കഴുമരത്തിന് മുന്നിലും പതറാത്ത സദ്ദാം; ഏകാധിപതിയിൽ നിന്ന് സാമ്രാജ്യത്വ വിരുദ്ധനിലേക്ക്

സദ്ദാമിന് അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്നും ഇറാഖിന്റെ പക്കല്‍ മാരക രാസായുധങ്ങളുണ്ടെന്നും ആരോപിച്ചായിരുന്നു 2003ല്‍ അമേരിക്ക ഇറാഖിലേക്ക് അതിക്രമിച്ച് കടക്കുന്നത്.

2006 ഡിസംബര്‍ 30നാണ്, 24 വര്‍ഷങ്ങള്‍ മുന്‍പ് ഇറാഖിലെ ദുജൈല്‍ നഗരത്തില്‍ നടത്തിയ കൂട്ടക്കൊലയുടെ പേരില്‍ സദ്ദാം ഹുസൈന്‍ അല്‍ തിക്രിത്തിയെന്ന ഭരണാധികാരി തൂക്കിലേറ്റപ്പെടുന്നത്.

അന്നൊരു പെരുന്നാള്‍ ദിനമായിരുന്നു. പുലര്‍ച്ചെയോടെ സദ്ദാമിനെ കൂട്ടികൊണ്ട് പോകാന്‍ സൈനികരെത്തി. തികഞ്ഞ ആത്മവിശ്വാസത്തോടെ ഖുറാനും കയ്യിലേന്തി സൈനികര്‍ക്കൊപ്പം സദ്ദാം നടന്നു. വെളുത്ത ടി ഷര്‍ട്ടും അതിന് മുകളിലൊരു കറുത്ത ജാക്കറ്റുമായിരുന്നു സദ്ദാം ധരിച്ചിരുന്നത്. കൊലമുറയിലെത്തിയ സദ്ദാമിനെ വിധിന്യായം വായിച്ചു കേള്‍പ്പിച്ച ശേഷം ആരാച്ചാര്‍ തൂക്കുകയര്‍ അണിയിച്ചു. ശിരസുയയര്‍ത്തി നിന്ന സദ്ദാം, അവസാനമായി ശഹാദത്ത് കലിമ ചൊല്ലി. "അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല.. മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു." പറഞ്ഞ് അവസാനിപ്പിക്കും മുന്‍പ് തന്നെ കഴുമരത്തിന്റെ ലിവര്‍ ആരാച്ചാര്‍ വലിച്ചിരുന്നു.

സദ്ദാമിനെ തൂക്കിലേറ്റുന്നു
സദ്ദാമിനെ തൂക്കിലേറ്റുന്നു

പരിഹാസങ്ങള്‍ക്കും ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയായ ബാല്യവും വിപ്ലവം കത്തിനിന്ന യൗവനവും രണ്ടര പതിറ്റാണ്ട് ഇറാഖിനെ അടക്കി ഭരിച്ച ഏകധിപതിപത്യ ഭരണവും അതോടെ അവിടെ അവസാനിച്ചു.

ആരായിരുന്നു സദ്ദാം ഹുസൈന്‍? നായകനോ വില്ലനോ ?

1979ലാണ് സദ്ദാം ഇറാഖിന്റെ ഭരണാധികാരിയാകുന്നത്. ഇറാഖിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു അത്. എന്നാല്‍ മറു ഭാഗത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും സദ്ദാം നടത്തി കൊണ്ടിരുന്നു. ഭരണത്തിലേറിയ ഉടൻ സ്വന്തം പാർട്ടിയിൽ തനിക്കെതിരെ പ്രവൃത്തിക്കുന്നവരെന്ന് കരുതുന്നവരെയടക്കം സദ്ദാം കൊന്നൊടുക്കി.

1986 - 89 കാലഘട്ടത്തിൽ നടത്തിയ അൻഫാൽ വംശഹത്യയിൽ സദ്ദാമിന്റെ സൈന്യം കൊന്നുതള്ളിയത് ലക്ഷക്കണക്കിന് കുർദ് വംശജരെയായിരുന്നു. 1980 ലെ ഇറാന്‍- ഇറാഖ് യുദ്ധം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടു. യുദ്ധമുണ്ടാക്കിയ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ ആഗോള വിപണിയിലെ എണ്ണ വില ഉയര്‍ത്തുകയായിരുന്നു സദ്ദാമിന്റെ ലക്‌ഷ്യം. അതിനായി ലഭ്യത കുറയ്ക്കുക എന്ന പോംവഴിയും സദ്ദാം കണ്ടെത്തി.

എന്നാല്‍ ഇതിന് കുവൈറ്റ് തടസമായി നിന്നതോടെ കുവൈറ്റ് ഇറാഖിന്റെ ശത്രുവായി. 1990ലാണ് ഇറാഖ് കുവൈറ്റിലേക്ക് സൈന്യത്തെ അയക്കുന്നത്. കുവൈറ്റ് അധിനിവേശം ആരംഭിച്ച ഘട്ടം വരെയും ഇറാഖിന്റെ കൂടെയായിരുന്നു അമേരിക്ക. പ്രാദേശിക അതിര്‍ത്തി തര്‍ക്കങ്ങളില്‍ അമേരിക്ക നിലപാടെടുക്കില്ല എന്നായിരുന്നു യുഎസ് അംബാസഡര്‍ ഏപ്രില്‍ ഗ്ലാസ്ബി അന്ന് പ്രതികരിച്ചത്. എന്നാല്‍ യുദ്ധം ആരംഭിച്ചത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

അമേരിക്കയുടെയും ബ്രിട്ടന്റെയും സാമ്പത്തിക താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇറാഖിനെതിരെ വന്‍ ശക്തികള്‍ നിലപാടെടുത്തു. കുവൈറ്റില്‍ നിന്ന് ഇറാഖിനെ തുരത്താന്‍ അമേരിക്ക സൈന്യത്തെ വിന്യസിച്ചു...ഒടുവില്‍ നില്‍ക്കകള്ളിയില്ലാതെ ഇറാഖിന് പിന്തിരിയേണ്ടി വന്നു. ഇറാഖിന്മേല്‍ യു.എസും യു.എന്നും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. പതിയെ അമേരിക്കന്‍ വിരുദ്ധ ചേരിയിലെ ശക്തമായ സാന്നിധ്യമായി സദ്ദാം.

സദ്ദാമിന് അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്നും ഇറാഖിന്റെ പക്കല്‍ മാരക രാസായുധങ്ങളുണ്ടെന്നും ആരോപിച്ചായിരുന്നു 2003ല്‍ അമേരിക്ക ഇറാഖിലേക്ക് അധിക്രമിച്ച് കടക്കുന്നത്. പരിശോധന നടത്താന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് അനുമതി നല്‍കുമ്പോള്‍ ഒളിക്കാനൊന്നുമില്ലെന്ന ആത്മവിശ്വസമായിരുന്നു സദ്ദാമിന്. പിന്നീട് ലോകം കണ്ടത് അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശ സേനയുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍.. അധിനിവേശം തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ സദ്ദാം സര്‍ക്കാരിനെ അട്ടിമറിക്കുകയും ബാഗ്ദാദ് പിടിച്ചടക്കുകയും ചെയ്തു . ഒളിവില്‍ പോയ സദ്ദാമിനെ എട്ടു മാസങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ സൈന്യം കണ്ടെത്തി.

ജോർജ് ബുഷ്
ജോർജ് ബുഷ്

ഇറാഖ് പിടിക്കാന്‍ അമേരിക്കയും ബ്രിട്ടനും നിരത്തിയ കാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കാലം തെളിയിച്ചു. പക്ഷേ 1982ലെ കൂട്ടക്കൊലയുടെ പേരില്‍ ഇറാഖിലെ പാവ സര്‍ക്കാര്‍ സദ്ദാമിനെ വിചാരണയ്ക്ക് വിധേയനാക്കി. തന്നെ വധിക്കാന്‍ ശ്രമിച്ച ഷിയാ പാര്‍ട്ടി അംഗങ്ങളെ കൂട്ടക്കൊല ചെയ്തതായിരുന്നു കുറ്റം.. നിയമനിര്‍വഹണമെന്ന പേരില്‍ അമേരിക്ക നടത്തിയ രാഷ്ട്രീയ പകപോക്കലായിരുന്നു സദ്ദാമിന്റെ വിചാരണാ ഘട്ടം. അമേരിക്കന്‍ പക്ഷം ചേരാന്‍ കൂട്ടാക്കാതിരുന്ന ജഡ്ജിമാരെ ഒഴിവാക്കി. സദ്ദാമിന് അനുകൂലമായ സാക്ഷികളെ ഭീഷണിപ്പെടുത്തി. തന്റെ ഭാഗം പറയാന്‍ പോലും സദ്ദാമിന് അവസരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ ഇറാഖ് സര്‍ക്കാരാണ് സദ്ദാമിനെ വിചാരണ ചെയ്യുന്നതെന്നായിരുന്നു അപ്പോഴും അമേരിക്കയുടെ പക്ഷം. സദ്ദാമിന് ശേഷം ഒരിക്കലും ഇറാഖിന് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താനായില്ല. 2011 ല്‍ ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറി. അപ്പോഴേക്കും രാജ്യം അതിന്‌റെ ഏറ്റവും മോശം കാലത്തേക്ക് തള്ളിവിടപ്പെട്ടിരുന്നു.

മതനിരപേക്ഷതയിലൂന്നി ഇറാഖിനെ സാമ്പത്തിക- സാമൂഹിക പുരോഗതിയിലേക്ക് നയിച്ച ഭരണാധികാരി...ലക്ഷക്കണക്കിന് കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത നിഷ്ഠൂരനായ സ്വേച്ഛാധിപതി..അമേരിക്കന്‍ സാമ്രാജ്യത്വത്തോട് സന്ധി ചെയ്യാതെ പോരാടിയ രാഷ്ട്രത്തലവന്‍..ശത്രുപക്ഷത്തെന്ന് തോന്നിയവരെയെല്ലാം നിഷ്‌കരുണം കൊന്നുതള്ളിയ സര്‍വാധികാരി.. ചരിത്രം ഇങ്ങനെയല്ലാമാണ് സദ്ദാമിനെ അടയാളപ്പെടുത്തുന്നത്.

ഭരണത്തിലിരുന്ന കാലഘട്ടത്തിന്റെ ഭൂരിഭാഗവും അമേരിക്കയുടെ പിന്തുണ ലഭിച്ചിരുന്ന സദ്ദാമിനെ അവര്‍ തന്നെയാണ് തൂക്കിലേറ്റിയത് എന്നതാണ് വിരോധാഭാസം..അതിന് അമേരിക്ക സ്വീകരിച്ചതാകട്ടെ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ നടപടികളും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in