'ട്രൂഡോ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു'; കാനഡ ഭീകരരുടെ സുരക്ഷിത താവളം, ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക

'ട്രൂഡോ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു'; കാനഡ ഭീകരരുടെ സുരക്ഷിത താവളം, ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക

തെളിവില്ലാത്ത ആരോപണങ്ങള്‍ കാനഡ ഉന്നയിക്കുന്നത് ആദ്യമായല്ലെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്രി ചൂണ്ടിക്കാണിച്ചു
Published on

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ വിമര്‍ശനവുമായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്രി. തെളിവുകള്‍ ഇല്ലാതെ ട്രൂഡോ അതിരുകടന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് അലി പറഞ്ഞു. ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിലെ പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

"ചില ഭീകരര്‍ കാനഡിയില്‍ സുരക്ഷിതതാവളം കണ്ടെത്തിയിരിക്കുന്നു. തെളിവുകളുടെ പിന്‍ബലമില്ലാതെ കനേഡിയന്‍ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിലൊന്നും എനിക്ക് അത്ഭുതമില്ല. ശ്രീലങ്കയ്ക്കെതിരെയും അവര്‍ ചില ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശ്രീലങ്കയില്‍ വംശഹത്യ നടക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഞങ്ങളുടെ രാജ്യത്ത് അത്തരമൊരു സംഭവമില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്," എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അലി സബ്രി വ്യക്തമാക്കി.

'ട്രൂഡോ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു'; കാനഡ ഭീകരരുടെ സുരക്ഷിത താവളം, ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക
കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം; ഇന്ത്യയിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാനഡ

"രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികള്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് ട്രൂഡോ ഉജ്വല സ്വീകരണം കൊടുത്തതായി ഇന്നലെ ഞാന്‍ അറിഞ്ഞു. ഇത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്, ഇത്തരം കാര്യങ്ങള്‍ മുന്‍പും നേരിടേണ്ടതായി വന്നിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ കാനഡ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കും ഇടയിലെ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളരെ പ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലെയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുമ്പോഴും ഇന്ത്യ- കാനഡ പങ്കാളിത്ത പ്രവർത്തനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ഗ്ലോബൽ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in