തമസ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ തെളിമയോടെ ഉയര്‍ന്നുവരുന്ന ജവഹര്‍ലാല്‍ നെഹ്‌റു

തമസ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ തെളിമയോടെ ഉയര്‍ന്നുവരുന്ന ജവഹര്‍ലാല്‍ നെഹ്‌റു

നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് എടുത്തുമാറ്റാന്‍ ശ്രമിക്കുമ്പോഴും, അദ്ദേഹത്തിന്റെ ആശയങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരായ പ്രതിരോധമായി മാറുകയാണ്.

ഇന്ന് മെയ് 27, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 59-ാം ചരമവാര്‍ഷിക ദിനം. നെഹ്‌റുവിന്റെ ചരിത്രപരമായ പ്രാധാന്യം പരമാവധി കുറച്ചുകൊണ്ടുവരാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടെയിരിക്കുമ്പോഴാണ് ഇത്തവണത്തെ നെഹ്‌റുവിന്റെ ചരമ വാര്‍ഷിക ദിനം വന്നത്തെത്തുന്നത്.

ഇന്ത്യയെ മതതേരത്വ ജനാധിപത്യ റിപ്പബ്ലിക്കായി ഉയര്‍ത്തി കൊണ്ടുവന്നതില്‍ ജവഹാര്‍ലാല്‍ നെഹ്‌റുവിന്റെ പങ്ക് നിസ്തുലമാണ്. പണ്ഡിതനായ എഴുത്തുകാരന്‍, വാഗ്മി, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ ലോക ചരിത്രത്തിലെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നേതാക്കളില്‍ ഒരാളായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കമ്മ്യൂണിസമല്ല, മറിച്ച് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന നെഹ്‌റുവിന്റെ വാക്കുകളുടെ പ്രവചന സ്വഭാവം ബോധ്യപ്പെടുന്ന നാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഹിന്ദുത്വത്തിന്റെ ഇപ്പോഴത്തെ പ്രധാന ശത്രുവായി നെഹ്‌റു മരണാനന്തരവും നിലനില്‍ക്കുന്നുവെങ്കില്‍ അദ്ദേഹം സ്വാതന്ത്ര്യ സമരകാലത്തും അതിന് ശേഷവും സ്വീകരിച്ച നിലപാടുകള്‍ എത്രമാത്രം വര്‍ഗീയ വിരുദ്ധമാണെന്നതിന്റെ സാക്ഷ്യമാണ്.

പൊതുമേഖലയ്ക്ക് ഊന്നല്‍ നല്‍കി ആസുത്രണത്തിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങളാണ് നെഹ്‌റു നടത്തിയത്. അതിന്റെ ഫലമായി രാജ്യത്തെ അടിസ്ഥാന മേഖലയെ ശക്തിപ്പെടുത്തിയത്

രാജ്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങളുടെ എല്ലാം കാരണക്കാരന്‍ നെഹ്‌റുവെന്ന ചരിത്രനിര്‍മ്മാണത്തിനായാണ് സംഘ്പരിവാര്‍ 2014-ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി അര്‍ദ്ധസത്യങ്ങളും വ്യാജകഥകളുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സര്‍ദാര്‍ വല്ലാഭായി പട്ടേലിനെ നെഹ്‌റു ഒതുക്കിയെന്ന വാദമാണ് അതില്‍ പ്രധാനം. ഇതേ സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടതെന്ന വസ്തുത മറച്ചുവെച്ചാണ് ഈ വ്യാജ പ്രചാരണം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കൊണ്ടുവരാനുള്ള പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ തീരുമാനമാണ് കശ്മീര്‍ ഇത്രയധികം പ്രയാസമനുഭവിക്കാന്‍ കാരണമെന്നാണ് കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. കശ്മീരിന്റെ മൂന്നില്‍ ഒന്ന് ഭാഗം ഇന്ത്യക്ക് നഷ്ടപ്പെടാനുള്ള കാരണം നെഹ്റുവായിരുന്നെന്നും 2017-ല്‍ അമിത് ഷാ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പലകുറി ഗുജറാത്തിലെ പൊതുപരിപാടികളില്‍ നെഹ്റുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിഭജന സമയത്ത് ഇന്ത്യയിലും പാകിസ്താനിലും ചേരാതിരുന്ന കശ്മീര്‍, ചില സംഭവങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ അവിഭാജ്യ ഘടകമായത് ഭരണഘടനയുടെ 370-ാം വകുപ്പിനെ തുടര്‍ന്നായിരുന്നവെന്ന വസ്തുത മറച്ചുവെച്ചാണ് ഈ കഥകള്‍ പ്രചരിപ്പിച്ചത്

നെഹ്റു ഗാന്ധിയോടൊപ്പം
നെഹ്റു ഗാന്ധിയോടൊപ്പം

സ്വാതന്ത്രം കിട്ടുന്നത് വരെ ഒമ്പത് തവണയായി 3529 ദിവസം ജയിലില്‍ കിടന്ന വസ്തുത മറച്ചുവെച്ച് നെഹ്‌റു സ്വാതന്ത്ര്യ സമരകാലത്ത് തടവറയില്‍ അടയ്ക്കപ്പെട്ടിരുന്നില്ലെന്ന പ്രചാരണവും ഹിന്ദുത്വ ശക്തികളുടെ ഭാഗത്തുനിന്നുണ്ടായി.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര ദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ ലക്ഷ്യമിട്ട് ബിജെപി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിഭജനത്തിന്റെ കാരണക്കാരന്‍ നെഹ്റു ആണെന്ന രീതിയിലാണ് അവര്‍ ചിത്രീകരിച്ചത്. പാക്കിസ്ഥാന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേത്യത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് വീഡിയോയില്‍ ആരോപിച്ചത്.

സ്വതന്ത്ര്യ ഇന്ത്യയെ, ലോക രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയതും ചേരിചേര രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപകരിച്ചതുമുള്‍പ്പെടെ നെഹ്‌റുവിന്റെ സംഭവാനകളെ മറച്ചുവെച്ചുള്ള പ്രചാരണവുമായാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോയി കൊണ്ടിരിക്കുന്നത്. നേരത്തെ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇതായിരുന്നില്ല സമീപനം. തന്റെ ഓഫീസില്‍നിന്ന് നെഹ്‌റുവിന്റെ പടം നീക്കം ചെയ്തപ്പോള്‍ അത് അവിടെതന്നെ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ച കാര്യം എ ബി വാജ്‌പേയി തന്നെ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതാണ്. എന്നാല്‍ ചരിത്രത്തില്‍നിന്ന് നെഹ്‌റുവിനെ നിഷ്‌കാസിതനാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും നെഹ്‌റുവിന്റെ സാമ്പത്തിക - മതേതരത നിലപാടുകള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. 1990 ല്‍ നെഹ്‌റുവിയന്‍ സാമ്പത്തിക നയങ്ങള്‍ കൈയൊഴിഞ്ഞ്, ഉദാരവല്‍ക്കരണം നടപ്പിലാക്കിയതോടെയാണ് ഇന്ത്യയില്‍ സാമ്പത്തിക അസമത്വങ്ങള്‍ പതിന്മടങ്ങ് വര്‍ധിതെന്നും അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിന് കാരണമായതെന്നുമുള്ള നിരീക്ഷണങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നു തന്നെ ഉണ്ടായി തുടങ്ങിയിട്ടുണ്ട്്. എന്തായാലും, തമസ്‌ക്കരണ ശ്രമത്തിനിടയിലും ചരിത്രത്തിലെ നെഹ്‌റു കൂടുതല്‍ തെളിമയോടെ ഉയര്‍ന്നുവരികയാണ്.

logo
The Fourth
www.thefourthnews.in