ഒരേ ഈണം, മൂന്ന് ഗാനം

ഒരേ ഈണം, മൂന്ന് ഗാനം

അത്തപ്പൂവും നുള്ളി വന്ന പാട്ടിന്റെ കഥ

ഒരേ ഈണത്തിനൊത്ത് രണ്ടു വ്യത്യസ്ത പാട്ടുകൾ. അതും രണ്ട് വ്യത്യസ്ത സിനിമകൾക്ക് വേണ്ടി. അത്തരമൊരു പരീക്ഷണം അത്യപൂർവമായിരിക്കണം ഒ എൻ വിയുടെ ഗാനരചനാ ജീവിതത്തിൽ. രണ്ടും ഓണവുമായി ബന്ധപ്പെട്ട രചനകൾ. കൂടുതൽ ഹിറ്റായത് രണ്ടാമത്തെ പാട്ടാണെന്ന് മാത്രം. ആദ്യമെഴുതിയത് ``മമത'' (1979) എന്ന ചിത്രത്തിന് വേണ്ടിയാണ്. വാണി ജയറാം പാടിയ ആ പാട്ടിന്റെ തുടക്കം ഇങ്ങനെ: ``ചൊല്ല് ചൊല്ല് തുമ്പി, ചൊല്ലു ചെല്ലത്തുമ്പി നല്ലോണത്തുമ്പി നല്ലോലത്തുമ്പീ…''

ഒ എൻ വി
ഒ എൻ വി

`ആനാ ആനാ ജാനാ'' എന്ന പാട്ടിന്റെ ട്യൂൺ ആദ്യ മലയാള സിനിമയിൽ ഉപയോഗിക്കുകയായിരുന്നു മാസ്റ്റർ

ആറു വർഷം കഴിഞ്ഞു ``പുന്നാരം ചൊല്ലിച്ചൊല്ലി'' എന്ന ചിത്രത്തിന് വേണ്ടി അതേ ഈണത്തിൽ കവി മറ്റൊരു പാട്ടെഴുതി. യേശുദാസ് -- ചിത്രമാരുടെ ശബ്ദത്തിൽ കാലത്തിനപ്പുറത്തേക്ക് വളർന്ന പാട്ട്: ``അത്തപ്പൂവും നുള്ളി, തൃത്താപ്പൂവും നുള്ളി, തന്നാനം പാടി പൊന്നൂഞ്ഞാലിലാടി, തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ…'' രണ്ടും ചിട്ടപ്പെടുത്തിയത് ജെറി അമൽദേവ്. മറ്റൊരു കൗതുകമാർന്ന ചരിത്രം കൂടിയുണ്ട് ഈ പാട്ടുകൾക്ക്. യഥാർത്ഥത്തിൽ സിനിമക്ക് വേണ്ടി ജെറി മാസ്റ്റർ ഒരുക്കിയ ഈണമല്ല ഇത്. 1970 കളുടെ മധ്യത്തിൽ യു എസ് ജീവിതകാലത്ത് സംഗീതം നൽകി പുറത്തിറക്കിയ ``ആത്മാ കി ആവാസ്'' എന്ന ഹിന്ദി ഗ്രാമഫോൺ റെക്കോർഡിലെ ``ആനാ ആനാ ജാനാ'' എന്ന പാട്ടിന്റെ ട്യൂൺ പിൽക്കാലത്ത് തന്റെ ആദ്യ മലയാള സിനിമയിൽ ഉപയോഗിക്കുകയായിരുന്നു മാസ്റ്റർ. പി എക്സ് സ്വാമി എന്നൊരാൾ എഴുതിയ ``ആനാ ആനാ ജാനാ'യ്ക്ക് ശബ്ദം പകർന്നത് യേശുദാസ്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'' വരെ കാത്തിരിക്കേണ്ടി വന്നു ജെറി മാസ്റ്റർക്ക് സിനിമയിലെ വരവറിയിക്കാൻ

നിർഭാഗ്യവശാൽ ജെറി മാസ്റ്ററുടെ അരങ്ങേറ്റ സിനിമയാകേണ്ടിയിരുന്ന ``മമത'' പുറത്തിറങ്ങിയത് മറ്റൊരു പേരിൽ മറ്റൊരു സംഗീത സംവിധായകന്റെ ഈണങ്ങളുമായി. അടുത്ത ബന്ധുവും എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമെല്ലാമായ സെബാസ്റ്റ്യൻ പോൾ വഴിയാണ് മാസ്റ്റർ ``മമത''യിൽ എത്തിച്ചേർന്നത്. ഒ എൻ വി രചിച്ച നാല് പാട്ടുകളുണ്ടായിരുന്നു ചിത്രത്തിൽ. നാലും തരംഗിണിയിൽ റെക്കോർഡ് ചെയ്‌തെങ്കിലും സിനിമയിൽ ഇടം നേടിയില്ല. ഇഷ്ട സംഗീത സംവിധായകൻ സലിൽ ചൗധരിയെ കൊണ്ട് പാട്ടുകൾ ചെയ്യിക്കാനുള്ള സംവിധായകൻ എൻ ശങ്കരൻ നായരുടെ മോഹമായിരുന്നു ആ ചുവടുമാറ്റത്തിന് പിന്നിൽ. അങ്ങനെ ``ചുവന്ന ചിറകുകൾ'' എന്ന പേരിൽ സലിൽദായുടെ ഈണങ്ങളുമായി ആ പടം തിയേറ്ററിലെത്തുന്നു. മൂന്ന് വർഷം കഴിഞ്ഞു പുറത്തിറങ്ങിയ ``മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'' വരെ കാത്തിരിക്കേണ്ടി വന്നു ജെറി മാസ്റ്റർക്ക് സിനിമയിലെ വരവറിയിക്കാൻ. പിന്നീടുള്ളത് ചരിത്രം.

ജെറി അമൽദേവ്
ജെറി അമൽദേവ്

ശ്രീനിവാസൻ കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ``പുന്നാരം ചൊല്ലി ചൊല്ലി.'' ജെറിയുടെ ``ആത്മാ കി ആവാസി''ലെ ഗാനങ്ങൾ കേട്ടാസ്വദിച്ചിരുന്ന പ്രിയന് പടത്തിൽ നായികയെ അവതരിപ്പിക്കുന്ന രംഗത്ത് ആ ആൽബത്തിലെ ``ആനാ ആനാ ജാനാ''യുടെ ഈണം വേണമെന്ന് നിർബന്ധം. മുൻപൊരു സിനിമക്ക് വേണ്ടി ഉപയോഗിച്ചതാണെന്ന് പറഞ്ഞുനോക്കി ജെറി മാസ്റ്റർ. ``അതിനെന്ത്, ആ പടം ഇറങ്ങിയില്ലല്ലോ? നമുക്ക് ഒ എൻ വി സാറിനെക്കൊണ്ട് ഒന്നുകൂടി എഴുതിക്കാം'' എന്ന് പ്രിയൻ. അങ്ങനെ പ്രിയന്റെ നിർബന്ധപ്രകാരം നിമിഷങ്ങൾക്കകം കവി എഴുതിത്തീർത്തതാണ് ``അത്തപ്പൂവും നുള്ളി, തൃത്താപ്പൂവും നുള്ളി.''

ഇന്നും ഓണക്കാലമെത്തുമ്പോൾ ഈ പാട്ടും മലയാളികളെ തേടിയെത്തുന്നു. പഴയൊരു ഗ്രാമഫോൺ റെക്കോർഡിലെ ``ആത്മാവിന്റെ ശബ്ദ''ങ്ങളിലൊന്നായി ഒതുങ്ങിപ്പോകുമായിരുന്ന ഹിന്ദി ഈണം സാധാരണക്കാരനായ മലയാളിയുടെ ഹൃദയഗീതമായി വളർന്നത് എത്ര യാദൃച്ഛികം.

logo
The Fourth
www.thefourthnews.in