ബംഗാളും അസമും- ബിജെപിക്ക് അനുകൂലവും പ്രതികൂലവുമായ പൗരത്വത്തിന്റെ 
ഇരുതല മൂര്‍ച്ചയുള്ള വാള്‍

ബംഗാളും അസമും- ബിജെപിക്ക് അനുകൂലവും പ്രതികൂലവുമായ പൗരത്വത്തിന്റെ ഇരുതല മൂര്‍ച്ചയുള്ള വാള്‍

ബംഗാളിൽ നിർണായകമായ ഒരു വിഭാഗത്തെ കൂടെനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപിയ്ക്ക് അസമിൽ പുതിയ നീക്കം തിരിച്ചടിയാകുമോ?

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് ഏറെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്. 2019ൽ ലോക്‌സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം (സിഎഎ) പാർലമെന്റ് പാസാക്കിയപ്പോൾ രാജ്യത്ത് വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. 2024 മാർച്ച് 11ന് വിജ്ഞാപനം ഇറങ്ങിയപ്പോഴും മറിച്ചായിരുന്നില്ല കാര്യങ്ങൾ.

പല വോട്ട് ബാങ്കുകളിലും കണ്ണുവച്ചാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി പശ്ചിമ ബംഗാളിലും അസമിലും സി എ എ നിയമമായതോടെ സവിശേഷ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ആദ്യം ബംഗാളിന്റെ കാര്യം പരിശോധിക്കാം.

ബംഗാൾ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും?

പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം സി എ എ രണ്ടുവിധത്തിലാണ് സ്വീകരിക്കപ്പെട്ടത്. ഒരുവിഭാഗം പൗരത്വ നിയമത്തെ എതിർത്തപ്പോൾ അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച വലിയൊരു വിഭാഗവും തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തുണ്ട്. ഇരുവരും സംസ്ഥാനത്തെ പ്രബലമായ വോട്ട് ബാങ്കുമാണ്. കാലങ്ങളായി പശ്ചിമ ബംഗാളിലേക്ക് കടന്നുകയറാനുള്ള വഴിയായാണ് ബിജെപി പൗരത്വ ഭേദഗതിയെ കാണുന്നത്.

മത്വവ, രാജ്ബൻഷി തുടങ്ങിയ വിഭാഗങ്ങളാണ് സിഎഎയെ നിറകയ്യോടെ സ്വീകരിച്ചവർ. മൂന്ന് കോടിയിലധികം വരുന്ന ഈ വിഭാഗത്തിലെ ഭൂരിപക്ഷത്തിനും പൗരത്വം ലഭിച്ചിട്ടില്ലെന്നതാണ് സി എ എയെ പിന്തുണയ്ക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം.

1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത്, അവിടെനിന്ന് ബംഗാളിലേക്ക് കുടിയേറിയ വിഭാഗങ്ങളാണ് മത്വവയും രാജ്ബൻഷിയും. മത്വവ പട്ടികജാതി വിഭാഗമാണ്. ബംഗാളിലെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം വരെ മത്വകളാണെന്നാണ് കണക്കുകൾ.

നോർത്ത് 24 പർഗാനസ്‌ പോലെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇവർ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 1.75 കോടിയിലധികം വോട്ടർമാറുള്ള മത്വവ വിഭാഗം എട്ടോളം ലോക്സഭാ മണ്ഡലങ്ങളിലെ നിർണായക സാന്നിധ്യമാണ്.

കുടിയേറ്റക്കാരെ പുറത്താക്കാൻ വേണ്ടി 1979 മുതൽ 1985 വരെ വലിയ സമരങ്ങൾ നടന്ന സംസ്ഥാനമാണ് അസം. തീർത്തും വംശീയ വിദ്വേഷത്തിന്റെ പ്രതിഫലനമായിരുന്നു ഈ പ്രതിഷേധങ്ങൾ

2019ൽ സിഎഎ വാഗ്ദാനമായി അവതരിപ്പിച്ചപ്പോൾ ബിജെപിക്കൊപ്പം മത്വവ ഭാഗം നിലകൊണ്ടു. അങ്ങനെയാണ് ബംഗാളിൽനിന്ന് 18 സീറ്റ് ബിജെപി നേടുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയതിനും സി എ എ തന്നെയായിരുന്നു കാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട് . വാഗ്ദാനം ചെയ്ത പൗരത്വ നിയമം നടപ്പിലാക്കാതെ വന്നതോടെ മത്വവ ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചു. അങ്ങനെയൊരു അപകടസാധ്യത മുന്നിൽ കണ്ടാണ് ബിജെപി ഒരുമുഴം മുൻപേ എരിഞ്ഞതെന്ന് വേണം കരുതാൻ.

അസം കരാർ 1985
അസം കരാർ 1985

എന്നാൽ അസമിന്റെ കാര്യമെടുത്താൽ ബിജെപിക്ക് കാര്യങ്ങൾ പ്രതികൂലമാകാനാണ് സാധ്യത. കുടിയേറ്റക്കാരെ പുറത്താക്കാനായി 1979 മുതൽ 1985 വരെ വലിയ സമരങ്ങൾ നടന്ന സംസ്ഥാനമാണ് അസം. തീർത്തും വംശീയ വിദ്വേഷത്തിന്റെ പ്രതിഫലനമായിരുന്നു ഈ പ്രതിഷേധങ്ങൾ. ഓൾ അസം സ്റ്റുഡന്റസ് യൂണിയൻ പോലെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭങ്ങൾ. ഒടുവിൽ 1985ൽ രാജീവ് ഗാന്ധി സർക്കാർ അസം കരാറിൽ ഒപ്പുവച്ചു. അതു പ്രകാരം, 1971ന് ശേഷം അസമിലേക്ക് കുടിയേറിയവരെ വോട്ടർ പട്ടികയിൽനിന്ന് ഉൾപ്പെടെ പുറത്താക്കുമെന്നായിരുന്നു ധാരണ. എന്നാൽ ആ തീയതിയാണ് 53 വർഷം കൂടി അധികമാക്കി കൊടുത്തിരിക്കുന്നത്. 2019 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം, 2014 ഡിസംബർ 31 ആണ് പൗരത്വത്തിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം.

ബംഗാളും അസമും- ബിജെപിക്ക് അനുകൂലവും പ്രതികൂലവുമായ പൗരത്വത്തിന്റെ 
ഇരുതല മൂര്‍ച്ചയുള്ള വാള്‍
സിഎഎ: മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്, നിയമ പോരാട്ടത്തിന് ഡിവൈഎഫ്‌ഐയും

തങ്ങളുടെ 'സംസ്കാരത്തിന്' കുടിയേറ്റക്കാർ കളങ്കം വരുത്തുന്നുവെന്ന് വാദിക്കുന്ന ഒരുവിഭാഗം ജനതയുള്ള അസമിനെ സംബന്ധിച്ചിടത്തോളം കൂടുതൽ കുടിയേറ്റക്കാർക്ക് അവസരം ഒരുക്കുകയെന്നത് അചിന്തനീയമാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് തിരിച്ചടിയുണ്ടാകാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ടെന്നും ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

അസമില്‍ 14 ലോക്‌സഭ സീറ്റാണുള്ളത്. കഴിഞ്ഞ തവണ 36.4 ശതമാനം വോട്ടോടെ ഒമ്പത് സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്. 35.8 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് മൂന്ന് സീറ്റും ലഭിച്ചു. അതായത് വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഇവിടെ ഇരുപാര്‍ട്ടികളും തമ്മിലുള്ളത്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു അസം. ഇപ്പോഴത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് അസമിലും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി സ്ഥാനമുറപ്പിച്ചത്.

logo
The Fourth
www.thefourthnews.in