'ഓപ്പറേഷൻ ബ്ലൂസ്റ്റാർ'; ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ദൗർഭാഗ്യകരമായ ഒരേട്

രാജ്യ ചരിത്രത്തിലെ തന്നെ രക്തരൂഷിതമായ ഒരേട്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നിട്ട് ഇന്നേക്ക് 39 വർഷം

1984 ജൂൺ 6. സിഖുകാർ പരിപാവനമായ ആത്മീയകേന്ദ്രമായി കണക്കാക്കുന്ന അമൃത്സറിലെ സുവർണ ക്ഷേത്രം ഭയാനകമായൊരു സൈനിക നടപടിക്ക് സാക്ഷ്യം വഹിച്ചു- ഓപ്പറേൻ ബ്ലൂസ്റ്റാർ. രാജ്യ ചരിത്രത്തിലെ തന്നെ രക്തരൂഷിതമായ ഒരേട്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നിട്ട് ഇന്നേക്ക് 39 വർഷം.

1984 ഒക്ടോബർ 31-ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖുകാരായ സത്വന്ത് സിങ്, ബിയാന്ത് സിങ് എന്നീ രണ്ട് അംഗരക്ഷകരാൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സിഖുകാരുടെ പുണ്യസ്ഥലമായ സുവർണ ക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരയുടെ വധം.

പഞ്ചാബിലെ അമൃത്സറിലാണ് സിഖ് മത വിശ്വാസികളുടെ പരമപവിത്ര തീർത്ഥാടന കേന്ദ്രമായ സുവർണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അവിടെ 1984 ജൂൺ ആദ്യവാരം ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന പേരിൽ ഒരു സൈനിക നടപടിയുണ്ടായി. ജർണയ്ൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ
സുവർണ ക്ഷേത്രത്തിലെ അകാൽ തഖ്ത് എന്ന ആരാധന സ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖാലിസ്ഥാൻ തീവ്രവാദികളെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു ഈ നിർണായക ഓപ്പറേഷന്റെ ലക്ഷ്യം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു സൈനിക ഓപ്പറേഷന് ഉത്തരവിട്ടത്.
പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി, ഭിന്ദ്രൻവാലയെ പിടികൂടുക എന്നതായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ലക്ഷ്യമെന്നായിരുന്നു പ്രഖ്യാപനം.

പഞ്ചാബിന്റെ മണ്ണിൽ ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ വേരുപിടിക്കുന്നതിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. 'ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപെട്ടുകൊണ്ട് സിഖുകാർക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം' - അതായിരുന്നു ഖാലിസ്ഥാൻ വാദികളുടെ പ്രധാന ലക്ഷ്യം. അത്തരമൊരു സങ്കൽപ്പം മുൻപ് തന്നെ പഞ്ചാബിൽ ഉടലെടുക്കുന്നുണ്ടെങ്കിലും 'ദംദമി തക്തൽ' എന്ന പ്രസ്ഥാനവുമായി മുന്നോട്ടുവന്ന ജർണയ്ൽ സിങ് ഭിന്ദ്രൻവാലയാണ് ആ തീപ്പൊരിക്ക് ശക്തിപകരുന്നത്.

പഞ്ചാബിൽ ശക്തിയാർജിച്ച് കൊണ്ടിരുന്ന അകാലിദളിനെ തുരത്താൻ കോൺഗ്രസ് തന്നെ പാലൂട്ടി വളർത്തിയതായിരുന്നു ഭിന്ദ്രൻവാലയെ. എന്നാൽ അതേ ഭിന്ദ്രൻവാല തന്നെ കോൺഗ്രസിനെ തിരിഞ്ഞുകൊത്തി. വിഘടനവാദപരമായ പ്രസംഗങ്ങളിലൂടെ ഇന്ദിരയ്ക്ക് തലവേദന സൃഷ്ടിച്ചു.

1960കളിലാണ് പഞ്ചാബ് അടക്കമുള്ള ഇന്ത്യയുടെ പല കാർഷിക മേഖലകളിലും ഹരിതവിപ്ലവത്തിന്റെ തുടക്കം.
ഇതിന്റെ പ്രയോജനം യഥാർഥത്തിൽ ലഭിച്ചത് കർഷകർക്കിടയിലെ മധ്യ വർഗത്തിനും വൻകിട കർഷകർക്കുമായിരുന്നു. അടിസ്ഥാന വിഭാഗത്തിൽപ്പെട്ട കർഷകരും കർഷക തൊഴിലാളികളും കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ആ വിഭാഗത്തിന്റെ നിരാശയും പ്രതിഷേധവും സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന ഘട്ടത്തിലായിരുന്നു ജർണയ്ൽ സിങ് ഭിന്ദ്രൻവാലയുടെ രംഗപ്രവേശനം. സാധാരണക്കാരായ കർഷകരുടെ പ്രതിഷേധവും നിരാശയും ഭിന്ദ്രൻ വാല ഉപയോഗപ്പെടുത്തി. അതാണ് പിന്നീട് ഹിന്ദുവിരുദ്ധതയായി മാറിയതും ഭീകരവാദത്തിലേക്ക് വഴിമാറ്റപ്പെട്ടതും.

1982-ൽ ഭിന്ദ്രൻവാല ഇടപെടൽ കൂടുതൽ കടുപ്പിച്ചു. തന്റെ പ്രവർത്തനം ആദ്യം ഗുരുദ്വാരയിൽ നിന്ന് സുവർണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗുരുനാനാക് നിവാസിലേക്കും പിന്നീട് അതിനുള്ളിലെ അകാൽ തഖ്ത്തിലേക്കും ഭിന്ദ്രൻവാല എത്തിച്ചു.1984 ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ ഇന്ത്യൻ ത്രിവർണ പതാകയ്ക്ക് പകരമായി ഖലിസ്ഥാന്റെ പതാകയുയർന്നു. ഹിന്ദു വിരുദ്ധ മുദ്രവാക്യങ്ങളുയർന്നു. അതോടെ അമൃത്സറിലെ ഹിന്ദു കച്ചവടക്കാർ ജീവനും കൊണ്ട് സ്ഥലം വിട്ടു. പഞ്ചാബിലെ ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടു. ചോദ്യം ചെയ്യുകയോ, എതിർക്കുകയോ ചെയ്തവരെല്ലാം അപ്രത്യക്ഷരായി. സുവർണക്ഷേത്രത്തിന് പുറത്ത് ഓടകളിൽ മൃതശരീരങ്ങൾ അടിക്കടി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇന്ത്യൻ ഭരണകൂടത്തിന് തലവേദനയായി തീവ്രവാദം കൊടുമ്പിരിക്കൊണ്ട പഞ്ചാബിൽ, തങ്ങൾ തന്നെ സൃഷ്ടിച്ച ഭീകരനെ നിയന്ത്രിക്കാനാവാതെ ഇന്ദിരാഗാന്ധിയും ഭരണകൂടവും നിസ്സഹായരായി. പരമ്പരാഗതമായ അയഞ്ഞ കുപ്പായങ്ങൾ ധരിച്ച സായുധരായ സിഖുകാർ സുവർണക്ഷേത്രത്തിന്റെ പരമാധികാരികളായി മാറി. ആകെ ശല്യക്കാരനായി മാറിയിരുന്ന ഭിന്ദ്രൻവാലയുടെ രാഷ്ട്രീയ ഉന്മൂലനം തന്നെയായിരുന്നു സൈനിക ഇടപെടലിന്റെ പ്രഥമ ലക്ഷ്യം

സാഹചര്യം നിയന്ത്രിക്കാനാകാതെ വന്നതോടെ പഞ്ചാബ് സംസ്ഥാനം കലാപബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പഞ്ചാബിൽ ഭരണം പരാജയപ്പെട്ട അവസ്ഥയിൽ സൈനിക നടപടി അനിവാര്യമാണെന്ന് ഇന്ദിരയ്ക്ക് ഉറപ്പായി. ഭിന്ദ്രൻ വാലയെയും അനുയായികളെയും പുറത്ത് ചാടിക്കാനുള്ള സൈനിക നടപടി, 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' ആസൂത്രണം ചെയ്യപ്പെട്ടു.

1984 ജൂൺ 2ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ടിവിയിലൂടെയും റേഡിയോയിലൂടെയും ജനങ്ങളെ അഭിസംബോധന ചെയ്തു. പ്രക്ഷോഭം ഉപേക്ഷിക്കാനും സർക്കാർ നിർദേശങ്ങൾ സ്വീകരിച്ച്, സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനും അഭ്യർത്ഥിച്ചു. 'മുറിവുകളുണക്കാൻ നാം ഒരുമിച്ച് കൈകോർക്കണം' എന്ന് വികാരാധീനയായി ഇന്ദിര പറഞ്ഞവസാനിപ്പിച്ചു.

ഇതിനകം ഇന്ത്യൻ പട്ടാളം സുവർണ ക്ഷേത്രത്തിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. ലഫ്. ജനറൽ കുൽദീപ് സിങ് ബ്രാർ, ലഫ്. ജനറൽ കൃഷ്ണസ്വാമി സുന്ദരംജി, ജനറൽ എ എസ് വൈദ്യ എന്നിവർക്കായിരുന്നു ഓപ്പറേഷന്റെ ചുമതല. അമൃത്സർ നഗരത്തിന് ബാഹ്യലോകവുമായുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിച്ചു. തീവണ്ടി, വിമാന സർവീസുകളുൾപ്പെടെ റദ്ദാക്കി. ജൂൺ 5ന് വൈകീട്ട് 7 മണിക്ക് ഇന്ത്യൻ സൈന്യത്തിലെ 16-ാം റെജിമെന്റിന്റെ ടാങ്കുകൾ സുവർണ ക്ഷേത്രസമുച്ചയത്തിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആരംഭിച്ചു.

സിഖുകാർക്ക് അന്ന് മതപരമായി പ്രധാനപ്പെട്ട ദിനമായിരുന്നു. പതിനായിരക്കണക്കിന് സാധാരണക്കാരും ഗ്രാമീണരുമായ സിഖുകാർ ദർശനത്തിനായി തിങ്ങിക്കൂടിയിരുന്നു. സൈനിക മേധാവികൾ ഉച്ചഭാഷിണിയിൽ ആളുകളോട് ക്ഷേത്രത്തിന് പുറത്തേക്ക് വരാൻ നിർദേശിച്ചെങ്കിലും, അവർക്കതിന് കഴിഞ്ഞില്ല. ഭീകരർ അവരെ രക്ഷാകവചമായി ഉപയോഗിച്ചു. സൈനിക നടപടിയിലും സുവർണ ക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.

ജൂൺ 6ന് അകാൽ തഖ്തിൽ പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യൻ കമാൻഡോകളെ എതിരേറ്റത് ഭീകരരുടെ മെഷീൻ ഗണ്ണിൽ നിന്നുള്ള വെടിയുണ്ടകളായിരുന്നു. അപ്രതീക്ഷിത തിരിച്ചടിയിൽ ഒട്ടെറെ സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന്റെ ടാങ്കുകൾ ഇരച്ചുകയറി ഷെല്ലാക്രമണമാരംഭിച്ചു. ഒടുവിൽ രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിന് ശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തിൽ ആധിപത്യം സ്ഥാപിച്ചു. ഒടുക്കം ഭിന്ദ്രൻവാലയുടെ മൃതശരീരം വെട്ടിയുണ്ട തുളഞ്ഞു കയറിയ നിലയിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ നിന്ന് കണ്ടെടുത്തു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ, രക്തപങ്കിലമായ സൈനിക നടപടി അങ്ങനെ അവസാനിച്ചു.

സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിന്റെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിന് കാരണമായി. 1984 ഒക്ടോബർ 31-ന് സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റ് ഇന്ദിര കൊല്ലപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ ഡൽഹിയിലും പരിസരത്തും സിഖ് വിരുദ്ധ കലാപം ഉടലെടുത്തു. ക്രമസമാധാനപാലനം നിലയ്ക്കപ്പെട്ട അവസ്ഥയിൽ അക്രമികൾ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും അരങ്ങേറിയ കലാപത്തിൽ ഏതാണ്ട് 3100 പേർ മരിച്ചു. കലാപം മൂർച്ഛിച്ച അവസ്ഥയിൽ 'ഒരു വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങളെ അത് ബാധിച്ചേക്കാം' എന്ന രാജീവ് ഗാന്ധിയുടെ വാക്കുകളും മുഴങ്ങിക്കേട്ടു.

മൂന്ന് പതിറ്റാണ്ടിന് ശേഷം ഖലിസ്ഥാൻ പ്രസ്ഥാനം എന്ന പേര് വീണ്ടും പഞ്ചാബിൽ ഉയർന്നുകേട്ടു. ഭിന്ദ്രൻ വലയുടെ അനുയായിയെന്നോണം അവതരിച്ച അമൃത്പാൽ സിങ്ങിലൂടെ. പെട്ടെന്നുള്ള അമൃത്പാലിന്റെ വളർച്ചയെ ആശങ്കയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കണ്ടത്. ഭിന്ദ്രൻവാലയെ ഓർമിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാൽ സിങ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നതുപോലും. ദിവസങ്ങളോളം പഞ്ചാബ് പോലീസിനെ അമൃത്പാൽ മുൾമുനയിൽ നിർത്തി. ഒടുവിൽ കീഴങ്ങി. പക്ഷേ വിഘടനവാദവും ഖലിസ്ഥാൻ ചിന്തകളും പഞ്ചാബിന്റെ പല കോണുകളിലും സിഖ് ജനതയ്ക്കിടയിലും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തുടരുന്നുവെന്ന ചർച്ചകളെ അത് സജീവമാക്കി. 

Related Stories

No stories found.
logo
The Fourth
www.thefourthnews.in