പഞ്ചാബില്‍ പത്തു വയസുകാരന് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

പഞ്ചാബില്‍ പത്തു വയസുകാരന് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

കുട്ടിയെ മറ്റ് വിദ്യാര്‍ഥികളുടെ സഹായത്താല്‍ ബന്ധിതനാക്കിയതിന് ശേഷമായിരുന്നു പ്രിന്‍സിപ്പലിന്റെ മര്‍ദനം

പഞ്ചാബിലെ ലുധിയാനയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ലുധിയാനയിലെ മുസ്ലിം കോളനിയിലുള്ള ബാല്‍ വികാസ് മോഡല്‍ സ്കൂളിലെ പ്രിന്‍സിപ്പലായ ശ്രീ ഭഗവാനെതിരെയാണ് നടപടി. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം.

പത്തു വയസുകാരനായ മുഹമ്മദ് മുര്‍ത്താസയാണ് മര്‍ദനത്തിന് ഇരയായത്. മുഹമ്മദിന്റെ കാല്‍പാദങ്ങളിലും പുറത്തുമായാണ് പരുക്കേറ്റിരിക്കുന്നത്. പ്രിന്‍സിപ്പല്‍ മര്‍ദിക്കുന്ന സമയത്ത് മറ്റ് വിദ്യാര്‍ഥികള്‍ മുഹമ്മദിന്റെ കൈകള്‍ പിടിച്ചുവച്ചിരുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. സഹായത്തിനായി കുട്ടി കരയുമ്പോഴും മര്‍ദനം തുടരുകയായിരുന്നു.

ക്സാസിന് ശേഷം വീട്ടിലെത്തിയ കുട്ടിയുടെ കാലുകള്‍ നീരുവച്ചിരുന്നതായി മാതാവ് സലൂണ ഖാത്തൂണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ തന്റെ മകനെ മുറിയിലേക്ക് വിളിച്ചുവരുത്തുകയും അവിടെയുണ്ടായിരുന്നു വിദ്യാര്‍ഥികളോട് കൈകള്‍ ബന്ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായും അതിന് ശേഷമാണ് മര്‍ദനം നടന്നതെന്നും സലൂണ പരാതിയില്‍ വ്യക്തമാക്കുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സലൂണയുടെ ആരോപണങ്ങള്‍.

പ്രിന്‍സിപ്പലിന്റെ മര്‍ദനം പല തവണ ആവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ട്. പെന്‍സിലുപയോഗിച്ച് മറ്റൊരു വിദ്യാര്‍ഥിയെ അബദ്ധത്തില്‍ കുത്തിയതിനാണ് പ്രിന്‍സിപ്പല്‍ മര്‍ദിച്ചതെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. മൊട്ടി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in