'ജയിലിലെ സമയം നിമിഷങ്ങളായല്ല, സീസണായാണ് അടയാളപ്പെടുത്തപ്പെടുന്നത്, ഉമർ ഖാലിദ് അതുമായി പൊരുത്തപ്പെടുന്നു...'

'ജയിലിലെ സമയം നിമിഷങ്ങളായല്ല, സീസണായാണ് അടയാളപ്പെടുത്തപ്പെടുന്നത്, ഉമർ ഖാലിദ് അതുമായി പൊരുത്തപ്പെടുന്നു...'

കുറച്ചുകാലം ജയിലില്‍ കഴിയുമ്പോള്‍, സമയത്തിന് അതിന്റെ ചലനാ ത്മകത നഷ്ടപ്പെടുന്നു. യാന്ത്രികതയും ഉദാസീനതയുമാണ് ജയിലിലെ ജീവിതമുണ്ടാക്കുന്നത്

ഉമർഖാലിദിൻ്റെ സുഹൃത്താണ് അനിർബൻ ഭട്ടചാര്യ. ജെഎൻയുവിലെ സഹപാഠി, സഹ ആക്ടിവിസ്റ്റ്. ഉമറിനെ ജയിലിൽ സന്ദർശിച്ചശേഷം അദ്ദേഹമെഴുതിയ കുറിപ്പാണ് ഇത്. ഉമറിൻ്റെ ആശങ്കയും അദ്ദേഹത്തിൻ്റെ ജയിൽ ജീവിതവുമെല്ലാം ഈ കുറിപ്പിലൂടെ പ്രകടിപ്പിക്കുകയാണ് അനിർബൻ. ദി സ്ക്രോളിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്

''മരുഭൂമിയില്‍ നഷ്ടമായ യാത്രികനെ കണ്ടെത്താന്‍ പാടുപെടുന്നതിനു കാരണം അവിടുത്തെ മടുപ്പിക്കുന്ന സമാനതകളാണ്. എന്തിനെയെങ്കിലും സൂചിപ്പിക്കാന്‍ പറ്റുന്ന അടയാളങ്ങളില്ല. ഇതുതന്നെയാണ് ജയിലില്‍ കുറച്ചുകാലമായി കഴിയുന്നവരുടെയും അവസ്ഥ. ഒരു കാലത്തെ വ്യക്തമായി സൂചിപ്പിക്കുന്നതിനുള്ള ശേഷി നഷ്ടമാകുന്നു.'' ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ എന്റെ സുഹൃത്ത് ഉമര്‍ ഖാലിദ് പറഞ്ഞതാണിത്.

അവനെ തടവറയിലാക്കിയിട്ട് നാലു വര്‍ഷം കഴിഞ്ഞു. തിഹാറില്‍നിന്ന് തിരിച്ചുവരുമ്പോഴാണ് അവന്‍ പറഞ്ഞത് എനിക്കു വ്യക്തമായി മനസ്സിലായത്. നമ്മള്‍ സാധാരണ പറയുമല്ലോ, കഴിഞ്ഞയാഴ്ച നമ്മള്‍ കണ്ടതിന്റെ തലേന്ന്, അല്ലെങ്കില്‍ അവള്‍ ഹൈദരബാദിലേക്കു മാറിയതിന് ഒരാഴ്ചശേഷം എന്നൊക്കെ. അങ്ങനെയാണ് നമ്മള്‍ കാലത്തെ അടയാളപ്പെടുത്താറുള്ളത്. കുടുംബങ്ങള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക്, സഹപാഠികള്‍ക്ക്... അങ്ങനെ ഒരോ വിഭാഗം ആളുകള്‍ക്കുമായി നമുക്ക് പ്രത്യേക കാലഗണന സൂചികകളുണ്ട്. നമ്മുടെ ജീവിതയാത്രയെ ക്രമപ്പെടുത്തി മനസ്സിലാക്കാന്‍ നമുക്ക് പല സൂചകങ്ങളുമുണ്ട്.

ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെന്‍എന്‍യു പഠന കാലയളവില്‍
ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെന്‍എന്‍യു പഠന കാലയളവില്‍

കുറച്ചുകാലം ജയിലില്‍ കഴിയുമ്പോള്‍, സമയത്തിന് അതിന്റെ ചലനാത്മകത നഷ്ടപ്പെടുന്നു. യാന്ത്രികതയും ഉദാസീനതയുമാണു ജയിലിലെ ജീവിതമുണ്ടാക്കുന്നത്. രണ്ടാമത്തെ പരോളിനുശേഷം ഒരു അന്തേവാസി തിരിച്ചെത്തിയപ്പോള്‍, ''നിങ്ങളെങ്ങനെ ഇപ്പോള്‍ വന്നു, ഒരാഴ്ചയല്ലേ ആയുളളൂ!'' എന്ന് ഉമര്‍ പറഞ്ഞത് അതുകൊണ്ടാണ്.

ജയിലില്‍ കഴിയുന്നവന് സമയവുമായി വിചിത്രമായ ബന്ധമാണ് ഉടലെടുക്കുന്നത്. ദിവസങ്ങളോ, ആഴ്ചകളോ എന്തിന് മാസങ്ങളോ സമയത്തിന്റെ സൂചകങ്ങളാവുന്നില്ല. മറിച്ച് കാലഘട്ടമാണ്. ഉമര്‍ പലപ്പോഴും പറയാറുണ്ട്, ''കഴിഞ്ഞ ശൈത്യകാലത്ത് ഞാന്‍ ഫിക്ഷന്‍ വായിക്കാനാണ് ഇഷ്ടപ്പെട്ടത്' അല്ലെങ്കില്‍ പറയും, ഈ വേനലിനാണ് ഏറ്റവും ചൂടുള്ളത്.''

2020 ല്‍ അവനെ ജയിലിലടച്ചപ്പോള്‍ ഞാന്‍ ഏറ്റവും ആശങ്കപ്പെട്ടത് അവന്റെ അടങ്ങിയിരിക്കാത്ത സ്വഭാവത്തെക്കുറിച്ച് ഓര്‍ത്തായിരുന്നു. ഒരോ നിമിഷത്തിലും ജീവിക്കുന്നവനായിട്ടാണ് നമ്മള്‍ അവനെ അറിഞ്ഞത്. അവന് ഒരോരോ പദ്ധതികളുണ്ടായിരുന്നു. 'നമുക്ക് അയാളെ കാണാം.' അല്ലെങ്കില്‍ 'അതേക്കുറിച്ച് എഴുതാം' അത് തമിഴ്‌നാട്ടില്‍ ദളിതര്‍ക്കെതിരായ അതിക്രമമാകട്ടെ, അല്ലെങ്കില്‍ ലവ് ജിഹാദ് എന്നതിന്റെ പേരിലുള്ള പീഡനമാകട്ടെ, ഇസ്ലാമോഫോബിയ പരത്തുന്ന യൂറോപ്പിലുണ്ടായ എഴുത്താവട്ടെ, ക്യാമ്പസിലെ ശുചീകരണത്തൊഴിലാളികളുടെ സമരമാവട്ടെ, എല്ലാതരത്തിലുമുള്ള അനീതികള്‍ക്കെതിരെയും അവന്‍ പ്രതികരിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അവന്റെ തിരക്കുകള്‍ക്കും ആവശ്യങ്ങള്‍ക്കും സമയം മതിയാവാറില്ലായിരുന്നു.

ജയില്‍വാസത്തിന്റെ ആദ്യ കാലങ്ങളില്‍ അവന്‍ എങ്ങനെ സമയവുമായുള്ള ബന്ധം പുനഃക്രമീകരിക്കൂമെന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. നമ്മള്‍ രണ്ടുപേരെയും ജയിലിടച്ചപ്പോള്‍ - (ഭാഗ്യത്തിന് അത് വളരെ കുറച്ചു കാലം മാത്രമായിരുന്നു) അവന്റെ അസ്വസ്ഥതകളെ അടക്കി നിര്‍ത്താന്‍ ഞാനുമുണ്ടായിരുന്നു.

2020 ല്‍ അവനെ ജയിലിലടച്ചപ്പോള്‍ ഞാന്‍ ഏറ്റവും ആശങ്കപ്പെട്ടത് അവന്റെ അടങ്ങിയിരിക്കാത്ത സ്വഭാവത്തെക്കുറിച്ച് ഓര്‍ത്തായിരുന്നു. ഒരോ നിമിഷത്തിലും ജീവിക്കുന്നവനായിട്ടാണ് നമ്മള്‍ അവനെ അറിഞ്ഞത്. അവന് ഒരോരോ പദ്ധതികളുണ്ടായിരുന്നു.

അവന്റെ അസ്വസ്ഥതകളെക്കുറിച്ച് തന്നെയാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സെഷന്‍സ് കോടതിയില്‍ ഈയിടെ പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും ചര്‍ച്ചകള്‍ ഉയര്‍ത്തികൊണ്ടുവരുന്ന സ്വഭാവം ഉമറിനുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. ഉമറിനു ബന്ധമുള്ള പ്രമുഖരുടെയും ആക്ടിവിസ്റ്റുകളുടെയും പേര് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ദി വയര്‍, ദി ക്വിന്റ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ഉമര്‍ ഇവര്‍ക്ക് അയച്ചുകൊടുക്കാറുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. ഈ ലേഖനങ്ങള്‍ അവര്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു.

ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും കനയ്യ കുമാറിനൊപ്പം
ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും കനയ്യ കുമാറിനൊപ്പം

നടന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ലേഖനങ്ങള്‍ പങ്കുവെച്ച് വലിയ ചര്‍ച്ചയാക്കുകയാണ് ഉമര്‍ എന്ന കുറ്റാരോപണം, എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. ഈ ആരോപണത്തിലുള്ള മുന്‍വിധിയും മുസ്ലിം വിരുദ്ധയതും ഉമറിന്റെ സ്വകാര്യ സന്ദേശങ്ങള്‍ വായിക്കുന്നതിലെ നാടകീയതയുമൊക്കെ മാറ്റിവെച്ചാല്‍ ഇതിലെന്താണ് തെറ്റെന്ന് നമ്മള്‍ ചോദിച്ചുപോകും. ഇതൊക്കെ എന്തിനാണ് കോടതിയില്‍ ചര്‍ച്ച ചെയ്യുന്നത്? ജനങ്ങളോട് സംസാരിച്ചുവെന്നതാണോ അവനെതിരായ കുറ്റം. അതോ അവന്റെ ആശങ്കകള്‍ പങ്കുവെച്ചതോ? ജനാധിപത്യപരമായി പ്രവര്‍ത്തിച്ചതാണോ അവനെതിരായ കുറ്റാരോപണം?

എന്തിനെ സംബന്ധിച്ചാണ് ഈ സന്ദേശങ്ങള്‍? ഡോ. കഫീല്‍ ഖാനുവേണ്ടി ശബ്ദമുയര്‍ത്താന്‍ സുഹൃത്തുക്കളോട് ഉമര്‍ ആവശ്യപ്പെട്ടത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുകയും അതിനിടയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം പ്രദേശത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ദുരവസ്ഥ പുറത്തുകൊണ്ടുവരുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. കഫീല്‍ ഖാന്‍. ഇദ്ദേഹത്തെ 2019 കോടതിയില്‍ എല്ലാ കുറ്റരോപണങ്ങളില്‍നിന്നും മോചിപ്പിച്ചു. സ്വാധീനമുള്ളവരെയും മതേതര ബോധമുള്ളവരെയും ബന്ധപ്പെട്ട് ഡോ. കഫീല്‍ഖാന്റെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന ആവശ്യം പങ്കുവെച്ചെങ്കില്‍ എന്താണ് അതില്‍ കുറ്റകരമായിട്ടുള്ളത്.

സര്‍വകലാശാല വിദ്യാര്‍ഥികളെ മോചിപ്പിക്കണമെന്ന് പറയുന്നതില്‍ എന്താണ് കുറ്റം?

അതാണ് ഉമര്‍. അസ്വസ്ഥന്‍. അവനു തോന്നുന്നത് അവന്‍ ചെയ്യും. സന്ദേശങ്ങള്‍ പങ്കുവെയ്ക്കും. അവന്റെ ധാര്‍മികരോഷം പ്രകടിപ്പിക്കും. ഏത് അനീതിയ്ക്കുമെതിരെ പ്രതിഷേധിക്കുകയോ എഴുതുകയോ ചെയ്യും. അതൊരു ഉത്തമനായ പൗരന്റെ കര്‍ത്തവ്യമായാണ് അനുഭവപ്പെടുക. ഊര്‍ജ്ജസ്വലനായ യുവാവ്.

ഞാന്‍ കഴിഞ്ഞ തവണ ജയിലില്‍ സന്ദര്‍ശിപ്പോള്‍ ഈ തലക്കെട്ടുകള്‍ ഉമര്‍ വായിച്ചിട്ടുണ്ടായിരുന്നു. കഥപറച്ചിലുകാരന്‍ എന്ന് അവനെ വിശേഷിപ്പിച്ച ഹിന്ദി പത്രം വേറിട്ടുനിന്നുവെന്ന് അവന്‍ പറഞ്ഞു. ആ വാക്കില്‍ സാഹിത്യമാനമുളളതാണ് അവനെ അത്ഭുതപ്പെടുത്തിയത്. എന്നാല്‍ ആ പ്രയോഗം നല്ല ഉദ്ദേശത്തിലല്ലെന്ന് അവനറിയാമായിരുന്നു.

ഉമര്‍ ഖാലിദ്‌
ഉമര്‍ ഖാലിദ്‌

1990 കളിലെ ഫോണ്‍ റിസീവറുകളിലൂടെ സംസാരിച്ചപ്പോള്‍ നമുക്കിടയില്‍ ഒരു ചില്ല് വേര്‍തിരിവ് ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ കോവിഡ്, തൊഴിലില്ലായ്മ കണക്കുകള്‍ക്കുള്ള സുതാര്യത മാത്രമേ ആ ചില്ലിനുമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ മങ്ങിയ കണ്ണാടിച്ചില്ലിനിടയിലൂടെയും ഒരു കൂടിക്കാഴ്ചയില്‍നിന്ന് ലഭിക്കാവുന്ന, പുറംലോകത്തെ പരമാവധി വിശേഷങ്ങള്‍ ഉമര്‍ ശേഖരിച്ചു. അപ്പോള്‍ മാത്രമാണ് സമയം കുതിക്കുന്നുവെന്ന തോന്നല്‍ അവനുണ്ടാകുന്നത്.

അവന്‍, എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും അന്വേഷിക്കും. എന്റെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചും എന്റെ സുഹൃത്തുക്കളെക്കുറിച്ചും ചെറിയ ചെറിയ സന്തോഷങ്ങളെക്കുറിച്ചും വലിയ നിരാശകളെക്കുറിച്ചും പറയും. സംസാരിക്കുന്നതാണ് അവന് താല്‍പ്പര്യം. ശ്വാസം നഷ്ടപ്പെട്ടുപോകുമെന്നതുപോലെ അവന്‍ സംസാരിക്കും.

ഒരു നിമിഷത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി വാക്കുകള്‍ അവന്‍ ഉള്‍പ്പെടുത്തും. ഇത്രയേറെ അടിച്ചമര്‍ത്തിയ ആലോചനകള്‍ ആരോടും പങ്കിടാന്‍ കഴിയാത്തതിന്റെ നിരാശ എത്രയാണെന്ന് ഊഹിക്കാന്‍ കഴിയും.

തന്റെ വായനയെക്കുറിച്ച് അവന്‍ പറയുന്നു. അവന്‍ വളരെ കൂടുതല്‍ വായിച്ചു. അവന്റെ പക്കല്‍ ആവശ്യത്തിലേറെയുള്ളത് സമയം മാത്രമാണ്. അവന്റെ ശ്രദ്ധ തിരിക്കാനുള്ള ഉപകരണങ്ങളും അവിടെയില്ല. മൊബൈല്‍ ഫോണില്‍ ഏറെ നേരം കളഞ്ഞ് നെഗറ്റീവ് ചിന്തകള്‍ ഉണ്ടാക്കുന്ന ഡൂം സ്‌ക്രോളിങ്ങിനെക്കുറിച്ച് ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു. തടവറയിലല്ലായിരുന്നില്ലെങ്കില്‍ നീയും അതു തന്നെയാകും ചെയ്യുകയെന്ന് ചിരിച്ചുകൊണ്ട് ഞാന്‍ മറുപടിയും പറഞ്ഞു. പരദൂഷണങ്ങള്‍ കേള്‍ക്കാനും പറയാനും അവന് താല്‍പ്പര്യമാണ്. ആര്‍ ആരോടൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്, ഇതിനിടയില്‍ ബന്ധം വേര്‍പ്പെട്ടവരാരൊക്കെ തുടങ്ങിയ കാര്യങ്ങള്‍.

നമ്മുടെ രാജ്യം എങ്ങോട്ടെന്നതിനെക്കുറിച്ച് അവന്‍ ഒടുവില്‍ ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. അതില്‍ നിരാശയുടെ ആഴമുണ്ടാകും, പ്രതീക്ഷയുടെ ചില നുറുങ്ങുവെട്ടവും. ചരിത്രപരവും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ളതെന്ന് അവന്‍ വിശദീകരിക്കും.

നമ്മുടെ രാജ്യം എങ്ങോട്ടെന്നതിനെക്കുറിച്ച് അവന്‍ ഒടുവില്‍ ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. അതില്‍ നിരാശയുടെ ആഴമുണ്ടാകും, പ്രതീക്ഷയുടെ ചില നുറുങ്ങുവെട്ടവും. ചരിത്രപരവും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ളതെന്ന് അവന്‍ വിശദീകരിക്കും.

ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെന്‍എന്‍യു പഠന കാലയളവില്‍
ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെന്‍എന്‍യു പഠന കാലയളവില്‍

വെറുപ്പ് സ്വാഭാവികവല്‍ക്കരിച്ചതിനെക്കുറിച്ചും മതഭ്രാന്തിനോടുള്ള സഹിഷ്ണുത രാജ്യത്തെ എവിടെ എത്തിക്കുമെന്നതിനെക്കുറിച്ചും അവന്‍ പറയാറുണ്ട്. പഴയകാല ചരിത്രത്തെ മാത്രമല്ല, സമീപകാലത്തെ ചരിത്രം പോലും വക്രീകരിക്കുന്നതിനെക്കുറിച്ചും അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഈയടുത്ത കാലത്തുപോലും ഉണ്ടായിരുന്ന ഒരു പള്ളിയെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും ഒരു പ്രതിഷ്ഠാ കര്‍മത്തെത്തുടര്‍ന്ന് ജനമനസ്സില്‍നിന്ന് ഇല്ലാതാക്കപ്പെടുകയാണ്. സുപ്രീം കോടതി പോലും പറഞ്ഞതാണ് പള്ളി പൊളിച്ചത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്ന കാര്യവും അവന്‍ ഓര്‍മിപ്പിച്ചു.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പിനിടയിലാണ് ഇന്ത്യ. യാഥാര്‍ത്ഥ്യമെന്തെന്ന് ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളതെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മാധ്യമങ്ങളെ അത് ആര്‍പ്പുവിളി സംഘമാക്കി. പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ, ലോകത്തെ ഏറ്റവും വലിയ പ്രതിമ പണിതും ജി 20 സമ്മേളനപ്പൊലിമയിലൂടെയും ചെങ്കോല്‍ കെട്ടുകാഴ്ചയിലൂടെയും സെന്‍ട്രല്‍ വിസ്ത പദ്ധതിയിലുടെയും മറച്ചുപിടിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഭരണകൂടം സത്യം വിളിച്ചുപറയുന്ന, ഉമര്‍ഖാലിദ്, പ്രബീര്‍ പുരകായസ്ത, ഗുല്‍ഫിഷ ഫാത്തിമ, സിദ്ദിഖ് കാപ്പന്‍ തുടങ്ങി നിരവധി പേരില്‍നിന്ന് നമ്മെ അകറ്റിനിര്‍ത്തുന്നു. എന്നാല്‍ നമ്മെ ആവേശം കൊള്ളിക്കാനും സന്തോഷം പടര്‍ത്താനുമുള്ള ഈ മനുഷ്യരുടെ കഴിവിനെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല.

അവസാനത്തെ കൂടിക്കാഴ്ചയ്ക്കുശേഷം, സന്ദര്‍ശകസ്ഥലത്തുനിന്ന് തിരിച്ച് ഏകനായി നടക്കുമ്പോള്‍ 50 മീറ്റര്‍ നടന്നിട്ടും എന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലെന്ന കാര്യം എനിയ്ക്കു മനസ്സിലായി. നാല് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷവും ഒരാള്‍ക്ക് ഇത്തരമൊരു അനുഭവം നിങ്ങളിലുണ്ടാക്കാന്‍ പറ്റുന്നുവെങ്കില്‍ അതിന് വെറുപ്പിനെക്കാളും കളവിനേക്കാളും ശക്തിയുണ്ട്.

ജയിലില്‍ പതുക്കെ ചലിക്കുന്ന സമയസൂചികയുമായി അവന്‍ പൊരുത്തപ്പെട്ടുവെന്നതില്‍ എനിയ്ക്ക് ആശ്വാസമുണ്ട്. എന്നാല്‍ അവന്റെ അസ്വസ്ഥതകള്‍ ഒരിക്കലും അവസാനിക്കരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ഗവേഷകനായ അനിര്‍ബന്‍ ഭട്ടചാര്യ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയില്‍ ജോലി ചെയ്യുന്നു. ജെഎന്‍യുവില്‍ ഉമറിന്റെ സമകാലികനായിരുന്നു.

കടപ്പാട്: ദി സ്ക്രോൾ

പരിഭാഷ: എൻ കെ ഭൂപേഷ്

logo
The Fourth
www.thefourthnews.in