ഫ്രീ സെക്സിനും ആത്മീയതയ്ക്കുമിടയിലെ ഓഷോ

1969ൽ നടന്ന രണ്ടാം ലോക ഹിന്ദു സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് 'ജീവിതം ആസ്വദിക്കാൻ പഠിപ്പിക്കുന്നതാണ് മത'മെന്ന അദ്ദേഹത്തിന്റെ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചു.

വിവാദസന്ന്യാസി, ഫ്രീ സെക്സ് ഗുരു, അരാജകമാന്ത്രികൻ, ആശയക്കുഴപ്പങ്ങളുടെ പ്രചാരകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ ഇങ്ങനെ പലർക്കും പലതായ ഒരു മനുഷ്യൻ, ചിലർക്ക് ആചാര്യൻ. ഓഷോ രജനീഷ്. രജനീഷിന്റെ ചരമദിനമാണ് ഇന്ന്. ആരായിരുന്നു രജനീഷ് എന്ന ഓഷോ.

മധ്യപ്രദേശിൽ, കുച്ച് വാഡയിലെ ബാബുലാലെന്ന തുണിക്കച്ചവടക്കാരന്റെ 11 മക്കളിൽ മൂത്തവനായി പിറന്ന ചന്ദ്രമോഹൻ ജയിന്റെ, വീട്ടിലെ വിളിപ്പേര് രജനീഷെന്നായിരുന്നു. ഒടുവിൽ ഓഷോ എന്ന ചുരുക്കപ്പേരിലൂടെ ലോകം ഒട്ടാകെ അദ്ദേഹത്തെ അറിയാൻ തുടങ്ങി.

ഓഷോ
ഓഷോ

തുടക്കകാലത്ത്, നിരീശ്വരവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചെങ്കിലും പിന്നീട് ദൈവത്തെ അംഗീകരിക്കുന്നതായി നടിച്ചു. Art of Public Speaking എന്ന ഡെയ്ൽ കാർനേജിയുടെ പുസ്തകമായിരുന്നു രജനീഷിന്റെ ബൈബിള്‍. തത്വശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ജബൽപ്പൂർ സർവകലാശാലയിൽ അധ്യാപകനായി ജോലി നോക്കുന്ന കാലത്താണ് ചന്ദ്രമോഹൻ എന്ന വ്യക്തി ആചാര്യനായി മാറാൻ തുടങ്ങിയത്. 1966-ൽ അധ്യാപക വൃത്തിയിൽ നിന്ന് രാജിവെച്ച് മുഴുവൻ സമയ പ്രഭാഷകനായതോടെ സെക്സ് ഗുരു എന്ന് അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് വിവാദങ്ങളായിരുന്നു കൂട്ട്. അക്കാലത്ത് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളാണ് 'ലൈംഗികതയിൽ നിന്ന് അതിബോധത്തിലേക്ക്' എന്ന പുസ്തകമായി മാറിയത്. 1969ൽ നടന്ന രണ്ടാം ലോക ഹിന്ദു സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് 'ജീവിതം ആസ്വദിക്കാൻ പഠിപ്പിക്കുന്നതാണ് മത'മെന്ന അദ്ദേഹത്തിന്റെ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചു.

ആനന്ദത്തെയും അനുഭൂതിയേയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന, രജനീഷ് ഒരുകാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിലും, പിന്നെ ആർ എസ് എസ്സിലും പ്രവർത്തിച്ചിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം

ആനന്ദത്തെയും അനുഭൂതിയേയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന, രജനീഷ് ഒരുകാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിലും, പിന്നെ ആർ എസ് എസ്സിലും പ്രവർത്തിച്ചിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം കാണും. എന്നാൽ വസ്തുത അതാണ്. ഗാന്ധിയോടും കമ്മ്യൂണിസത്തോടും വിപ്രതിപത്തി കാട്ടിയ രജനീഷിന് പ്രിയം മുതലാളിത്തം ആയിരുന്നു. ലോകത്തിന് നല്ലത് അതാണെന്ന് അദ്ദേഹം കരുതി. പ്രാണായാമം, യോഗ, ഹിപ്‌നോട്ടിസം എന്നിവയിൽ താൽപര്യം കാട്ടിയ രജനീഷ് ഇടയ്ക്ക് സാമൂഹ്യ പ്രവർത്തനങ്ങളും നടത്തി.

രതിമൂർച്ഛ ധ്യാനത്തിന്റെ ആദ്യ ദർശനമാണെന്ന് പറഞ്ഞ ഓഷോയുടെ പുസ്തകങ്ങൾ വായിക്കാനും പലരും മടിച്ചു. രജനീഷിനെ ലോക പ്രശസ്തനാക്കിയത് അദ്ദേഹം മുന്നോട്ടുവെച്ച് ലൈംഗിക സങ്കൽപ്പങ്ങൾ തന്നെയായിരുന്നു. ലൈംഗികത പാപമല്ലെന്നും സ്ത്രീക്കും പുരുഷനും ഉഭയസമ്മതത്തോടെ എവിടെവച്ചും സെക്‌സിൽ ഏർപ്പെടാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.കുടുംബം എന്ന ചട്ടക്കൂടിനെയും രാഷ്ട്രം എന്ന അധികാര വ്യവസ്ഥിതിയെയും മതമെന്ന സംഘടനയെയും അദ്ദേഹം ശക്തമായി വിമർശിച്ചു. അദ്ദേഹത്തിന്റെ സാമ്രാജ്യം വളർന്നു. സമ്പത്തും.

രജനീഷിനെ ലോക പ്രശസ്തനാക്കിയത് അദ്ദേഹം മുന്നോട്ടുവെച്ച് ലൈംഗിക സങ്കൽപ്പങ്ങൾ തന്നെയായിരുന്നു. ലൈംഗികത പാപമല്ലെന്നും സ്ത്രീക്കും പുരുഷനും ഉഭയസമ്മതത്തോടെ എവിടെവച്ചും സെക്‌സിൽ ഏർപ്പെടാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇന്ത്യയിൽ അദ്ദേഹത്തിന് എതിരെ നികുതി വെട്ടിപ്പ് കേസുകളും ഉണ്ടായി. അറസ്റ്റിനു മുൻപ് ഓഷോ ചികിത്സയ്ക്ക് എന്ന വ്യാജേന അമേരിക്കയിലേക്ക് കടന്നു. ഇതേ സമയത്ത് പ്രമേഹം, ശ്വാസം മുട്ടൽ, നടുവേദന തുടങ്ങിയ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

ഓഷോയുടെ അനുയായികൾ വാസ്‌കോ കൗണ്ടിയിൽ ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64,000 ഏക്കർ വിസ്തൃതിയുള്ള രജനീഷ്പുരത്ത് ആഡംബര സമൃദ്ധിയിലാണ് അദ്ദേഹം കഴിഞ്ഞത്. 90 റോൾസ് റോയ്സ് വാഹനങ്ങളും വീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു. ഇന്ത്യയിൽ ഫ്രീ സെക്സ് ഗുരുവെന്ന് അറിയപ്പെട്ടപ്പോൾ റോൾസ് റോയ്‌സ് ഗുരു എന്നാണ് ഓഷോ യുഎസിൽ അറിഞ്ഞിരുന്നതുപോലും. അപ്പോഴേക്കും അമേരിക്കയിൽ ഓഷോ അനുയായികൾ ഒരു സമാന്തര ഭരണകൂടം ആയി മാറിയിരുന്നു. 'വൈൽഡ് വൈൽഡ് കൺട്രി' എന്ന പ്രശസ്തമായ ഡോക്യുമെന്ററി തുറന്നുകാട്ടിയതും അതായിരുന്നു.

ഓഷോ
ഓഷോ

അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത് കരോളീനയിൽ വച്ച് അറസ്റ്റ് ചെയ്തു. രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട് ദിവസത്തെ തടവിനു ശേഷം മോചിതനായി. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക് സന്ദർശനാനുമതി നിഷേധിച്ചിരുന്നു.

1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിലാണ് ഓഷോ എന്ന പേര് സ്വീകരിക്കുന്നത്.1990 ജനുവരി 19ന് ഓഷോ ലോകത്തോട് വിടപറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത് അമേരിക്കൻ സർക്കാർ അദ്ദേഹത്തിന് അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും, അത് താലിയം എന്ന രാസവസ്തുവാണെന്നും മരണശേഷം ഓഷോയുടെ അനുയായികളിൽ പലരും വിശ്വസിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in