'നാരീ ശക്തി എവിടെ', പറച്ചില്‍ ഒന്ന് പ്രവൃത്തി മറ്റൊന്ന്; വാഗ്ദാനം മാത്രമാകുന്ന സംവരണം

'നാരീ ശക്തി എവിടെ', പറച്ചില്‍ ഒന്ന് പ്രവൃത്തി മറ്റൊന്ന്; വാഗ്ദാനം മാത്രമാകുന്ന സംവരണം

ബിജെപിയില്‍ ആറില്‍ ഒന്നും കോണ്‍ഗ്രസില്‍ ഏഴില്‍ ഒന്നുമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍

സ്ത്രീ ശക്തിയെയും ശാക്തീകരണത്തെയും സംവരണത്തെയും കുറിച്ച് പ്രബലമായ ചര്‍ച്ചകള്‍ക്കിടെയാണ് വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ പാര്‍ട്ടികള്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും വനിതാ സംവരണത്തെക്കുറിച്ചും വാചാലരാകുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പറച്ചില്‍ ഒന്നും പ്രവൃത്തി മറ്റൊന്നുമാണെന്നാണ് സ്ഥാനാര്‍ഥി പട്ടികകള്‍ വ്യക്തമാക്കുന്നത്.

ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്ല് അവതരിപ്പിക്കുകയും ഇരു സഭകളും പാസാക്കിയിട്ടുണ്ട്. പ്രാബല്യത്തില്‍ വരാന്‍ ഇനിയും സമയമെടുക്കുമെങ്കിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന നിയമമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുസഭകളും പാസാക്കിയത്. എന്നാല്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍നിന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് മനസിലാക്കാം. ബിജെപിയില്‍ ആറില്‍ ഒന്നും കോണ്‍ഗ്രസില്‍ ഏഴില്‍ ഒന്നുമാണ് വനിതാ സ്ഥാനാര്‍ഥികള്‍.

ബിഹാറിലാകട്ടെ ഇരു പാര്‍ട്ടികള്‍ക്കും ഒരൊറ്റ വനിതാ സ്ഥാനാര്‍ഥി പോലുമില്ല.

നിലവില്‍ കോണ്‍ഗ്രസിന്റെ 317 സ്ഥാനാര്‍ഥികളില്‍ 13.8 ശതമാനം മാത്രമാണ് സ്ത്രീകള്‍. ബിജെപിയുടെ 434 സ്ഥാനാര്‍ത്ഥികളില്‍ 16.1 ശതമാനവും. ബിഹാറിലാകട്ടെ ഇരു പാര്‍ട്ടികള്‍ക്കും ഒരൊറ്റ വനിതാ സ്ഥാനാര്‍ത്ഥി പോലുമില്ല.

രാഷ്ട്രീയ കാരണങ്ങളാലാണ് കഴിഞ്ഞ 30 വര്‍ഷമായി വനിതാ സംവരണ ബില്ല് പാസാകാതിരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇത് പ്രാബല്യത്തില്‍ വരികയാണെന്നും കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥികളുടെ എണ്ണം പരിശോധിച്ചാല്‍ ഈ മനോഭാവമൊന്നും കാണാന്‍ സാധിക്കില്ല.

'നാരീ ശക്തി എവിടെ', പറച്ചില്‍ ഒന്ന് പ്രവൃത്തി മറ്റൊന്ന്; വാഗ്ദാനം മാത്രമാകുന്ന സംവരണം
LOK SABHA ELECTION 2024 LIVE|പോളിങ് സമയം അവസാനിച്ചു, പോളിങ് 67.27 ശതമാനം, പലയിടത്തും നീണ്ടനിര, ടോക്കണ്‍ നൽകി

അതേസമയം കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 434 സ്ഥാനാര്‍ത്ഥികളില്‍ 70 സ്ത്രീകളെയാണ് ഇത്തവണ ബിജെപി കളത്തിലിറക്കിയത്. 2019ല്‍ 55 സ്ത്രീകളാണെങ്കില്‍ (12.6 ശതമാനം), 2014ല്‍ 38 വനിതാ സ്ഥാനാര്‍ഥികളായിരുന്നു (8.87 ശതമാനം) ബിജെപിക്കുണ്ടായത്. എങ്കിലും 33 ശതമാനമെന്ന കണക്കിലെത്താന്‍ നിയമം കൊണ്ടുവന്ന ബിജെപിക്ക് പോലുമായിട്ടില്ല.

ഛത്തീസ്ഗഡ് 27.2 ശതമാനം (11ല്‍ മൂന്ന്), കേരളത്തില്‍ 25 ശതമാനം (16ല്‍ നാല്), ജാര്‍ഖണ്ഡ് 23 ശതമാനം (13ല്‍ 3), മഹാരാഷ്ട്ര 23 ശതമാനം (26ല്‍ ആറ്), രാജസ്ഥാന്‍ 20 ശതമാനം (25ല്‍ അഞ്ച്), മധ്യപ്രദേശ് 20.6 ശതമാനം (29ല്‍ ആറ്) എന്നീ സംസ്ഥാനങ്ങളിലാണ്‌ ബിജെപിയുടെ കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

ബിജെപിയുടെ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ
ബിജെപിയുടെ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ

25 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന കര്‍ണാടകയില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ (എട്ട് ശതമാനം) മാത്രമേയുള്ളു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള ഉത്തര്‍പ്രദേശില്‍ 74 സ്ഥാനാര്‍ത്ഥികളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ 6 പേര്‍ മാത്രമാണ് (8.1 ശതമാനം).

കോണ്‍ഗ്രസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എണ്ണത്തില്‍ കുറവാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍. അതേസമയം ശതമാനത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതലുമാണ്. 2014ല്‍ 60 സ്ത്രീകളാണെങ്കില്‍ (12.9 ശതമാനം), 2019ല്‍ 54 സ്ത്രീകളാണ് (12.8ശതമാനം) മത്സരിച്ചത്. ഇത്തവണ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത് 42 വനിതാ സ്ഥാനാര്‍ത്ഥികളെയാണ്. അതായത് 13.9 ശതമാനമാണ് കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥികള്‍.

ഏഴ് സീറ്റുള്ള ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒരു വനിതാ സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിച്ചില്ല.

ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും യഥാക്രമം മൂന്നും (25 ശതമാനം), അഞ്ചും (31.25 ശതമാനം) വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മധ്യപ്രദേശില്‍ ആകെ ഒരു വനിതാ സ്ഥാനാര്‍ഥി മാത്രമാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്. ആന്ധ്ര പ്രദേശില്‍ വൈഎസ് ശര്‍മിളയും ലാവണ്യ കവൂരിയുമാണ് 23 സ്ഥാനാര്‍ഥികളില്‍ ജനവിധി തേടുന്ന വനിതാ സ്ഥാനാര്‍ഥികള്‍. കേരളത്തിലേക്ക് വന്നാല്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് മാത്രമാണ് വനിതാ സ്ഥാനാര്‍ഥി.

രമ്യ ഹരിദാസ്
രമ്യ ഹരിദാസ്

കോണ്‍ഗ്രസും ബിജെപിയും മാത്രമല്ല, പല രാഷ്ട്രീയ പാര്‍ട്ടികളിലെയും സ്ഥിതി സമാനമാണ്. ഏഴ് സീറ്റുള്ള ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒരു വനിതാ സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിച്ചില്ല. ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിലെ 22 സ്ഥാനാര്‍ത്ഥികളില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെ പോലും ആം ആദ്മി മത്സരത്തിനിറക്കിയിട്ടില്ല.

മായാവതി നയിക്കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ പ്രഖ്യാപിച്ച 57 സ്ഥാനാര്‍ഥികളില്‍ നാല് പേര്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ഥികള്‍. അതായത് ഏഴ് ശതമാനം. മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ 42 സ്ഥാനാര്‍ഥികളില്‍ 12 സ്ത്രീകള്‍ (28.5 ശതമാനം) മത്സരിക്കുന്നുണ്ട്.

'നാരീ ശക്തി എവിടെ', പറച്ചില്‍ ഒന്ന് പ്രവൃത്തി മറ്റൊന്ന്; വാഗ്ദാനം മാത്രമാകുന്ന സംവരണം
'ഞാന്‍ ആരെ കണ്ടെന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം?'; ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച്‌ ജാവഡേക്കര്‍

വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലെങ്കിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ വോട്ടര്‍മാരുടെ സ്ത്രീ പുരുഷാനുപാതം വര്‍ധിച്ചിരിക്കുകയാണ്. 2019ലെ 1000 പുരുഷന്മാര്‍ക്ക് 928 സ്ത്രീകള്‍ എന്ന കണക്കില്‍ നിന്നും 948 സ്ത്രീയായി ഇത്തവണ സ്ത്രീകളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. വരും വര്‍ഷങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുമെന്നതില്‍ സംശയമില്ല. അതോടൊപ്പം വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണവും വര്‍ധിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in