ഇന്ത്യയുടെ മതേതരത്വത്തിന് മുറിവേറ്റിട്ട് ഇന്ന് 30 വര്‍ഷം

ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് 400 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് പള്ളി അന്ന് പൊളിച്ച് കളഞ്ഞത്

1992 ഡിസംബര്‍ 6, ഇന്ത്യന്‍ ഭരണഘടനയെയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തെയും സംഘടിത ആള്‍ബലമുപയോഗിച്ച് അട്ടിമറിച്ചതിന്റെ 30ാം വാര്‍ഷിക ദിനമാണിന്ന്. ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് 400 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് പള്ളി അന്ന് പൊളിച്ച് കളഞ്ഞത്. ഇതിന് കാര്‍മികത്വം വഹിക്കാന്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുമുണ്ടായിരുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി ഭരിച്ചിരുന്ന കല്യാണ്‍ സിങ് മന്ത്രിസഭയുടെ സ്വാധീനവും പൊളിച്ചുമാറ്റലിനായി ഉപയോഗപ്പെടുത്തി. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നരസിംഹറാവുവിന്റെ കേന്ദ്രസര്‍ക്കാര്‍ സമീപനവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്‌ ശേഷം ഉണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ബാബരി മസ്ജിദിന്റെ പൊളിക്കലിനെ ചരിത്രകാരന്മാരില്‍ ഏറെപ്പേരും കാണുന്നത്. ഇതിന്റെ രണ്ടിന്റെ പിന്നിലും ഒരേ പ്രത്യയശാസ്ത്ര ധാരകള്‍ പിന്തുരടുന്നവരായിരുന്നുവെന്നത് ചരിത്രത്തിന്റെ മറ്റൊരു കൗതുകം.

തര്‍ക്കങ്ങളുടെ തുടക്കം

400 ലേറെ വര്‍ഷക്കാലം അയോദ്ധ്യയിലെ മുസ്ലീംങ്ങള്‍ തലമുറകളായി നിസ്‌കരിച്ചു പോന്ന പള്ളിത്തര്‍ക്കത്തെ വര്‍ഗ്ഗീയമായി ഉപയോഗിച്ച് തുടങ്ങുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്തിന് വലിയ പങ്കുണ്ട്. സ്വാതന്ത്യത്തിന് ശേഷം 1949 ല്‍ ഡിസംബര്‍ 22 ന് അര്‍ദ്ധരാത്രി ബാബരി മസ്ജിദിനകത്തേക്ക് ശ്രീരാമന്റെ വിഗ്രഹങ്ങള്‍ ചിലര്‍ ഒളിച്ചുകടത്തുകയും വിഗ്രഹങ്ങള്‍ സ്വയം ഭൂവായതാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അന്ന് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന മലയാളി കെ കെ നായരായിരുന്നു ഇതിന്റെ സൂത്രധാരനെന്ന് പിന്നീട് തെളിഞ്ഞു. അദ്ദേഹം പിന്നീട് ജനസംഘത്തിന്റെ ബാനറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഈ സംഭവത്തോടെ രണ്ട് സമുദായക്കാര്‍ക്കും തുറന്നുകൊടുക്കാതെ ബാബരി മസ്ജിദ് അടച്ചിട്ടു.

പിന്നീട് 1984ല്‍ വിശ്വഹിന്ദുപരിഷത്ത് മന്ദിരത്തില്‍ താഴുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചു. അങ്ങനെ 1985ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബാബറി മസ്ജിദിന്റെ താഴുകള്‍ മാറ്റാന്‍ ഉത്തരവിട്ടു. ഷബാനു കേസില്‍ മുസ്ലീം മതവാദികള്‍ക്ക് വേണ്ടി കീഴടങ്ങിയ രാജീവ് ഗാന്ധി പൊളിറ്റിക്കല്‍ ബാലന്‍സിങിന്റെ ഭാഗമായി ഹിന്ദു വര്‍ഗ്ഗീയ വാദികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മസ്ജിദിന്റെ താഴുകള്‍ തുറന്ന് കൊടുത്തു.

1989 നവംബറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തര്‍ക്ക പ്രദേശത്ത് കല്ലിടല്‍ പൂജ നടത്താന്‍ സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദ് പരിഷത്തിന് അനുമതി ലഭിച്ചു. ഇതോടെ സാമുദായിക സ്പര്‍ദ്ധ വര്‍ധിച്ചു. എല്‍ കെ അദ്വാനിയായിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്തത്.

1990 സെപ്തംബറില്‍ അദ്വാനിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ മത റാലിയായ രാമരഥയാത്ര സംഘടിപ്പിച്ചു. അന്ന് വി പി സിങായിരുന്ന കേന്ദ്രം ഭരിച്ചിരുന്നത്. രഥയാത്ര ബീഹാറിലെത്തിയപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് യാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കാലത്ത് രാജ്യത്തെമ്പാടും നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

ബാബറി മസ്ജിദിന്റെ പതനം

1992 ഡിസംബര്‍ 6 ന് ബിജെപിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ മസ്ജിദ് പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഇവര്‍ കേവലം അഞ്ച് മണിക്കൂര്‍ കൊണ്ട് ആ മുസ്ലീം ദേവാലയം അടിച്ച് പൊളിച്ചു. രാജ്യത്ത് എമ്പാടും വര്‍ഗ്ഗീയ കലാപം പൊട്ടിപുറപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ കല്യാണ്‍ സിങ് സര്‍ക്കാര്‍ മസ്ജിദിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കിലും അക്രമം പൊട്ടിപുറപ്പെട്ടപ്പോള്‍ അത് പാലിക്കപ്പെട്ടില്ല. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശടക്കമുള്ള രാജ്യത്തെ ബിജെപി സര്‍ക്കാരുകളെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനം നല്‍കി രാഷ്ട്രീയ എതിര്‍പ്പിന്റെ മൂര്‍ച്ഛ കുറയ്ക്കാന്‍ നരസിംഹറാവുവും ശ്രമിച്ചു.

കേസ് അന്വേഷണം

നരസിംഹറാവു സര്‍ക്കാര്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ അന്വേഷണത്തിന് ലിബറല്‍ കമ്മീഷന്‍ രൂപീകരിച്ചു. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ലിബറന്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടല്‍ ബിഹാരി വാജ്പേയി, എല്‍ കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍ സിങ്, വിജയരാജ സിന്ധ്യ തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. എങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമാകുകയും ബിജെപി ശക്തി പ്രാപിക്കുകയും ചെയ്തു.

കാലം കടന്നുപോയി. ഇന്ത്യന്‍ മതേതരത്തിനേറ്റ തിരിച്ചടി തിരുത്തപ്പെടാതെ തുടര്‍ന്നു. ഒടുവില്‍ ഇതുമായി ബന്ധപ്പെ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഹിന്ദുത്വ വാദികളുടെ വാദം അംഗീകരിച്ച് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടു കൊടുക്കുകയും ചെയ്തു. ഇതിന് പകരമായി അഞ്ച് ഏക്കര്‍ സ്ഥലം മസ്ജിദ് പണിയാന്‍ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ശേഷം പള്ളിപൊളിച്ചതിന്റെ ഗുഢാലോചന കേസില്‍ നിന്നും എല്‍ കെ അദ്വാനിയുള്‍പ്പെടയുള്ളവരെ ലക്നൌ കോടതി കുറ്റവിമുക്തരാക്കി. പിന്നീട് മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ക്ഷേത്ര നിര്‍മാണത്തിന് കാര്‍മികത്വം വഹിച്ചു. അങ്ങനെ ഇന്ത്യന്‍ മതേതരത്വത്തിന് എതിരായ ഹിന്ദു വലതുപക്ഷ ശക്തികളുടെ നീക്കം മുന്നേറുകയും ചെയ്തു. അതിന് തുടക്കം കുറിച്ച ദിവസമായിരുന്നു 1992 ഡിസംബര്‍ 6.

Related Stories

No stories found.
logo
The Fourth
www.thefourthnews.in