നിയമങ്ങള്‍ മാറി, പക്ഷേ മാറേണ്ടവര്‍ മാറിയോ?; 11 വര്‍ഷത്തിനിപ്പുറം നിര്‍ഭയ ബാക്കിയാക്കുന്ന ചോദ്യങ്ങള്‍

നിയമങ്ങള്‍ മാറി, പക്ഷേ മാറേണ്ടവര്‍ മാറിയോ?; 11 വര്‍ഷത്തിനിപ്പുറം നിര്‍ഭയ ബാക്കിയാക്കുന്ന ചോദ്യങ്ങള്‍

നിർഭയ കേസിനു ശേഷം രാജ്യത്ത് വനിതകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിയമ മാറ്റങ്ങൾ സംഭവിച്ചു

2012 ഡിസംബർ 16, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് രാവ് കാത്തിരുന്ന ഇന്ത്യക്കാരിലേക്കു ആ നടുക്കുന്ന വാർത്തയെത്തി. ഒരു മനുഷ്യന്‌ അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം വേദന പേറി ഒരു പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായിരിക്കുന്നു. ഞെട്ടലോടെയല്ലാതെ ആ വാർത്തയറിഞ്ഞ ഇന്ത്യക്കാരുണ്ടാകില്ല. മനുഷ്യര്‍ക്ക് എത്രത്തോളം ക്രൂരമാകാന്‍ പറ്റുമെന്നതിന് ഡൽഹിയിലെ ‘DL1 PC 0149’ എന്ന ബസിൽ നടന്നതിനെക്കാൾ വലിയ ഉദാഹരണമില്ല. നീണ്ട 13 ദിവസത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിൽ ഡിസംബർ 29ാം തീയതി രാജ്യം തലകുനിച്ച് ആ വാർത്ത കേട്ടു, സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ആ പെണ്‍കുട്ടി മരിച്ചിരിക്കുന്നു!

ജാഗ്രുതി, ജ്യോതി, അമാനത്ത്, ദാമിനി, ഡൽഹി ബ്രേവ് ഹാർട്ട്, ഇന്ത്യയുടെ മകൾ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ആ പെൺകുട്ടിക്ക്. അവസാനം രാജ്യം ഒന്നടങ്കം അവളെ ‘നിർഭയ’ (ഭയമില്ലാത്തവൾ) എന്ന പേര് നൽകി വിളിച്ചു.

കൊടിയവേദനകള്‍ കടിച്ചമര്‍ത്തി മരണക്കിടക്കയില്‍ക്കിടന്ന്‌ ''ഡോക്ടർ, എന്നെ രക്ഷപ്പെടുത്തുമോ?'' എന്ന് ആ പെൺകുട്ടി കടലാസിൽ എഴുതിക്കൊടുത്തതറിഞ്ഞപ്പോള്‍ തല കുനിച്ച്, ‘മകളേ മാപ്പ് തരൂ’ എന്ന് വിതുമ്പിയ ഓരോ ഇന്ത്യക്കാരനും മനസിൽ ആഗ്രഹിച്ചത് ഒരൊറ്റ കാര്യം മാത്രമായിരുന്നു- ഇനി ഒരു പെൺകുട്ടിക്കും ഈ രാജ്യത്ത് ഇങ്ങനെയൊരു വിധിയുണ്ടാകരുത്.

നിർഭയ ഇന്ത്യൻ ജനതയുടെ ഹൃദയത്തില്‍ ഒരു തീരാദു:ഖമായി മാറിയിട്ട് ഇന്നേക്ക് 11 വർഷം തികയുകയാണ്. അവള്‍ക്ക് ശേഷം പിന്നേയും നിരവധി നിര്‍ഭയമാരുണ്ടായി. നടുക്കുന്ന പീഡന വാർത്തകൾ തുടര്‍ക്കഥയാണ്. നിർഭയ കേസിനു ശേഷം രാജ്യത്ത് വനിതകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിയമ മാറ്റങ്ങൾ സംഭവിച്ചു എന്നത് മാത്രമാണ് ഇക്കാര്യത്തിലുണ്ടായ ഏക പുരോഗതി.

നിയമങ്ങള്‍ മാറി, പക്ഷേ മാറേണ്ടവര്‍ മാറിയോ?; 11 വര്‍ഷത്തിനിപ്പുറം നിര്‍ഭയ ബാക്കിയാക്കുന്ന ചോദ്യങ്ങള്‍
ജാതി ഹിന്ദുക്കൾക്കെതിരെയുള്ള അംബേദ്ക്കറുടെ പോരാട്ടം; മനുസ്മൃതി കത്തിച്ചതിന്റെ 96 -ാം വാർഷികം

നിയമം മാറ്റിയെഴുതിച്ച നിർഭയ

രാജ്യത്തെ മാത്രമല്ല, ഇന്ത്യയുടെ നിയമവ്യവസ്ഥയെയും പിടിച്ചു കുലുക്കിയ സുപ്രധാന കേസുകളിലൊന്നായിരുന്നു നിർഭയ കേസ്. രാജ്യത്ത് പീഡനവിരുദ്ധ നിയമം കർശനമാക്കി, സ്ത്രീകൾക്കെതിരെയുള്ള ആക്രമണ കേസുകളുടെ വിചാരണകൾക്കായി അതിവേഗ കോടതികൾ ആരംഭിച്ചു. നിർഭയ എന്ന പേരിൽ അഭയകേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനും സഹായിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു. സ്ത്രീസുരക്ഷാ നിയമങ്ങൾ ഒരുപരിധിവരെയെങ്കിലും കർശനമാക്കാൻ നിർഭയ കേസിന് സാധിച്ചു എന്നത് ആശ്വാസമാണ്.

പ്രധാന നിയമ മാറ്റങ്ങൾ

• സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ എത്രയും വേഗം നിയമനടപടി കൈക്കൊള്ളണം.

• ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 18 വയസാക്കി.

• 12 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാമെന്ന് നിയമം ഭേദഗതി ചെയ്തു.

• സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമങ്ങൾ - ബലാത്സംഗം, ആസിഡ് ആക്രമണം, പുറകെ നടന്നുള്ള ശല്യം ചെയ്യൽ, ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി.

• സ്ത്രീകളെ നിരന്തരം ശല്യം ചെയ്യുന്നതും സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും ജാമ്യമില്ലാ കുറ്റങ്ങളാക്കി. കുറ്റക്കാരെന്ന് തെളിയുന്നവർക്ക് കുറഞ്ഞത് 10 വർഷമെങ്കിലും തടവ് ലഭിക്കുമെന്ന് ഉറപ്പാക്കി.

• ബലാത്സംഗം എന്ന പദത്തിന് വിശാലമായ അർഥം നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് പ്രകാരമുള്ള നിർവചനം ഭേദഗതി ചെയ്തു.

• ബലാത്സംഗത്തിന് 20 വർഷത്തിൽ കുറയാത്ത ശിക്ഷ നൽകണം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജീവിതാവസാനം വരെ ദീർഘിപ്പിക്കുകയും ചെയ്യാം. ബലാത്സംഗകുറ്റം ആവർത്തിക്കുന്നവർക്ക് വധശിക്ഷ വരെ നൽകാം.

• ആസിഡ് അക്രമണങ്ങളിലും സമാനമായ വിധി നടപ്പാക്കാൻ നിയമഭേദഗതി കൊണ്ടുവന്നു.

ജുവനൈൽ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി

ഇന്ത്യൻ നിയമവ്യവസ്ഥയിലെ ജുവനൈൽ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുന്നതും നിർഭയ കേസിലൂടെയാണ്. ജുവനൈൽ എന്ന വാക്കിന് പകരം കുട്ടി, ചൈൽഡ്, നിയമവിരുദ്ധ കുറ്റം ചെയ്ത കുട്ടി എന്നിങ്ങനെ മാറ്റം വരുത്തി.

നിർഭയ കേസിലെ ആറ് പ്രതികളിൽ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലായിരുന്നു. മറ്റ് നാല് പേർക്കും വധശിക്ഷ ലഭിച്ചിട്ടും നിർഭയയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ആ പതിനേഴുകാരൻ പ്രായപൂർത്തിയായിട്ടില്ല എന്ന കാരണം കൊണ്ട് ഇളവുകൾ നേടിയെടുത്തു. അതിനെതിരെ പ്രതിഷേധമുയർന്നതിനു ശേഷമാണ്, 16 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾ ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്താൽ പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയിൽതന്നെ വിചാരണ ചെയ്യാമെന്ന രീതിയിൽ ജുവനൈൽ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്തത്.

നിയമങ്ങള്‍ മാറി, പക്ഷേ മാറേണ്ടവര്‍ മാറിയോ?; 11 വര്‍ഷത്തിനിപ്പുറം നിര്‍ഭയ ബാക്കിയാക്കുന്ന ചോദ്യങ്ങള്‍
അതിസുരക്ഷയും മറികടന്ന് അംബാസഡര്‍ കാറില്‍ വന്നിറങ്ങിയ അക്രമികള്‍; ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വയസ്

കേസ് നടത്തിപ്പിലെ പരിഷ്‌കാരങ്ങള്‍

• ഓരോ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് റേപ്പ് ക്രൈസിസ് സെൽ രൂപീകരിക്കണം. അതോടൊപ്പം സെക്ഷ്വൽ അസോൾട്ട് ട്രീറ്റ്മെന്റ് യൂണിറ്റും ഒരുക്കണം.

• ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഉണ്ടാക്കുമ്പോൾ സെല്ലിനെ ഉടൻ അറിയിക്കണം.

• ഇരയ്ക്ക് സെൽ നിയമസഹായം നൽകണം.

• എല്ലാ പോലീസ് സ്റ്റേഷനുകളുടെയും പ്രവേശന കവാടത്തിലും ചോദ്യം ചെയ്യൽ മുറിയിലും സിസിടിവി സ്ഥാപിക്കണം.

• പരാതിക്കാരിക്ക് ഓൺലൈനായി എഫ്‌ഐആർ ഫയൽ ചെയ്യാൻ കഴിയണം.

• അധികാരപരിധി പരിഗണിക്കാതെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായവരെ സഹായിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരായിരിക്കണം.

• അക്രമം നേരിട്ടവരെ സഹായിക്കുന്ന പൊതുജനങ്ങളെ തെറ്റുകാരായി കണക്കാക്കരുത്.

• ലൈംഗികാതിക്രമങ്ങൾ ഉചിതമായി കൈകാര്യം ചെയ്യാൻ പോലീസിന് പരിശീലനം നൽകണം.

• പോലീസുകാരുടെ എണ്ണം വർധിപ്പിക്കണം. സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി കമ്മ്യൂണിറ്റി പോലീസിംഗ് വികസിപ്പിക്കണം.

സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ

. ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് നൽകണമെന്ന് നിർബന്ധമാക്കി.

• ലൈംഗിക വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് തെറ്റും ശരിയും മനസിലാക്കാൻ കഴിയും, ഇത് ലൈംഗിക കുറ്റകൃത്യങ്ങൾ കുറയ്ക്കും. കൂടാതെ, എങ്ങനെ സ്വയം പ്രതിരോധിക്കണമെന്നും ഏതെങ്കിലും ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ എന്തുചെയ്യണമെന്നും വിദ്യാർഥികളെ പഠിപ്പിക്കണം.

സ്വകാര്യത ഉറപ്പാക്കൽ

• കേസ് ഫയലുകളിലും കോടതിയിൽ സമർപ്പിക്കുന്ന ഫയലുകളിലും അക്രമത്തിനിരയായവരുടെ പേരുകൾ വെളിപ്പെടുത്താൻ പാടില്ല.

• നടപടിക്രമങ്ങൾക്കിടയിൽ പോലും ജഡ്ജിമാർ, വക്കീൽ എന്നിവർ അവരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന കർശന നിർദേശം നടപ്പാക്കി.

മാധ്യമങ്ങൾക്കുള്ള പുതുക്കിയ മാർഗരേഖകൾ

• ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ ചിത്രവും പേരും വ്യക്തിവിവരങ്ങളും വെളിപ്പെടുത്തരുതെന്ന നിയമം കർശനമാക്കി.

• ആക്രമണത്തിനിരയായ സ്ത്രീകളെയും കുട്ടികളെയും തിരിച്ചറിയാൻകഴിയും വിധത്തിലുള്ള രേഖകളോ വിവരങ്ങളോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യപ്പെടുത്തുന്നത് 2018ൽ സുപ്രീംകോടതി വിലക്കി.

ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയെ നിയമം തന്നെ ഒരു ദയയുമില്ലാതെ അവഹേളിക്കുന്നതിന്റെ ഏറ്റവും ക്രൂരമായ രീതിയായിരുന്നു, ലൈംഗികാതിക്രമത്തിനിരയായോ എന്ന് മനസിലാക്കാൻ ചെയ്തിരുന്ന ടൂ ഫിംഗർ ടെസ്റ്റ്. ഇരയെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുന്നതിനു സമാനമായ ഈ മനഃസാക്ഷിയില്ലായ്മ ഈ അടുത്ത കാലത്തു മാത്രമാണ് നമുക്ക് ഇല്ലാതാക്കാൻ സാധിച്ചത്.

ഇത്രയധികം നിയമഭേദഗതികൾ നടത്തിയിട്ടും രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ എണ്ണം തെല്ലും കുറയുന്നില്ലെന്നത് ഒരു സമൂഹമെന്ന രീതിയിൽ നമ്മളെ ലജ്ജിപ്പിക്കേണ്ടതുണ്ട്. നിർഭയ കൊല്ലപ്പെട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ത്രീകൾ രാജ്യത്ത് സുരക്ഷിതരല്ല എന്ന് നിരവധി സംഭവങ്ങളിലൂടെ തുടരെ തെളിയിക്കപ്പെടുമ്പോൾ, കാരണം തേടി ഇനി ആരിലേക്കാണ് വിരൽ ചൂണ്ടേണ്ടത്?

logo
The Fourth
www.thefourthnews.in