മാപ്രകൾക്ക് വേണ്ടി ഒരു സത്യവാങ്മൂലം

മാപ്രകൾക്ക് വേണ്ടി ഒരു സത്യവാങ്മൂലം

വിദ്യയുടെ അറസ്റ്റ് കേവലം ഒരു വ്യാജ രേഖ കേസിലെ പ്രതിയുടെ അറസ്റ്റല്ല, നമ്മുടെ വിദ്യാഭ്യാസ മേഖലയെ ദുഷിപ്പിക്കാൻ ശ്രമിക്കുന്ന ശക്തമായ ആവാസ വ്യവസ്ഥയുടെ പാളിപ്പോയ ഓപ്പറേഷന്റെ പരിണിത ഫലമാണ്

2013 നവംബറിൽ എഴുത്തുകാരനും പത്രാധിപരുമായ തരുൺ തേജ്‍പാലിനെതിരെ സഹപ്രവർത്തക ലൈംഗികപീഡന പരാതി നൽകിയപ്പോൾ ഇന്ത്യയിലെ മുൻനിര ഇംഗ്ലീഷ് പത്രങ്ങളായ ദി ഇന്ത്യൻ എക്‌സ്പ്രസും ദ ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും അത് ഒന്നാം പേജിലെ ഏറ്റവും പ്രധാന വാർത്തയാക്കിയിരുന്നു. ഒരു മാധ്യമസ്ഥാപനത്തിലെ അച്ചടക്ക സമിതിയും ലൈംഗികപീഡന പരാതി പരിഹാര സമിതിയും കൈകാര്യം ചെയ്ത് തീർപ്പാക്കേണ്ട വിഷയം എന്തുകൊണ്ടാണ് ഒരു പ്രമുഖ പത്രത്തിന്റെ ദേശീയതല ലീഡ് വാർത്ത ആകുന്നത്?

ആനുപാതിക പ്രാധാന്യം എന്ന വാർത്താവിന്യാസ മൂല്യത്തെ തീർത്തും അവഗണിച്ചുകൊണ്ട് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ച ദിവസം ആ വാർത്തയ്ക്ക് നൽകിയ അതേ പ്രാധാന്യം ഈ വാർത്തയ്ക്കും നല്കാൻ പത്രാധിപ സമിതികളെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും?

ഒരു പത്രം അല്ലെങ്കിൽ വാർത്താ മാധ്യമം നിർവഹിക്കേണ്ട നിരവധി ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നതാണ് സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാവുകയെന്നത്. ന്യൂസ് റൂമുകൾ ഉൾപ്പെടെയുള്ള ശ്രേണിബദ്ധിതവും പുരുഷ മേധാവിത്വപരവുമായ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ തുല്യ അവകാശവും സുരക്ഷിതത്വവും ഉറപ്പുനൽകുന്നതിന് വേണ്ട ഇടപെടൽ നടത്തേണ്ടത് മാധ്യമധർമമായി തിരിച്ചറിഞ്ഞ പത്രാധിപന്മാർ സ്വന്തം മേഖലയിൽ തന്നെ ഉയർന്നുവന്ന അത്തരം ഒരു പരാതി തന്നെ ആയുധമാക്കി ആ കർത്തവ്യം നിർവഹിക്കാൻ സംശയലേശമെന്യേ തീരുമാനിക്കുകയായിരുന്നു.

ആ വർഷം ഏപ്രിലിലാണ് പോഷ് ആക്ട് നിലവിൽ വരുന്നത്. ഈ വാർത്തയും തുടർന്നുണ്ടായ മീ ടൂ മൂവ്മെന്റിലെ വാർത്തകളും ഇന്ത്യയിലെ മാധ്യമങ്ങൾ പ്രധാന വാർത്തകളായി ക്യാംപയിൻ മോഡിൽ തന്നെ നൽകിയിരുന്നത് ഓർക്കണം. മീ ടൂ പരാതികളിൽ പലപ്പോഴും എഫ് ഐ ആർ പോലുമില്ലാതിരുന്നിട്ടും വാർത്തകൾ പ്രാധാന്യത്തോടെ നൽകാൻ പത്രാധിപന്മാർക്ക് മുട്ടുവിറച്ചില്ലെന്നത് ‘മാറ്റത്തിന്റെ ഉൽപ്രേരകമാകുക’ എന്ന കർത്തവ്യത്തെപ്പറ്റിയുള്ള ഉറച്ചബോധ്യം അവർക്കുണ്ടായിരുന്നതുകൊണ്ടാണ്.

വാർത്തയാണെങ്കിലും ‘ഒരു പാവം പെൺകുട്ടി’ അവളുടെ ‘പൊട്ട ബുദ്ധിയിൽ’ ചെയ്‌തു പോയ ഒരു ചെറിയ കൈക്കുറ്റപ്പാട് എങ്ങനെയാണ് ലക്ഷക്കണക്കിന് പ്രചാരമുള്ള പത്രങ്ങൾ ഒന്നാം പേജിലെ മുഖ്യവാർത്തയാക്കുന്നത് എന്നാണ് ചോദ്യം

എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഒരു കോളേജിൽ അധ്യാപന ജോലി നേടുകയും മറ്റൊരു കോളേജിൽ ജോലിക്കായി ശ്രമിക്കുകയും ചെയ്തതും തുടർന്നുണ്ടായ ക്രിമിനൽ കേസും വാർത്തകളിൽ നിറഞ്ഞിരിക്കുന്ന കാലമാണ്. രണ്ടാഴ്ച ഒളിവിൽ കഴിഞ്ഞ വിദ്യയെ പോലീസ് പിടികൂടിയ വാർത്ത മലയാളത്തിലെ മാധ്യമങ്ങൾ പ്രധാന വാർത്തയാക്കിയതാണ് ആസ്ഥാന മാധ്യമവിമർശകരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം.

വാർത്തയാണെങ്കിലും ‘ഒരു പാവം പെൺകുട്ടി’ അവളുടെ ‘പൊട്ട ബുദ്ധിയിൽ’ ചെയ്‌തു പോയ ഒരു ചെറിയ കൈക്കുറ്റപ്പാട് എങ്ങനെയാണ് ലക്ഷക്കണക്കിന് പ്രചാരമുള്ള പത്രങ്ങൾ ഒന്നാം പേജിലെ മുഖ്യവാർത്തയാക്കുന്നതെന്നാണ് ചോദ്യം? അനുപാത വിന്യാസം എന്ന പത്രപ്രവർത്തന പാഠം അറിയാത്ത പുതിയ തലമുറയിലെ എഡിറ്റർമാരെ ചൊല്ലിയുമുണ്ട് ദീനരോദനം.

വിദ്യയുടെ അറസ്റ്റും അവർ ചെയ്ത കുറ്റകൃത്യവും ഒരു സ്റ്റാൻഡ് അലോൺ ക്രൈം ആയല്ലാതെ അതിന്റെ സമഗ്രതയിൽ കാണാൻ കഴിയാത്തതിനാലാണ് (അല്ലെങ്കിൽ കാണാൻ ശ്രമിക്കാത്തതിനാലാണ്) ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. വിദ്യയുടെ വാർത്തയ്ക്ക് തൊട്ടുമുൻപ് വന്ന വാർത്ത കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ജയിച്ച സ്ഥാനാർത്ഥിയെ വെട്ടിമാറ്റി എസ്എഫ്ഐ പ്രാദേശിക നേതാവിനെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാക്കിയ വാർത്തയാണ്. തൊട്ടുപിന്നാലെ, കായംകുളത്ത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി എംകോം പ്രവേശനം നേടിയ നിഖിൽ തോമസിന്റെ വാർത്തയും വന്നു.

കാട്ടാക്കടയിൽ പേരിന് തിരുത്തൽ നടപടി ഉണ്ടായെങ്കിലും നിഖിലിനെ സംരക്ഷിക്കാനാണ് അവസാന നിമിഷം വരെ എസ്എഫ്ഐ നേതൃത്വം ശ്രമിച്ചത്. ഭരണകക്ഷി അനുകൂല സംഘടനകൾ നിയന്ത്രിക്കുന്ന എം ജി സർവകലാശാല ആസ്ഥാനത്തുനിന്ന് 164 ഡിഗ്രി സർട്ടിഫിക്കറ്റുകൾ കാണാതായതാണ് ഏറ്റവും പുതിയ വാർത്ത.

വിദ്യ വെറുമൊരു കുട്ടിയല്ലയെന്നും എസ്എഫ്ഐയിൽ നിർണായക റോളുകൾ വഹിച്ച ആളാണെന്നും അതിന്റെയൊക്കെ തിണ്ണമിടുക്കിലാണ് അവരീ തട്ടിപ്പുവിദ്യയ്ക്ക് ഇറങ്ങിയതെന്നുമാണ് വസ്തുത

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കാൻ പറ്റുന്ന വിധമുള്ള ഒരു ദുഷിച്ച ആവാസവ്യവസ്ഥ ഭരണകക്ഷി അനുകൂല വിദ്യാർത്ഥി, അധ്യാപക, അനധ്യാപക സംഘടനകളും സിൻഡിക്കറ്റുകളും ചേർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം സൃഷ്ടിച്ചുകഴിഞ്ഞുവെന്നത് പരസ്യമായ രഹസ്യമാണ്. വിദ്യയും നിഖിലും ആദ്യമായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന വിദ്യാർഥികൾ ആവില്ല. വ്യാജൻ വഴി ജോലിയും ഉപരിപഠനവും നേടാനായി ശ്രമിച്ച നിരവധി പേരിൽ പിടിക്കപ്പെട്ട രണ്ടുപേരാവാനാണ് കൂടുതൽ സാധ്യത.

വിദ്യ വെറുമൊരു കുട്ടിയല്ലയെന്നും എസ്എഫ്ഐയിൽ നിർണായക റോളുകൾ വഹിച്ച ആളാണെന്നും അതിന്റെയൊക്കെ തിണ്ണമിടുക്കിലാണ് അവരീ തട്ടിപ്പുവിദ്യയ്ക്ക് ഇറങ്ങിയതെന്നുമാണ് വസ്തുത. വിദ്യയുടെ ഗവേഷകപ്രവേശനം സംസ്‌കൃത സർവകലാശാലയിൽ അന്നത്തെ വൈസ് ചാൻസലർ കൂടെ ഉൾപ്പെടുന്ന ഒരു സംവരണ അട്ടിമറിയിലൂടെയാണ് സാധ്യമായതെന്ന വാർത്ത ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

വിദ്യയുടെ അറസ്റ്റ് അതുകൊണ്ട് തന്നെ കേവലം ഒരു വ്യാജരേഖ കേസിലെ പ്രതിയുടെ അറസ്റ്റല്ല, നമ്മുടെ വിദ്യാഭ്യാസമേഖലയെ ദുഷിപ്പിക്കാൻ ശ്രമിക്കുന്ന അതിശക്തമായ ആവാസവ്യവസ്ഥയുടെ പാളിപ്പോയ ഓപ്പറേഷന്റെ പരിണിത ഫലമാണ്. അത് തന്നെയാണ് ആ വാർത്തയുടെ പ്രാധാന്യം. കേരളത്തിലെ സർവകലാശാലകളെ ഭരണാനുകൂല സംഘടനകളുടെ ഭീഷണി ഭരണത്തിൽനിന്ന് മോചിപ്പിച്ച് സാമർഥ്യവും സാമൂഹികനീതിയും മാനദണ്ഡങ്ങളായ പുതിയ ഭരണക്രമത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളുടെ നാന്ദിയായാണ് ഈ അറസ്റ്റിനെ കാണേണ്ടത്. അങ്ങനെ ആവുമ്പോൾ, ഇത് ലീഡ് അല്ലാതെ മറ്റ് ഏതൊരു സ്ലോട്ടിലാണ് പ്രതിഷ്ഠിക്കുക?

അതേസമയം തന്നെ, അടുത്ത ദിവസങ്ങളിൽ വിദ്യയുടെ ഒളിവിടം പിന്തുടർന്ന് നടത്തിയ റിപ്പോർട്ടിങ്ങും സെക്സിസം നിഴലിച്ച ബ്രേക്കിങ് വാർത്തകളും ഒട്ടും അനുകരണീയമായ മാതൃകയല്ലെന്ന് ഉറപ്പിച്ച് പറയാം. ആ രീതി, മാധ്യമങ്ങൾ മറിയം റഷീദ മുതൽ സരിതയും സ്വപ്നയും വരെയുള്ള പ്രതികൾക്ക് നേരെ പരീക്ഷിച്ചതാണ്. വാർത്തകൾക്കുമേലുള്ള വൃത്തികെട്ട ആൺനോട്ടം കൂടുതൽ വായനക്കാരെയോ പ്രേക്ഷകരെയോ ആകർഷിച്ചേക്കാം; പക്ഷേ അത് ജേണലിസം പാഠങ്ങൾക്കും ലിംഗനീതി പാഠങ്ങൾക്കും തീർത്തും വിരുദ്ധമാണ്.

അനുപാതമെന്നത് വാർത്തകളുടെ കാര്യത്തിൽ പൊതുവേ പിന്തുടരേണ്ട മാനകം തന്നെയാണെന്നും സെൻസേഷന്റെ പിന്നാലെയുള്ള അന്തംവിട്ട പാച്ചിൽ ശരിയല്ലെന്നും തന്നെയാണ് ചെറിയകാലത്തെ മാധ്യമപ്രവർത്തന പരിചയം വച്ച് സ്വയം വിമർശനപരമായി എനിക്കും പറയാനുള്ളത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ മറ്റെല്ലാ ദേശീയ, പ്രാദേശിക മാധ്യമങ്ങളെ പോലെ മലയാള മാധ്യമങ്ങളും ബഹുദൂരം പിന്നിലാണെന്നത് വസ്തുതയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം കേന്ദ്രം മുഖ്യ വികസന അജൻഡയാക്കി മുന്നോട്ടുപോകുമ്പോൾ, ജയ്ശ്രീറാം വിളികളോടെ ഇന്ത്യൻ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോൾ, ബിൽക്കീസ് ബാനു കേസിലെ പ്രതികൾ മാലയിട്ട് സ്വീകരിക്കപ്പെടുമ്പോൾ, കർഷകർ സമരം ചെയ്യുമ്പോൾ, മീഡിയ വൺ സംപ്രേഷണ വിലക്ക് നേരിട്ടപ്പോൾ, ഗുജറാത്ത് കലാപവും മോദി വിമർശനവും പ്രമേയമായതിന്റെ പേരിൽ ബിബിസിക്കുനേരെ കേന്ദ്രം കണ്ണുരുട്ടിയപ്പോൾ, ഗോധ്ര കലാപക്കേസ് പ്രതികൾ കുറ്റവിമുക്തരാക്കപ്പെടുമ്പോൾ, ബീഫിന്റെ പേരിൽ മുസ്ലീം സഹോദരങ്ങൾ കൊല്ലപ്പെടുമ്പോൾ, വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ യോഗി സർക്കാർ പിടിച്ച് ജയിലിലിട്ടപ്പോൾ, സ്റ്റാൻ സ്വാമി തടവറയിൽ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് ഭരണകൂട ഭീകരതയ്ക്കിരയായി കൊല്ലപ്പെടുമ്പോൾ, മതരാഷ്ട്ര രൂപീകരണമെന്ന അജൻഡയുമായി ആർഎസ്എസ് മുന്നോട്ടുപോകുമ്പോൾ, പാഠപുസ്തകങ്ങളിൽ പോലും അത് പ്രതിഫലിക്കപ്പെടുമ്പോൾ, ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്തുമാറ്റുമ്പോൾ, മുസ്ലീങ്ങളെ അന്യവത്കരിച്ച് രാജ്യത്ത് പൗരത്വനിയമ ഭേദഗതി കൊണ്ടുവരുമ്പോൾ, നോട്ടുനിരോധനത്തിന്റെ കെടുതികളിൽ രാജ്യം വലയുമ്പോൾ, കോവിഡ് പിടിച്ച് ഇന്ത്യൻ നഗരങ്ങൾ ശ്വാസം മുട്ടുമ്പോൾ, കോവിഡ് ഡേറ്റ ചോർന്ന് രാജ്യം നാണംകെട്ട് നിൽക്കുമ്പോൾ, സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റിൽ ഇന്ത്യൻ പ്രധാനമന്ത്രി ചെങ്കോലേന്തുമ്പോൾ, രാഹുൽ ഗാന്ധി രാജ്യം മുഴുവൻ നടന്ന് വിയർക്കുമ്പോൾ, രാജ്യത്തെ പ്രതി പക്ഷത്തിന് പതിയെ ജീവൻ വയ്ക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്ക് അവയെക്കാളൊക്കെ വലിയ വാർത്ത സരിതയും സോളാറും സ്വപ്നയും സ്പ്രിംഗ്ളറും മാത്രമായിരുന്നു. തീ കത്തുന്ന ഒരു ബംഗ്ലാവിലിരുന്ന് ഒരുത്തൻ കട്ടിലിലെ മൂട്ടയെപ്പറ്റി പരാതി പറയുംപോലെ പരിഹാസ്യമാണത്.

തീ കത്തുന്ന ഒരു ബംഗ്ലാവിലിരുന്ന് ഒരുത്തൻ കട്ടിലിലെ മൂട്ടയെ പറ്റി പരാതി പറയും പോലെ പരിഹാസ്യമാണത്.

ആ സന്ദർഭങ്ങളിലൊന്നും ഉയരാത്ത വിധം മാധ്യമങ്ങൾ വാർത്തകളിൽ അനുപാതം പാലിക്കുന്നില്ലെന്ന മുറവിളി ഇപ്പോൾ ഉയരുന്നുണ്ട്. സർട്ടിഫിക്കറ്റ് തട്ടിപ്പ് കേസ് പ്രതി വിദ്യയുടെ അറസ്റ്റ് വേണ്ടിവന്നു ആ തിരിച്ചറിവിന് എന്നതുകൊണ്ടാണ് കാര്യങ്ങൾ അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്ന് തോന്നുന്നത്.

അടുത്തിടെയാണ് ഏഷ്യാനെറ്റ് ന്യൂസിലെ അഖില നന്ദകുമാർ ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ കെ എസ് യു എന്ന സംഘടനയുടെ പ്രതികരണം എടുത്തു നൽകി എന്നതിന്റെ പേരിൽ പ്രതിയാക്കപ്പെടുന്നത്. ഒരു സഹപ്രവർത്തക ജോലി ചെയ്യുന്നതിനിടയിൽ കേസിൽ പ്രതിയാക്കപ്പെടുന്നതിലൊന്നും ഒരു അസ്വാഭാവികതയും ഈ കൂട്ടർക്ക് തോന്നുന്നില്ലെന്നത് അതിശയകരം തന്നെ.

അനുപാതത്തിലേക്ക് വീണ്ടും വന്നാൽ മലയാള മാധ്യമങ്ങൾ അനാനുപാതികമായി ഹൈപ്പ് കൊടുത്ത വാർത്തകൾ ഒരുപാടുണ്ട്. ചാരക്കേസിൽ തുടങ്ങി അത് എന്റെയൊക്കെ കാലത്ത് സോളാർ കേസിൽ എത്തിനിൽക്കുന്നു. സോളാർ കാലത്ത് മാധ്യമങ്ങൾ പ്രതികരണങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിറകെ ഓടുമായിരുന്നു. അണികളുടെ സംരക്ഷണവ്യൂഹത്തിലേക്ക് ഇടിച്ചുകയറി ഉമ്മൻ ചാണ്ടിയോട് മാധ്യമപ്രവർത്തകർ നിരന്തരം ചോദ്യങ്ങൾ ചോദിച്ചു.

ചോദ്യങ്ങൾ ചോദിക്കുകയെന്നത് മാധ്യമങ്ങളുടെ ധർമമാണ് എന്നതുകൊണ്ട് തന്നെ അന്ന് ചോദിച്ച ചോദ്യങ്ങളുടെ പേരിൽ ഒരു മാധ്യമപ്രവർത്തകനും ഇന്ന് പശ്ചാത്തപിക്കുന്നില്ല, ആ ചോദ്യങ്ങളുടെ പേരിൽ അന്ന് ആരും മാധ്യമങ്ങളെ ഡിസ്ക്രെഡിറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ, സോളാർ വാർത്തകൾ മാത്രം കൊണ്ട് ടെലിവിഷനും പത്രവും നിറഞ്ഞത് ശരിയായിരുന്നില്ല എന്നുതന്നെയാണ് അന്നും ഇന്നും എന്റെ വ്യക്തിപരമായ നിലപാട്.

എന്നാൽ തുടർഭരണം കിട്ടി രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം കേരളത്തിൽ മാധ്യമങ്ങളെ ഡിസ്ക്രെഡിറ്റ് ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ് ഇടതു ‘ഭക്തൻമാരുടെ’ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്റെ സഹപ്രവർത്തകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ബി ശ്രീജൻ അടുത്തിടെ പറഞ്ഞ ഒരു സംഭവം ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.

തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ഒരു പൊതുപണിമുടക്കിന്റെ തലേ ദിവസം അദ്ദേഹം അസോസിയേറ്റ് എഡിറ്ററായിരുന്ന ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ പണിമുടക്ക് വാര്‍ത്തയ്‌ക്കൊപ്പം വന്ന ഗ്രാഫിക്സിൽ കൊച്ചിയിലെ ലുലു മാൾ തുറന്നുപ്രവർത്തിക്കുമെന്ന് അച്ചടിച്ചുവന്നു. അത് ആ ദിവസം തുറക്കുന്ന പെട്രോൾ പമ്പ്, സ്വകാര്യ ബാങ്ക്, എ ടി എം തുടങ്ങിയവയുടെ ഒപ്പം പട്ടികയിൽ വന്ന ഒരു വരിയാണ്. ലുലുമാൾ ആ ദിവസം തുറക്കുമെന്ന കാര്യം മാൾ അധികൃതർ സ്ഥിരീകരിക്കുകയും ആ ദിവസം മാൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ ലുലുമാളിനെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയെന്ന വ്യാജ വാർത്ത ചെയ്ത ആളായാണ് ഒരു കൂട്ടം സൈബർ സഖാക്കൾ ശ്രീജനെ ചിത്രീകരിക്കുന്നത്. അദ്ദേഹം എഴുതുന്ന ഏത് വാർത്തയുടെയും ഏത് പോസ്റ്റിന്റെയും താഴെ ഈ അധിക്ഷേപവുമായി ഒരു കൂട്ടം വന്നുനിറയും.

'കടന്നൽ' എന്നും 'കാട്ടുകടന്നൽ'എന്നുമുള്ള പേരുകൾ പരസ്പരം വിളിച്ച് അതിൽ ആനന്ദിച്ച് മാധ്യമ പ്രവർത്തകർക്കുനേരെ വ്യാജ കഥകൾ ചമയ്ക്കുന്നത് ഒരു സാഡിസ്റ്റിക് വിനോദം മാത്രമല്ല ഇവരിൽ പലർക്കും. ചില ഘട്ടങ്ങളിലെങ്കിലും ഉദ്ദിഷ്ടകാര്യ സാധ്യങ്ങളും ഉണ്ടാകുന്നുണ്ട് ഇതുവഴി.

അരിത ബാബു എന്ന യുഡി എഫ് സ്ഥാനാർത്ഥിയെക്കുറിച്ച് വാർത്ത ചെയ്തതിന്റെ പേരിൽ കോൺഗ്രസുകാരിയാക്കിയ നേരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. എളമരം കരീമും കുടുംബവുമാണ് ഹർത്താൽ ദിവസം റോഡിലിറങ്ങിയതെങ്കിൽ അവരെ തല്ലിയാൽ അതിനെ ലളിതവത്കരിക്കുമോയെന്ന് 'ന്യൂസ് അവർ' ചർച്ചയിൽ ചോദിച്ചതിന് ‘ആക്രമണ ആഹ്വാനം ’ എന്ന് പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ, കേസ് അങ്ങനെ നീണ്ടുപോയി കാര്യങ്ങൾ.

ഇങ്ങനെ മുഖ്യധാരാ മാധ്യമപ്രവർത്തകരെക്കുറിച്ച് മാധ്യമങ്ങളെക്കുറിച്ച് പ്രൊപ്പഗാണ്ട നിർമാണത്തിനായി സൈബർ പോരാളികൾ പടയ്ക്കുന്ന കഥകൾ അനവധിയാണ്. 'കടന്നൽ' എന്നും 'കാട്ടുകടന്നൽ'എന്നുമുള്ള പേരുകൾ പരസ്പരം വിളിച്ച് അതിൽ ആനന്ദിച്ച് മാധ്യമപ്രവർത്തകർക്കു നേരെ വ്യാജ കഥകൾ ചമയ്ക്കുന്നത് ഒരു സാഡിസ്റ്റിക് വിനോദം മാത്രമല്ല ഇവരിൽ പലർക്കും. ചില ഘട്ടങ്ങളിലെങ്കിലും ഉദ്ദിഷ്ടകാര്യ സാധ്യങ്ങളും ഉണ്ടാകുന്നുണ്ട് ഇതുവഴി. ഇക്കാര്യം ചില ‘കാട്ടു കടന്നലു’കളെങ്കിലും രഹസ്യമായി സമ്മതിക്കാറുമുണ്ട് . സർക്കാർ ഉദ്യോഗസ്ഥർ മുതൽ സോഫ്ട് വെയര്‍ വിദഗ്ധൻമാർ, ഡോക്ടർമാർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങി വലിയൊരു സംഘടിത ശക്തിയാണ് ഈ കൂട്ടർ.

ഇവർക്കിടയിൽ പല തട്ടുകൾ ഉണ്ട്. ഒരു കൂട്ടർ തീർത്തും സ്ത്രീവിരുദ്ധവും വിഷലിപ്തവുമായ കമൻ്റുകളും തെറിവിളികളുമായി മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും സ്വതന്ത്ര നിലപാടുള്ളവരെയും വളഞ്ഞിട്ട് ആക്രമിക്കും. സ്ത്രീകളെ ഇരയാക്കുന്നതിൽ ഇവർക്ക് ഒരു പ്രത്യേക ആനന്ദം തന്നെയുണ്ട്. മറ്റ് ചിലർ മാധ്യമ ക്ലാസുകൾ, സർക്കാർ ന്യായീകരണം, സെലക്ടീവ് പിന്തുണകൾ പ്രതികരണങ്ങൾ ഒക്കെയായി മാന്യത വെടിയാതെ തന്നെ സൈബർ ഇടങ്ങളിൽ വർത്തിക്കും.

ഇതിനിടയിൽ വേറൊരു കൂട്ടരുണ്ട്. അവർ പ്രത്യക്ഷത്തിൽ മാന്യത പുലർത്തുമെങ്കിലും ‘നമ്മളിടങ്ങളിൽ’ (ഫെയ്സ് ബുക്ക് , വാട്സാപ്പ് കൂട്ടായ്മകളിൽ) കൂട്ടമായ വെട്ടുകിളി ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യും. ഏറ്റവും സൂക്ഷിക്കേണ്ട ഒരു വിഭാഗം ഇവരാണെന്ന് തോന്നുന്നു.

ഇത്തരം സംഘടിതരായ സൈബർ പോരാളികൾ കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാൻ സംഘപരിവാർ ഹിന്ദുത്വ അജണ്ടകളുമായി ട്വിറ്റർ കേന്ദ്രീകരിച്ച് ബിജെപിക്കുമുണ്ട്. കേരളത്തിൽ മുസ്ലീം ലീഗിനും കോൺഗ്രസിനുമൊക്കെ ഇത്തരം സംവിധാനങ്ങളുണ്ട്. പക്ഷേ അതിന്റെയൊക്കെ പതിന്മടങ്ങ് ആക്രമണശേഷിയും അംഗബലവും സിപിഎമ്മിന്റെ സൈബർ പടയ്ക്ക് ഉണ്ട് എന്നതു കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങൾ സൈബർ സമൂഹത്തിന് ഒരു ഭീഷണിയാകുന്നത്.

അവർ പ്രത്യക്ഷത്തിൽ മാന്യത പുലർത്തുമെങ്കിലും ‘നമ്മളിടങ്ങളിൽ’ (ഫെയ്സ് ബുക്ക് , വാട്സാപ്പ് കൂട്ടായ്മകളിൽ) കൂട്ടമായ വെട്ടുകിളി ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യും

ടെലിവിഷനിൽ നടക്കുന്നത് മാധ്യമപ്രവർത്തനമേ അല്ല എന്നൊരു പുതിയൊരു വാദവും കണ്ടു. കേരളത്തിലെ മാത്രം കാര്യമെടുത്താൽ ടെലിവിഷൻ ഉള്ളതുകൊണ്ടു മാത്രം പുറം ലോകത്തെത്തിയ നിരവധി അഴിമതികളുണ്ട്. എത്രയോ സ്ത്രീപീഡനക്കേസുകളുണ്ട്. അതുകൊണ്ട് ടെലിവിഷനിൽ നടക്കുന്നത് മാധ്യമപ്രവർത്തനമേ അല്ലെന്ന് പറഞ്ഞുവയ്ക്കുന്നത് വാർത്താ ചാനലുകൾ പുറത്തുകൊണ്ടുവരുന്ന കാഴ്ചകളും വാർത്തകളും അസ്വസ്ഥമാക്കുന്ന ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.

വസ്തുനിഷ്ഠമായ വിമർശനങ്ങൾക്ക് ചാനലുകൾ വിധേയരാകണം. മാധ്യമവിമർശനം ആകാം, പക്ഷേ, മാധ്യമങ്ങളെ അപ്രസകതരാക്കിക്കളയാമെന്ന് ചിന്തിക്കുന്നത് സ്വന്തം വീടിന്റെ കഴുക്കോൽ വലിച്ചൂരുന്നതുപോലെ അപക്വമായ ഒരു ചുവടുവയ്പാകും.

(ദ ഫോർത്തിൽ ന്യൂസ് എഡിറ്ററാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)

logo
The Fourth
www.thefourthnews.in