TODAY IN HISTORY- ഓപ്പൺഹൈമറുടെ 'ബോംബ്'

ഇന്ന് ഹിരോഷിമ ദിനം

‘‘ഞങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ ഹിരോഷിമ പട്ടണമാകെ വലിയ പുകയിൽ മൂടിയിരുന്നു. തിളച്ചു പൊങ്ങുകയായിരുന്നു. നിമിഷങ്ങൾ കൊണ്ട് അവിടെ പുക ഉയർന്നുകൊണ്ടേയിരുന്നു. വിചാരിക്കാത്ത അത്രയും ഉയരത്തിൽ പുകച്ചുരുൾ എത്തി. ഒരു നിമിഷത്തേക്ക്​ ആരും ഒന്നും മിണ്ടിയില്ല. തുടർന്ന്​ എല്ലാവരും സംസാരിക്കാൻ തുടങ്ങി. ​കോ-പൈലറ്റ്​ എന്റെ തോളിൽ തട്ടി താഴേക്ക്​ നോക്കി നിലവിളിക്കുന്നുണ്ടായിരുന്നു.’'

1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചു നഗരത്തെ ചുട്ടുചാമ്പലാക്കാന്‍ 'ലിറ്റില്‍ ബോയ്' അണുബോംബ് വര്‍ഷിച്ച ശേഷമുള്ള നിമിഷങ്ങളെക്കുറിച്ച് 'എനോള ഗെ' എന്ന ആ ദുരന്തവിമാനം പറത്തിയ പൈലറ്റ് പോള്‍ ടിബറ്റിന്റെ വാക്കുകളാണിത്​​.

സോവിയറ്റ് യൂണിയൻ ജർമ്മനി പിടിച്ചടക്കിയതോടെ അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്യുകയും പിന്നാലെ 1945 മെയ് 8ന് ജർമ്മനി കീഴടങ്ങിയതോടെ രണ്ടാം ലോക മഹായുദ്ധത്തിന് യൂറോപ്പില്‍ അന്ത്യമായിരുന്നു. എന്നാൽ അപ്പോഴും കീഴടങ്ങാന്‍ കൂട്ടാക്കാതെ ഏഷ്യയില്‍ ജപ്പാന്‍ യുദ്ധവെറി പൂണ്ട് നില്‍ക്കുകയായിരുന്നു. അവരെ ഒതുക്കാന്‍ അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗമായിരുന്നു അണുവായുധ പ്രയോഗം. ഓഗസ്റ്റ് ആറിന്​, പുലർച്ചെ ശാന്ത സമുദ്രത്തിലെ മറിയാനാ ദ്വീപുസമൂഹത്തിലെ ടിനിയൻ ദ്വീപിൽനിന്ന് എനോള ഗെ ബി 29 എന്ന അമേരിക്കൻ ബോംബർ വിമാനം 1500 മൈലുകൾക്കപ്പുറമുള്ള ജപ്പാനിലെ ഹോൺഷൂ ദ്വീപ്​ നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനത്തി​ന്റെ ഉൾവശത്ത്​ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി സർവസംഹാരിയായ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബും.

യുദ്ധ സമയമായതിനാൽ വ്യോമാക്രമണ ഭീഷണി സൈറൺ മുഴങ്ങിയതോടെ ഹിരോഷിമയിൽ പലരും ട്രഞ്ചുകളിൽ കയറി ഒളിച്ചു. വിമാനം ഹിരോഷിമ നഗരത്തിന് മുകളിലെത്തിയ സമയം പൈലറ്റ് ബ്രിഗേഡിയർ ജനറൽ പോൾ വാർഫീൽഡ് ടിബ്ബെറ്റ് ജൂനിയർ ലിറ്റിൽ ബോയിയെ വേർപ്പെടുത്തി. ഹിരോഷിമ നഗരത്തിലെ റ്റി ബ്രിഡ്ജായിരുന്നു ലക്ഷ്യംവച്ചതെങ്കിലും അവിടെ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. ഹിരോഷിമയിലെ ഒന്നരലക്ഷ​ത്തോളം മനുഷ്യരെയാണ് ഓ​ഗസ്റ്റ് ആറിന് അ​ഗ്നിക്കിരയാക്കിയത്. 20,000 ടൺ ടിഎൻടി സ്​ഫോടക ശേഷിയുള്ള യുറേനിയം ബോംബ്​ ഹിരോഷിമയുടെ 1,870 അടി ഉയരത്തിൽ വച്ചാണ്​ പൊട്ടിത്തെറിക്കുന്നത്. സൂര്യന് തുല്യം ഉയർന്നു പൊങ്ങിയ തീ ജ്വാലകൾക്ക് പിന്നാലെ 40,000 അടി ഉയരം വരെ ഉയർന്ന പുകയും കത്തിക്കരിഞ്ഞ പച്ച മാംസത്തി​ന്റെ ഗന്ധവും കൊണ്ട് ഹിരോഷിമ നഗരം മൂടപ്പെട്ടു. നിസഹായരായ മനുഷ്യരുടെ കൂട്ട നിലവിളികൾ ഉയർന്നു. 37,000 ത്തോളം പേർക്ക്​ ആണവ വികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. ഹിരോഷിമയിൽ 45 ആശുപത്രികളിൽ 42ഉം ഉപയോഗശൂന്യമായി. 90 ശതമാനം ഡോക്ടർമാരും നേഴ്‌സുമാരും കൊല്ലപ്പെട്ടു.

1941 ഡസംബർ 7ന് ജപ്പാൻ അമേരിക്കയുടെ പേൾഹാർബർ തുറമുഖത്ത് നടത്തിയ ആക്രമണത്തിന്റെ പകരം വീട്ടൽ കൂടിയായിരുന്നു ഹിരോഷിമയിലെ അണുബോംബ് ആക്രമണം. ഞങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഭൂമിയിൽ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴ തന്നെ നിങ്ങൾ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു ഹിരോഷിമയിൽ ബോംബ്​ വർഷിച്ചതിന് ശേഷം അമേരിക്കൻ പ്രസിഡൻറ് ഹാരി​ ട്രൂമാൻ പറഞ്ഞത്. എന്നാൽ കീഴടങ്ങാനായി ജപ്പാൻ തയ്യാറായില്ല. 1945 ആഗസ്​റ്റ്​ ഒമ്പതിന്​, കൃത്യസമയം രാവിലെ 11.02. ബോക്‌സ്‌കാർ എന്ന ബോംബർ വിമാനം തെക്കൻ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. അതിൽനിന്ന് 'ഫാറ്റ്മാൻ' എന്ന അണുബോംബ് ആ നഗരത്തിനുമേൽ പതിച്ചു. 18 കിലോ മീറ്റർ വരെ ഉയർന്നു പൊങ്ങിയ പുകപടലം കൊണ്ട് നാ​ഗസാക്കി ന​ഗരം പൊതിഞ്ഞു. എൺപതിനായിരത്തോളംപേർ കൊല്ലപ്പെട്ടു. നാലുദിവസങ്ങൾക്കിടയിൽ ജപ്പാനിലെ രണ്ട് വൻന​ഗരങ്ങളാണ് ചുട്ടെരിക്കപ്പെട്ടത്. 4 ലക്ഷത്തിലിധികം ജനങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട്​ പിന്നീട്​ മരിച്ചു.

ഈ ആക്രമണം ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിക്കുകയായിരുന്നു. സോവിയറ്റ് യൂണിയൻറെ കടന്നുവരവും തുടർന്നുളള ബോംബാക്രമണവും ഭയന്ന് ആഗസ്​റ്റ്​ 15ന് ജപ്പാൻ ഭരണാധികാരി ഹിരോഹിതോ റേഡിയോ പ്രക്ഷേപണത്തിലൂടെ തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചു. അങ്ങനെ ആറുവർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് അവസാനമായി. എന്നാൽ, ഏഴ് പതിറ്റാണ്ടിനു ശേഷവും ജീവിതകാലം മുഴുവനും റേഡിയേഷൻ മൂലം പലരും മരിച്ചു ജീവിക്കുന്ന ഒരു രാഷ്ട്രമാണ് ജപ്പാൻ.

മാനവരാശി നേരിട്ട ഏറ്റവും വലിയ ആണവ ദുരന്തം രണ്ടു തവണ നേരിട്ട രാജ്യം. 1945ൽ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും അമേരിക്ക അണുബോംബിട്ട് ചാരമാക്കിയപ്പോഴും ജർമനിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ദുഃഖിച്ച ഒരു മനുഷ്യനുണ്ട്. അണുബോംബിന്റെ പിതാവായ സാക്ഷാൽ ജൂലിയസ് റോബർട്ട് ഓപ്പൺഹൈമർ. ഓപ്പൺഹൈമറുടെ ഏക ദുഃഖം അതുമാത്രമായിരുന്നു.

ലോകത്തെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള അണുവായുധത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ തിരിച്ചറിവാണ് ഞാൻ മരണമാകുന്നു, ലോകങ്ങളുടെ അന്തകനെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നതും. ഭഗവദ് ​ഗീതയിൽ നിന്നും പ്രചോദനം കൊണ്ടുളള വാക്കുകളായിരുന്നു അതെന്ന് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കിയ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനും അടയാളപ്പെടുത്തുന്നുണ്ട്.

എന്നാൽ പിന്നീട്‌ തന്റെ പ്രവൃത്തിയിലെ തെറ്റ്‌ തിരിച്ചറിഞ്ഞ്‌ ‘എന്റെ കൈയ്യിൽ രക്തമുണ്ട്‌’ എന്ന്‌ പറഞ്ഞ ഓപ്പൺഹൈമറിനെയും നമുക്ക് ചരിത്രത്തിൽ കാണാം. ജപ്പാനിലെ ആക്രമണങ്ങൾക്ക് പിന്നാലെ, വൈറ്റ് ഹൗസിൽ വച്ച് പ്രസിഡന്റ് ട്രൂമാനെ കാണുമ്പോഴാണ് 'മിസ്റ്റർ പ്രസിഡന്റ്, എന്റെ കൈകളിൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നു' എന്ന് ഓപ്പൺഹൈമർ പറയുന്നത്. എന്നാൽ, ട്രൂമാന് പശ്ചാത്താപമുണ്ടായിരുന്നില്ല. ഈ കാലമത്രയും മനുഷ്യരാശിയെ നശിപ്പിക്കാനുള്ള കണ്ടുപിടിത്തമായ അണുബോംബിന്റെ ഉപയോഗത്തെക്കുറിച്ചും അമേരിക്ക തള്ളിപ്പറഞ്ഞിട്ടില്ല.

ട്രൂമാന്റെ കാലത്തുതന്നെ തുടങ്ങിയ ഹൈഡ്രജൻ ബോംബ് നിർമാണ പദ്ധതിയെ ഓപ്പൺഹൈമർ എതിർത്തു. സോവിയറ്റ് വിരുദ്ധ മനോഭാവം അമേരിക്കയിൽ ഉടലെടുത്തതോടെ കമ്യൂണിസ്റ്റായും സോവിയറ്റ് ചാരനായും ഭരണകൂടം ഓപ്പൺഹൈമറിനെ മുദ്രകുത്തുകയാണ് ഉണ്ടായത്. ജർമനിയിൽ നാസികൾ ബോംബുണ്ടാക്കുമെന്ന ഭീതിയിൽ നിന്നുകൊണ്ടാണ് ആൽബർട്ട് ഐന്‍സ്റ്റൈനും ഓപ്പണ്‍ഹൈമറും ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞന്മാര്‍ മാന്‍ഹാട്ടന്‍ പദ്ധതിയെ പിന്തുണയ്ക്കുന്നത്. എന്നാൽ അണുബോംബിന്റെ പരീക്ഷണം വിജയം കാണുമ്പോൾ തന്നെ സോവിയറ്റ് യൂണിയൻ ബർലിനിലേക്ക് പ്രവേശിക്കുകയും ജര്‍മ്മനി കീഴടങ്ങുകയും ചെയ്യുന്നുണ്ട്. ഇവിടെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളെ മനസിലാക്കുന്നതിൽ ഓപ്പൺഹൈമറിന് തെറ്റുപറ്റിയെന്നത് സിനിമയുടെ ക്ലൈമാക്സ് രം​ഗങ്ങളിലേ ഓപ്പൺഹൈമറുടെ മുഖം മാത്രം നോക്കിയാൽ മതിയാകും.

ടൈം മാസികയുടെ മുഖചിത്രത്തിൽ അണുബോംബിന്റെ പിതാവ് എന്ന കാണുമ്പോൾ ഓപ്പൺഹൈമറുടെ വിളറിയ മുഖവും വിജയാഘോഷങ്ങൾക്കിടയിലും പശ്ചാത്താപവും ഉളളിലെ ദുഃഖവും അടിച്ചമർത്താൻ ശ്രമിക്കുന്ന ഓപ്പൺഹൈമറെയും നോളൻ ഭം​ഗിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ, അമേരിക്കൻ ഭരണകൂടം ഒരു ജനതയോട് ചെയ്ത ഹീനമായ പ്രവർത്തിയെ വിമർശിക്കാനോ അത് തെറ്റാണെന്ന് പറയാനോ ക്രിസ്റ്റഫർ നോളന് കഴിഞ്ഞില്ല. ഓപ്പൺഹൈമറുടെ ജീവിതത്തെ മാത്രം ആസ്‌പദമാക്കി അയാളുടെ വൈകാരിക തലത്തിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള സിനിമ ഒരുക്കാനാണ്‌ നോളൻ ശ്രമിച്ചത്‌.

Related Stories

No stories found.
logo
The Fourth
www.thefourthnews.in