പലസ്തീന്‍ വിഷയത്തില്‍ 'പുതിയ ഇന്ത്യ'; ആന്റണി ബ്ലിങ്കന്‍ നാളെയെത്തും, എന്താണ് മന്ത്രിതല ചര്‍ച്ചയിലെ പ്രധാന അജണ്ടകള്‍?

പലസ്തീന്‍ വിഷയത്തില്‍ 'പുതിയ ഇന്ത്യ'; ആന്റണി ബ്ലിങ്കന്‍ നാളെയെത്തും, എന്താണ് മന്ത്രിതല ചര്‍ച്ചയിലെ പ്രധാന അജണ്ടകള്‍?

ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നാളെ ന്യൂഡല്‍ഹിയിലെത്തും

അഞ്ചാമത് ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘം നാളെ ന്യൂഡല്‍ഹിയിലെത്തും. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും യുഎസ് സംഘത്തിനൊപ്പം ഇന്ത്യയിലെത്തും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ എന്നിവരുമായി അമേരിക്കന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇസ്രയേല്‍-ഹമാസ് യുദ്ധം, റഷ്യ- യുക്രൈന്‍ യുദ്ധം അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.

എന്താണ് പ്രധാന അജൻഡകള്‍?

പ്രതിരോധ മേഖലയിലെ സഹകരണം, സാങ്കേതികശൃംഖല സഹകരണം, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് മന്ത്രിതല ചര്‍ച്ചയില്‍ അവലോകനം നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചകളില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായി ധാരണയായിരുന്നു. ഈ തീരുമാനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും.

പലസ്തീന്‍ വിഷയത്തില്‍ 'പുതിയ ഇന്ത്യ'; ആന്റണി ബ്ലിങ്കന്‍ നാളെയെത്തും, എന്താണ് മന്ത്രിതല ചര്‍ച്ചയിലെ പ്രധാന അജണ്ടകള്‍?
വടക്കൻ ഗാസയില്‍നിന്ന് കൂട്ടപലായനം; പകർച്ചവ്യാധി ഭീഷണിയെന്ന് ഡബ്ല്യുഎച്ച്ഒ

യുദ്ധങ്ങള്‍

ഇസ്രയല്‍-ഹമാസ് യുദ്ധം, റഷ്യ- യുക്രൈന്‍ യുദ്ധം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും നിലപാടുകളും ചര്‍ച്ചയാകും. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ-യുഎസ് ചര്‍ച്ച നടക്കുന്നതെന്നത് പ്രസക്തമാണ്. ജീവകാരുണ്യ സഹായമെത്തിക്കാന്‍ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസംഘടന പൊതുസഭയുടെ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണം പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിട്ടുനിന്നത്. ഇത് പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുവരുന്ന നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

യുഎസ് ഈ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ റഷ്യയോട്ആ വശ്യപ്പെടണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ല.

വാഷിങ്ടണില്‍വച്ചാണ് കഴിഞ്ഞവര്‍ഷം 2+2 ചര്‍ച്ച നടന്നത്. യുക്രൈന്‍ പ്രതിസന്ധിയായിരുന്നു അന്ന് പ്രധാന അജൻഡയായിരുന്നത്. പ്രതിരോധമേഖലയില്‍ സമഗ്രമായ സഹകരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ചര്‍ച്ചയില്‍ ധാരണയായിരുന്നു.

logo
The Fourth
www.thefourthnews.in