പുലികളിയില്ലാതെ എന്ത് ഓണം?

പുലികളിയില്ലാതെ എന്ത് ഓണം?

രണ്ട് വര്‍ഷത്തിന് ശേഷം തൃശൂരില്‍‍ പുലികളിറങ്ങും

രണ്ട് വര്‍ഷത്തിന് ശേഷം തൃശൂരില്‍‍ പുലികളിറങ്ങും. നഗരം ഒരു കൊടുങ്കാടാകും... അരമണി കിലുക്കി മടയില്‍ നിന്ന് പുലികളോരോന്നായ് കാടിറങ്ങും. പുലിക്കൂട്ടത്തിന്റെ ആട്ടം കാണാന്‍ ആളുകള്‍ ഒഴുകിയെത്തും... കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ പൂരത്തിന്റെ നാട്ടില്‍ പുലികളിയില്ലാതെ ഓണാഘോഷം പൂര്‍ത്തിയാകില്ലെന്ന് തന്നെ പറയാം. പുലിയുടെ മുഖംമൂടിയണിഞ്ഞ്, മണിയരഞ്ഞാണം കെട്ടി വാദ്യമേളങ്ങള്‍ക്ക് ചുവട് വെച്ച്, മഞ്ഞയും കറുപ്പും ചായത്തില്‍ മെയ്യെഴുതി, കുടവയര്‍ കുലുക്കി എത്തുന്ന പുലികളിക്കാര്‍ തൃശൂരിന്റെ താളമാണ്. പഴമക്കാരുടെ അറിവില്‍ ഇരുനൂറ് വര്‍ഷമായി തൃശൂരില്‍ പുലിയിറങ്ങാന്‍ തുടങ്ങിയിട്ട്. ഒരുപക്ഷെ, അതിനു മുന്‍പും പുലിയിറങ്ങിയിട്ടുണ്ടാകണം. അല്ലെങ്കില്‍പ്പിന്നെ മറ്റെങ്ങുമില്ലാത്ത പുലികളി ഇവിടെ മാത്രം വന്നതെങ്ങനെയാണ്? ഏറെ ആസ്വാദകരുള്ള പുലികളിയുടെ ചരിത്രത്തെ പറ്റി എത്രപേര്‍ക്കറിയാം...

നാലാം ഓണമായ അനിഴം നാളിലാണ് പുലികള്‍ കാടിറങ്ങുന്നത്. പുള്ളി പുലികളും വരയന്‍ പുലികളും ഒരു താളത്തിലാടും. ഒപ്പം ഒരു വേട്ടക്കാരനും.

പുലികളി
പുലികളി

പുലികള്‍ക്കെന്താണ് ഓണത്തിന് കാര്യം?

ജാതിഭേദമെന്യേ മലയാളികള്‍ ആഘോഷിക്കുന്ന സാംസ്‌കാരികോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ അത്തം നാളില്‍ തൃപ്പൂണിത്തുറ അത്ത ചമയത്തോടെ വരവറിയിക്കുന്ന ഓണഘോഷങ്ങള്‍ പത്താം ദിവസമായ തിരുവോണം വരെ നീളും. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശക്തന്‍ തമ്പുരാന്‍റെ കാലത്താണ് നാടോടി നൃത്തരൂപമായ പുലികളി വിഭാവനം ചെയ്തതെന്നാണ് വിശ്വസം. നാലാം ഓണമായ ചതയം നാളിലാണ് പുലികള്‍ കാടിറങ്ങുന്നത്. തകില്‍, ഉടുക്ക്, ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ താളത്തിന് ചുവട് വെച്ച് അരമണിയും കുലുക്കി പുലികള്‍ സ്വരാജ് ഗ്രൗണ്ടിലേക്കെത്തും. പുള്ളി പുലികളും വരയന്‍ പുലികളും ഒരു താളത്തിലാടും. ഒപ്പം ഒരു വേട്ടക്കാരനും.

പുലി കളിയും പുലി വേഷവും അത്ര എളുപ്പമല്ല. പരിശീലനം ലഭിച്ച കലാകാരന്മാരാണ് പുലി വേഷം കെട്ടി എത്തുന്നത്. കളിക്കാര്‍ പുലിയുടെ രൂപത്തിലുള്ള മുഖാവരണം ധരിക്കുകയും മഞ്ഞയും കറുപ്പും ഛായം കൊണ്ട് ശരീരമാസകലം ഇടകലര്‍ത്തി വരയ്ക്കുകയും ചെയ്യും. വയറിനു മീതെയും പുലിയുടെ മുഖം വരയ്ക്കാറുണ്ട്. മുഖാവരണം അണിഞ്ഞിരിക്കുന്നതിനാല്‍ മുഖഭാവങ്ങള്‍ക്കു പ്രസക്തിയില്ലെങ്കിലും വയറു കുലുങ്ങുന്ന രീതിയില്‍ പ്രത്യേക താളത്തിലെ തുള്ളിക്കളി രസകരമായ കാഴ്ചയാണ്. പുലികളി ദിവസം രാവിലെ തന്നെ വര തുടങ്ങും. വിവിധ ദേശക്കാരാണ് വേഷക്കാര്‍.

70 വര്‍ഷം മുന്നെ, തോട്ടുങ്ങല്‍ രാമന്‍കുട്ടി ചിട്ടപ്പെടുത്തിയതാണ് പുലിമേളം. മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല.

പുലികളി
പുലികളി

ഒരൊറ്റ ദിവസത്തെ പരിപാടിയാണ് പുലികളിയെങ്കിലും അതിനു പിറകില്‍ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാധ്വാനമുണ്ട്. അമ്മിക്കല്ലുകളില്‍ ഛായം അരച്ചുണ്ടാക്കുന്നവരും മെയ്യെഴുത്ത് കലാകാരന്മാരുമുള്‍പ്പെടെ പത്തറുപതു പേര്‍ അണിയറയിലും അത്യാവശ്യമാണ്. പരമ്പരാഗത ഛായങ്ങള്‍ക്ക് പുറമെ ഓയില്‍ പെയിന്റും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. പുലികളി കഴിഞ്ഞ് ഛായം തുടച്ചു മാറ്റുകയെന്നതും ഏറെ പ്രയാസകരമാണ്. വേഷത്തിന് മാത്രമല്ല പുലിത്താളത്തിനും പ്രത്യേകതയുണ്ട്. 70 വര്‍ഷം മുന്‍പെ, തോട്ടുങ്ങല്‍ രാമന്‍കുട്ടി ചിട്ടപ്പെടുത്തിയതാണ് പുലിമേളം. മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല. തൃശൂരിലല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് പ്രചാരത്തില്‍ ഇല്ലതാനും.

പുലികളിയിലെ പെണ്‍ പുലികള്‍
പുലികളിയിലെ പെണ്‍ പുലികള്‍

തൃശൂര്‍ ജില്ല പുലികളിയുടെ പ്രധാന കോട്ടയാണെങ്കിലും ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുലികള്‍ സംസ്ഥാനത്തൊട്ടാകെ ഇറങ്ങുന്നുണ്ട് ഇപ്പോള്‍. പുരുഷന്‍മാര്‍ അടക്കിവാണ ഈ കാലരൂപത്തിന്റെ കീഴ്വഴക്കങ്ങളെ 2016-ല്‍ ഒരു കൂട്ടം വനിതകള്‍ പൊളിച്ചുപണിതു. പുലി വേഷം ധരിച്ച് തെരുവില്‍ പുരുഷന്മാര്‍ക്കൊപ്പം നൃത്തം ചെയ്ത പെണ്‍പുലികളെ വലിയ ആഹ്ളാദത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്. വരയന്‍ പുലികളുടെയും പുള്ളിപ്പുലികളുടെയും കൂട്ടത്തില്‍ പെണ്‍പുലികളായും കുട്ടിപ്പുലികളായും വേഷമിട്ടുവരുന്നവരെയും കാണാം.

logo
The Fourth
www.thefourthnews.in