ഉൾപാർട്ടി പോരിൽ ഉലഞ്ഞു കർണാടക ബിജെപി, ആറുമാസമായിട്ടും പ്രതിപക്ഷ നേതാവില്ല; ശൈത്യകാല സമ്മേളനം ബഹിഷ്കരിക്കുമെന്ന് എംഎൽഎമാർ

ഉൾപാർട്ടി പോരിൽ ഉലഞ്ഞു കർണാടക ബിജെപി, ആറുമാസമായിട്ടും പ്രതിപക്ഷ നേതാവില്ല; ശൈത്യകാല സമ്മേളനം ബഹിഷ്കരിക്കുമെന്ന് എംഎൽഎമാർ

കർണാടകയിലെ നിയസഭ തിരഞ്ഞെടുപ്പ് ഫലത്തോടെ ദക്ഷിണേന്ത്യയിൽ മേൽവിലാസം ഇല്ലാതായ ബിജെപിക്കു മറ്റൊരു നാണക്കേടാകുകയാണ് പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാവാത്തത്

പുതിയ സർക്കാർ അധികാരമേറി ആറു മാസമായിട്ടും   പ്രതിപക്ഷ നേതാവില്ലാത്ത സംസ്ഥാനമായി തുടരുകയാണ് കർണാടക. രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയുടെ ദേശീയ നേതൃത്വത്തിന് എന്തുകൊണ്ടാണ് ഇത്ര സമയമെടുത്തിട്ടും ഒരു നേതാവിനെ നിർദേശിക്കാൻ കഴിയാതെ പോകുന്നത്? ഇനിയും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വൈകിയാൽ നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന നേതാവ് ബിഎസ് യെദ്യുരപ്പക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്  പാർട്ടി എംഎൽഎമാർ.

കഴിഞ്ഞ മെയ് 10ന് പുറത്തു വന്ന നിയസഭ തിരഞ്ഞെടുപ്പ് ഫലപ്രകാരം സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 135 എണ്ണം നേടിയായിരുന്നു കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചത്. 66 സീറ്റുകളുമായി ബിജെപിയും 19 സീറ്റുകളുമായി ജെഡിഎസും പ്രതിപക്ഷത്തായി. മുഖ്യ പ്രതിപക്ഷമായ  ബിജെപിക്കാണ് സ്വാഭാവികമായും പ്രതിപക്ഷ നേതാവിന്റെ കസേരക്ക് അർഹത. എന്നാൽ  ഉൾപാർട്ടി പോരും നേതാക്കൾക്കിടയിൽ രൂപപ്പെട്ട കടുത്ത ഭിന്നതയും കാരണം പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിഞ്ഞുതന്നെ കിടക്കുകയാണ്.

ഉൾപാർട്ടി പോരിൽ ഉലഞ്ഞു കർണാടക ബിജെപി, ആറുമാസമായിട്ടും പ്രതിപക്ഷ നേതാവില്ല; ശൈത്യകാല സമ്മേളനം ബഹിഷ്കരിക്കുമെന്ന് എംഎൽഎമാർ
ദേശീയ പാർട്ടികളിലേക്ക് പണം ഒഴുകുന്നു; 66 ശതമാനം തുകയ്ക്കും സ്രോതസില്ല

കർണാടകയിലെ നിയസഭ തിരഞ്ഞെടുപ്പ് ഫലത്തോടെ ദക്ഷിണേന്ത്യയിൽ മേൽവിലാസം ഇല്ലാതായ ബിജെപിക്കു മറ്റൊരു നാണക്കേടാകുകയാണ് പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാവാത്തത്. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീലിന്റെ കാലാവധി കഴിഞ്ഞിട്ടും പകരക്കാരനെയും  കണ്ടെത്തിയിട്ടില്ല. അത് ബിജെപിയുടെ ആഭ്യന്തര കാര്യമായി കണ്ട് കണ്ണടയ്ക്കാമെങ്കിലും പ്രതിപക്ഷ നേതാവിന്റെ കാര്യം അങ്ങനെയല്ല. പ്രതിപക്ഷനേതാവ് സർക്കാരിന്റെ ഭാഗമാണ്,   നിയമ നിർമാണ സഭകളുടെ പ്രവർത്തനത്തിൽ ഒഴിച്ച് കൂടാനാവാത്ത പദവിയാണത്.

യെദ്യൂരപ്പ പക്ഷത്തിന്റെ  അപ്രമാദിത്യം തടയാൻ മറുപക്ഷം

മുതിർന്ന നേതാവ് ബി എസ്‌  യെദ്യൂരപ്പ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നിർദേശിച്ചത് മുൻ മുഖ്യമന്ത്രി  ബസവരാജ്‌ ബൊമ്മെയുടെ പേരാണ്. എതിർപക്ഷമായ ബി എൽ സന്തോഷ് പക്ഷത്തിനു  പ്രതിപക്ഷ നേതാവായി വേണ്ടത്  എംഎൽഎ ബസന ഗൗഡ പാട്ടീൽ യത്നാലിനെ അല്ലെങ്കിൽ എംഎൽഎ അരവിന്ദ് ബല്ലാഡിനെ. യെദ്യുരപ്പയുടെ നിർദേശം എല്ലാ എം എൽഎമാരുടെയും അഭിപ്രായം ആരായാതെ അംഗീകരിക്കരുതെന്നാണ് ഒറ്റയായും സംഘമായും ഡൽഹി യാത്ര നടത്തി മറുപക്ഷം ആവശ്യപ്പെടുന്നത്. യെദ്യുരപ്പയുടെ വിശ്വസ്തനും അനുയായിയുമായ ബൊമ്മെ പ്രതിപക്ഷ നേതാവായാൽ കടിഞ്ഞാൺ വീണ്ടും യെദ്യുരപ്പയുടെ കയ്യിലാകുമെന്ന ആശങ്കയാണിവർക്ക്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മകൻ ബി വൈ വിജയേന്ദ്രയെ പ്രതിഷ്ഠിക്കാനുള്ള ശ്രമമവും  യെദ്യൂരപ്പ നടത്തുന്നുണ്ട്. അതും ഫലം കണ്ടാൽ  മറുപക്ഷത്തിനു  കർണാടകയിൽ പിന്നെ ഒരു പിടിവള്ളിയുമില്ലാതാകും. ഇതോർത്തുള്ള ബി എൽ സന്തോഷ് , സി ടി രവി, നളിൻ കുമാർ കാട്ടീൽ സംഘത്തിന്റെ കരുനീക്കങ്ങളാണ് കർണാടകക്ക് തൽക്കാലം പ്രതിപക്ഷ നേതാവില്ലാതാക്കിയത്.

ഉൾപാർട്ടി പോരിൽ ഉലഞ്ഞു കർണാടക ബിജെപി, ആറുമാസമായിട്ടും പ്രതിപക്ഷ നേതാവില്ല; ശൈത്യകാല സമ്മേളനം ബഹിഷ്കരിക്കുമെന്ന് എംഎൽഎമാർ
യുദ്ധം നീളുമ്പോഴും ആശങ്കയില്ലാതെ ഇസ്രയേൽ ജനത

അമ്പിനും വില്ലിനുംഅടുക്കാതെ യെദ്യൂരപ്പ - ബി എൽ സന്തോഷ് പക്ഷങ്ങൾ  

പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ ബിജെപി ഹൈക്കമാൻഡ് നിരീക്ഷകരായി  കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവിയ, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവഡേ എന്നിവരെ നിയോഗിച്ചിട്ടു മാസം മൂന്നായി. ബംഗളുരുവിൽ വന്നു നിരവധി തവണ ഇവർ ഇരു പക്ഷത്തേയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അമ്പിനും വില്ലിനുമടുക്കാൻ നേതാക്കൾ തയ്യാറായില്ല. അര ഡസനോളം പേരുകളാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ആഭ്യന്തര യോഗങ്ങളിൽ  ഉയർന്നു വന്നത്. നേതാക്കൾ പരസ്പരം പോരടിക്കുന്ന  സാഹചര്യത്തിൽ തൽകാലം ഒരു പ്രതിപക്ഷ നേതാവ് കർണാടകക്ക് വേണ്ടെന്നായിരുന്നു നിരീക്ഷകർ ഡൽഹിയിൽ പോയി ദേശീയ അധ്യക്ഷൻ  ജെ പി നദ്ദയെ ധരിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതോടെ കർണാടകയിലെ ബിജെപി സാങ്കേതികമായി പിളരുമെന്നും  സംഘം റിപ്പോർട്ട് നൽകി.  

കുമാരസ്വാമിയെ ഇറക്കാൻ നോക്കി, തന്ത്രം  പാളി 

ഇതിനിടയിലായിരുന്നു ജെഡിഎസുമായുള്ള ചർച്ചകള്‍. കർണാടകയിലെ ജെഡിഎസിനെ ബിജെപിയിൽ ലയിപ്പിച്ചു പ്രത്യുപകാരമായി നേതാവ് എച് ഡി കുമാരസ്വാമിക്ക് പ്രതിപക്ഷ നേതാവ് പദവി വാഗ്ദാനം ചെയ്യാമെന്ന ആലോചനയുണ്ടായി. ബിജെപിയിലെ ഇരുപക്ഷത്തെയും പിണക്കാതെ ഒരു ഒത്തുതീർപ്പു നേതാവ് എന്ന ആലോചനയിലായിരുന്നു വളഞ്ഞ വഴി പാർട്ടി ആലോചിച്ചത്. കുമാരസ്വാമിക്ക് സമ്മതമായിരുന്നെങ്കിലും അച്ഛൻ എച് ഡി ദേവെഗൗഡ പച്ചക്കൊടി വീശിയില്ല. മാരത്തോൺ ചർച്ചകൾ നടന്നു. ലയനം നിഘണ്ടുവിലില്ലെന്നു  ദേവ ഗൗഡ കർശന നിലപാടെടുത്തു. എൻഡിഎ മുന്നണിയുടെ ഭാഗമാകാനും കർണാടകയിൽ  ലോക്സഭാ തിരഞ്ഞെടുപ്പ് സഖ്യമാകാമെന്നും ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു . പ്രതിപക്ഷ നേതാവ് സ്ഥാനം മോഹിപ്പിച്ചു കുമാരസ്വാമിയെ ചില മുതിർന്ന നേതാക്കൾ ഒന്നൂടെ സോപ്പിട്ടെങ്കിലും  ദേവെഗൗഡ വഴങ്ങിയില്ല. കർണാടകയിൽ  തിരഞ്ഞെടുപ്പോടെ തകർന്നടിഞ്ഞ ജെഡിഎസിനും ബിജെപിക്കും അതിജീവനത്തിനുള്ള പിടിവള്ളിയായി എൻ ഡി എ മുന്നണി പ്രവേശം. ബിജെപി കരുക്കൾ നീക്കിയതുപോലെ  ലയനം നടക്കാതായതോടെ വീണ്ടും പാർട്ടിയിൽ 'പ്രതിപക്ഷ നേതാവ് പ്രശ്നം' തലപൊക്കി. പാർട്ടിക്കാരൻതന്നെ പ്രതിപക്ഷ നേതാവാകുമെന്ന പരസ്യ പ്രസ്താവനകളുമായി ബിജെപി നേതാക്കൾ രംഗത്തുവന്നു തുടങ്ങിയിട്ടുണ്ട്.

ഉൾപാർട്ടി പോരിൽ ഉലഞ്ഞു കർണാടക ബിജെപി, ആറുമാസമായിട്ടും പ്രതിപക്ഷ നേതാവില്ല; ശൈത്യകാല സമ്മേളനം ബഹിഷ്കരിക്കുമെന്ന് എംഎൽഎമാർ
ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി; കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

'കോൺഗ്രസിന്റെ പരിഹാസം താങ്ങാനാവുന്നില്ല പരിഹാരം വേണം'

കോൺഗ്രസ് ഭരണത്തിനെതിരെ ആക്ഷേപം ചൊരിയുമ്പോഴെല്ലാം ബിജെപി നേതാക്കൾക്ക് തിരിച്ചു കിട്ടുന്നത് പരിഹാസമാണ്. ആദ്യം പോയി പ്രതിപക്ഷ നേതാവിനെ കണ്ടെത്തൂ എന്നിട്ട്  സർക്കാരിനെതിരെ സമരം ചെയ്യൂ എന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മുതലങ്ങോട്ടുള്ളവർ പരിഹസിക്കുന്നത്. പ്രതിപക്ഷ നേതാവില്ലാത്ത രണ്ടു നിയമസഭാ സമ്മേളനങ്ങൾ കടന്നു പോയി. വരാനിരിക്കുന്ന ശീതകാല സമ്മേളനം ബെലഗാവിയിലെ സുവർണ വിധാന സൗധയിലാണ് നടക്കേണ്ടത്. ഈ സമ്മേളനത്തിലേക്ക്‌ പ്രതിപക്ഷ നേതാവില്ലാതെ പ്രതിപക്ഷത്തിരിക്കാനില്ലെന്നു  മുതിർന്ന നേതാവ് ബിഎസ് യെദ്യുരപ്പയെ അറിയിച്ചിരിക്കുകയാണ് ചില ബിജെപി എംഎൽഎമാർ. ഇവർ അമർഷവും നിരാശയും ഒരുപോലെ രേഖപ്പെടുത്തിയതോടെ  വെട്ടിലായിരിക്കുകയാണ് ദേശീയ നേതൃത്വം. 'പ്രതിപക്ഷ നേതാവിനെ ആവശ്യമുണ്ട്' എന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയും ബിജെപിയെ കണക്കിന് കളിയാക്കുകയാണ്  കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ   പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാതെയിരുന്നാൽ  കുറച്ചു സീറ്റെങ്കിലും കയ്യിൽ നിന്ന് പോകാതിരിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. പ്രതിപക്ഷ നേതാവില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു എങ്ങനെ ജനങ്ങളെ സമീപിക്കുമെന്നാണ്  പാർട്ടി പ്രാദേശിക ഘടകങ്ങൾ നേതാക്കളോട് ചോദിക്കുന്നത് .

logo
The Fourth
www.thefourthnews.in