ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം; നിതീഷ് കുമാർ വിവാദത്തില്‍, പിന്നാലെ മാപ്പ്, ആയുധമാക്കി മോദി

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം; നിതീഷ് കുമാർ വിവാദത്തില്‍, പിന്നാലെ മാപ്പ്, ആയുധമാക്കി മോദി

ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് നിയമസഭയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിന് തിരികൊളുത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറിലെ പ്രത്യുല്‍പ്പാദന നിരക്ക് 4.2ല്‍ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് നിയമസഭയില്‍ സംസാരിക്കവെ നിതീഷ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ നിതീഷ് കുമാര്‍ ഖേദം പ്രകടപ്പിച്ചെങ്കിലും വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.

ഭര്‍ത്താക്കന്മാരാണ് ജനസംഖ്യ കൂടാനുള്ള കാരണമെന്നും ഇത് എങ്ങനെ നിയന്ത്രിക്കാമെന്ന് വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് മനസ്സിലാകും എന്നുമായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താക്കന്‍മാരെ നിയന്ത്രിക്കാനാവുമെന്നും പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടിയാല്‍ ശരാശരി പ്രത്യുല്‍പ്പാദന നിരക്ക് രണ്ട് ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് നിതീഷ് കുമാര്‍ രംഗത്തെത്തി. തന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം; നിതീഷ് കുമാർ വിവാദത്തില്‍, പിന്നാലെ മാപ്പ്, ആയുധമാക്കി മോദി
നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ

അതേസമയം, നിതീഷിന് എതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 'ഇന്ത്യ സഖ്യത്തിലെ ഒരു പ്രധാന നേതാവ് ഇന്നലെ നിയമസഭയില്‍ സ്ത്രീകള്‍ക്ക് എതിരെ അസഭ്യം പറഞ്ഞു. അവര്‍ക്ക് നാണമില്ല. സഖ്യത്തിലെ ഒരു നേതാവും അതിനെതിരെ ഒറ്റയക്ഷരം മിണ്ടിയില്ല. സ്ത്രീകള്‍ക്ക് എതിരെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകള്‍ക്ക് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ?'- മോദി ചോദിച്ചു. മധ്യപ്രദേശിലെ ഗുണയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നിതീഷ് കുമാറിന്റെ പരാമര്‍ശം ആയുധമാക്കിയത്.

നിതീഷിന്റെ വാക്കുകള്‍ക്ക് എതിരെ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അടക്കം രംഗത്തുവന്നിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാത്രമല്ലെന്നും സ്ത്രീകളുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പുകളെയും കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ വിമര്‍ശിച്ചിരുന്നു.

'ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ രാജ്യത്തിലെ എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടനടി മാപ്പ് പറയണമെന്ന് അവശ്യപ്പെടുകയാണ്. അദ്ദേഹം പ്രസംഗത്തിനിടെ ഉപയോഗിച്ച നിന്ദ്യവും വിലകുറഞ്ഞതുമായ ഭാഷ നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തില്‍ ഒരു നേതാവിന് ഇത്ര പരസ്യമായി ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം സഹിക്കേണ്ടി വരുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. അത്തരം പെരുമാറ്റത്തിനെതിരെ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു'- രേഖ ശര്‍മ്മ പറഞ്ഞു.

നിതീഷ് കുമാര്‍ സത്രീവിരുദ്ധനാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. നിതീഷ് പറഞ്ഞത് സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണെന്നായിരുന്നു ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in