ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ പ്രസംഗത്തിന് 66 വര്‍ഷം

ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ പ്രസംഗത്തിന് 66 വര്‍ഷം

കശ്മീർ വിഷയത്തില്‍ യു എന്‍ രക്ഷാ സമിതിയില്‍ വി കെ കൃഷ്ണമേനോന്‍ പാകിസ്താന് നല്‍കിയ മറുപടിയായിരുന്നു എട്ട് മണിക്കൂർ നീണ്ട പ്രസംഗം

'ഇവിടെ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിക്കൂട്ടിലല്ല. പരാതിക്കാരായാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഞങ്ങളുടെ പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ഞങ്ങള്‍ക്ക് അവകാശമില്ലേ? ഭീഷണിയില്‍ നിന്ന് മുക്തരാകാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ? സുരക്ഷാ സമിതിയുടെ സംവിധാനങ്ങളും അതിന്റെ പ്രമേയങ്ങളും ഞങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിനുള്ള ഒരു പുകമറയായി ഉപയോഗിക്കില്ലെന്ന് ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ? ആരെയും അപലപിക്കാന്‍ ആവശ്യപ്പെടുകയല്ല ഞങ്ങളുടെ ഉദ്ദേശം, മറിച്ച് ഞങ്ങളുടെ അവകാശങ്ങള്‍ എന്താണെന്ന് പ്രസ്താവിക്കുകയാണ്'

ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞരില്‍ ഒരാളായ വി കെ കൃഷ്ണമേനോന്‍ 1957ല്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ മാരത്തണ്‍ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. കശ്മീര്‍ വിഷയത്തിലെ പാകിസ്താന്റെ പ്രചാരണങ്ങള്‍ പൊളിച്ചടുക്കിയ 8 മണിക്കൂര്‍ നീണ്ട പ്രസംഗം. വിശ്വപൗരന്‍ എന്ന വിളിപ്പേര് ആദ്യം ലഭിച്ച ഇന്ത്യക്കാരന്‍. നെഹ്‌റുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍, സോഷ്യലിസ്റ്റ്, വി കെ കൃഷ്ണമേനോന് വിശേഷണങ്ങള്‍ ഏറെയാണ്. ആ വിഖ്യാത പ്രസംഗത്തിന്റെ വാര്‍ഷിക ദിനമാണിന്ന്.

കശ്മീരില്‍ സ്വാതന്ത്ര്യ ജനഹിത പരിശോധന നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് അത്യന്തം ബോധവാനായിരുന്ന വി കെ കൃഷ്ണമേനോന്‍ യുഎന്‍ വേദികളില്‍ കൂടുതല്‍ സമയവും വിനിയോഗിച്ചത് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന വസ്തുത സ്ഥാപിക്കാനായിരുന്നു

കശ്മീര്‍ വിഷയത്തില്‍ 1957 ജനുവരി 2 ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി യുഎന്‍ രക്ഷാ സമിതിയെ അഭിസംബോധന ചെയ്ത് കത്തയച്ചു. ഇത് സംബന്ധിച്ച് ജനുവരി 16ന് പാകിസ്ഥാന്‍ യുഎന്നില്‍നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിരുന്നു 160 പേജുവരുന്ന മേനോന്റെ വിഖ്യാത പ്രസംഗം. ജനുവരി 23ന് അഞ്ച് മണിക്കൂറും ജനുവരി 24ന് രണ്ട് മണിക്കൂര്‍ 48 മിനിറ്റും. അങ്ങനെ കൃത്യമായി പറഞ്ഞാല്‍, 7 മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്ന ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗത്തിന് ഇന്ന് 66 വര്‍ഷം.

കശ്മീരില്‍ സ്വാതന്ത്ര്യ ജനഹിത പരിശോധന നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് അത്യന്തം ബോധവാനായിരുന്ന വി കെ കൃഷ്ണമേനോന്‍ യുഎന്‍ വേദികളില്‍ കൂടുതല്‍ സമയവും വിനിയോഗിച്ചത് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന വസ്തുത സ്ഥാപിക്കാനായിരുന്നു. കുറിപ്പടി പോലും നോക്കാതെ മണിക്കൂറുകളോളം നടത്തിയ പ്രസംഗത്തിനിടയില്‍ അദ്ദേഹം ബോധരഹിതനാവുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരോഗ്യം വീണ്ടെത്തുത്ത ശേഷം തിരിച്ചുവന്ന മേനോന്‍, ഒരുമണിക്കൂര്‍ കൂടി പാകിസ്താനെതിരെ ആഞ്ഞടിച്ചു. പ്രസംഗത്തിനൊടുവില്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്കൊപ്പം നിന്നു. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ പ്രമേയം സോവിയറ്റ് യൂണിയന്‍ വീറ്റോ ചെയ്തു. ഇതോടെ, വി കെ കൃഷ്ണമേനോന്‍ രാജ്യാന്തര വേദിയില്‍ 'ഹീറോ ഓഫ് കശ്മീര്‍' എന്നറിയപ്പെടാന്‍ തുടങ്ങി.

നയതന്ത്ര രംഗത്ത് നെഹ്‌റുവിന് ചാണക്യ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന കൃഷ്ണമേനോനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ റാസ്പുട്ടിന്‍ എന്നായിരുന്നു

ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി തുടങ്ങി ഔന്നത്യങ്ങളേറെ അലങ്കരിച്ച വി കെ കൃഷ്ണമേനോന്‍, ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനും കേരളം നല്‍കിയ അതുല്യ സംഭാവനയായിരുന്നു. പത്മവിഭൂഷണ്‍ ലഭിച്ച ആദ്യ മലയാളിയായ അദ്ദേഹം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രണ്ടു പതിറ്റാണ്ടില്‍ ഇന്ത്യന്‍ വിദേശ നയത്തിന്റെ ശില്പികളില്‍ പ്രധാനിയായിരുന്നു. ബിരുദപഠനകാലത്ത് ആനി ബസന്റിന്റെ ഹോം റൂള്‍ പ്രസ്ഥാനത്തില്‍ സജീവമായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനം തുടരുന്നതിനിടെ നെഹ്‌റുവുമായി തുടങ്ങിയ അടുപ്പം ഇണപിരിയാത്ത സൗഹൃദവും വ്യക്തിബന്ധവുമായി മാറുകയായിരുന്നു. നയതന്ത്ര രംഗത്ത് നെഹ്‌റുവിന് ചാണക്യ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന കൃഷ്ണമേനോനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ റാസ്പുട്ടിന്‍ എന്നായിരുന്നു.

1962 ല്‍ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നേരിട്ട പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റ് മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം, 1969ല്‍ മിഡ്‌നാപുരില്‍ നിന്നും 71ല്‍ തിരുവനന്തപുരത്തുനിന്നും ഇടതു പിന്തുണയോടെ വീണ്ടും ലോക്‌സഭയിലെത്തി

1952 മുതല്‍ 1962 വരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന അദ്ദേഹം, ചേരിചേരാ നയത്തിന്റെ വക്താവാകുകയും, അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു.1957 ല്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി. നെഹ്‌റു കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യക്തിയെന്ന് പ്രഖ്യാപിച്ച് 1962 ല്‍ ടൈം മാഗസിന്‍ മുഖചിത്രമാക്കിയതോടെ ലോകമെമ്പാടും പ്രശസ്തി നേടി. 1962 ല്‍ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നേരിട്ട പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റ് മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം, 1969ല്‍ മിഡ്‌നാപുരില്‍ നിന്നും 71ല്‍ തിരുവനന്തപുരത്തുനിന്നും ഇടതു പിന്തുണയോടെ വീണ്ടും ലോക്‌സഭയിലെത്തി. എംപി ആയിരിക്കുമ്പോള്‍ 1974 ഒക്ടോബര്‍ ആറിന്, കേരളത്തിന്റെ വിശ്വപൗരന്‍ വിടപറഞ്ഞപ്പോള്‍, ഒരു അഗ്‌നിപര്‍വതം കെട്ടടങ്ങി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ അനുശോചന സന്ദേശം.

logo
The Fourth
www.thefourthnews.in