ഫ്രീ പ്രസ്സ് ജേർണലിലെ എ ബി നായരും ബാൽതാക്കറെയും പിന്നെ കാമ്പിശ്ശേരിയും!

ഫ്രീ പ്രസ്സ് ജേർണലിലെ എ ബി നായരും ബാൽതാക്കറെയും പിന്നെ കാമ്പിശ്ശേരിയും!

ബോംബെയിൽ നോർവേക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു ന്യൂസ്പ്രിൻറ് കമ്പനിയിൽ ടൈപ്പിസ്റ്റായി ജീവിതമാരംഭിച്ച ആളായിരുന്നു പാലക്കാട് നല്ലേപ്പിള്ളിക്കാരനായ ആലപ്പാട്ട് ബാലഗോപാലൻ നായർ എന്ന എ ബി നായർ

ഇന്ത്യയിൽ ഏറ്റവും അധികം പത്രങ്ങളിൽ പ്രവർത്തിച്ച, വിഖ്യാതനായ പത്രാധിപർ പോത്തൻ ജോസഫ് പത്ര സ്ഥാപനങ്ങളിലെ മാനേജിങ് എഡിറ്റർമാരെ ഇങ്ങനെ നിർവചിച്ചു, 'ഒരിക്കലും മാനേജ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാത്ത ആൾ!'

ഇന്ത്യയിലെ നോർത്ത് ക്ലിഫ് എന്നറിയപ്പെട്ട സ്വാമിനാഥ് സദാനന്ദ്, ബോംബെയിലെ ദലാൽ സ്ട്രീറ്റിലിരുന്നുകൊണ്ട് ഇന്ത്യൻ പത്രപ്രവർത്തക രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയ ഇതിഹാസമായിരുന്നു. അദ്ദേഹം 1927 ൽ ആരംഭിച്ച പത്രമായിരുന്നു ഫ്രീ പ്രസ്സ് ജേർണൽ, അക്കാലത്തെ ബോംബെയിലെ ഏക ദേശീയ ദിനപത്രം. പിന്നീട്, സദാനന്ദിൽ നിന്ന് ഉടമസ്ഥാവകാശം കൈവിട്ടുപോയി.

എ ബി നായർ
എ ബി നായർ

ബോംബെയിൽ നോർവേക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു ന്യൂസ് പ്രിൻറ് കമ്പനിയിൽ ടൈപ്പിസ്റ്റായി ജീവിതമാരംഭിച്ച ആളായിരുന്നു പാലക്കാട്, നല്ലേപ്പിള്ളിക്കാരനായ ആലപ്പാട്ട് ബാലഗോപാലൻ നായർ എന്ന എ ബി നായർ. സംസാരിച്ച് ആളുകളെ വശത്താക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മൂലധനം. രണ്ടാം ലോക മഹായുദ്ധമാരംഭിച്ചപ്പോൾ ഗോഡൗണിന്റെയും ഓഫീസിന്റെയും മേൽ നോട്ടം എ ബി നായരെ എൽപ്പിച്ച് നോർവേക്കാർ ആ സ്ഥാപനം പൂട്ടി സ്ഥലം വിട്ടു. യുദ്ധാനന്തരം നോർവേക്കാർ തിരിച്ചുവന്നില്ല. അതോടെ ടൈപ്പിസ്റ്റ് സ്ഥാപനത്തിന്റെ ഉടമയായി. സദാനന്ദ് എഡിറ്റായിരുന്ന കാലത്ത് ഫ്രീ പ്രസ്സിന് ന്യൂസ് പ്രിൻറ് കൊടുത്ത വകയിൽ കിട്ടാനുള്ള വൻ തുകയ്ക്ക് പകരമായി പത്രത്തിന്റെ ഓഹരികൾ നേടിയെടുത്തു.

പത്രപ്രവർത്തനത്തിലെ A യോ Bയോ അറിയാത്ത എ ബി നായർ എന്നാണ് താക്കറെ തന്റെ ന്യൂസ് എഡിറ്ററോട്, എ ബി നായരെ വിശേഷിപ്പിച്ചത്

ലോകമഹായുദ്ധ കാലത്ത് പത്രമാരണ നിയമമൊക്കെ നിലവിൽ വന്നപ്പോൾ ന്യൂസ് പ്രിന്റിന് ക്ഷാമമായിരുന്നു. വൻ നിയന്ത്രണങ്ങളോടെയാണ് പത്ര സ്ഥാപനങ്ങൾക്ക് അച്ചടിക്കാനുള്ള കടലാസ് ലഭിച്ചിരുന്നത്. സ്വാഭാവികമായും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അധികാര കേന്ദ്രങ്ങളിൽ പ്രാധാന്യം വന്നു. ഇന്ത്യൻ പത്ര സ്ഥാപനങ്ങളും ന്യൂസ് പ്രിന്റ് കമ്പനികളും തമ്മിലുള്ള ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് എ ബി നായരായിരുന്നു. എ ബി നായർ അതോടെ ഈ മേഖലയിൽ പ്രധാനിയായി. ഫ്രീ പ്രസ്സിന്റെ ഓഹരികൾ കൈവശം വന്നതോടെ പത്രത്തിന്റെ ഡയറക്ടർ ബോർഡിൽ എത്തി. പിന്നീട് മാനേജിങ് എഡിറ്ററുമായി.

അക്കാലത്ത് ഫ്രീ പ്രസ്സിൽ കാർട്ടുണിസ്റ്റായിരുന്ന ബാൽ താക്കറെ, പിന്നീട് തെക്കെ ഇന്ത്യക്കാരോട് കനത്ത വിരോധം വച്ചുപുലർത്താനുള്ള ഒരു കാരണം എ ബി നായരുടെ അന്നത്തെ ഇടപെടലുകളായിരുന്നു. അന്നത്തെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ പ്രമുഖ നേതാക്കളായ എം ആർ മസാനി, എസ് കെ പാട്ടീൽ എന്നിവരെ വിമർശിച്ചിച്ചോ, പരിഹസിച്ചോ വരയ്ക്കാൻ എ ബി നായർ അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ താത്പര്യങ്ങൾ കാർട്ടൂൺ വരയെ സ്വാധീനിക്കുന്നു എന്ന് മനസിലായപ്പോൾ ക്ഷുഭിതനായ താക്കറെ രാജിവച്ചു. പത്രപ്രവർത്തനത്തിലെ A യോ Bയോ അറിയാത്ത എ ബി നായർ എന്നാണ് താക്കറെ തന്റെ ന്യൂസ് എഡിറ്ററോട്, എ ബി നായരെ വിശേഷിപ്പിച്ചത്.

ഒരു വ്യവസായ പ്രമുഖൻ ഫ്രീ പ്രസ്സിലെ ഒന്നാം പേജ് പരസ്യം കണ്ട് ന്യൂസ് എഡിറ്റർ ഹരിഹരനോട് ചോദിച്ചു: 'ഫ്രീ പ്രസ്സ് വ്യഭിചരിക്കാൻ തീരുമാനിച്ചെങ്കിൽ, ഇന്ത്യൻ പറ്റുവരവുകാരെ സ്വീകരിച്ച് കൂടായിരുന്നോ?'

1959 ലെ ഒരു പ്രഭാതത്തിൽ ഫ്രീ പ്രസ്സ് ജേർണലിലെ ഒന്നാം പേജിൽ മുഴുവനായി സർഫ് സോപ്പുപൊടിയുടെ പരസ്യം അച്ചടിച്ചുവന്നു. അതും എഡിറ്റോറിയലിലെ പ്രധാനികൾ അറിയാതെ. ഇതിൽ പ്രതിഷേധിച്ച്, ഫ്രീ പ്രസ്സിലെ അര ഡസൻ മുതിർന്ന പത്രപ്രവർത്തകർ കൂട്ടത്തോടെ പത്രംവിട്ടു. കെ ശിവറാം, എം കെ ബി നായർ, സ്റ്റാർ റിപ്പോർട്ടറായ എം പി അയ്യർ, എ കെ ബി മേനോൻ, കാർട്ടൂണിസ്റ്റുകളായ ബാൽ താക്കറെ, പി രവീന്ദ്രൻ തുടങ്ങിയ പ്രധാനികളായ പത്രപ്രവർത്തകരെല്ലാം രാജിവച്ചു. ഒരു വ്യവസായ പ്രമുഖൻ ഫ്രീ പ്രസ്സിലെ ഒന്നാം പേജ് പരസ്യം കണ്ട് ന്യൂസ് എഡിറ്റർ ഹരിഹരനോട് ചോദിച്ചു: 'ഫ്രീ പ്രസ്സ് വ്യഭിചരിക്കാൻ തീരുമാനിച്ചെങ്കിൽ, ഇന്ത്യൻ പറ്റുവരവുകാരെ സ്വീകരിച്ച് കൂടായിരുന്നോ?'

സ്വാമിനാഥ് സന്ദാനന്ദ് കച്ചവടമറിയാത്ത ഒന്നാന്തരം പത്ര പ്രവർത്തകനായിരുന്നെങ്കിൽ എ ബി നായർ പത്രപ്രവർത്തനമറിയാത്ത ഒന്നാം തരം കച്ചവടക്കാരനായിരുന്നു. പോത്തൻ ജോസഫിന്റെ നിർവചനത്തിന് മികച്ച ഉദാഹരണമായിരുന്നു എ ബി നായർ.

ഹരിഹരൻ എ ബി നായരെ നേരിട്ട് ഫോണിൽ വിളിച്ച് തന്റെ പ്രതിഷേധം അറിയിച്ച ശേഷം രാജിവച്ചു. പത്രത്തെ വാണിജ്യവത്കരിക്കാൻ എ ബി നായർ ആരംഭിച്ചതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു ഈ കൂട്ടരാജി. അതോടെ എ ബി നായർ പത്രത്തിന് പുതിയൊരു കച്ചവട മുഖം നൽകി. പിന്നീട് തന്റെ സ്വാധീനം മൂലം പിടിഐയുടെ ചെയർമാനായ എ ബി നായർ 1963 ൽ ബോംബെയിലെ 'ഷെറിഫ്' ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇതൊക്കെ കണ്ട ബാൽ താക്കറെയ്ക്ക് കലിയിളകി. താൻ തുടങ്ങിയ 'മാർമിക്' എന്ന മാസികയിലൂടെ, മദ്രാസികളെ ഗവർണർമാരും ഷെറീഫുമാരുമാക്കുന്നതിനെതിരെ ലേഖനങ്ങളിലൂടെ ആഞ്ഞടിച്ചു. മഹാരാഷ്ട്രക്കാർ ഉടുപ്പി ഹോട്ടൽ, തമിഴ്നാട് ലോട്ടറി എന്നിവ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തു. അതോടെ ശിവസേന തെന്നിന്ത്യക്കാർക്കെതിരെ ശക്തമായ ആക്രമണം ആരംഭിച്ചു.

ഫ്രീ പ്രസ്സിൽ കാർട്ടൂൺ വരക്കുന്ന ബാൽ താക്കറെ.
ഫ്രീ പ്രസ്സിൽ കാർട്ടൂൺ വരക്കുന്ന ബാൽ താക്കറെ.

സ്വാമിനാഥ് സന്ദാനന്ദ് കച്ചവടമറിയാത്ത ഒന്നാന്തരം പത്ര പ്രവർത്തകനായിരുന്നെങ്കിൽ എ ബി നായർ പത്രപ്രവർത്തനമറിയാത്ത ഒന്നാം തരം കച്ചവടക്കാരനായിരുന്നു. പോത്തൻ ജോസഫിന്റെ നിർവചനത്തിന് മികച്ച ഉദാഹരണമായിരുന്നു എ ബി നായർ.

ഒരിക്കൽ അമേരിക്കൻ കൗൺസിലേറ്റിൽ നിന്ന് പുതുതായി സ്ഥാനമേറ്റ പിആർഒ, ഒരു അമേരിക്കക്കാരൻ, കൗൺസിലേറ്റിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനോടൊപ്പം ഫ്രീ പ്രസ്സ് സന്ദർശിക്കാനത്തി. ബോംബെയിലെ ദേശീയ ദിനപത്രങ്ങളൊന്നായ ഫ്രീ പ്രസ്സ് ജേർണലിന്റെ പ്രാധാന്യം മനസിലാക്കിയായിരുന്നു സന്ദർശനം. എ ബി നായരുടെ ക്യാബിനിലെത്തിയ പിആർഒ പത്രത്തിന്റെ കാര്യങ്ങളെകുറിച്ച് ചോദിച്ചു. സംഭാഷത്തിനിടയ്ക്ക് എഡിറ്റോറിയൽ എഴുതുന്നതിനെ കുറിച്ച് പിആർഒ ആരാഞ്ഞു. അതൊക്കെ താൻ എഴുതിക്കഴിഞ്ഞെന്നും മുന്നാമത്തെ എഡിറ്റോറിയൽ തന്റെ മുന്നിൽ ഇപ്പോഴെത്തുമെന്നും എ ബി നായർ പറഞ്ഞു. അപ്പോൾ തന്നെ ഒരു റിപ്പോർട്ടർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് കടന്ന് വന്ന് ഒരു പേപ്പർ അദ്ദേഹത്തിന് നൽകി. കടലാസ് തന്റെ മേശവലിപ്പിലേക്ക് നിക്ഷേപിച്ചതിന് ശേഷം എ ബി നായർ പറഞ്ഞു ഇതാണ് മൂന്നാമത്തെ എഡിറ്റോറിയൽ. ഞാനത് പിന്നീട് കൈകാര്യം ചെയ്യും. യഥാർത്ഥത്തിൽ ആ കടലാസ് റിപ്പോർട്ടറുടെ ലീവപേക്ഷയായിരുന്നു. തന്റെ പ്രതാപം കാണിക്കാൻ എ ബി നായർ നേരെത്തെ തയ്യാറാക്കിയിരുന്ന ഒരു രംഗമായിരുന്നു അത്.

അതിന് ശേഷം എ ബി നായർ ടെലഫോണെടുത്ത് ഓപ്പറേറ്ററോട് ഡൽഹിയിലെ ഫ്രീ പ്രസ്സ് ജേർണലിന്റെ പ്രതിനിധിയായ സ്വാമിനാഥനെ ലൈനിൽ തരാൻ ആവശ്യപ്പെട്ടു. സ്വാമിനാഥനെ കിട്ടിയപ്പോൾ എ ബി നായർ പറഞ്ഞു, മന്ത്രിയോട് ലേഖനം ആയിരം വാക്കുകളിൽ താഴെയായി ചുരുക്കിയെഴുതാൻ പറയുക. ഡൽഹിയിലെ ഒരു മന്ത്രിയോട് ഫ്രീ പ്രസ്സിലേക്ക് ഒരു ലേഖനം ആവശ്യപ്പെട്ടിരുന്നെന്നും അത് എ ബി നായരുടെ ആവശ്യമനുസരിച്ച് മന്ത്രി ചുരുക്കിയെഴുതണമെന്നും തുടർന്നുള്ള ഫോൺ സംഭാഷണത്തിൽ നിന്ന് പിആർഒ മനസിലാക്കി. അയാൾ കൂടെ വന്ന ഇന്ത്യക്കാരനോട് പറഞ്ഞു, ഇത്തരത്തിലൊരു ഡൈനാമിക്കായ ഒരു ഇന്ത്യൻ എഡിറ്ററെ ഞാൻ ആദ്യമായാണ് കാണുന്നത്. ഈ സംഭവവും എ ബി നായർ നേരത്തെ പറഞ്ഞുറപ്പിച്ച ഒരു രംഗമായിരുന്നു. ഒരു ഇന്ത്യൻ പത്രത്തിന്റെ എഡിറ്ററും മന്ത്രിയോട് ഇത്തരത്തിലാവശ്യപ്പെടുകയില്ലെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി ആ അമേരിക്കക്കാരനില്ലാതെ പോയി.

എ ബി നായരെപ്പോലെ ഒരു പ്രഗത്ഭനായ ഇന്ത്യൻ എഡിറ്ററെ താൻ ഇത് വരെ കണ്ടിട്ടില്ലെന്ന് സന്ദർശം അവസാനിച്ച് തിരികെ പോകുമ്പോൾ പിആർഒ കുടെയുണ്ടായിരുന്ന ഇന്ത്യൻ പ്രതിനിധിയോട് പറഞ്ഞു. എ ബി നായരെ നന്നായി അറിയാവുന്ന ആ ഉദ്യോഗസ്ഥൻ ഇതെല്ലാം മുൻകൂട്ടി ആസുത്രണം ചെയ്ത രംഗങ്ങളാണെന്ന സത്യം തുറന്ന് പറഞ്ഞപ്പോൾ അമേരിക്കക്കാരൻ അന്തം വിട്ടു.

തന്റെ മലയാളി വേരുകൾ പുറത്ത് കാണിക്കാൻ എ ബി നായർ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അക്കാലത്ത് കേരളത്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജനയുഗം വാരികയിൽ മറുനാടൻ മലയാളികളെ കുറിച്ച് ഫീച്ചറുകൾ പ്രസിദ്ധീകരിച്ചിരുന്നു. മലയാള പത്രരംഗത്ത് ഒട്ടേറെ പുതുമകൾ അവതരിപ്പിച്ച പ്രഗത്ഭനായ കാമ്പിശ്ശേരി കരുണാകരനായിരുന്നു പത്രാധിപർ.

1957ൽ ആദ്യമായി ഒരു മലയാളി ഫ്രീ പ്രസ് ജേർണലിന്റെ എഡിറ്റായി. ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നുവന്ന എടത്തട്ട നാരായണനായിരുന്നു എഡിറ്റർ. ഏറെ താമസിയാതെ എ ബി നായരുമായി തെറ്റി എടത്തട്ട രാജിവച്ചു. അതിന് ശേഷം ഫ്രീ പ്രസ്സിന്റെ എഡിറ്റർ സ്ഥാനം സ്വയം എ ബി നായർ ഏറ്റടുത്തു. അക്കാലത്ത് ഫ്രീ പ്രസ്സിലുണ്ടായിരുന്ന ടി ജെ എസ് ജോർജിന്റെ വാക്കുകളിൽ 'പത്രാധിപരായ ശേഷം പത്രാധിപരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചയാൾ!'

അക്കാലത്താണ്, പോൾ ആറാമൻ മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുന്നത്. (1964) 200 വർഷത്തിന് ശേഷം യൂറോപ്പിന് വെളിയിൽ മറ്റൊരു രാജ്യം സന്ദർശിക്കുന്ന ആദ്യത്തെ പോപ്പ് ആണെന്നുള്ള ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നായിരുന്നു ഈ സന്ദർശനം. ബോംബെയിലെത്തിയ പോപ്പിനെ ഏതാണ്ട് 3 ലക്ഷമാളുകൾ പങ്കെടുത്ത ചടങ്ങിൽ ബോംബെ ഷെറീഫ് എ ബി നായർ മാലയിട്ട് സ്വീകരിച്ചു. വത്തിക്കാനിലെ ഒരു പോപ്പിനെ സ്വാഗതം ചെയ്ത് മാലയിട്ട ആദ്യ മലയാളി എ ബി നായരായിരിക്കും.

തന്റെ മലയാളി വേരുകൾ പുറത്ത് കാണിക്കാൻ എ ബി നായർ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അക്കാലത്ത് കേരളത്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജനയുഗം വാരികയിൽ മറുനാടൻ മലയാളികളെ കുറിച്ച് ഫീച്ചറുകൾ പ്രസിദ്ധീകരിച്ചിരുന്നു. മലയാള പത്രരംഗത്ത് ഒട്ടേറെ പുതുമകൾ അവതരിപ്പിച്ച പ്രഗത്ഭനായ കാമ്പിശ്ശേരി കരുണാകരനായിരുന്നു പത്രാധിപർ. വഴിയിൽ നടന്ന് പോയവനെ പിടിച്ച് സാഹിത്യകാരനാക്കാനുള്ള പ്രതിഭയുള്ള പത്രാധിപരായിരുന്നു കാമ്പിശ്ശേരി.

ജനയുഗത്തിന്റെ ഒരു ലക്കത്തിൽ മറുനാടൻ മലയാളികളെ കുറിച്ചുള്ള പരമ്പരയിൽ എ ബി നായരെ കുറിച്ച് ഫീച്ചർ വന്നു. എ ബി നായരുടെ ഒരു ആശ്രിതൻ പ്രസ്തുതലേഖനം വായിച്ച് കേൾപ്പിച്ചു (താൻ മലയാളം വായിക്കാറില്ലെന്ന് അടിക്കടി പറയുന്നത് എ ബി നായരുടെ ഒരു ശീലമായിരുന്നു). ലേഖനം വായിച്ച് കേട്ടപ്പോൾ അദ്ദേഹം ക്ഷുഭിതനായി അതിലെ ചില വസ്തുതകൾ തനിക്ക് അപകീർത്തിയുണ്ടാക്കുന്നവയാണെന്നും അതിനാൽ മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണെന്നും ജനയുഗം മാപ്പ് പറയണമെന്നും കാണിച്ച് കാമ്പിശ്ശേരിക്ക് നോട്ടീസ് അയച്ചു. വക്കീൽ ‍നോട്ടീസ് ചോദിച്ച് വാങ്ങുന്ന പത്രാധിപരാണ് കാമ്പിശ്ശരിയെന്ന് എ ബി നായർക്ക് അറിവില്ലായിരുന്നു.

കേരളത്തിന് പുറത്ത് മലയാളികളുടെ ഇടയിൽ ജനയുഗത്തിന് ഒരു കോപ്പി കൂടിയാൽ അത്രയും ഗുണം എന്ന് കാമ്പിശ്ശേേരി കരുതിയിരിക്കുമ്പോഴാണ് ഈ സംഭവം. ഇതുവച്ച് കളിച്ചാൽ മറുനാടൻ മലയാളികളുടെ ഇടയിൽ ജനയുഗത്തിന്റെ പ്രചാരം വർധിക്കുമെന്ന് കാമ്പിശ്ശേരി കണക്കുകൂട്ടി. ജനയുഗത്തിൽ അച്ചടിച്ചത് ലേഖനത്തിന്റെ ആദ്യഭാഗം മാത്രമാണെന്നും അടുത്ത ഭാഗത്തിൽ കുറെ കൂടി സംഭവങ്ങൾ ഉണ്ടെന്നും അതുകൂടി വായിച്ചിട്ട് മതിയായിരുന്നു നോട്ടീസ് എന്ന് കാണിച്ച് കാമ്പിശ്ശേരി എ ബി നായർക്ക് മറുപടി അയച്ചു(എ ബി നായരുടെ സ്വകാര്യജീവിതത്തിലെ അസുഖകരമായ ചില സംഭവങ്ങളെ കുറിച്ചായിരുന്നു സൂചന). അപകടം മനസിലാക്കിയ എ ബി നായർ ആ ചൂണ്ടയിൽ കൊത്തിയില്ല. അതോടെ എ ബ. നായർ നിശബ്ദനായി.

ബാൽ താക്കറെ കാർട്ടൂൺ വര വിട്ട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞപ്പോൾ എഴുപതുകളുടെ ആദ്യത്തിൽ, എ ബി നായർ പത്രപ്രവർത്തനം ഉപേക്ഷിച്ച് ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞു. ബോംബെയിലെ ജുഹുവിലേക്ക് ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്കോൺ സംഘടനയ്ക്ക് അടിത്തറ പാകിയത് എ ബി നായരായിരുന്നു. ജുഹുവിലെ, നായർ വാഡിയിലെ ഇസ്കോൺന്റെ ആരാധനാലയം കെട്ടിപ്പൊക്കിയത് എ ബി നായർ ഇഷ്ടദാനം നൽകിയ ഒരു ലക്ഷത്തിൽ പരം ചതുരശ്രയടി ഭൂമിയിലാണ്. ആദ്യം ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായി, പ്രധാനിയായി മാറിയ എ ബി നായർ ഒടുവിൽ ഇസ്കോൺകാരുമായി തെറ്റിപ്പിരിഞ്ഞു. സാമ്പത്തിക ഇടപാടുകളായിരുന്നു ഇതിന് പിന്നിൽ. കേസ് നടക്കുന്നതിനിടയിൽ,1973 ൽ എ ബി നായർ അന്തരിച്ചു. അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഇസ്കോൺകാരുമായി നടന്നുവന്ന കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

ബോംബെയിലെ ഭാവൻസ് ജേർണൽ എ ബി നായരുടെ ചരമകുറിപ്പിൽ ഇങ്ങനെ എഴുതി: നായരുടെ ചരമദിനത്തിലെ ഹൃദയസ്പർശിയായ ഒരു കാഴ്ചയായിരുന്നു ജുഹുവിലെ സാന്താക്രൂസ് പ്രദേശത്തെ നിരവധി മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. ബോംബെയിലെ ഷെരീഫ് എന്ന നിലയിൽ, അദ്ദേഹം വെറുമൊരു പദവി വഹിക്കുകയായിരുന്നില്ല. വ്യക്തികളെ സന്ദർശിക്കുകയും നഗരത്തിലെ ജനജീവിതത്തിൽ ഇടപെടുകയും നഗര വികസനങ്ങളിൽ സജീവമായ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഇത് വായിച്ച ബാൽ താക്കറെ എങ്ങനെ പ്രതികരിച്ചുവെന്ന് അറിയില്ല!

logo
The Fourth
www.thefourthnews.in