ട്വിസ്റ്റുകളുമായി മമത, തിരക്കഥയ്ക്കനുസരിച്ച് ബിജെപി; വംഗനാട്ടില്‍ പോര് മുറുകുമ്പോള്‍

ട്വിസ്റ്റുകളുമായി മമത, തിരക്കഥയ്ക്കനുസരിച്ച് ബിജെപി; വംഗനാട്ടില്‍ പോര് മുറുകുമ്പോള്‍

ബംഗാളിലെ കരുത്ത് നിലനിര്‍ത്തുകയെന്ന് ഒറ്റ ലക്ഷ്യം മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കുമുള്ളത്. അതിന് തടസമാക്കുന്നത് എന്തായാലും വകഞ്ഞുമാറ്റാതെ വഴിയില്ലെന്ന് മമത വ്യക്തമാക്കുന്നു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നപ്പോള്‍ ഒരു കാര്യം വ്യക്തം, പശ്ചിമ ബംഗാളില്‍ തനിച്ച് മതിയെന്ന് ദീദി തീരുമാനിച്ചുകഴിഞ്ഞു. വംഗനാട്ടിലെ 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പോര്‍ക്കളത്തില്‍ ചൂട് പകര്‍ന്നുതുടങ്ങും.

'ഇന്ത്യ' എന്ന പേരില്‍ പ്രതിപക്ഷ ഐക്യചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് മമതയാണ്, ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പരീക്ഷണത്തിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും മമത തന്നെ. ഇതാണ് ബംഗാളിലെ രാഷ്ട്രീയം. എന്ത് വിലകൊടുത്തും ബംഗാളിലെ തങ്ങളുടെ കരുത്ത് നിലനിര്‍ത്തുകയെന്ന് ഒറ്റ ലക്ഷ്യം മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കുമുള്ളത്. അതിന് തടസം നില്‍ക്കുന്നത് എന്തായാലും വകഞ്ഞുമാറ്റാതെ വഴിയില്ലെന്ന് മമതയുടെ ഓരോ നീക്കവും വ്യക്തമാക്കുന്നു.

2019 തിരഞ്ഞെടുപ്പില്‍ 22 സീറ്റാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. ഇത്തവണ അത് ഉയര്‍ത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. ദേശീയ പാര്‍ട്ടി പദവി സ്വപ്‌നം കാണുന്ന തൃണമൂലിന് വോട്ട് വിഹിതത്തിലും ഉയര്‍ച്ച അത്യാവശ്യമാണ്. അതുള്‍പ്പെടെ പരിഗണിച്ചാണ് 42 സീറ്റിലും തനിച്ച് മത്സരിക്കാന്‍ തൃണമൂല്‍ തീരുമാനിച്ചത്.

ട്വിസ്റ്റുകളുമായി മമത

18-ാം ലോക്‌സഭയിലേക്കുള്ള മത്സരചിത്രം തെളിയുമ്പോള്‍ മമതയുടെ ട്വിസ്റ്റുകളും തുടരുകയാണ്. ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ഥിപ്പട്ടികയിലും ഇതേ ട്വിസ്റ്റ് തൃണമൂല്‍ കൊണ്ടുവന്നു. 17-ാം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മഹുവ മൊയ്ത്ര. ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാജ്യശ്രദ്ധ നേടിയ മഹുവയെ ഒടുവില്‍ അച്ചടക്കത്തിന്റെ വാളോങ്ങിയാണ് ഭരണപക്ഷം ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത്. ലോക്‌സഭയിലെ ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ എത്തിക്‌സ് കമ്മറ്റി നടപടി എടുത്തതിനെത്തുടര്‍ന്ന് മഹുവയെ അയോഗ്യയാക്കുകയായിരുന്നു. എന്നാല്‍, ആരോപണങ്ങളും അന്വേഷണങ്ങളും നിലനില്‍ക്കുമ്പോഴും ഇത്തവണ കൃഷ്ണനഗര്‍ മഹുവയെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ് മമതയും തൃണമൂലും.

ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാന്‍, കീര്‍ത്തി ആസാദ് എന്നിവര്‍ക്കും തൃണമൂല്‍ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരേ ബഹരാംപുര്‍ സീറ്റിലാണ് പഠാനെ ഇറക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും അധീര്‍ രഞ്ജന്‍ ചൗധരിയുടെ സിറ്റിങ് സീറ്റാണ് ബഹരാംപുര്‍. ബര്‍ധമാന്‍ ദുര്‍ഗാപൂരില്‍ നിന്നാകും കീര്‍ത്തി ആസാദ് ജനവിധി തേടുക. മുന്‍ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും തൃണമൂല്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇത്തവണ അത്ര എളുപ്പമല്ല കാര്യങ്ങള്‍

തികഞ്ഞ ആത്മവിശ്വാസത്തില്‍ എതിരാളികളെ മുഖവിലയ്‌ക്കെടുക്കാതെ തൃണമൂല്‍ മുന്നോട്ടുപോകുന്നുണ്ടെങ്കിലും ബംഗാളില്‍ ഇത്തവണ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം തന്നെയാണ് മമതയും തൃണമൂലും നേരിടുന്ന ആദ്യ വെല്ലുവിളി. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരേ വരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേതാക്കളുടെയും പാര്‍ട്ടിയുടെയും പ്രതിശ്ചായ സംരക്ഷിക്കുകയെന്നത് ഏറെ പ്രധാനമാണ്. സ്‌കൂള്‍ റിക്രൂട്ട്‌മെന്റ് അഴിമതി, തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലിക്ക് പണം ആരോപണം, റേഷന്‍, അനധികൃത കല്‍ക്കരി ഖനനം എന്നിവയാണ് പ്രധാന വിഷയങ്ങള്‍. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുള്‍പ്പെടെ ഇത്തരം ആരോപണങ്ങളുടെ നിഴലിലുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന നിലയാണ് ബംഗാളില്‍ മമതയ്‌ക്കെതിരെ ഉയരുന്ന മറ്റൊരു ആയുധം. ഈ വിഷയത്തിന്റെ പേരില്‍ കേന്ദ്രവും മമത സര്‍ക്കാരും തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. ഗവര്‍ണര്‍ തെരുവിലിറങ്ങുന്ന നിലയുള്‍പ്പെടെ പലതവണ സംസ്ഥാനത്തുണ്ടായിരുന്നു. ഇതിലെ ഏറ്റവും ഒടുവിലെ സംഭവമാണ് സന്ദേശ്ഖാലിയിലേത്.

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സാധാരണ ഗ്രാമമായ സന്ദേശ്ഖാലി ബംഗാളില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കാണ് ഈ അടുത്ത ദിവസങ്ങളില്‍ തുടക്കമിട്ടത്. തൃണമൂല്‍ പ്രാദേശിക നേതാക്കള്‍ ഭൂമികയ്യേറ്റവും ലൈംഗികാതിക്രങ്ങളും നടത്തുന്നുവെന്ന ആരോപണങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം തെരുവിലിറങ്ങിയതോടെ പ്രതിരോധിക്കാന്‍ പ്രയാസപ്പെടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും മമതയും.

സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങള്‍ മുതലെടുത്ത് 34 വര്‍ഷത്തെ സിപിഎം തുടര്‍ഭരണത്തിന് അന്ത്യംകുറിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സന്ദേശ്ഖാലി ചരിത്രത്തിന്റെ ആവര്‍ത്തനമാകുമോയെന്ന നിലയിലേക്കും ചോദ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സന്ദേശ് ഖാലി ബംഗാളിന്റെ വിധി മാറ്റിയെഴുതാന്‍ കരുത്തുള്ള തീജ്വാലയായി മാറാനുള്ള സാധ്യത ഏറെയാണ്, പ്രത്യേകിച്ച് സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ ബിജെപി സജീവമായി ശ്രമിക്കുന്ന അവസ്ഥയില്‍.

ദീദി നടന്ന വഴിയേ കളംതേടി ബിജെപി

മൂന്ന് പതിറ്റാണ്ട് മുന്‍പ് ഭരണകക്ഷിയായ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയ തപ്സി മാലിക് എന്ന പതിനാറുകാരിയുടെ കൊലപാതകക്കേസ് മമത ഏങ്ങനെ ഉപയോഗിച്ചോ അതിന് സമാനമാണ് സന്ദേശ്ഖാലി ബിജെപി ഏറ്റെടുത്തിരിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്ന തപ്സി മാലിക്കിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നു. സന്ദേശ്ഖാലിയിലെത്തുമ്പോള്‍ പ്രമുഖ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനെതിരെയാണ് ലൈഗികാരോപണങ്ങളും ഭൂമി കയ്യേറല്‍ ആരോപണങ്ങളുമുള്ളത്.

സ്ത്രീകേന്ദ്രീകൃതമായ തിരഞ്ഞെടുപ്പ് അജൻഡകളുമായി കളം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് വീണുകിട്ടിയ തുറുപ്പ് ചീട്ടാവുകയാണ് ബംഗാളില്‍ സന്ദേശ്ഖാലി. മണിപ്പൂരില്‍ സംഘര്‍ഷം മൂന്ന് മാസത്തിലധികം ആളിക്കത്തിയിട്ടും തിരിഞ്ഞുനോക്കാത്ത ബിജെപി സന്ദേശ്ഖാലിയില്‍ കൃത്യമായി ഇടപെടുന്നുവെന്നതും ഇതിന്റെ ഭാഗമാണ്.

മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ ബംഗാളിലെ ഹൂഗ്ലിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ബംഗാളില്‍ മമതയുടെ മൂന്നാം ഊഴം തടയാന്‍ കിണഞ്ഞ് പരിശ്രമിച്ച ബിജെപിക്ക് തിരിച്ചടിയായത് തൃണമൂല്‍ സര്‍ക്കാരിനുള്ള സ്ത്രീകളുടെ പിന്തുണയായിരുന്നു. അതില്‍ കണ്ണുവച്ചുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ബിജെപി മുന്നോട്ടുവയ്ക്കുക.

പശ്ചിമ ബംഗാളില്‍നിന്ന് 35 സീറ്റാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണങ്ങളിലെ സൂചനകള്‍. സംസ്ഥാനത്ത് ബിജെപിക്ക് 35 സീറ്റുകള്‍ ലഭിച്ചാല്‍ രാമനവമി സമാധാനപരമായി നടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കാമെന്ന അമിത് ഷായുടെ വാക്കുകള്‍ ഇതിന് ഉദാഹരണമാണ്.

ഹിന്ദു വികാരം

മമതയെ ഹിന്ദുവിരുദ്ധയെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി. മമതയുടെ പല മുന്‍ നിലപാടുകളും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളെന്നതും ഇത്തരം പ്രചാരണങ്ങള്‍ ശക്തമാക്കാന്‍ ബിജെപിയെ സഹായിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലവും സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കും. ഹുഗ്ലി ജില്ലയിലെ റിഷ്‌റ, ഹൗറ മേഖലകളിലായിരുന്നു അനിഷ്ട സംഭവങ്ങളുണ്ടായത്.

ഒരു മുഴം മുൻപേ തൃണമൂല്‍

രാമനവമി ബിജെപി ഒരു വിഷയമാക്കി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഒരു മുഴം മുൻപേ എറിയുകയാണ് മമത. ഇത്തവണ രാമനവമി ദിനമായി ആചരിക്കുന്ന ഏപ്രില്‍ 17 പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂൽ സര്‍ക്കാര്‍. അടിയന്തര സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം അന്ന് അവധിയായിക്കുമെന്നാണ് പ്രഖ്യാപനം. ബംഗാള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം മമത ബാനര്‍ജിയുടെ ഹിന്ദുവിരുദ്ധ മുഖം മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് മറുപക്ഷത്തിന്റെ വാദം.

ഇന്ത്യ ക്യാമ്പിൽ അമ്പരപ്പും നിരാശയും

പശ്ചിമ ബംഗാളിലെ 42 സീറ്റിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ പ്രതിപക്ഷ ഐക്യം എന്ന 'ഇന്ത്യ' സ്വപ്‌നത്തിന് കൂടിയാണ് തിരിച്ചടി നേരിടുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ ഉള്‍പ്പെടെ ഈ നിരാശ പ്രകടമാണ്. മാന്യമായ സീറ്റ് ധാരണയ്ക്ക് തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടും മുഖം തിരിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോകുന്ന മമതയുടെ നടപടിയോട് അതൃപ്തി പ്രകടിപ്പിച്ച് ജയറാം രമേശ് രംഗത്തെത്തി. ഏകപക്ഷീയമായ പ്രഖ്യാപനങ്ങളല്ല, ചര്‍ച്ചകളിലൂടെയാണ് ധാരണ ഉണ്ടാക്കേണ്ടതെന്ന് പ്രതികരിച്ച അദ്ദേഹം ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസും തൃണമൂലും

സീറ്റ് പങ്കിടല്‍ ചര്‍ച്ചകളില്‍ തട്ടിയാണ് ബംഗാളിലെ മുന്നണി സമവാക്യങ്ങള്‍ക്ക് ആദ്യം വിള്ളല്‍ വീഴുന്നത്. സംസ്ഥാനത്ത് എട്ട് മുതല്‍ പത്ത് വരെ സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് സീറ്റില്‍ സഹകരിക്കാമെന്നായിരുന്നു തൃണമൂലിന്റെ നിലപാട്. സിപിഎമ്മുമായി സഹകരിക്കാനില്ലെന്നും വ്യക്തമാക്കിയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ മമത ബംഗാളില്‍ തനിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

തൃണമൂല്‍ ഇന്ത്യയുടെ ഭാഗമാണോ, മമത പറയുന്നത്..

സംസ്ഥാനത്തെ 42 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം മമത ബാനര്‍ജി നടത്തിയ പ്രസംഗം നല്‍കുന്ന സൂചന പ്രതിപക്ഷ സഖ്യമാകാം, പക്ഷേ അത് ബംഗാളിന് പുറത്ത് മാത്രം എന്ന സന്ദേശമാണ്. പ്രസംഗത്തിലെ പരാമര്‍ശം ഇങ്ങനെ:

''പശ്ചിമ ബംഗാളിലെ 42 സീറ്റില്‍ ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ തൃണമൂല്‍ മത്സരിക്കും. ഉത്തര്‍ പ്രദേശിലെ ഒരു സീറ്റിലും തൃണമൂല്‍ മത്സരിക്കുന്നുണ്ട്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയോട് സഹകരിച്ചാണ് മത്സരരംഗത്തിറങ്ങുന്നത്. ഇത് അഖിലേഷ് യാദവിന് നല്‍കിയ വാക്കാണ്. മേഘാലയയിലും അസമിലും ടിഎംസി മത്സരരംഗത്തുണ്ട്,''മമത വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in