അഗ്നിപഥിൽ കത്തിയ തെരുവുകൾ മുതല്‍ പാർലമെന്റ് അതിക്രമം വരെ; തൊഴിലില്ലായ്മയില്‍ അസ്വസ്ഥമാവുന്ന ഇന്ത്യന്‍ യുവത്വം

അഗ്നിപഥിൽ കത്തിയ തെരുവുകൾ മുതല്‍ പാർലമെന്റ് അതിക്രമം വരെ; തൊഴിലില്ലായ്മയില്‍ അസ്വസ്ഥമാവുന്ന ഇന്ത്യന്‍ യുവത്വം

പാർലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായവകരുടെ ബന്ധുക്കൾ ഒരുപോലെ ചൂണ്ടികാണിക്കുന്ന കാര്യം ഈ യുവാക്കൾ തൊഴിൽ ഇല്ലാത്തതിൽ അസ്വസ്ഥരായിരുന്നു എന്നതാണ്

ഇരുപത്തിയൊന്നാം വയസ്സിൽ ഡല്‍ഹിയിലെ അസംബ്ലി കെട്ടിടത്തിലേക്ക് ബോംബെറിഞ്ഞ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങിന്റെ പേരിലുള്ള സാമൂഹ്യ മാധ്യമ ഗ്രൂപ്പിലാണ് പാർലമെൻറ് അതിക്രമം നടത്തിയ ചെറുപ്പക്കാർ കണ്ടുമുട്ടിയതെന്ന് പോലീസ് പറയുന്നു. 'ജസ്റ്റിഡ് ഫോർ ഭഗത് സിങ്' എന്ന ആ ഗ്രൂപ്പിലേക്ക് ഇവരെത്തിയതെങ്ങനെയെന്നും അവരുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും പോലീസ് അന്വേഷിക്കുകയാണ്. അന്വേഷണം നടക്കട്ടെ, ഉത്തരവും കണ്ടെത്തട്ടെ. 

എന്നാൽ പാർലമെൻറിനകത്ത് കടന്ന് പ്രതിഷേധിക്കാൻ പ്രേരിപ്പിക്കും വിധം എന്തെങ്കിലും രാജ്യത്തെ യുവതയെ അലട്ടുന്നുണ്ടോ എന്ന് കൂടി ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടതുണ്ട്. പിടിയിലായ നീലം എന്ന യുവതി മാധ്യമങ്ങളോട് സംസാരിച്ചതിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിൽ നിങ്ങൾ ആരാണ് എന്ന ചോദ്യത്തിന്  “ ഞങ്ങൾ സാധാരണക്കാരാണ്, തൊഴിലില്ലാത്തവരാണ്. കർഷകരും, കൂലിപ്പണിക്കാരുമാണ് ഞങ്ങളുടെ അച്ഛനമ്മാർ....” എന്നാണ് നീലം ഉത്തരമായി പറഞ്ഞത്.

ഇവർ പിടിയിലായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലും പ്രതിഷേധിച്ചവർ ഹരിയാനയിലെയും കർണാടകത്തിലെയുമൊക്കെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളാണെന്നും സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നവരാണെന്നും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം ബന്ധുക്കൾ ഒരുപോലെ ചൂണ്ടികാണിക്കുന്ന കാര്യം ഈ യുവാക്കൾ തൊഴിൽ ഇല്ലാത്തതിൽ അസ്വസ്ഥരായിരുന്നു എന്നതാണ്.

രാഷ്ട്രസേവനം എന്നതിലുപരിയായി സ്ഥിര നിയമനം, മികച്ച വരുമാനം, പെൻഷൻ തുടങ്ങി ദീർഘകാല ആനുകൂല്യങ്ങൾ കൂടി പ്രതീക്ഷിച്ചാണ് യുവാക്കൾ ആർമി റിക്രൂട്ട്മെൻറിനായി അധ്വാനിക്കുന്നത്. അവിടേക്കാണ് ഇരുട്ടടി പോലെ കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്

സർക്കാർ മേഖലയിൽ നല്ലൊരു തൊഴിലെന്ന അവരുടെ സ്വപ്നം, ജീവിതത്തിലൊരിക്കലും നടക്കില്ലെന്ന കാര്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു സഹസികമായ പ്രതിഷേധമാർഗം അവര്‍ സ്വീകരിച്ചത്. അത് ഒരു തരത്തിലും ന്യായീകരിക്കാൻ ആകുന്നതല്ല. എന്നാൽ രാജ്യത്തെ സാമൂഹിക- സാമ്പത്തിക അവസ്ഥ, അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

ലക്‌നൗ, ഹരിയാന, കര്‍ണാടക എന്നിങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളാണ് കഴിഞ്ഞ ദിവസം ലോക്‌സഭയിലും പാര്‍ലമെന്റ് പരിസരത്തും അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയത്. പക്ഷേ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ സമാനമായിരുന്നു. പിടിയിലായ നാലില്‍ മൂന്ന് പേരും നന്നായി പഠിച്ചിട്ടും കൃത്യമായൊരു വരുമാന മാര്‍ഗം നേടാനാകാത്തവരായിരുന്നു.

എംഎയും എംഫിലും പൂർത്തിയാക്കിയ ശേഷം നെറ്റ് ക്ലിയർ ചെയ്ത് സർക്കാർ സ്കൂളിൽ അധ്യാപികയാവാനുള്ള ശ്രമത്തിലായിരുന്നു ഏറെ നാളായി നീലം ദേവി. എഞ്ചിനീയറിങ് ബിരുദമുള്ള മനോരഞ്ജൻ, അച്ഛനെ കൃഷിയിൽ സഹായിച്ചു വരികയായിരുന്നു.  മൂന്നാമൻ അമോൽ ഷിൻഡേ ആർമി റിക്രൂട്ട്മെൻറിൽ പുറത്തായ ആളാണ്. നാലാമൻ സാഗർ ശർമ ഇ-റിക്ഷ ഓടിക്കുകയാണ്. 

അഗ്നിപഥിൽ കത്തിയ തെരുവുകൾ മുതല്‍ പാർലമെന്റ് അതിക്രമം വരെ; തൊഴിലില്ലായ്മയില്‍ അസ്വസ്ഥമാവുന്ന ഇന്ത്യന്‍ യുവത്വം
രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു; എട്ട് വര്‍ഷത്തിനിടെ നിയമന ഉത്തരവ് ലഭിച്ചത് 0.33% പേര്‍ക്ക്

ഇല്ലാത്ത പണം മുടക്കിയാണ് മകളെ പഠിപ്പിച്ചതെന്നും, ഇത്രയും പഠിച്ചിട്ടും ജോലി കിട്ടാത്തതിൽ മകൾ വലിയ നിരാശയിലായിരുന്നെന്നും നീലത്തിൻറെ അമ്മ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തൊഴിലില്ലായ്മ മാത്രമാണോ ഇവരെ പാർലമെൻറിലിങ്ങനെയൊരു പ്രതിഷേധം സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും എങ്ങുമെത്താതെ പോകുന്നതില്‍ നീലത്തെ പോലെ രാജ്യത്തെ യുവാക്കൾക്കിടയിൽ പലർക്കും കടുത്ത നിരാശയുണ്ട് എന്ന കാര്യത്തിൽ വ്യക്തതക്കുറവൊന്നുമില്ല.

നീലം ദേവി
നീലം ദേവി

അഗ്നിപഥിൽ കത്തിയ തെരുവുകൾ ഓർമ്മയില്ലേ!

പാർലമെൻറിൽ പ്രതിഷേധിച്ച അമോൽ ഷിൻഡെയെപ്പോലെ ലക്ഷക്കണക്കിന് യുവാക്കളാണ് ജവാൻ ആവുക എന്ന സ്വപ്നവുമായി ആർമി റിക്രൂട്ട്മെൻറിനായി തയ്യാറെടുക്കുന്നത്. രാഷ്ട്രസേവനം എന്നതിലുപരിയായി സ്ഥിര നിയമനം, മികച്ച വരുമാനം, പെൻഷൻ തുടങ്ങി ദീർഘകാല ആനുകൂല്യങ്ങൾ കൂടി പ്രതീക്ഷിച്ചാണ് യുവാക്കൾ ആർമി റിക്രൂട്ട്മെൻറിനായി അധ്വാനിക്കുന്നത്. അവിടേക്കാണ് ഇരുട്ടടി പോലെ കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന ആശങ്കയിൽ അന്ന് രാജസ്ഥാൻ, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ തെരുവിലിറങ്ങി. ട്രെയിനും ബസ്സുമടക്കം വ്യാപകമായി പൊതുമുതൽ നശിപ്പിച്ചു.

അഗ്നിപഥിനെതിരായ പ്രതിഷേധം
അഗ്നിപഥിനെതിരായ പ്രതിഷേധം

ബിഹാറിൽ മാത്രമന്ന് 900 പേരെയാണ് അറസ്റ്റ് ചെയ്തത്. 161 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. അന്നാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ ഏറ്റവും പ്രത്യക്ഷമായ സമീപകാല ചിത്രം ജനം കണ്ടത്.  ആർമി സെലക്ഷന് വേണ്ടി പരിശീലനം നൽകിയിരുന്ന സ്ഥാപനങ്ങളും യൂട്യൂബ് ചാനലുകളും വഴി ഒന്നിച്ചെത്തിയ ചെറുപ്പക്കാർ രോഷാകുലരായി തെരുവിലിറങ്ങുകയായിരുന്നു.

ആർആർബി പരീക്ഷാക്കാലത്തും പ്രതിഷേധം

അഗ്നിപഥ് പ്രതിഷേധങ്ങൾക്ക് മുന്‍പ് തന്നെ തൊഴിലിന്വേഷിക്കുന്ന ചെറുപ്പക്കാർ അസ്വസ്ഥരാകുന്നതും തെരുവിലിറങ്ങുന്നതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അത്തരമൊരു വലിയ പ്രതിഷേധമുണ്ടായി. കഴിഞ്ഞ വർഷം ജനുവരിയിൽ ബിഹാറിൽ ഉദ്യോഗാർഥികൾ ട്രെയിനുകൾക്ക് തീ വയ്ക്കുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. റിക്രൂട്ട്മെൻറിനായി നടത്തുന്ന പരീക്ഷയുടെ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റത്തിനെ തുടർന്ന് താഴ്ന്ന റാങ്കുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്നതായിരുന്നു പരാതി. 

വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ ലഭിക്കാതെ അസ്വസ്ഥരായിരിക്കുന്ന യുവത ഒരു രാജ്യത്തിൻറെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് പല തരത്തിൽ പ്രതികൂല സാഹചര്യമാണ്

ഇന്ത്യയിലെ തൊഴിലില്ലായ്മ 

 നിലവിൽ 7.95 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. നഗരങ്ങളിൽ 15 വയസ്സിന് മുകളിലുള്ളവരിൽ 6.6 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ വർഷമിത് 7.6 ശതമാനമായിരുന്നു. ഒരു വർഷത്തിനിടയ്ക്ക് തൊഴിലില്ലായ്മ നിരക്കിൽ വന്ന വ്യത്യാസം ഒരു ശതമാനമാണെന്നർത്ഥം. എന്നാൽ കമ്മീഷൻ ഓൺ എംപ്ലോയ്മെൻറ് ആൻറ് അൺഎംപ്ലോയ്മെൻറ് എന്ന പേരിൽ രൂപീകരിച്ച കമ്മീഷൻറെ ഭാഗമായി ജെഎൻയുവിലെ അധ്യാപകനും ഇക്കണോമിസ്റ്റുമായ പ്രൊഫ. അരുൺ കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഈ കണക്കുകളിലും പ്രശ്നങ്ങളുള്ളതായി ചൂണ്ടികാണിച്ചിട്ടുണ്ട്.

റിപ്പോർട്ടിൽ പറയുന്ന ചില പ്രധാന കാര്യങ്ങളിതാണ്.

  • 15 മുതൽ 29 വയസ്സ് വരെയുള്ള ചെറുപ്പക്കാരാണ് രാജ്യത്ത് തൊഴിലിനായി അലയുന്നത്

  • വിദ്യാഭ്യാസം കൂടുന്തോറും ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും കൂടുന്നു. ഇത് സ്ത്രീകളിലാണ് കൂടുതലായും തടസ്സമാകുന്നത്.

  • പഠിച്ച വിഷയത്തിന് ചേരുന്ന ജോലി കിട്ടത്തവരാണ് വലിയൊരു വിഭാഗം.

അഗ്നിപഥിൽ കത്തിയ തെരുവുകൾ മുതല്‍ പാർലമെന്റ് അതിക്രമം വരെ; തൊഴിലില്ലായ്മയില്‍ അസ്വസ്ഥമാവുന്ന ഇന്ത്യന്‍ യുവത്വം
രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു; ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്

ഇതിനെല്ലാമുപരി രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ചുള്ള വിവരങ്ങൾ അപൂർണ്ണമാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. വർഷത്തിൻറെ പകുതിയോ, മാസത്തിലൊരാഴ്ച്ചയോ ജോലി ചെയ്യുന്നവരെ പോലും തൊഴിൽ ചെയ്യുന്നവരുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തുന്നത്. 1990 ൽ 58.3 ആയിരുന്ന തൊഴിൽ പങ്കാളിത്ത നിരക്ക് 2021 ആയപ്പോഴേക്കും 45.6 ആയി കുറഞ്ഞു. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഈ കണക്ക് കുറവാണ്. അസംഘടിത മേഖലയിൽ മാത്രമല്ല സംഘടിത മേഖലയിലും ആവശ്യത്തിന് ജീവനക്കാരില്ല. മുന്‍പ് ജനസംഖ്യയുടെ 3.32 ശതമാനമായിരുന്നു സംഘടിത മേഖലയിലെ തൊഴിലാളികളുടെ എണ്ണമെങ്കിൽ 2021 ആയപ്പോഴേക്കും അത് 2.47 ശതമാനമായി കുറഞ്ഞു.

അതായത് യുവാക്കൾ സർക്കാർ ജോലിക്കായി വർഷങ്ങൾ ചെലവഴിച്ച് പരിശീലിക്കുമ്പോഴും പോലീസ്, ടാക്സ്, നിയമം തുടങ്ങിയ നമ്മുടെ വകുപ്പുകളിലെല്ലാം കസേരകൾ ഒഴിഞ്ഞു കിടക്കുകയാണ്. വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ ലഭിക്കാതെ അസ്വസ്ഥരായിരിക്കുന്ന യുവത ഒരു രാജ്യത്തിൻറെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് പല തരത്തിൽ പ്രതികൂല സാഹചര്യമാണ്. പ്രശ്നങ്ങളുടെ വേരിൽ തൊടാതെയുള്ള ഏത് ചികിത്സയും വെറും പ്രഹസനങ്ങൾ മാത്രമായി അവശേഷിക്കും.

logo
The Fourth
www.thefourthnews.in