തിരിച്ചുപിടിക്കാന്‍ കെസി, നിലനിര്‍ത്താന്‍ ആരിഫ്, നിലയുറപ്പിക്കാന്‍ ശോഭ; ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?

തിരിച്ചുപിടിക്കാന്‍ കെസി, നിലനിര്‍ത്താന്‍ ആരിഫ്, നിലയുറപ്പിക്കാന്‍ ശോഭ; ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?

2019ലെ പൊതുതിരഞ്ഞെടുപ്പിൽ സീറ്റ് മുഴുവൻ യു ഡി എഫ് തൂത്തുവാരിയപ്പോൾ, എൽഡിഎഫിനൊപ്പംനിന്ന് ഇടതിന്‍റെ മാനം കാത്ത ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ

പുന്നപ്ര- വയലാർ ഉൾപ്പെടെ രക്തംചീന്തിയ നിരവധി സമരപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ആലപ്പുഴയിലേത്, ഇടതുപക്ഷത്തിന്‌ ശക്തമായ വേരുകളുള്ള മണ്ണ്. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രം ആ ശക്തി പ്രകടമാകാറില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഒരു പക്ഷത്തോട് പ്രത്യേക മമത ആലപ്പുഴക്കാര്‍ കാട്ടിയിട്ടില്ല. യുഡിഎഫിനെയും എല്‍ഡിഎഫിനെയും തഞ്ചം പോലെ ജയിപ്പിക്കുകയും തോല്‍പിക്കുകയും ചെയ്യും. അതും ട്രെന്റ് പോലും കണക്കിലെടുക്കാതെ...

2019-ല്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ പത്തൊമ്പതും(ഫലപ്രഖ്യാപന വേളയില്‍ കേരളാ കോണ്‍ഗ്രസ്(എം) യുഡിഎഫിനൊപ്പമായിരുന്നു) യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ആലപ്പുഴക്കാര്‍ തുണച്ചത് ഇടത്പക്ഷത്തെ. സിപിഎമ്മിന്റെ എംഎം ആരിഫ് അങ്ങനെ ഒരു തരി കനലായി പാര്‍ലമെന്റിലെത്തി. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലവും ചേരുന്നതാണ്‌ ആലപ്പുഴ ലോകസഭാ മണ്ഡലം.

ആലപ്പുഴയുടെ ലോക്സഭാ ചരിത്രം

പി ടി പുന്നൂസാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ ആദ്യ വ്യക്തി. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു-കൊച്ചിയുടെ ഭാഗമായ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന്‌ 1952ലെ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച്‌, 76370 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി ടി പുന്നൂസ് ജയിച്ചു. 57ലും പുന്നൂസ് ജയം ആവർത്തിച്ചു. കേരളം രൂപീകരിച്ച ശേഷം നടന്ന 1957-ലെ തിരഞ്ഞെടുപ്പിലും പുന്നൂസ് തന്നെ ജയിച്ചു. എന്നാല്‍ അത്തവണ അമ്പലപ്പുഴയായി പുനഃക്രമീകരിച്ച മണ്ഡലത്തില്‍ സിപിഐ സ്ഥാനാർഥിയായിട്ടായിരുന്നു പുന്നൂസ് ജനവിധി തേടിയത്. പിന്നീട് 1997-ലാണ് ഇന്നത്തെ ആലപ്പുഴയായി മണ്ഡലം പുനര്‍നിര്‍ണയിക്കുന്നത്.

അമ്പലപ്പുഴ ഇന്നുകാണുന്ന ആലപ്പുഴയായി പുനഃക്രമീകരിച്ചതോടെയാണ് മണ്ഡലത്തിന്റെ സ്വഭാവത്തിൽ കാതലായ മാറ്റം വരുന്നത്. പുനർനിർണയത്തിന് മുൻപ് നടന്ന 1962 ലെയും 1967 ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.ഐയുടെ പി.കെ വാസുദേവൻ നായരും സി.പി.എമ്മിന്റെ സുശീല ​ഗോപാലനുമാണ്‌ യഥാക്രമം ജയിച്ചത്. എന്നാൽ 1971ൽ സുശീല ഗോപാലന് പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നു. ആർഎസ്പിയുടെ കെ ബാലകൃഷ്ണനോട് 25,918 വോട്ടുകൾക്കായിരുന്നു തോൽവി.

1977 ൽ ആലപ്പുഴയായി മാറിയ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വി എം സുധീരൻ മണ്ഡലം പിടിച്ചെടുത്തു. സിപിഎം സ്ഥാനാർഥി ഇ ബാലാനന്ദനെ 64,016 വോട്ടുകൾക്കാണ് സുധീരൻ തോല്പിച്ചത്. പിന്നീടങ്ങോട്ട് ചാടിക്കളിക്കുന്ന സ്വഭാവരീതിയാണ് ആലപ്പുഴ പിന്തുടര്‍ന്നത്. 1980ൽ സുശീല ഗോപാലൻ ജയിച്ചപ്പോൾ, 84ലും 89ലും കോൺഗ്രസിന്റെ വക്കം പുരുഷോത്തമനെയാണ്‌ ആലപ്പുഴക്കാർ ചേർത്തുനിർത്തിയത്. 1980ലെ തിരഞ്ഞെടുപ്പിൽ അതുവരെയുള്ള റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു സുശീല ഗോപാലന്റെ വിജയം. 114,764 വോട്ടിന്റെ മാർജിനില്‍ ജനതാ പാര്‍ട്ടിയുടെ ഓമന പിള്ളയെയാണ് തോല്‍പിച്ചത്.

പിന്നീട് 1991-ല്‍ ടിജെ ആഞ്ചലോസിനെ ഇറക്കിയാണ് സിപിഎം ആലപ്പുഴ തിരിച്ചുപിടിക്കുന്നത്. അന്നും ട്രെന്‍ഡിനെതിരേയാണ് ആലപ്പഴ നിലകൊണ്ടത്. രാജീവ് വധത്തിനു ശേഷം രാജ്യമെങ്ങും അലയടിച്ച സഹതാപതരംഗം കേരളത്തിലും യുഡിഎഫിനെ തുണച്ചു. 16 സീറ്റ് യുഡിഎഫ് നേടിയ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച് നാലു മണ്ഡലങ്ങളിലൊന്ന് ആലപ്പുഴയായിരുന്നു.

അപരന്മാർ കൊടുത്ത പണി

ആഞ്ചലോസ് നഷ്ടപ്പെടുത്തിയ ഹാട്രിക്ക് അവസരം 1996, 1998, 1999 വർഷങ്ങളിൽ സുധീരനിലൂടെ കോൺഗ്രസ് നേടി. എന്നാൽ ആ പടയോട്ടം തുടരാൻ 2004ൽ സുധീരന് കഴിഞ്ഞില്ല. എസ് എൻ ഡി പി- ലത്തീൻ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ എൽ സി സമുദായത്തിൽനിന്ന് സ്ഥാനാർഥിയെ ഇറക്കി പരീക്ഷിച്ച സിപിഎം തന്ത്രം ഫലം കണ്ടു. സുധീരനെ കേവലം 1009 വോട്ടുകള്‍ക്ക് നവാഗതനായ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി കെഎസ് മനോജ് വീഴ്ത്തി. അപരന്മാർ എന്ത് മാറ്റമാണുണ്ടാക്കുക എന്നതിനൊരു ഉദാഹരണം കൂടിയായിരുന്നു അത്തവണ ആലപ്പുഴയിൽ കണ്ടത്. സുധീരന്റെ അപരനായി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി വി എസ് സുധീരൻ 8,282 വോട്ടുകളാണ് പിടിച്ചുമാറ്റിയത്.

2009ൽ ഒരു ഭാഗ്യത്തിന്റെ തുണയും മനോജിന് ലഭിച്ചില്ല. കൈവിട്ടുപോയ മണ്ഡലം യു ഡി എഫ് തിരികെ പിടിച്ചു. 2001, 2006, 2009 എന്നീ വർഷങ്ങളിൽ ആലപ്പുഴയുടെ എം എൽ എ ആയ കെ സി വേണുഗോപാലിനെയായിരുന്നു പാർട്ടി ആ ദൗത്യം ഏൽപ്പിച്ചത്. അദ്ദേഹമത് വളരെ വൃത്തിക്ക് പൂർത്തീകരിക്കുകയും ചെയ്തു. 57,635 വോട്ടുകൾക്കാണ് കെസി ജയിച്ചത്. 2011 മുതൽ 2014 വരെ കേന്ദ്രമന്ത്രിയുമായി. ആലപ്പുഴ വിട്ടുകളയാൻ മനസില്ലാതിരുന്ന കോൺഗ്രസ് 2014ലും സിറ്റിങ് എംപിയെ തന്നെ ആലപ്പുഴയിലിറക്കി. എന്നാൽ 2019ൽ പാർട്ടി ചുമതലകളുമായി ഡൽഹിയിലേക്ക് പോയ കെ സി തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി. പകരം ഷാനിമോൾ ഉസ്മാനെ യു ഡി എഫ് മത്സരിപ്പിച്ചു.

2019 തിരഞ്ഞെടുപ്പ്

കേരളത്തിൽ ഒന്നാകെ യു ഡി എഫ് തരംഗം വീശിയടിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ്, ശബരിമല ഉൾപ്പെടെ നിരവധി വിഷയങ്ങൾ എൽ ഡി എഫിന് പ്രതികൂലമായെങ്കിലും ആലപ്പുഴയിൽ മാത്രം കഥ മാറി. ഫോട്ടോഫിനിഷ് പോരാട്ടത്തിൽ ഷാനിമോൾ ഉസ്മാനെ 10,474 വോട്ടുകൾക്ക് അരൂർ എം എൽ എ ആയിരുന്ന എ എം ആരിഫ് തോൽപിച്ചു. ബിജെപിക്ക് വേണ്ടി മത്സരിച്ച കെ എസ് രാധാകൃഷ്ണൻ 1,87,729 (17.2%) വോട്ടുകൾ നേടി.

കെ സിയെ തുടര്‍ച്ചയായി വിജയിപ്പിച്ച മണ്ഡലം തങ്ങളെ കൈവിടില്ലെന്ന അമിത ആത്മവിശ്വസമായിരുന്നു യുഡിഎഫിന്. അതേസമയം മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയോടെ എണ്ണയിട്ട യന്ത്രം കണക്കെ സിപിഎം പ്രവര്‍ത്തകര്‍ ഇറങ്ങി പ്രവര്‍ത്തിച്ചത് എല്‍ഡിഎഫിന് ഗുണം ചെയ്തു. ആരിഫ് വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനും ഈഴ വോട്ടുകളുടെ പിന്തുണയുള്ള ആളുമായിരുന്നതും നിര്‍ണായകമായി. ആലപ്പുഴ സീറ്റ് ആവശ്യപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിയെ തഴഞ്ഞ് ബിജെപി കെ എസ് രാധാകൃഷ്ണന് സീറ്റ് നല്‍കിയതില്‍ ബിഡിജെഎസിനുണ്ടായ അതൃപ്തിയില്‍ ഈഴവ വോട്ടുകള്‍ ആരിഫിന് മറിഞ്ഞതാണ് യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

ആലപ്പുഴ നഗരസഭാ ചെയർപേഴ്സണും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ഷാനിമോൾ ഉസ്മാനും ആലപ്പുഴക്കാർക്ക് കണ്ടുപരിചയിച്ച നേതാവ് തന്നെയായിരുന്നു. ഒപ്പം മുസ്ലിം വനിതാ സ്ഥാനാർത്ഥിയെന്നത് വോട്ടാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടി. ബിജെപിക്കാകട്ടെ ആദ്യമായി 2019ലാണ് പാർട്ടി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയുണ്ടാകുന്നത്, കെ എസ് രാധാകൃഷ്ണൻ. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഘട്ടത്തിൽ ഷാനിമോൾ ഉസ്മാൻ മുന്നിട്ട് നിന്നെങ്കിലും പതിയെ ആരിഫ് ഭൂരിപക്ഷം ഉയർത്തി. ഏറ്റവുമൊടുവിൽ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി ആലപ്പുഴ എൽ ഡി എഫിനൊരു പാർലമെൻറംഗത്തെ സമ്മാനിച്ചു.

സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു ആരിഫ് ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടി കയറിയതെങ്കിലും ഇടതുപക്ഷത്തിന്റെ അഭിമാനം കപ്പൽ കയറാതെ കാത്തത് ആ വോട്ടുകളായിരുന്നു. ആരിഫിന് 4,45,970, ഷാനിമോൾ ഉസ്മാന് 4,35,496, ഡോ, കെ എസ് രാധാകൃഷ്ണന് 1,87,729 വോട്ടുകൾ എന്നിങ്ങനെയായിരുന്നു വോട്ടുനില.

നിയമസഭകൾ

അരൂർ മുതൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വരെ നീണ്ടുകിടക്കുന്ന തീരദേശ ലോക്സഭാ മണ്ഡലമാണ് ആലപ്പുഴ. 2009 മുതലാണ് കരുനാഗപ്പള്ളി ഈ മണ്ഡലത്തിന്റെ ഭാഗമായത്. ടൂറിസത്തിന് പ്രാമുഖ്യമുള്ള ഇവിടെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷിയും മത്സ്യബന്ധനവും തന്നെയാണ് പ്രധാന ഉപജീവനമാർഗം.

നിലവിൽ കരുനാഗപ്പള്ളിയും ഹരിപ്പാടും ഒഴിച്ചുനിർത്തിയാൽ ബാക്കി ഏഴ് നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ്. അരൂരിൽ സിപിഎമ്മിന്റെ ദലീമ ജോജോ, ആലപ്പുഴയിൽ പി പി ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ എച്ച് സലാം, കായംകുളത്ത് യു പ്രതിഭ, ചേർത്തലയിൽ സി പി ഐയുടെ പി പ്രസാദ് എന്നിവരാണ് നിലവിലെ ജനപ്രതിനിധികൾ.

2024 തിരഞ്ഞെടുപ്പ്

എ എം ആരിഫിനെയാണ് സിപിഎം ഇത്തവണയും തിരഞ്ഞെടുപ്പ് കളത്തിലിറക്കിയിരിക്കുന്നത്. ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്ക് ശേഷമായിരുന്നു കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും അവസാനം കെ സി വേണുഗോപാലിനെ തന്നെ പാർട്ടി സീറ്റ് തിരിച്ചുപിടിക്കാൻ കൊണ്ടുവരികയായിരുന്നു. ആലപ്പുഴക്കാർ കെ സിയെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. അതിന്റെ ആത്മവിശ്വാസവും പ്രവർത്തകരിലുണ്ട്. എന്നാൽ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാതിരിക്കാനുള്ള എല്ലാവിധ അടവുകളും ഇടതുപക്ഷവും പയറ്റുന്നുണ്ട്. ബിജെപിക്ക് വേണ്ടി ശോഭ സുരേന്ദ്രനും കളത്തിലുണ്ട്.

കെ സി വേണുഗോപാലിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ആലപ്പുഴ. കണ്ണൂർകാരനാണെങ്കിലും ആലപ്പുഴയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. വേണുഗോപാൽ കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ആലപ്പുഴയ്ക്ക് വേണ്ടി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ദേശീയപാത വിഷയത്തിലടക്കം കെ സിയുടെ ഇടപെടൽ ഉണ്ടായെന്നതും യു ഡി എഫ് പ്രതീക്ഷയോടെയാണ് കാണുന്നത്.

അതേസമയം, ആരിഫിന് നേട്ടമുണ്ടാക്കിയ കായംകുളത്ത് ഇത്തവണ വേണ്ടത്ര ജനസമ്മതി സിപിഎം നേതാവിനില്ല എന്നാണ് വിലയിരുത്തലുകൾ. കൂടാതെ ആരിഫിനെതിരെ ചെറിയ തോതിലുള്ള ജനവിരുദ്ധ വികാരവും പല പ്രദേശങ്ങളിലുണ്ട്. ഒപ്പം കെ സി വേണുഗോപാലെന്ന നേതാവിന്റെ വരവ് കൂടിയാകുമ്പോൾ കോൺഗ്രസിനാണ് ചെറിയ മുൻതൂക്കമെന്നാണ് പ്രവചനങ്ങൾ. ശോഭ സുരേന്ദ്രൻ കൂടി കളത്തിലിറങ്ങുമ്പോൾ ത്രികോണ മത്സരത്തിനാണ് ആലപ്പുഴയിലും സാധ്യത തെളിയുന്നത്.

logo
The Fourth
www.thefourthnews.in