'ഗെറ്റ് അപ് സ്റ്റാൻഡ് അപ്...' സംഗീതത്തെ പോരാട്ടത്തിൻ്റെ ശബ്ദമാക്കിയ ബോബ് മാർലി

'ഗെറ്റ് അപ് സ്റ്റാൻഡ് അപ്...' സംഗീതത്തെ പോരാട്ടത്തിൻ്റെ ശബ്ദമാക്കിയ ബോബ് മാർലി

ബോബ് മാർലിക്ക് ഇന്ന് 78 -ാം പിറന്നാൾ

''ഗെറ്റ് അപ് സ്റ്റാൻഡ് അപ്

സ്റ്റാൻഡ് അപ് ഫോർ യുവർ റൈറ്റ്

ഡോൻഡ് ഗിവ് അപ് ദ റൈറ്റ്'' -

എഴുന്നേറ്റ് നിൽക്കൂ നിങ്ങളുടെ അവകാശത്തിനായി നിലകൊള്ളൂ.... ഹരംകൊള്ളിക്കുന്ന സംഗീതം കൊണ്ട് മാത്രമല്ല, രാഷ്ട്രീയം കൊണ്ടു കൂടിയാണ് ബോബ് മാർലി കാലാതീതനാകുന്നത്. അവഗണനയുടെ ബാല്യത്തിൽ നിന്ന് അതിജീവനത്തിനുള്ള വഴിയായിരുന്നു അയാൾക്ക് സംഗീതം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി, പ്രതിരോധത്തിന്റെയും ചെറുത്തു നിൽപ്പിന്റെയും പ്രഖ്യാപനങ്ങളായി മാർലിയുടെ സംഗീതം. ജമൈക്കയിൽ ജനിച്ച് വെറും 36 വർഷം ജീവിച്ച് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച് മടങ്ങിയ ബോബ് മാർലി, ഇന്നും വന്യവും ചടുലവുമായ സംഗീതത്തിന്റെ മറ്റാരും കയറി ചെയ്യാത്ത കൊടുമുടിയാണ്.

അനീതിയെ ചെറുക്കുന്നവരുടെ സംഗീതമായി മാർലിയുടെ പാട്ടുകൾ ഇന്നും ലോകത്തെ കീഴാളരെയും തൊഴിലാളികളെയും ആവേശം കൊള്ളിക്കുന്നു

ലോകമെമ്പാടും നിരവധി ഗായകരും സംഗീതജ്ഞരും ഉണ്ട്, എന്നാല്‍ ബോബ് മാര്‍ലിക്ക് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്ന താരപദവിയും ജനപ്രീതിയും അസാധാരണമാണ്. മാര്‍ലി ആയിരുന്നു റെഗ്ഗെ സംഗീതത്തിലെ ആദ്യത്തെ ആഗോള സൂപ്പര്‍സ്റ്റാര്‍. അധഃസ്ഥിത വര്‍ഗത്തോട് തലയുയര്‍ത്തി നിന്ന് അവകാശങ്ങള്‍ക്കായി പോരാടാന്‍ വിളിച്ചു പറഞ്ഞ സംഗീതമായിരുന്നു മാര്‍ലിയുടേത്.

ജമൈക്കയിലെ നയന്‍ മൈല്‍സ് എന്ന കൊച്ചു ഗ്രാമത്തില്‍ 1945 ഫെബ്രുവരി ആറിനാണ് ബോബ് മാര്‍ലിയുടെ ജനനം. സിഡെല്ല ബുക്കറും സിൻക്ലെയര്‍ മാര്‍ലിയുമാണ് മാതാപിതാക്കള്‍. ബ്രിട്ടീഷ് നാവിക സേനയില്‍ ക്യാപ്റ്റനായിരുന്ന വെളുത്ത വര്‍ഗക്കാരന്‍ സിന്‍ക്ലയര്‍ മാര്‍ലിയുടെയും കറുത്ത വർഗക്കാരിയായ സിഡെല്ല ബുക്കറുടെയും ദാമ്പത്യം അധികം നീണ്ടുനിന്നില്ല. മാര്‍ലിയുടെ ജനനത്തിന് പിന്നാലെ അച്ഛൻ ഉപേക്ഷിച്ച് പോയി. അങ്ങനെ നേരിടേണ്ടി വന്ന ദുരിത പൂര്‍ണമായ ബാല്യത്തില്‍ നിന്നാണ് മാര്‍ലിയുടെ സംഗീത ജീവിതം ആരംഭിക്കുന്നത്.

1947ല്‍ വെസ്റ്റ് കിങ്സ്റ്റണിലുള്ള ട്രെഞ്ച് ടൗണിലേയ്ക്ക് താമസം മാറ്റിയ മാര്‍ലി ബണ്ണി വെയ്‌ലറുമായി സൗഹൃദത്തിലാവുന്നു. സംഗീത ലോകത്തേക്ക് ബോബ് മാർലിയെ കൈപിടുയർത്തിയത് ഈ സൗഹൃദമാണ്. ഫാറ്റ് ഡോമിനോ, റേ ചാള്‍സ്, ലൂയി ജോര്‍ദാന്‍ തുടങ്ങിയവരുടെ സംഗീതവുമായി മാര്‍ലി കൂടുതല്‍ അടുത്തു.

തന്റെ പതിനാറാം വയസില്‍ ദാരിദ്രത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ മാർലി ആദ്യ ഗാനങ്ങള്‍ പുറത്തിറക്കിയത്. അവ വലിയ പരാജയമായിരുന്നു. പിന്നീട് ബണ്ണിയും പീറ്റര്‍ ടോഷുവും മാര്‍ലിയും ഒന്നിച്ച് ടീനേജേഴ്‌സ് എന്നൊരു സംഗീത സംഘത്തിന് രൂപം നല്‍കുകയും ചെയ്തു. വേഴ്‌സ്, കോറസ്, ബ്രിഡ്ജ് തുടങ്ങിയ ഗാന ഘടകങ്ങളുടെ സംയോജനത്തെക്കുറിച്ച് മാര്‍ലി പഠിച്ചു.

റെഗ്ഗേയെന്ന ജമൈക്കന്‍ നാടോടി സംഗീതശാഖയ്ക്ക് ബോബ് മാര്‍ലിയുടെ വരികളും ശബ്ദവും ചേര്‍ന്നപ്പോള്‍ ഒരു ഐതിഹാസിക കാലത്തിന് തുടക്കമായി. ബോബ് മാര്‍ലിയുടെ ഗാനത്തിലെ ഓരോ വരികളിലും അടിമജീവിതത്തിന്റെയും ഉള്ളിലടക്കപ്പെട്ട പോരാട്ട വീര്യത്തിന്റെയും ഹ്രസ്വചരിത്രമുണ്ട്. പ്രതിഷേധത്തിന്റെ സംഗീതമൊരുക്കി സാധാരണ മനുഷ്യരുടെ കൂടെചേര്‍ന്ന മാര്‍ലി പുതിയൊരു 'ബ്രാന്‍ഡി'ന് തുടക്കം കുറിച്ചു. ഗാനരചന, സംഗീതം, ആലാപനം ബോബ് മാര്‍ലി !

വംശം, നിറം, ഭാഷ തുടങ്ങീ എല്ലാത്തിനേയും മറികടക്കാനുള്ള സ്വീകാര്യത മാര്‍ളിയുടെ സംഗീതത്തിനുണ്ടായിരുന്നു. പാൻ ആഫ്രിക്കൻ വക്താവായിരുന്ന മാർലിക്ക് വേരുകളിലേക്ക് തിരിച്ചുപോകാനുള്ള വഴികൂടിയായിരുന്നു സംഗീതം. രാഷ്ട്രീയക്കാരെ പോലും ഭയപ്പെടുത്തിയ ജനപ്രീതിക്ക് ഉടമയായിരുന്നു ബോബ് മാർലി. 1981 മേയ് 11-ന് മുപ്പത്തിയാറാം വയസ്സിൽ മാർലി അർബുദരോഗം ബാധിച്ച് മരിച്ചു. വിശ്വാസത്തിന്റെ പേരിൽ ചികിത്സ തേടാത്തതാണ് മരണം നേരത്തെയാക്കിയത്. ബഫല്ലോ സോൾജിയേഴ്സ്, ഗെറ്റ് അപ് സ്റ്റാൻഡ് അപ് തുടങ്ങി ജീവിത കാലത്ത് ഹരം കൊള്ളിച്ച ഗാനങ്ങളെക്കാൾ, മരണശേഷം പുറത്തിറങ്ങിയ ലെജൻഡ് റെക്കോർഡ് റെക്കോർഡിട്ടു. കാലത്തെ അതിജീവിച്ച സംഗീതമാണ് ബോബ് മാർലി. ലോകം, സംഗീതത്തിന്റെ മാനങ്ങളെ പലകുറി തിരുത്തി രചിച്ചിട്ടും അവയിലെല്ലാം മാറ്റ്കുറയാതെ മാര്‍ലി സംഗീതം നിലനിന്നു . അത് ഒരു രാഷ്ട്രീയത്തിന്റെ കൂടി വിജയമാണ്.

logo
The Fourth
www.thefourthnews.in