്കെയായി നിരവധി പേര്‍. ആരെയും നിരാശപ്പെടുത്താതെ എല്ലാവരോടും അഖിലേഷ് സംസാരിക്കുന്നു. മുലായം സിംഗ് യാദവ് എന്ന വലിയ രാഷ്ട്രീയക്കാരന്റെ എല്ലാ മെയ് വഴക്കങ്ങളും അഖിലേഷില്‍ കാണാം. നട്ടുച്ചയ്‌ക്കുള്ള കൊടുംചൂടായതിനാല്‍ വിമാനത്തിനുള്ളില്‍ ഇരുന്ന് 'ദ ഫോര്‍ത്തിനോട്' സംസാരിക്കാന്‍ അഖിലേഷ് തയ്യാറായി.

Q

ജനാധിപത്യ വിശ്വാസികള്‍ വലിയ പ്രതീക്ഷയോടെയാണ് യുപിയിലേക്ക് നോക്കുന്നത്. എന്ത് മാറ്റമാണ് ഇത്തവണ യുപിയില്‍ ഉണ്ടാവുക?

A

നിങ്ങള്‍ ഇവിടെ വന്നതിന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു. യുപിയില്‍ നിന്ന് ഇത്തവണ നല്ല തീരുമാനം ഉണ്ടാകും. യുപിയിലെ ജനങ്ങള്‍ ഇത്തവണ ബിജെപിക്കെതിരെ വോട്ട് ചെയ്യുകയാണ്. ഉത്തര്‍പ്രദേശില്‍ ബിജെപി പരാജയപ്പെടും. പ്രതീക്ഷിക്കുന്ന സീറ്റ് ബിജെപിക്ക് ഇത്തവണ കിട്ടില്ല. അധികാരത്തില്‍ ഇരിക്കാന്‍ ശക്തി നല്‍കിയതുപോലെ അധികാരത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാനും യുപി തീരുമാനിക്കും.

Q

ഇന്ത്യ സഖ്യം വിജയിച്ചാല്‍ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് പ്രധാനന്ത്രിമാര്‍ ഉണ്ടാകും എന്നാണല്ലോ പ്രധാനന്ത്രി പറയുന്നത്?

A

അവര്‍ക്ക് എന്തും പറയാം. ഇതിന് മുമ്പ് ദേശീയതലത്തില്‍ സഖ്യങ്ങള്‍ ഉണ്ടായപ്പോഴൊക്കെ നല്ല പ്രധാനമന്ത്രിമാരും ഉണ്ടായിട്ടുണ്ട്. ഉറപ്പായും ഇത്തവണ ഇന്ത്യക്ക് പുതിയ പ്രധാനമന്ത്രി ഉണ്ടാകും. അക്കാര്യത്തില്‍ ബിജെപിക്ക് ആശങ്ക വേണ്ട. യുപിയില്‍ പരാജയപ്പെടുന്നതിനെ കുറിച്ച് ബിജെപിക്ക് ആശങ്കപ്പെടാം.

Q

പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മുസ്ലീം ലീഗിന്റെ ആവശ്യങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയാണെന്ന്?

A

അത് തെറ്റാണ്. ഇന്ത്യ സഖ്യം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഇന്ത്യ സഖ്യം പോരാടുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനെക്കുറിച്ച്, വിലക്കയറ്റത്തെക്കുറിച്ച്, രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച്, സ്ത്രീ സുരക്ഷയെക്കുറിച്ച്, കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ച്, നിക്ഷേപങ്ങളെക്കുറിച്ച് അങ്ങനെ നിരവധി വിഷയങ്ങളാണ് ഇന്ത്യാ സഖ്യം ഉയര്‍ത്തുന്നത്. നിക്ഷേപങ്ങള്‍ വട്ടപ്പൂജ്യമാണ് ഇപ്പോള്‍. നിക്ഷേപങ്ങള്‍ വന്നില്ലെങ്കില്‍ എങ്ങനെ തൊഴില്‍ ഉറപ്പാക്കാന്‍ പറ്റും.

Q

അയോദ്ധ്യ, ഗ്യാന്‍വാപി, മധുര ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഇപ്പോഴും ബിജെപി ഉന്നയിക്കുന്നു. ഇത്തരം വര്‍ഗീയ പ്രചരണങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കുന്നത് ?

A

ഇതൊക്കെ അവരുടെ പഴയ വിഷയങ്ങളാണ്. വര്‍ഗീയത പറയുന്നതില്‍ അവര്‍ വലിയ ആശാന്മാരാണ്. മതത്തെയും അവരുടെ വികാരങ്ങളെയും എങ്ങനെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കാം എന്ന് അവര്‍ക്ക് അറിയാം. പക്ഷെ, അതൊന്നും ഇപ്പോള്‍ ജനങ്ങളുടെ ചര്‍ച്ചയില്‍ ഇല്ല. ഇപ്പോഴത്തെ ചര്‍ച്ച തൊഴിലില്ലായ്മയെക്കുറിച്ചാണ്. അതിനുള്ള മറുപടി ബിജെപിക്കില്ല. ഹിന്ദിയില്‍ ഇങ്ങനെ പറയാറുണ്ട്, ബിജെപി കേ ജൂട്ടേ ബാത്തേ, ബാത്തേ ജൂട്ടേ, ദസ് സാല്‍ മേ ഇനോനേ കുച്ച് നഹി കിയാ. രണ്ട് എന്‍ജിന്‍ സര്‍ക്കാരെന്നാണ് അവര്‍ പറയുന്നത്. എവിടെയാണ് രണ്ട് എന്‍ജിന്‍. ഹോര്‍ഡിംഗുകളില്‍ ആകെയുള്ളത് ഒരു ഫോട്ടോ മാത്രമാണല്ലോ. (മോദിയുടെ ചിത്രം മാത്രംവച്ച് ബിജെപി നടത്തുന്ന പ്രചരണത്തെയാണ് അഖിലേഷ് ചോദ്യം ചെയ്യുന്നത്). മറ്റുള്ള ആളുകള്‍ എന്തുകൊണ്ടാണ് ഹോര്‍ഡിംഗില്‍ ഇല്ലാത്തത്. കാരണം അവര്‍ക്ക് അറിയാം മറ്റുള്ളവരുടെ മുഖങ്ങള്‍ കാട്ടിയാല്‍ വോട്ട് കിട്ടില്ലെന്ന്.

Q

നിരവധി പ്രതിപക്ഷ നേതാക്കളെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്യുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെയും ഇഡി കേസെടുത്തു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പിനെ എങ്ങനെയാണ് കാണുന്നത്?

A

ആരൊക്കെ അധികാരം ദുരുപയോഗം ചെയ്ത് വ്യാജ കേസുകള്‍ എടുത്തിട്ടുണ്ടോ അവര്‍ക്കൊക്കെ കഷ്ടകാലങ്ങളും ഉണ്ടായിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകും. അങ്ങനെ ചെയ്തിട്ടുള്ള സര്‍ക്കാരുകളെ ജനം പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപി അതാണ് ചെയ്യുന്നതെങ്കില്‍ നാളെ അവരെയും ജനം അധികാരത്തില്‍ നിന്ന് പുറത്താക്കും.

Q

കിഴക്കന്‍ യു.പി സംസ്ഥാനം എന്ന ആവശ്യമാണ് ഈ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി ഉയര്‍ത്തുന്നത്. എന്താണ് പ്രതികരണം

A

അത് ബിജെപിക്ക് വേണ്ടിയാണ് ചെയ്യുന്നത്. മായാവതി പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് അനുസരിച്ചാണ്. ബി.ജെ.പി എന്താണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിന് അനുസരിച്ചാണ് മായാവതിയുടെ പ്രവര്‍ത്തനം.

Q

രണ്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പ്രതികരണങ്ങള്‍ എങ്ങനെയാണ്?

A

ഞങ്ങള്‍ വിജയിക്കുകയാണ്. ഇന്ത്യാ സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കും. ആദ്യ രണ്ട് ഘട്ടങ്ങളില്‍ നല്ല നിലയില്‍ സീറ്റുകള്‍ നേടാനാകും. മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.

logo
The Fourth
www.thefourthnews.in