2002 ഫെബ്രുവരി 27; ഗോധ്രയിലെ 'തീ'വണ്ടി

ഗുജറാത്ത് കലാപത്തിന് വഴിതെളിച്ച ഗോധ്ര സംഭവത്തിന് ഇന്ന് 21 വർഷം

2002 ഫെബ്രുവരി 27. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രം മാറ്റിയ ദിവസമായിരുന്നു അത്. രാജ്യത്തെ നിയമ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി വര്‍ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയ ദിവസം. അന്നായിരുന്നു ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപത്തിന് പ്രത്യക്ഷത്തിലുള്ള കാരണമായെന്ന് കരുതുന്ന ഗോധ്ര സംഭവം നടന്നത്. ആയിരങ്ങള്‍ മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ദിവസം. അന്നായിരുന്നു ഗോന്ധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ആക്രമിക്കപ്പെട്ട് 59 പേര്‍ കൊല്ലപ്പെട്ടത്. പിന്നീട് നടന്നത് ഇന്ത്യന്‍ മതേതരത്വം എത്രമാത്രം ദുര്‍ബലമാണെന്ന് കാണിച്ചു തന്ന സംഭവങ്ങളായിരുന്നു.

1992 ഫ്രെബുവരി 27. സമയം രാവിലെ എട്ടര. സബര്‍മതി എക്‌സ്പ്രസ്സ് ഗോധ്രയില്‍ ആക്രമണത്തിനിരയാകുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അയോധ്യയില്‍ പോയി തിരിച്ചുവരികയായിരുന്ന ആര്‍എസ്എസ് വിശ്വഹിന്ദു പരിഷ്ത്ത് പ്രവര്‍ത്തകരായിരുന്നു സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗിയില്‍ ഉണ്ടായിരുന്നത്.

അയോധ്യില്‍ വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമജന്മഭൂമി ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി നടത്തിയ പൂര്‍ണ്ണാഹുതി മഹായജ്ഞത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന കര്‍സേവകരായിരുന്നു സബര്‍മതി എക്‌സ്പ്രസ്സില്‍ ഉണ്ടായിരുന്നത്. തീവണ്ടിയിലെ എസ്.6 കോച്ച് അക്രമികള്‍ കത്തിച്ചു. 24 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമടക്കം 59 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗോധ്ര തീവണ്ടി തീവെപ്പ് സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചു. പിന്നെ ഗുജറാത്ത് സാക്ഷ്യം വഹിച്ചത് കൂട്ടക്കൊലപാതകങ്ങളുടെ പരമ്പരയ്ക്കാണ്.

ഗുല്‍ബര്‍ഗ് സൊസൈറ്റി എന്ന മുസ്ലിം ഹൗസിംഗ് കോളനി അക്രമികള്‍ തീവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ ഇഹ്‌സാന്‍ ജെഫ്രി ഉള്‍പ്പെടെ 35 പേര്‍ വെന്തു മരിച്ചു. ഫെബ്രുവരി 28 രാവിലെ 9 മണിയോടെ, ഭാരതീയ ജനതാ പാര്‍ട്ടിയുടേയും, ബജ്റംഗദളിന്റേയും നേതൃത്വത്തില്‍ 5000 ഓളം വരുന്ന ആളുകള്‍ നരോദാ പാട്യ പ്രദേശത്ത് അക്രമം അഴിച്ചു വിട്ടു. വീടുകള്‍ തീവച്ചും ആളുകളെ കൊലപ്പെടുത്തുകയും ഉണ്ടായി. അഹമ്മദാബാദിന് അടുത്തുള്ള നരോദയില്‍ നടന്ന ഈ കൂട്ട വംശഹത്യയാണ് നരോദാ-പാട്യ കൂട്ടക്കൊല. 97 മുസ്ലീംകളാണ് കൊല്ലപ്പെട്ടത്.

ഗുജറാത്ത് കലാപത്തില്‍ ഇപ്പോഴും ഒരു കടങ്കഥയായി നിലനില്‍ക്കുന്നത് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീ പിടിച്ചതാണ്. എങ്ങനെയാണ് ഈ തീപ്പിടിത്തമുണ്ടായത് എന്നതിനെക്കുറിച്ച് ഇപ്പോഴും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണുള്ളത്.

ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ നിയോഗിച്ചത് ജസ്റ്റിസ് നാനാവതി കമ്മീഷനെയാണ്. മുസ്ലീം അക്രമി സംഘങ്ങളാണ് ബോഗിക്ക് തീ കൊളുത്തിയതെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചു.

യുപിഎ സര്‍ക്കാര്‍ 2004-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് ബാനര്‍ജി കമ്മീഷനെ നിയമിച്ചിരുന്നു. തീ പിടിച്ചത് തീവണ്ടിക്കുള്ളില്‍ നിന്ന് തന്നെയാണെന്നായിരുന്നു ബാനര്‍ജി കമ്മീഷന്റെ നിഗമനം. കര്‍സേവകര്‍ കൊണ്ടുവന്ന സ്റ്റൗവ്വില്‍ നിന്നായിരിക്കാം തീ പടര്‍ന്നതെന്നാണ് ബാനര്‍ജി കമ്മീഷന്‍ നിരീക്ഷിച്ചത്. പുറത്ത് നിന്നും അക്രമികള്‍ തീയിടാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ഗോധ്രയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വയ്ക്കാന്‍ അനുമതി നല്‍കുക വഴി സര്‍ക്കാര്‍ പ്രതികാരത്തിന് അരങ്ങൊരുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി പറഞ്ഞതായുള്ള ചില കാര്യങ്ങളെക്കുറിച്ചും വിവാദങ്ങളുണ്ടായി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കിയ സംഭവങ്ങൾ അധികമില്ല. ഇരകള്‍ക്ക് നീതി കിട്ടിയില്ലെന്ന് മാത്രമല്ല, വെറുപ്പിന്റെ ആശയങ്ങള്‍ക്ക് പിന്നീട് കൂടുതല്‍ സ്വീകാര്യത കിട്ടിയത് ഗോധ്രയ്ക്കും ഗുജറാത്ത് കലാപത്തിനും ശേഷമാണെന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ മറ്റൊരു പ്രഹേളികയായി തുടരുകയും ചെയ്യുന്നു.

കേസില്‍ 2011 മാര്‍ച്ച് ഒന്നിന് 11 പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചെങ്കിലും, പിന്നീടത് ജീവപര്യന്തമാക്കി കുറച്ചു. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ബിബിസി ഡോക്യുമെന്ററിയും കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ചാണ് ആരോപിച്ചത്. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മോദിക്ക് ക്ലീന്‍ ചിട്ടാണ് നല്‍കിയത്. കലാപത്തിനെതിരെ നിലപാടുകള്‍ എടുത്ത ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ നിശിതവിമര്‍ശമാണ് സുപ്രീംകോടതി നടത്തിയത്. ഇവരില്‍ തീസ്തയും ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ജാമ്യത്തില്‍ വിട്ടയക്കപ്പെട്ടു. സഞ്ജീവ് ഭട്ട് ഇപ്പോഴും തടവറയില്‍ കഴിയുന്നു. ഗുജറാത്ത് കലാപത്തില്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട ബില്‍ക്കിസ് ബാനു നിയമ പോരാട്ടം നടത്തിയെങ്കിലും പിന്നീട് കുറ്റവാളികളെ മുഴുവന്‍ വിട്ടയക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെയ്തത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in