ഇന്ന് ഭരണഘടനാ ദിനം; നവംബ‌ർ 26 ഇന്ത്യൻ ഭരണഘടനാ ദിനമായത് എങ്ങനെ?

ഇന്ന് ഭരണഘടനാ ദിനം; നവംബ‌ർ 26 ഇന്ത്യൻ ഭരണഘടനാ ദിനമായത് എങ്ങനെ?

നരേന്ദ്ര മോദി സർക്കാരാണ് 2015 നവംബർ 26 മുതല്‍ ഭരണഘടനാ ദിനാചരണം തുടങ്ങിയത്. ‘പൗരന്മാർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ’ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ന് ഭരണഘടനാ ദിനം. രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാകുന്നു. 1947 ആ​ഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി മൂന്ന് വ‍ർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി രാജ്യം ആചരിക്കുന്നതും. 1950 ജനുവരി 26നാണ് രാജ്യം ആദ്യമായി റിപ്പബ്ലിക് ദിനം ആചരിച്ചത്. എന്നാല്‍ 2015 നവംബർ 26 മുതലാണ് ഇന്നേദിവസം നാം ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ഈ ദിവസം സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു.

നരേന്ദ്രമോദി സർക്കാരാണ് 2015 മെയ് മാസത്തില്‍ ‘പൗരന്മാർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ’ പ്രോത്സാഹിപ്പിക്കുന്നതിനായി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ബാബാസാഹെബ് ഭീംറാവു അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദി സർക്കാർ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഭഗത് സിംഗ് അടക്കമുളള സ്വാതന്ത്ര്യ സമര പോരാളികളെ ഹിന്ദുത്വ അജണ്ടയുടെ ഭാ​ഗമായി ബിജെപിയുടെ രാഷ്ട്രീയ മുഖങ്ങളിൽ ചേർക്കുന്നതിന്റെ അടുത്ത ഘട്ടമെന്നോണമാണ് അംബേദ്കറെ ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി സഭ ഇത്തരത്തിലൊരു നീക്കം അന്ന് നടത്തിയത്.

ഡോ. ബി ആർ അംബേദ്കർ
ഡോ. ബി ആർ അംബേദ്കർ

നവംബർ 19ന് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ സർക്കാർ ഔദ്യോഗികമായി വിജ്ഞാപനവും ചെയ്തു. എന്നാൽ ഇതിന് മുമ്പ് ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി കൂടിയായിരുന്ന അംബേദ്കറുടെ ഈ ദിവസം ദേശീയ നിയമദിനമായാണ് ആചരിച്ച് വന്നിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരണത്തിനായി രൂപീകരിച്ചതായിരുന്നു ഭരണഘടനാ അസംബ്ലി. ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയം മുന്നോട്ടുവച്ചത് 1934ൽ എം എൻ റോയ് ആണ്. 1940ൽ ആഗസ്റ്റ് ഓഫർ എന്ന്‌ അറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടീഷുകാർ അംഗീകരിച്ചു. 1946 ഡിസംബർ 9ന് അസംബ്ലിയുടെ ആദ്യ സമ്മേളനം നടത്തി. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 അംഗങ്ങളാണ് ഇതിൽ പങ്കെടുത്തത്. തുടക്കത്തിൽ, നിയമസഭയിൽ 389 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ, സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം, അംഗബലം 299 ആയി കുറഞ്ഞു.

മൂന്ന് വർഷമെടുത്താണ് അസംബ്ലി ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. 1946 ഡിസംബർ 13ന്‌ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് പിന്നീട് ആമുഖമായി മാറിയത്. ഭരണഘടനയുടെ ആത്മാവ് എന്നാണ് ആമുഖത്തെ വിശേഷിപ്പിക്കുന്നത്. ഭരണഘടനാ അസംബ്ലിയിലെ 17ലധികം കമ്മിറ്റികളിൽ ഒന്നായിരുന്നു അംബേദ്കർ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റി. ഇത് 1947 ഓഗസ്റ്റ് 29നാണ് രൂപീകരിക്കപ്പെട്ടത്. ഇന്ത്യക്കായി ഒരു കരട് ഭരണഘടന തയ്യാറാക്കുക എന്നതായിരുന്നു അവരുടെ ചുമതല. 7,600 ഭേദഗതികളിൽ, ഭരണഘടനയെക്കുറിച്ച് ചർച്ച ചെയ്തും സംവാദം നടത്തിയും 2,400 ഓളം ഭേദ​ഗതികൾ കമ്മിറ്റി ഒഴിവാക്കി.

ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകും
ഡോ. ബി ആർ അംബേദ്കർ

1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമാണസഭ, കരട് നിർമാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി ആർ അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബേദ്കർ, 1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭാ അധ്യക്ഷന് മുന്നിൽ ഭരണഘടന സമർപ്പിച്ചു. മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്താൻ എട്ടു മാസം നൽകി. എല്ലാ നടപടിക്രമത്തിനുംശേഷം 1949 നവംബർ 26ന് ഭരണഘടനാ നിർമാണസഭയുടെ അംഗീകാരംനേടി.

‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകു'മെന്ന് 1949 നവംബർ 25ന് ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ പറഞ്ഞത് സമകാല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. 1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടന്നത്. ഈ സമ്മേളത്തിൽ വച്ചാണ് ഭരണഘടന അംഗീകരിച്ചത്. 284 അംഗങ്ങൾ ഒപ്പിട്ടതിന് ശേഷം 1950 ജനുവരി 26നാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം 1930ൽ ഈ ദിവസം പ്രഖ്യാപിച്ചതു കൊണ്ടാണ് ജനുവരി 26 തിരഞ്ഞെടുത്തത്. 1950 ജനുവരി 26ന് ഭരണഘടന നിലവിൽവന്നു. 1976ലെ 42–-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തത്.

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന തയാറാക്കാൻ ഏകദേശം 2 വർഷവും 11 മാസവും 18 ദിവസവും ആണ് വേണ്ടി വന്നത്. കൈകൊണ്ട് എഴുതിയ യഥാർത്ഥ പകർപ്പ് പാർലമെന്റ് ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഭരണഘടനയുടെ ഓരോ പേജിലും ഒരു സ്വർണ ഇലയുടെ ഫ്രെയിമും ഓരോ അധ്യായത്തിന്റെയും ആദ്യ പേജിൽ ചില കലാസൃഷ്ടികളുമാണുളളത്. ഭരണഘടനയുടെ യഥാർത്ഥ പകർപ്പുകൾ തയ്യാറാക്കിയത് പ്രശസ്ത എഴുത്തുകാരൻ പ്രേം നാരായൺ റൈസാദയാണ്. സർ ഐവർ ജെന്നിംഗ്സാണ് ഇന്ത്യൻ ഭരണഘടനയെ ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ഭരണഘടനയായി പ്രഖ്യാപിച്ചത്.

എന്നാൽ, നമ്മുടെ ഭരണഘടനയുടെ സുപ്രധാന ഭാഗങ്ങൾ പല രാജ്യങ്ങളുടെയും ഭരണഘടനയിൽ നിന്ന് സ്വീകരിച്ചിട്ടുളളവയാണ്. യുഎസ്എയിൽ നിന്നുള്ള മൗലികാവകാശങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും, ബ്രിട്ടനിൽ നിന്നുള്ള പാർലമെന്ററി സമ്പ്രദായവും പ്രസിഡന്റ് സ്ഥാനവും, കാനഡയിൽ നിന്നുള്ള ഫെഡറൽ ഗവൺമെന്റ് സംവിധാനം, ആഫ്രിക്കയിൽ നിന്നുള്ള ഭരണഘടനാ ഭേദഗതി സംവിധാനം, സോവിയറ്റ് യൂണിയനിൽ നിന്നുള്ള മൗലിക കർത്തവ്യങ്ങൾ, ജർമ്മനിയിൽ നിന്നുള്ള അടിയന്തര വ്യവസ്ഥകൾ, അയർലൻഡിൽ നിന്നുള്ള നയ തത്വങ്ങൾ, ഫ്രാൻസിൽ നിന്നുള്ള റിപ്പബ്ലിക്കൻ ഭരണസംവിധാനം, ഓസ്‌ട്രേലിയയിൽ നിന്നുള്ള കൺകറന്റ് ലിസ്റ്റും ചേ‌ർന്നാണ് നമ്മുടെ ഭരണഘടന രൂപം കൊണ്ടത്.

logo
The Fourth
www.thefourthnews.in