ഇന്ത്യൻ ഫെമിനിസത്തിൻ്റെ പ്രധാന ചിന്തകൻ കൂടിയാണ് ഡോ. അംബേദ്ക്കർ

ഇന്ത്യൻ ഫെമിനിസത്തിൻ്റെ പ്രധാന ചിന്തകൻ കൂടിയാണ് ഡോ. അംബേദ്ക്കർ

അംബേദ്ക്കറുടെ രചനകൾ എങ്ങനെ ദളിത് ഫെമിനിസ്റ്റ് തന്നെ രൂപപ്പെടുത്തിയെന്ന് എഴുതുകയാണ് രേഖാരാജ്

എന്റെ വീട് ഒരു ഇടതുപക്ഷ കുടുംബമായിരുന്നു. ജാതിവിരുദ്ധ സമരങ്ങളുമെല്ലാം ഉണ്ടായിരുന്ന ഒരു വീടായിരുന്നു. എനിക്ക് കുറച്ച് പ്രായമായതിന് ശേഷമാണ് അംബേദ്കര്‍ എന്ന വാക്ക്, അങ്ങനെയൊരാളെക്കുറിച്ച് കേള്‍ക്കുന്നത്. എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സമര കാലത്ത് തന്നെ അംബേദേകറെ വായിച്ച് കേരളം മുഴുവന്‍ അംബേദ്കറിസം പറഞ്ഞുനടന്നിരുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ സംബന്ധിച്ച് കേരളത്തിലെ പലരും പരിചയപ്പെടുന്നതിന് മുമ്പ് വീട്ടില്‍ അംബേദ്കര്‍ സുപരിചിതമായിരുന്നു.

അദ്ദേഹത്തിന്റെ എഴുത്തുകളോ എഴുത്തുകളിലെ സാധനങ്ങളോ അച്ഛനും സുഹത്തുക്കളും കൊച്ചച്ഛനും സുഹൃത്തുക്കളുമെല്ലാം വീടിനകത്ത് ചര്‍ച്ച ചെയ്യുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. പക്ഷേ അപ്പോഴും ഞാന്‍ അംബേദ്കറെ വായിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ അംബേദ്കര്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ഒരു ധാരണയുണ്ടായിരുന്നു. പഠിക്കുക, പോരാടുക പോലെ അംബേദ്കറെ ക്വാട്ട് ചെയ്യുമ്പോള്‍ സ്ഥിരമായി പറയുന്ന ചില വാചകങ്ങള്‍ ഒക്കെ അന്നുതന്നെ കേട്ടിട്ടുണ്ട്. നിങ്ങള്‍ എത്രത്തോളം അടിമയാണെന്ന് ഒരു അടിമയോട് പറയുകയും അതോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്ന് ആഹ്വാനം ചെയ്യുന്നതും, കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തിട്ടുള്ള സംഗതിയെ സാർത്ഥവാഹകസംഘം പുറകോട്ട് നയിക്കരുത് ഇങ്ങനെയൊക്കെയുള്ള സംഗതികളെല്ലാം വീട്ടില്‍ പലരും പറയുന്നത് കേട്ടായിരുന്നു ഞാന്‍ വളര്‍ന്നത്.

ദൈവ വിമര്‍ശനവും മത വിമര്‍ശനവുമൊക്കെ വീടിന്റെ ഉള്ളില്‍ മുമ്പേതന്നെ ഉണ്ടായിരുന്നതുകൊണ്ട് അംബേദ്കറെ വായിക്കുമ്പോള്‍ ഭയങ്കര പുതുമയായിട്ടല്ല തോന്നുന്നത് എങ്കിലും ബൗദ്ധികത എന്ന നിലയില്‍ പ്രധാനപ്പെട്ട ഒന്നായി തോന്നിയിരുന്നു

സജാതീയ വിവാഹത്തിലൂടെയാണ് ജാതീയത നില്‍ക്കുന്നതെന്നും സജാതീയ വിവാഹം യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിക്കുകയും താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളെ വയലന്‍സിന് ഇരയാക്കുകയും ചെയ്യുകയാണെന്ന പില്‍ക്കാലത്തെ ദളിത് സ്ത്രീകളുടെ വാദത്തിന് വലിയ നാന്ദി കുറിച്ച ആശയമാണ് എന്‍ഡോഗമിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം.


എന്നെ സംബന്ധിച്ചിടത്തോളം അംബേദ്കര്‍ ഏറ്റവും പ്രിയങ്കരനായിരിക്കുന്നത് അദ്ദേഹം കംപാഷന്റേതായ, മൈത്രിയുടെ രാഷ്ട്രീയം പറഞ്ഞൊരാള്‍ എന്ന നിലയ്ക്ക് കൂടിയാണ്. രാഷ്ട്രീയമെന്നത് തന്നെ വളരെ ആണ്‍ കേന്ദ്രീകൃതവും വയലന്‍സും നിറഞ്ഞ സംഗതിയായിരിക്കുമ്പോള്‍ മനുഷ്യ വിഭാഗങ്ങള്‍ക്കിടയില്‍, വിവിധ സമൂഹങ്ങള്‍ക്കിടയില്‍ മൈത്രി എന്ന് പറയുന്നത് ഇന്ത്യയുടെ രാഷ്ട്ര നിര്‍മ്മാണത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. അതിനൊക്കെ ഉപരിയായിട്ട്, അദ്ദേഹത്തിന്റെ എന്‍ഡോഗമിയെക്കുറിച്ചുള്ള നിരീക്ഷണമുണ്ട്. സജാതീയ വിവാഹത്തിലൂടെയാണ് ജാതീയത നില്‍ക്കുന്നതെന്നും സജാതീയ വിവാഹം യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിക്കുകയും താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളെ വയലന്‍സിന് ഇരയാക്കുകയും ചെയ്യുകയാണെന്ന പില്‍ക്കാലത്തെ ദളിത് സ്ത്രീകളുടെ വാദത്തിന് വലിയ നാന്ദി കുറിച്ച ആശയമാണ് എന്‍ഡോഗമിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം.

വളരെ ചെറുപ്പത്തില്‍. എട്ടിലോ ഒമ്പതിലോ ഒക്കെ പഠിക്കുമ്പോഴായിരിക്കും അംബേദ്കറുടെ സമ്പൂര്‍ണകൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുന്നത്. അതിന് മുമ്പ് വീട്ടില്‍ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പുസ്തകം വായിക്കാന്‍ വലിയ സന്തോഷമൊന്നുമില്ലല്ലോ. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, പത്തോളം വോള്യം ആണ് ഒറ്റയടിക്ക് വീട്ടിലേക്ക് വാങ്ങിക്കൊണ്ട് വരുന്നത്. ആ അവധിക്കാലത്ത് കുത്തിയിരുന്ന് ആ പുസ്തകങ്ങളെല്ലാം വായിച്ചു. എല്ലാമൊന്നും മനസ്സിലായില്ലെങ്കിലും 'റിഡില്‍സ് ഓഫ് രാമ ആന്‍ഡ് കൃഷ്ണ', അതുപോലെ ശൂദ്രര്‍ ആരായിരുന്നു എന്ന പുസ്തകം അങ്ങനെയുള്ള പുസ്തകങ്ങളെല്ലാം ആ സമയത്താണ് വായിക്കുന്നത്.

പിന്നെ വളരെ വലുതായതിന് ശേഷമാണ് അംബേദ്കറുടെ പുസ്തകങ്ങള്‍ വായിച്ചുനോക്കിയത്. അപ്പോള്‍ വലിയ അത്ഭുതമായിരുന്നു. എന്റെ വീടിന്റെ അവസ്ഥ തന്നെ, മഹാഭാരത് രാമായണം ഒക്കെ ക്രിട്ടിക്കല്‍ ആയി സമീപിക്കുന്ന രീതിയായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. രാമനെയും കൃഷ്ണനേയും വിമര്‍ശിക്കും, യേശുക്രിസ്തു മാത്രമേ കൊള്ളാവുന്ന ഒരാളായിട്ടുണ്ടായിരുന്നുള്ളൂ എന്ന് പറയുന്നയാളായിരുന്നു അമ്മ. ദൈവ വിമര്‍ശനവും മത വിമര്‍ശനവുമൊക്കെ വീടിന്റെ ഉള്ളില്‍ മുമ്പേതന്നെ ഉണ്ടായിരുന്നതുകൊണ്ട് അംബേദ്കറെ വായിക്കുമ്പോള്‍ ഭയങ്കര പുതുമയായിട്ടല്ല തോന്നുന്നത് എങ്കിലും ബൗദ്ധികത എന്ന നിലയില്‍ പ്രധാനപ്പെട്ട ഒന്നായി തോന്നിയിരുന്നു.

അംബേദ്കറെ വായിച്ചതിന് ശേഷം ഇന്ത്യയില്‍ എല്ലായിടത്തും വലിയ ദളിത് രാഷ്ട്രീയ തരംഗം ഉണ്ടാവുകയും അംബേദ്കറിന്റെ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നത്. ആദ്യം അംബേദ്കറെ ബൗദ്ധിക സാന്നിധ്യമായിട്ടൊക്കെ കാണുമ്പോള്‍ പിന്നീട് അംബേദ്കറിന്റെ രാഷ്ട്രീയ സാധ്യതയും വൈകാരിക സാധ്യതയുമൊക്കെ മനസ്സിലാക്കുന്നത് വളരെ വലുതായതിന് ശേഷമാണ്.

ദളിത് സ്ത്രീകളുടെ വാദത്തിന് വലിയ നാന്ദി കുറിച്ച ആശയമാണ് എന്‍ഡോഗമിയെക്കുറിച്ചുള്ള അംബേദ്ക്കറുടെ നിരീക്ഷണം.


ഒരു ദളിത് ഫെമിനിസ്റ്റ് എന്ന നിലയില്‍ എന്നെ അംബേദ്കര്‍ സ്വാധീനിക്കുന്നത് മറ്റൊരുതരത്തില്‍ കൂടിയാണ്. ജാതിയെക്കുറിച്ച് പഠിക്കുമ്പോള്‍ തന്നെ ജാതി എത്രത്തോളം ജെന്‍ഡേര്‍ഡ് ആണെന്ന് അദ്ദേഹം പഠിക്കാന്‍ ശ്രമിച്ചു. ജാതിവ്യവസ്ഥയ്ക്കകത്ത് സ്ത്രീകളും ദളിതരുമൊക്കെ എങ്ങനെയാണ് വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതെന്ന് പറയാനും അതിനെ അനലൈസ് ചെയ്യാനും ശ്രമിച്ചു. ഹിന്ദുമതം എത്രത്തോളം മനുഷ്യത്വ ഹീനമാണ് എന്നുള്ളത് പറയാന്‍ ശ്രമിക്കുകയും അതിനകത്ത് തുല്യത എന്ന സാധ്യത ഇല്ലെന്നും, പ്രത്യേകിച്ച് ഹിന്ദുമതത്തിലെ സ്ത്രീകളുടെ അവസ്ഥ എന്ന് പറയുന്നത് പരിതാപകരമാണ് എന്നും പറയാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

ആ നിലയില്‍ ഇന്ത്യന്‍ ഫെമിനിസത്തിന്റെ പ്രധാനപ്പെട്ട ചിന്തകന്മാരില്‍ ഒരാളായിട്ടാണ് ഞാന്‍ അംബേദ്കറെ കാണുന്നത്. ഇന്ത്യന്‍ കോണ്ടക്‌സ്റ്റില്‍ ജന്‍ഡറിനെ വിശദീകരിക്കാനായിട്ട് അംബേദ്കര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനെ മുമ്പോട്ട് കൊണ്ടുപോവാനായിട്ട് ഇന്ത്യയിലഎ ആന്റിബ്രാഹ്‌മിണ്‍, ബഹുജന്‍ ദളിത് ഫെമിനിസ്റ്റുകള്‍ക്ക് സാധിക്കുന്നുമുണ്ട്. അതുകൊണ്ടാണ് അംബേദ്കര്‍ എനിക്ക് പ്രിയങ്കരനായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in