മുംബൈയും രാജ്യവും നടുങ്ങിയ ആ ദിനം

മുംബൈയും രാജ്യവും നടുങ്ങിയ ആ ദിനം

രാജ്യത്തെ ഒന്നടങ്കം മുൾമുനയിലാക്കിയ, ഇന്ത്യയുടെ ചരിത്രത്തിലെ സമതകളില്ലാത്ത മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷം തികയുകയാണ്

മുംബൈയിലെ പ്രൗഢഗംഭീരമായ താജ് ഹോട്ടൽ കത്തുന്ന ദൃശ്യങ്ങളും കൂട്ടക്കൊല നടന്ന ഛത്രപതി ശിവാജി ടെർമിനലിന്റെ ചിത്രങ്ങളൊന്നും ഇന്ത്യൻ മനസുകളിൽനിന്ന് അത്ര വേഗം മാഞ്ഞുപോകുന്ന ഒന്നല്ല. അത്രവലിയ ആഘാതമായിരുന്നു 2008 നവംബർ 26ലെ ഭീകരാക്രമണം രാജ്യത്തുണ്ടാക്കിയത്. അന്ന് രാത്രി 9.30 ഓടെ ആരംഭിച്ച ഭീകരാക്രമണം നീണ്ടുനിന്നത് ഏകദേശം 60 മണിക്കൂർ നേരമാണ്. രാജ്യത്തെ ഒന്നടങ്കം മുൾമുനയിലാക്കിയ, ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷം തികയുകയാണ്.

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തെ ഒന്നടങ്കം നടുക്കിയ രാത്രിയായിരുന്നു 2008 നവംബർ 26ലേത്. മൂന്നുദിവസമാണ് ആക്രമണങ്ങളും പ്രത്യാക്രമണവും നീണ്ടുനിന്നത്. ആക്രമണ പരമ്പരയിൽ 22വിദേശികളടക്കം 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എ കെ 47 തോക്കുകളും ഗ്രനേഡും സ്‌ഫോടക വസ്തുക്കളുമായി നുഴഞ്ഞുകയറിയ പത്ത് ലഷ്കർ ഇ ത്വയ്ബ ഭീകരർ മുംബൈയിലെ നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, ആഡംബര ഹോട്ടലുകളായ താജ് മഹൽ പാലസ്, ഒബ്‌റോയ് ട്രൈഡന്റ്, കാമ ഹോസ്പിറ്റൽ, ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളെ അക്ഷരാർത്ഥത്തിൽ ചോരക്കളമാക്കി മാറ്റുകയായിരുന്നു. സാക്ഷികളുടെ മൊഴിയനുസരിച്ച്, താജ് ഹോട്ടലിൽ പല ഭാഗങ്ങളിൽ നിന്നായി പ്രവേശിച്ച തീവ്രവാദികൾ കണ്ണിൽ കണ്ടവരെയൊക്കെ വെടിവച്ചു വീഴ്ത്തി.

സംഭവങ്ങൾ ഇങ്ങനെ

ഛത്രപതി ശിവാജി ടെർമിനൽ (ഒക്ടോബർ 26, 9:21 pm)

ചെറിയ സംഘങ്ങളായി തിരിഞ്ഞായിരുന്നു ലഷ്കർ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. ആദ്യം സിഎസ്ടി റെയിൽവേ സ്റ്റേഷനായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പിൽ 58 പേർ കൊല്ലപ്പെട്ടു. അജ്മൽ കസബും ഇസ്മായിൽ ഖാനുമായിരുന്നു ഇവിടുത്തെ കൂട്ടക്കുരുതിക്ക് പിന്നിൽ പ്രവർത്തിച്ചത്. ആക്രമണത്തിൽ നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

നരിമാൻ ഹൗസ് ഏരിയ (9:30 pm)

സി എസ് ടിയിലെ വെടിവയ്പ്പിന് ഏകദേശം പത്ത് മിനിറ്റുകൾക്ക് ശേഷമാണ് ശേഷം നരിമാൻ ഹൗസിലെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂത മത വിശ്വാസികളുടെ കേന്ദ്രമായിരുന്ന ചബാഡ് ലുബാവിച്ച് ഔട്ട്‌റീച്ച് സെന്റർ ആക്രമിക്കുന്നതിന് മുൻപ് രണ്ടാമത്തെ ഭീകര സംഘം അടുത്തുള്ള ഗ്യാസ് സ്റ്റേഷൻ തകർത്തിരുന്നു. ഇവിടെ നടത്തിയ ആക്രമണത്തിൽ ജൂത പുരോഹിതനും ഭാര്യയും അഞ്ച് ഇസ്രയേലി ബന്ദികളുമായിരുന്നു കൊല്ലപ്പെട്ടത്.

ലിയോപോൾഡ് കഫേ
ലിയോപോൾഡ് കഫേ

ലിയോപോൾഡ് കഫേ (9:30- 9:48 pm)

വളരെ പൈശാചികമായ ആക്രമണമായിരുന്നു ലിയോപോൾഡ് കഫേയിൽ ഭീകരർ നടത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെയായിരുന്നു ഭീകരർ വെടിയുതിർത്തത്. നരിമാൻ ഹൗസിൽ ആക്രമണം നടക്കുന്ന അതേസമയത്തായിരുന്നു ഇവിടെയും വെടിവയ്പുണ്ടായത്.കഫെയിൽനിന്ന് താജ് ഹോട്ടലിലേക്ക് പോയ ഷോയിബ്, ഉമർ എന്നീ ലഷ്കർ ഭീകരർ യാത്രാമാർഗേ ടാക്സിയിലും ബോംബ് സ്ഥാപിച്ചിരുന്നു.

താജ് ഹോട്ടൽ (9:35-9:45 pm)

പിന്നീട് താജിലെത്തിയ ഇവർ അബ്ദുൾ റഹ്മാൻ ബാഡ, അബു അലി എന്നിവരുമായി ചേർന്നാണ് ഹോട്ടലിൽ ആക്രമണം നടത്തിയത്. താജ് ഹോട്ടലിന്റെ സൈഡ് ഡോറിലൂടെ പ്രവേശിച്ച ഷോയിബും ഉമറും, കണ്ണിന് മുന്നിൽ പെട്ടവർക്ക് നേരെയെല്ലാം നിറയൊഴിച്ചു. അതേസമയം തന്നെയാണ് ഹോട്ടലിന്റെ മുൻ വശത്തുകൂടി പ്രവേശിച്ച് മറ്റൊരു സംഘവും ആക്രമണം നടത്തിയത്. 31 പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ഒബ്റോയ്-ട്രൈഡന്റ് ഹോട്ടൽ (9:35-10:00 pm)

ഒബ്‌റോയ്-ട്രൈഡന്റ് ഹോട്ടലിലും സമാനമായിരുന്നു സാഹചര്യങ്ങൾ. റെസ്റ്റോറന്റ് വഴി ഹോട്ടലിലേക്ക് പ്രവേശിച്ച രണ്ടംഗ സംഘം ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവയ്പ്പിൽ 30 പേർ കൊല്ലപ്പെട്ടു.

കാമ ആശുപത്രി (10:30-10:59 pm)

സിഎസ്ടി റെയിൽവേ സ്റ്റേഷൻ ആക്രമിച്ച ശേഷം കസബും ഇസ്മായിൽ ഖാനെന്ന മറ്റൊരു സംഘാഗവും ചേർന്നാണ് കാമ ആശുപത്രി ആക്രമിക്കുന്നത്. അവിടെവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എടിഎസ് മേധാവി ഹേമന്ത് കർക്കറെ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ തീവ്രവാദികൾ കൊലപ്പെടുത്തുന്നത്. അതിനുശേഷം ജീപ്പ് തട്ടിയെടുത്തുകൊണ്ടു പോകാൻ ശ്രമിക്കവെയാണ് കസബ് പിടിയിലാകുന്നത്.

ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

ഭീകരരെ കീഴ്പ്പെടുത്താൻ 200 പേരടങ്ങുന്ന എൻഎസ്ജി കമാണ്ടോകളുടെ ടീമിനെയാണ് താജ് ഹോട്ടലിലും ഒബ്‌റോയ് ട്രൈഡന്റിലും നരിമാൻ ഹൗസിലുമെല്ലാം വിന്യസിച്ചത്. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന പേരിലായിരുന്നു ഈ ദൗത്യം അറിയപ്പെട്ടത്. നവംബർ 26ന് ആരംഭിച്ച ആക്രമണം നവംബർ 29ന് രാവിലെ എട്ടുമണിക്കാണ് അവസാനിക്കുന്നത്.

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ വിരുദ്ധ സേന മേധാവി ഹേമന്ത് കർക്കരെ, എ സി പി അ​ശോ​ക്​ കാം​തെ, ഇൻ​സ്​​പെ​ക്​​ട​ർ വി​ജ​യ്​ സലസ്ക​ർ, മലയാളിയായ എ​ൻ.​എ​സ്.​ജി ക​മാ​ൻ​ഡോ മേ​ജ​ർ സന്ദീപ് ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ഉൾപ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും ഓപ്പറേഷനിൽ ജീവൻ നഷ്ടപ്പെട്ടു. ക​സ​ബി​നെ പി​ടി​കൂ​ടാൻ പകരം നൽകേണ്ടി വന്നത് സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ തുക്കാ​റാം ഒ​ബ്​​ലെയുടെ ജീവനായിരുന്നു​ . പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം 2012 നവംബറിൽ കസബിനെയും ഇന്ത്യൻ ഭരണകൂടം തൂക്കിലേറ്റി.

അജ്മല്‍ കസബ്
അജ്മല്‍ കസബ്

26/11ന് ശേഷം

രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വീഴ്ചയെന്ന് കുറ്റപ്പെടുത്തലുകൾ ഉണ്ടായെങ്കിലും 26/11 ഇന്ത്യയ്ക്ക് വലിയൊരു പാഠമായിരുന്നു. അതിനുശേഷം സമുദ്ര- തീരദേശ സുരക്ഷാ വൻ തോതിൽ വർധിപ്പിച്ചു. ദേശീയ സുരക്ഷാ ഏജൻസിയുടെ രൂപീകരണത്തിന് കാരണമായതും മുംബൈ ഭീകരാക്രമണമായിരുന്നു. കൂടാതെ ഭീകരാക്രമണത്തിന്റെ പേരിൽ അന്നത്തെ മൻമോഹൻ സിങ് സർക്കാർ യു എ പിഎ നിയമത്തിലും ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ കുറ്റാരോപിതനായ വിദേശ പൗരന്മാർക്ക് ജാമ്യം നിഷേധിക്കുന്നതും 180 ദിവസം വരെ തടങ്കലിൽ വയ്ക്കാനുള്ള കർശന വ്യവസ്ഥകളും ഇതിന്റെ ഭാഗമായിരുന്നു.

logo
The Fourth
www.thefourthnews.in