'അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ'; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍

'അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ'; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍

തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഇടപെടലുകളും രക്ഷാപ്രവർത്തനസംഘം നടത്തുന്നുണ്ട്

ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

"ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തില്‍ പുരോഗമനമുണ്ടോ, ഞങ്ങളെ വേഗം പുറത്തെത്തിക്കൂ. ഓരോ ദിവസം കഴിയും തോറും കാര്യങ്ങള്‍ ദുഷ്കരമാകുകയാണ്,' തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ ഒരാളായ അഖിലേഷ് കുമാറിന്റെ വാക്കുകളാണിത്.

ഇന്നലെ ഉത്തർ പ്രദേശ് (യുപി) സർക്കാർ പ്രതിനിധിയായ അരുണ്‍ കുമാറിനോട് തുരങ്കത്തിനുള്ളില്‍ നിന്ന് സംസാരിക്കവെയാണ് അഖിലേഷ് നിരാശയും പ്രതീക്ഷയുമെല്ലാം പങ്കുവച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസമായി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ എട്ട് പേർ യുപിയില്‍ നിന്നുള്ളവരാണ്.

രക്ഷാപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച അഖിലേഷ് എത്രയും വേഗം തങ്ങളെ പുറത്തെത്തിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടതില്ലെന്ന് പറയണമെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ രാം സുന്ദർ പറഞ്ഞത്. തൊഴിലാളികളുമായുള്ള സംഭാഷണങ്ങളുടെ ശബ്ദശകലങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവച്ചതായാണ് വിവരം.

'അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ'; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍
'പലസ്തീനികൾ പരീക്ഷണ വസ്തുക്കൾ, ഗാസ ആയുധ പ്രദർശന വേദി'; ആയുധക്കച്ചവടത്തിലെ ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ഫോർമുല

രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തകരും തൊഴിലാളികളും കുടുംബാംഗങ്ങളും തമ്മിലുള്ള ആശയവിനിമയം ഏകോപിപ്പിക്കുന്നതിനായാണ് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഉത്തർകാശിയിലെത്തിയിരിക്കുന്നത്. തൊഴിലാളികളുടെ മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

"തൊഴിലാളികളെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. യോഗ, നടത്തം പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിർദേശങ്ങള്‍ നല്‍കി. ഇതിനു മുന്‍പ് സമാനസാഹചര്യത്തിലൂടെ കടന്നുപോയതും കൂട്ടത്തിലെ ഏറ്റവും മുതിർന്ന തൊഴിലാളിയുമായ ഗബ്ബാർ സിങ് നേഗി മറ്റുള്ളവരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനായുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്," ദൗത്യത്തിനായി സർക്കാർ നിയോഗിച്ച മനശാസ്ത്രജ്ഞനായ ഡോ. അഭിഷേക് ശർമ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.

ആറ് ഇഞ്ച് പൈപ്പിലൂടെയാണ് നിലിവില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. വൈകാതെ തന്നെ മൊബൈല്‍ ഫോണുകളും ചാർജറും എത്തിച്ച് നല്‍കിയേക്കും.

'അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ'; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍
'ഉപജീവന മാർഗമില്ല, വീടും നഷ്ടപ്പെട്ടു', ഭയം നിറഞ്ഞ വെസ്റ്റ് ബാങ്ക്; പലസ്തീനികളുടെ ജീവിതം നരക തുല്യം

അപകടം നടന്ന സിൽക്യാര ടണലിന് 4.5 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. പ്ലാനുകൾ പ്രകാരം തുരങ്കത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള റൂട്ട് നിർദ്ദേശിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാക്കിയിരുന്നില്ലെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്.

തുരങ്കത്തിന് തകർച്ചയോ മണ്ണിടിച്ചിലോ മറ്റെന്തെങ്കിലും ദുരന്തമോ ഉണ്ടായാൽ വാഹനങ്ങളിൽ കടന്നുപോകുന്ന ആളുകളെ രക്ഷപ്പെടുത്താനാണ് തുരങ്കങ്ങൾക്കുള്ളിൽ ഇത്തരം രക്ഷപ്പെടാനുള്ള റൂട്ടുകൾ ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in