അപ്പന്‍ തമ്പുരാന്റെ 'ഭൂതരായര്‍'ക്ക് നൂറ് വയസ്

അപ്പന്‍ തമ്പുരാന്റെ 'ഭൂതരായര്‍'ക്ക് നൂറ് വയസ്

തൃശൂരില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന മംഗളോദയം മാസികയില്‍ 1908 ന്‍ അപ്പന്‍ തമ്പുരാന്‍ എഴുതിയ ചെറുകഥയായിട്ടാണ് ആദ്യം ഭൂതരായര്‍ അച്ചടിച്ചുവന്നത്

ആധുനിക തൃശൂരിന്റെ ശില്‍പ്പിയായ രാമവര്‍മ അപ്പന്‍ തമ്പുരാനെഴുതിയ 'ഭൂതരായര്‍' നോവലിന് നൂറ് വയസ്സ്. കേരളചരിത്രത്തെ പശ്ചാത്തലമാക്കി രചിച്ച നോവലാണ് ഭൂതരായര്‍. ചരിത്രനോവല്‍ എന്നതിനേക്കാളും യോജിക്കുക കെട്ട് പഴങ്കഥ എന്നാണ്. പഴങ്കഥകളുടെ ഒരു കെട്ട്. ഇതൊരു ചരിത്രനോവലാണ്, രാഷ്ട്രീയ നോവലാണ്. അതേസമയം സാമൂഹിക നോവലുമാണ്. ഈ നോവലില്‍ നായകന്‍ രാഷ്ട്രീയമാണ്. നായിക ജനങ്ങളുടെ ശക്തിയും.

തൃശൂരില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന മംഗളോദയം മാസികയില്‍ 1908 ന്‍ അപ്പന്‍ തമ്പുരാന്‍ എഴുതിയ, ചെറുകഥയായിട്ടാണ് ആദ്യം ഭൂതരായര്‍ പ്രസിദ്ധീകരിച്ചത്. പിന്നീടത് വിപുലീകരിച്ച് 1923ല്‍ നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

കേരളപ്പഴമ പശ്ചാത്തലമായ നോവലിലെ ഏറ്റവും രസകരമായ കാര്യം ആദിമകേരളത്തിന്റെ വിശദാംശങ്ങളാണ്. ഗ്രാമങ്ങള്‍, നദികള്‍, കുന്നുകള്‍, കൊള്ളക്കാര്‍ അധിവസിക്കുന്ന കൊടുംകാടുകള്‍, പ്രാദേശിക കളരിപ്പടയാളികള്‍, വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍, ഇടുങ്ങിയ റോഡുകളിലൂടെ പല്ലക്കില്‍ പോകുന്ന രാജകുമാരന്മാര്‍ തുടങ്ങിയ പുരാതന കേരളത്തിലെ മലയാളത്തനിമയുടെ പശ്ചാത്തലം വര്‍ണോജ്ജ്വലമായി ഉപയോഗിച്ചിരിക്കുന്നു. 1923-ല്‍ പ്രസിദ്ധീകരിച്ച നോവലില്‍ ഉപയോഗിച്ചിരിക്കുന്നത് മായം കലരാത്ത മലയാളമാണ്. നടപ്പുരീതിയില്‍നിന്ന് വിപരീതമായി, പ്രതിനായകന്‍ അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് നോവലിന് നല്‍കിയിരിക്കുന്നതെന്ന സവിശേഷതയും ഈ കൃതിക്കുണ്ട്.

കഥയ്ക്കുവേണ്ട മുഖ്യഘടകങ്ങള്‍ പലതും പാലിക്കാത്ത, അല്ലെങ്കില്‍ പരമ്പരാഗതമായ കീഴ്‌വഴക്കങ്ങളെ അനുസരിക്കാത്ത ഒരു കൃതിയാണിതെന്ന് പറയാം

പെരുമാക്കന്മാര്‍ ഭരണം നടത്തിവന്ന കാലം. പാണ്ടിനാട്ടില്‍ നിന്നെത്തിയ, വീരമാര്‍ത്താണ്ഡ പെരുമാളായിരുന്നു അന്ന് ഭരണാധിപന്‍. നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം താല്‍പ്പര്യം പുലര്‍ത്തി. പക്ഷേ, ആ മോഹം സഫലമായില്ല. ആഭ്യന്തര കലാപങ്ങള്‍ വളര്‍ന്നു. മാര്‍ത്താണ്ഡ പെരുമാളിന്റെ പ്രഥമ പുത്രന്‍ പള്ളിബാണന്‍ പ്രേമലോലുപനായ യുവാവായിരുന്നു. രാജ്യ ഭദ്രതയേക്കാള്‍, കാമുകി  ഉണ്ണിനങ്ങയോടുള്ള പ്രേമത്തിനായിരുന്നു അയാളുടെ മനസില്‍ പ്രാമുഖ്യം. അതിനാല്‍ രാജ്യരക്ഷ ഉറപ്പുവരുത്താന്‍ പെരുമാള്‍ രണ്ടാമത്തെ പുത്രനായ ഭൂതരായരെ ആശ്രയിക്കുന്നു. അയാള്‍ പള്ളിബാണനെ വധിക്കുന്നു. അയാളുടെ കാമുകിയായ ഉണ്ണിനങ്ങയുമായി അടുക്കുന്നു. തന്റെ പ്രതിയോഗിയായ നമ്പിക്കൂറിന്നെ വിഷംകൊടുത്ത് കൊന്ന് ആധിപത്യമുറപ്പിക്കാന്‍ ഭൂതരായര്‍ നടത്തുന്ന ശ്രമം പരാജയപ്പെടുന്നു. അതോടെ നാട്ടുപ്രമാണിമാര്‍ അയാള്‍ക്കെതിരെ പടനയിക്കുന്നു. പരാജയമടഞ്ഞ ദൂതരായര്‍ ഒടുവില്‍ ഉണ്ണിനങ്ങയോടൊത്ത് നാടുവിടുന്നു. ഇതാണ് കഥാസാരം. അനേകം കഥകളുടെ നൂലിഴകള്‍ ഇതില്‍ ഇടകലര്‍ന്നിരിക്കുന്നു. കഥയ്ക്കുവേണ്ട മുഖ്യഘടകങ്ങള്‍ പലതും പാലിക്കാത്ത, അല്ലെങ്കില്‍ പരമ്പരാഗതമായ കീഴ്‌വഴക്കങ്ങളെ അനുസരിക്കാത്ത ഒരു കൃതിയാണിതെന്ന് പറയാം.

നാട്ടുവാഴുന്ന, 'വീരമാര്‍ത്താണ്ഡപ്പെരുമാളും പൊന്നുനിലത്തു മുമ്പീന്നും' ചതുരംഗം വയ്ക്കുന്ന രംഗത്തോടെ നോവല്‍ ആരംഭിക്കുന്നു. അന്നത്തെ കേരളമാണ് ചതുരംഗക്കളം. നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള കിടമത്സരത്തിന്റെ പ്രതീകമാണ് ഈ ചതുരംഗക്കളം.


സമസ്ത ഭാവങ്ങളും രസങ്ങളും സമ്മേളിക്കുന്ന തലമാണ് ഭൂതരായരുടെത്. പുരാതന കേരളത്തിലെ ശിക്ഷാവിധികള്‍, ദണ്ഡനീതികള്‍, ആചാരങ്ങള്‍, ആഭിചാരക്രിയകള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്ന ആദ്യ മലയാള നോവലാണ് ദൂതരായര്‍. ശൈലികളും പ്രതീകാത്മക സംഭാഷണവും ചാരുതയോടെ ചേര്‍ന്നുപോകുന്നു.

''രണ്ട് പക്ഷവും വെളുത്തതാണെന്ന് വെച്ച് ചന്ദ്രനെ വിട്ട്, ആരെങ്കിലും കൊക്കിനെ കൊണ്ടാടാറുണ്ടോ'', ''സ്‌നേഹത്തിലിട്ടു സൂക്ഷിക്കുന്ന ശാസനയേ, കേടുകൂടാതെ കിടക്കൂ,''നോവലിലെ ചില പ്രയോഗങ്ങളാണിവ. ഭാഷാരീതിക്ക് കാശ് കൊടുക്കണം എന്ന് ആ കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ് ഭൂതരായരിലെ ഈ ശൈലികള്‍.

തൃപ്പൂണിത്തുറ, കൊച്ചിരാജവംശത്തില്‍ പാഴൂര്‍ പടുതോള്‍ തുപ്പന്‍ നമ്പൂതിരിപ്പാടിന്റെയും കൊച്ചിക്കാവു തമ്പുരാട്ടിയുടെയും മകനായി 1875 ല്‍ ജനിച്ച കൊച്ചി രാമവര്‍മ്മ തമ്പുരാനെന്ന അപ്പന്‍ തമ്പുരാന്‍ മലയാള സാഹിത്യ, സാംസ്‌ക്കാരിക ലോകത്തെ ബഹുമുഖ പ്രതിഭയായിയിരുന്നു. 'ഭാസ്‌കര മേനോന്‍' എന്ന മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവലിന്റെ രചിയിതാവ്. കേരളത്തിലെ ആദ്യ ചലച്ചിത്രനിര്‍മാണ സ്ഥാപനമായ 'കേരള സിനി  ടോണിന്റെ' സ്ഥാപകന്‍, ചരിത്രനോവലിസ്റ്റ്, കവി, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍, സാഹിത്യ സിദ്ധാന്തകന്‍, ഭാഷാനിപുണന്‍ അങ്ങനെ ഒട്ടെറെ മേഖലകളില്‍ പ്രഗല്‍ഭനായിരുന്നു അദ്ദേഹം.

തൃശൂരില്‍ താന്‍ പണിയിച്ച കുമാരമന്ദിരമെന്ന കോവിലകത്തില്‍ താമസമാരംഭിച്ചപ്പോള്‍ അവിടെ അദേഹം ഇങ്ങനെ എഴുതി വച്ചു: ''ഇത് രാജമന്ദിരമല്ല. കൈരളി സദനമാണ്. ഞാന്‍ കൈരളി വിധേയനുമാണ്. ഈ പുണ്യക്ഷേത്രത്തില്‍ യാതൊരു അനാചാരവും ഞാന്‍ വച്ചിട്ടില്ല.'' 'കൈരളി വിധേയന്‍' എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അതിനാല്‍ അദ്ദേഹം കൈരളി വിധേയന്‍ രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ എന്ന പേരില്‍ അറിയപ്പെട്ടു.

അപ്പന്‍ തമ്പുരാന്റെ ചെയ്തികള്‍ സാഹിത്യസേവനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. തൃശൂരില്‍ അദേഹം സ്ഥാപിച്ച മംഗളോദയം, സീതാറാം മില്‍സ്, അയൂര്‍വേദ കോളേജ്, വിവോകോദയം സ്‌കൂള്‍ എന്നിവ പിന്നീട് സാംസ്‌കാരിക നഗരത്തിന്റെ തിലകക്കുറികളായി. തൃശൂര്‍ അയ്യന്തോളിലെ തന്റെ കോവിലകത്ത് ഉച്ചയൂണിന്റെ സമയത്ത് ധാരാളം അഗതികളും കൊച്ചുകുട്ടികളും അന്നദാനത്തിനായി കാത്തുനിന്നിരുന്നു. തമ്പുരാന്റെ കാരുണ്യവും സഹാനുഭൂതിയും തൃശൂര്‍ക്കാര്‍ക്കിടയില്‍ ഏറെ അറിയപ്പെട്ടിരുന്നു. തങ്ങളെ ഒരപ്പന്‍ കാത്തുസൂക്ഷിക്കുന്നതു പോലെയായതിനാലാണ് 'അപ്പന്‍ തമ്പുരാന്‍' എന്നറിയപ്പെട്ടിരുന്നതെന്ന് അപ്പന്‍ തമ്പുരാനെക്കുറിച്ച് ഒരു കഥ പോലും തൃശൂരില്‍ പ്രചാരത്തിലുണ്ടായിരുന്നു.

'ഇത്തരമൊരു മഹനീയമായ മാസിക നമ്മുടെ നാട്ടില്‍ അതിനു പിന്‍പും മുന്‍പും ഉണ്ടായിട്ടില്ല' എന്നാണ് മഹാകവി ഉള്ളൂര്‍ എഴുതിയത്

1903 ല്‍ അദേഹം സ്ഥാപിച്ച 'രസികരഞ്ജനി' എന്ന മാസികയിലാണ് പ്രാചീന സന്ദേശകാവ്യമായ 'ഉണ്ണുനീലി സന്ദേശം' ആദ്യമായി അച്ചടിച്ചത്. മലയാളത്തിലെ ആദ്യത്തെ ലേഖനസമാഹാരം 'ഗദ്യ മാലിക' പ്രസിദ്ധികരിച്ചത് അപ്പന്‍ തമ്പുരാന്‍ സ്ഥാപിച്ച മംഗളോദയം മാസികയിലാണ്. 'ലീലാതിലകം' പ്രാചീന സൗന്ദര്യശാസ്ത്ര ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചതും മംഗളോദയത്തില്‍ തന്നെ. മലയാള സാഹിത്യത്തിലെ ഗദ്യശാഖയുടെ ഒരു പ്രത്യേക കാലത്തെയാണ്. സംസ്‌കൃത പദങ്ങള്‍ ഒഴിവാക്കിയ മലയാളഭാഷ ഇതിലെ ലേഖനങ്ങളിലൂടെ പ്രചരിച്ചു. വായനക്കാരുടെ അഭിരുചിക്കനുസൃതമായാണ് ഇതിന്റെ ഉള്ളടക്കമെന്നത് അന്നത്തെ രീതിയില്‍നിന്ന് ഈ പ്രസിദ്ധീകരണത്തെ വ്യത്യസ്തമാക്കി. 'ഇത്തരമൊരു മഹനീയമായ മാസിക നമ്മുടെ നാട്ടില്‍ അതിനു പിന്‍പും മുന്‍പും ഉണ്ടായിട്ടില്ല' എന്നാണ് മഹാകവി ഉള്ളൂര്‍ എഴുതിയത്.

ഇത്രയും മികവുണ്ടായിട്ടും വളരെ തെറ്റിദ്ധരിക്കപ്പെട്ട മലയാള കൃതികളിലൊന്നായി ഭൂതരായര്‍

മദിരാശി സര്‍വകലാശാലയിലും തിരുവിതാംകൂര്‍ സര്‍വകലാശാലയിലും പിന്നീട് കേരള സര്‍വ കലാശാലയിലും പാഠപുസ്തകമായിരുന്നു 'ഭൂതരായര്‍'. മൂന്ന് ദശാബ്ദം മുന്‍പ് സ്‌കൂള്‍ വാര്‍ഷികങ്ങളിലും സാഹിത്യസമ്മേളന വേദികളിലും ഭൂതരായരിലെ ഒന്നാമദ്ധ്യായം അക്ഷരസ്ഫുടതയോടും ഉച്ചാരണശുദ്ധിയോടെ ചൊല്ലുന്നത് ഒരു പതിവിനമായിരുന്നു. ഷേക്‌സിപിയറുടെ നാടകങ്ങളിലെ ഭാഗങ്ങള്‍ കാണാതെ പറഞ്ഞ് അമ്പരിപ്പിക്കുന്നതു പോലെ, ഭൂതരായരിലെ ഭാഗങ്ങള്‍ കാണാതെ പറയുന്നത് ആ കാലത്ത് മഹത്തായ കലാരൂപമായി വിലയിരുത്തിയിരുന്നു. ഇത്രയും മികവുണ്ടായിട്ടും വളരെ തെറ്റിദ്ധരിക്കപ്പെട്ട മലയാള കൃതികളിലൊന്നായി ഭൂതരായര്‍. അതിലെ പ്രാചീന കേരള ചരിത്രപശ്ചാത്തലം ശ്രദ്ധിച്ചു പഠിക്കാനോ, പല വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാനോ ശ്രമിക്കാതെ വെറുമൊരു ചരിത്രനോവലായി മാത്രം കണ്ട ചില നിരൂപകരുടെ അഭിപ്രായമാണ് ഈ കൃതിയെ തരം താഴ്ത്തിയത്.

ഭൂതരായരെ ചരിത്രനോവലായി അന്നത്തെ രണ്ട് പ്രഗത്ഭ സാഹിത്യനായകര്‍ നിരൂപണം ചെയ്തിരുന്നു. ''ഭൂതരായരില്‍ പാത്രസൃഷ്ടിയില്‍ അപ്പന്‍ തമ്പുരാന്‍ പരാജയപ്പെട്ടുവെന്നും എന്നാല്‍ വര്‍ണനയിലും ശൈലിയിലും മികച്ച വിജയം കൈവരിച്ചു,'' എന്നാണ് സര്‍ദാര്‍ കെ എം പണിക്കര്‍ എഴുതിയത്.

''നവീന രീതിയിലുള്ള ഈ കൃതി നാം വിചാരിക്കുന്ന തരത്തിലുള്ള നോവലിനെക്കാള്‍ ഭാഷാപോഷണത്തിന് ഉപകരിക്കുന്നതാകകൊണ്ട് ഏത ദുദ്യമത്തില്‍ അദ്ദേഹം തുലോം പ്രശംസാര്‍ഹനാണ്,'' കുറ്റിപ്പുഴ കൃഷ്ണപിള്ള മംഗളോദയം മാസികയില്‍ എഴുതി. ഭൂതരായര്‍ ഒരു രാഷ്ട്രീയ കൃതിയാണെന്നും അതില്‍ ആനുകാലിക രാഷ്ട്രിയത്തെപ്പോലും യഥാര്‍ത്ഥ ദേശഭക്തനുതകുന്ന വിധത്തില്‍ ഗ്രന്ഥകാരന്‍ സ്പര്‍ശിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

എന്നാല്‍, ഭൂതരായരിനെ ഒരു സാധാരണ നോവലായാണ് എം പി പോള്‍ തന്റെ പ്രശസ്തമായ 'നോവല്‍ സാഹിത്യം' എന്ന വിമര്‍ശനഗ്രന്ഥത്തില്‍ വിലയിരുത്തിയത്. ''ഈ കഥാസമൂഹത്തെ നോവലെന്ന് വിളിക്കണമെങ്കില്‍' നോവല്‍' എന്ന പദത്തെ വല്ലാതെ ക്ലേശിപ്പിക്കേണ്ടിവരും. പ്രണയകലഹം ഭാവിച്ചു മാറിനില്‍ക്കുന്ന നിദ്രാ ദേവിയെ സമാഗതയാക്കുന്നതിന് 'ഭൂതരായര്‍' വായിച്ചുതുടങ്ങിയാല്‍ മതി,'' എന്നും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ആ കാലത്ത് ആധുനിക മലയാളസാഹിത്യ ലോകത്ത് അതികായനായ എംപി പോളിന്റെ വാദങ്ങള്‍ ഖണ്ഡിക്കാനാരും ശ്രമിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ വാദഗതി അംഗീകരിക്കപ്പെടുകയും ആ ഒരൊറ്റ നിരൂപണത്തിലൂടെ ഭൂതരായരെന്ന അസാധാരണ കൃതി തമസ്സിലാഴുകയും ചെയ്തു. പിന്നീട് വന്ന നിരൂപകരെല്ലാം ഈ അഭിപ്രായം അംഗീകരിച്ചതോടെ ഈ കൃതി സാഹിത്യലോകത്തില്‍ വിസ്മൃതിയിലാണ്ടു.

തമിഴില്‍നിന്ന് മലയാളം ഉരിത്തിരിയാനെടുത്ത നീണ്ട കാലയളവില്‍ ഭാഷ കൈകൊണ്ട വ്യത്യസ്ത രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ദ്രാവിഡ വൃത്തങ്ങളുടെ മേന്മ വെളിപ്പെടുത്തുക എന്ന ലക്ഷ്യവും ഈ നോവലിലൂടെ അപ്പന്‍ തമ്പുരാന്‍ നടത്തിയെന്ന സവിശേഷതയുമുണ്ട്.

തൃശൂരിലെ താന്‍ സ്ഥാപിച്ച വിവേകോദയം സ്‌കൂളിന്റെ വാര്‍ഷികങ്ങളില്‍ നാടകം അവതരിപ്പിക്കാന്‍ മുന്‍കൈയെടുത്തത് സ്‌കൂള്‍ മാനേജറായിരുന്ന അപ്പന്‍ തമ്പുരാന്‍ തന്നെയായിരുന്നു. നാടകം തിരഞ്ഞെടുത്ത് റിഹേഴ്‌സല്‍ നടത്തുന്നതും അഭിനയകലയില്‍ അസാമാന്യ പരിജ്ഞാനമുണ്ടായിരുന്ന അപ്പന്‍ തമ്പുരാനായിരുന്നു. പ്രേംജി, എ എഎസ് നമ്പൂതിരി തുടങ്ങിയ നടന്മാരുടെ ആദ്യകാല നടനവേദി കൂടിയാണത്.

റിഹേഴ്‌സലിന് ഉപയോഗിക്കാനായി ഓരോ രംഗവും കുഞ്ഞന്‍ മേനോന്‍ എന്ന ആര്‍ട്ടിസ്റ്റിനെ കൊണ്ട് വരപ്പിച്ചു. നാടകത്തിന്റെ എല്ലാ തലങ്ങളിലും പൂര്‍ണത തമ്പുരാന് നിര്‍ബന്ധമായിരുന്നു

എറണാകുളം മഹാരാജാസിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ' ഭൂതരായര്‍' നാടകരൂപത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. 1927 ലാണിത്. നാടകമരങ്ങേറുന്നതിന്റെ ചുമതല മുഴുവന്‍ ഏറ്റെടുത്ത അപ്പന്‍ തമ്പുരാന്‍ ഇതിനുവേണ്ടി ഒന്നരമാസം എറണാകുളത്ത് താമസിച്ചു. നാലര മണിക്കൂര്‍ നീളമുള്ള സ്‌ക്രിപ്റ്റ് - 60 രംഗങ്ങള്‍ എന്നതായിരുന്നു 96 കൊല്ലം മുമ്പ് അരങ്ങേറിയ ഈ നാടകത്തിന്റെ ചുരുക്കം. ഒരോ കഥാപാത്രത്തിന്റെയും സംഭാഷണം അപ്പന്‍ തമ്പുരാന്‍ തന്നെ അഭിനയിച്ചു കാണിച്ചുകൊടുത്തു. ഓരോ വാക്ക് ഉച്ചരിക്കുമ്പോഴും ഓരോ ഭാവവും മുഖത്ത് പ്രദര്‍ശിപ്പിക്കുമ്പോഴും സൂക്ഷ്മമായ അംശം പുലര്‍ത്തിയിട്ടാണ് അദ്ദേഹം റിഹേഴ്‌സല്‍ ക്യാമ്പില്‍ അഭിനയിച്ചതെന്ന് അത്ഭുതത്തോടെ കണ്ടുനിന്ന നടന്‍ പ്രേംജി ഒരിക്കല്‍ അനുസ്മരിച്ചിരുന്നു.

റിഹേഴ്‌സലിന് ഉപയോഗിക്കാനായി ഓരോ രംഗവും കുഞ്ഞന്‍ മേനോന്‍ എന്ന ആര്‍ട്ടിസ്റ്റിനെ കൊണ്ട് വരപ്പിച്ചു. നാടകത്തിന്റെ എല്ലാ തലങ്ങളിലും പൂര്‍ണത തമ്പുരാന് നിര്‍ബന്ധമായിരുന്നു. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ ആദ്യമായി ഭൂതരായര്‍ പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു. രണ്ടു മണിക്കൂര്‍ നാടകം പോലും കാണാനുള്ള ക്ഷമയില്ലാത്ത എറണാകുളത്തുകാര്‍ നാലര മണിക്കൂറും ഇരിപ്പിടത്തില്‍നിന്ന് അനങ്ങാതെ, പൂര്‍ണ നിശബ്ദതയോടെ നാടകം വീക്ഷിച്ചു. ഇത്രയും ദീര്‍ഘമായ നാടകമായിട്ടും പ്രോംപ്ട് ചെയ്യാതെ എല്ലാ നടീ നടന്മാരും അവരുടെ ഭാഗങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു.

ഇത്ര ഗംഭീരമായ ഒരു നാടകം അതിന് മുന്‍പോ പിന്‍പോ കണ്ടിട്ടില്ലെന്നാണ് അതുകണ്ട സദസ്യര്‍ വിലയിരുത്തിയത്. അപ്പന്‍ തമ്പുരാന് ഒരു ഉപഹാരം നല്‍കാന്‍ സംഘാടകര്‍ തയാറായെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇത്രയും വിപുലമായ ഒരു സന്നാഹത്തോടെ അവതരിപ്പിക്കേണ്ട ഒരു നാടകമായതിനാലാകണം പിന്നീട് അധികം വേദികളില്‍ ഇത് അവതരിക്കപ്പെട്ടില്ല.

1929 ലാണ് ഭൂതരായര്‍ സിനിമയാക്കാനുള്ള ശ്രമം ആദ്യമായി നടക്കുന്നത്. അതിന് ഒരു കൊല്ലം മുന്‍പാണ് ആദ്യ നിശബ്ദ മലയാള ചിത്രമായ, ജെ സി ഡാനിയല്‍ സംവിധാനം ചെയ്ത 'വിഗതകുമാരന്‍' പുറത്തുവന്നത്. ഇതില്‍ ആകൃഷ്ടനായ കോഴിക്കോട്ടുകാരനായ പി കെ മേനോന്‍ എന്നൊരാള്‍ അപ്പന്‍ തമ്പുരാനെ സമീപിച്ച് മലയാളത്തില്‍ ചലച്ചിത്രങ്ങളെടുക്കാന്‍ ഒരു നിര്‍മാണ കമ്പനി തുടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ മാനേജിങ് ഏജന്റുമാരായി പി കെ മേനോനെയും അപ്പന്‍ തമ്പുരാന്റെ മകനായ കുട്ടികൃഷ്ണമേനോനെയും ഉള്‍പ്പെടുത്തി 'കേരള സിനി ടോണ്‍' എന്ന കമ്പനി രൂപീകരിച്ചു. കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാണക്കമ്പനിയാണ് ഇത്. ആദ്യത്തെ ചിത്രം 'ഭൂതരായര്‍' ആണെന്നും തീരുമാനിച്ചു. പണം കണ്ടെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാരംഭ ജോലികള്‍ ആദ്യം തന്നെ ശരിപ്പെടുത്തണമെന്ന ധാരണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഭൂതരായര്‍ സിനിമയാക്കാന്‍ പോകുകയാണെന്നും അഭിനയിക്കാന്‍ നടീനടന്മാരെ തേടുന്നുവെന്നും കാണിച്ച് പത്രങ്ങളില്‍ പരസ്യം ചെയ്തു. ധാരാളം പേര്‍ അപേക്ഷകളയച്ചു. അതില്‍ പിന്നീട് ചലചിത്ര രംഗത്ത് പ്രസിദ്ധരായ പലരും ഉണ്ടായിരുന്നു. തിക്കുറുശ്ശി, എസ് പി പിള്ള , പ്രേംജി, എ എസ് നമ്പൂതിരി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ബാലനില്‍ നായികയായി നടിച്ച എം കമലവും അപേക്ഷ അയച്ച നടിമാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഇന്ത്യയില്‍ തന്നെ ആദ്യമായി ചലച്ചിത്ര രംഗത്ത് തിരക്കഥ അച്ചടിച്ച് രംഗങ്ങളെ വിഭജിച്ച്, കഥാപാത്രങ്ങളുടെ സ്‌കെച്ച് വരച്ച് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് അപ്പന്‍ തമ്പുരാനാണ്

ദൂതരായരുടെ നിര്‍മ്മാണത്തില്‍ മുഴുകിയ അപ്പന്‍ തമ്പുരാന്‍ രംഗങ്ങള്‍ വേര്‍തിരിച്ച് സ്‌ക്രിപ്റ്റ് എഴുതി. സിനിമയ്ക്കുവേണ്ടി നോവലിനെ 142 രംഗങ്ങളായി വിഭജിച്ചു. മലയാളത്തില്‍ ആദ്യം എഴുതപ്പെട്ട, അച്ചടിക്കപ്പെട്ട തിരക്കഥ ഭൂതരായരുടേതാണ്. 94 കൊല്ലം മുന്‍പാണ് ഈ തിരക്കഥാ പ്രവര്‍ത്തനങ്ങള്‍ ചെയ്തത് എന്നോര്‍ക്കണം. മാത്രമല്ല. കഥാപാത്രങ്ങളെ അവരുടെ വേഷവിധാനങ്ങളുടെ സ്‌കെച്ചുകള്‍ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് തമ്പുരാന്‍ തന്നെ വരച്ച് തയ്യാറാക്കി. പ്രാചീന നായര്‍ പടയാളികളുടെ വേഷവിധാനം, തമ്പുരാക്കന്മാരുടെ വസ്ത്രധാരണം അവര്‍ ധരിച്ചിരുന്ന ആയുധങ്ങള്‍ സഹിതം സ്‌കെച്ചുകള്‍ വരച്ചിരുന്നു. പഴമയിലേക്കുള്ള ഒരു കീറ് വെളിച്ചമായിരുന്നു ഇതിലൂടെ കേരള ചരിത്രത്തിന് ഭൂതരായരുടെ തിരക്കഥയിലൂടെ ലഭിച്ചത്.

ഇന്ത്യയില്‍ തന്നെ ആദ്യമായി ചലച്ചിത്ര രംഗത്ത് തിരക്കഥ അച്ചടിച്ച് രംഗങ്ങളെ വിഭജിച്ച്, കഥാപാത്രങ്ങളുടെ സ്‌കെച്ച് വരച്ച് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് അപ്പന്‍ തമ്പുരാനാണ്. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷമാണു ബംഗാളിയില്‍ സത്യജിത്ത് റേ, മലയാളത്തില്‍ ജി. അരവിന്ദന്‍ എന്നിവരൊക്കെ ഇതേ ശൈലിയില്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.

ഹിന്ദി ചലച്ചിത്ര രംഗത്ത് പ്രശസ്തനായി ക്കൊണ്ടിരിക്കുന്ന എസ് നൊട്ടാണിയെയായിരുന്നു ഭൂതരായരുടെ സംവിധായകനായി നിശ്ചയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ 'ബാലന്‍' സംവിധാനം ചെയ്തത് ഇതേ നൊട്ടാണി തന്നെ. ചലച്ചിത്ര സംവിധാനത്തില്‍ നല്ല അറിവുണ്ടായിരുന്നെങ്കിലും പാര്‍സിയായ അയാള്‍ക്ക് മലയാളം അറിയില്ലെന്ന് മാത്രമല്ല കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും തീരെ അജ്ഞനുമായിരുന്നു.


അതിനാല്‍ അപ്പന്‍ തമ്പുരാന് തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കേണ്ടി വന്നു. അത് വായിച്ചപ്പോള്‍ 'എതോ വിചിത്ര ലോകം സന്ദര്‍ശിച്ച പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്,' എന്നാണ് നൊട്ടാണി അപ്പന്‍ തമ്പുരാനോട് പറഞ്ഞത്.

സ്വവസതിയായ കുമാരമന്ദിരത്തിലെ വിശാലമായ പുരയിടത്തില്‍ വലിയ പന്തല്‍ കെട്ടിയായിരുന്നു റിഹേഴ്‌സല്‍. എസ് പി പിള്ള, തിക്കുറുശ്ശി എന്നിവര്‍ക്കു ചെറിയ വേഷമായിരുന്നു. തൃശൂര്‍ ടൗണിനടുത്തുള്ള 'ദില്‍കുഷ്' എന്നൊരു ബംഗ്ലാവിലായിരുന്ന നടീ നടന്മാര്‍ക്കു താമസമൊരുക്കിയിരുന്നത്. മലബാറില്‍നിന്ന് വിദഗ്ധരായ കളരിപ്പയറ്റുകാരെയും നടന്മാരായി ഉള്‍പ്പെടുത്തിയിരുന്നു.

റിഹേഴ്‌സല്‍ മുഴുവന്‍ സമയവും അപ്പന്‍ തമ്പുരാന്റെ മേല്‍നോട്ടത്തില്‍ ആറ് മാസത്തോളം നടന്നു. സംവിധായകന്‍ നൊട്ടാണിയുടെ എല്ലാ അഭിപ്രായങ്ങളും അതേപോലെ സ്വീകരിക്കാന്‍ തമ്പുരാന്‍ തയ്യാറായില്ല. ദൂതരായരും സഹോദരനായിരുന്ന പള്ളിബാണനും തമ്മിലുള്ള വാക്കേറ്റത്തില്‍, ആ രംഗത്തില്‍ പ്രതിയോഗികളുടെ രോഷം പ്രകടിപ്പിക്കാന്‍ കൈകൊണ്ടുള്ള ചില ചേഷ്ടകള്‍ നൊട്ടാണി നിര്‍ദേശിച്ചപ്പോള്‍ തമ്പുരാന്‍ അത് തള്ളിക്കളഞ്ഞു. എന്നിട്ട് പറഞ്ഞു: ''കേരളത്തിലെ തമ്പുരാക്കന്മാര്‍ തമ്മില്‍ വാക്കേറ്റം നടക്കുമ്പോള്‍ എങ്ങനെയാണ് പെരുമാറുകയെന്ന് നിങ്ങളേക്കാള്‍ എത്രയോ നന്നായി എനിക്കറിയാം. അവരുടെ കോപം ജ്വലിക്കും. പക്ഷേ, മുഖത്തുമാത്രം കൈകൊണ്ട് നിങ്ങള്‍ പറയുന്ന പോലുള്ള ചേഷ്ടകളൊന്നും അവര്‍ കാണിക്കുകയില്ല. അവര്‍ കൈകള്‍ ഉപയോഗിക്കും, കോപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഉറയില്‍നിന്ന് വാളൂരി വെട്ടാന്‍ വേണ്ടി മാത്രം.''

റിഹേഴ്‌സലിന്റെയും അഭിനേതാക്കളുടെയും സംവിധായകന്റെയും എല്ലാ ചെലവുകളും കേരള സിനി ടോണ്‍ കമ്പനിയാണ് വഹിച്ചത്. പക്ഷേ, ഒടുവില്‍ നിര്‍മാണത്തിനു വേണ്ട പണമിറക്കാമേറ്റിരുന്നവര്‍ പിന്‍വലിഞ്ഞു. അക്കാലത്തുണ്ടായിരുന്ന രണ്ടു ബാങ്കുകള്‍ പൊളിഞ്ഞതിനാല്‍ തങ്ങള്‍ സാമ്പത്തികമായി തകര്‍ന്നുവെന്നാണ് കാരണമായി അവര്‍ പറഞ്ഞത്. അതോടെ ആവേശത്തോടെ, നടന്നിരുന്ന ഭൂതരായരുടെ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഷൂട്ടിങ് ആരംഭിക്കാന്‍ താമസം നേരിടുമെന്നും ആരംഭിക്കുന്ന ദിവസം നിശ്ചയിച്ചാല്‍, അത് അറിയിക്കാമെന്നും അപ്പോള്‍ എല്ലാവരും കൂടിച്ചേരണമെന്ന കരാറില്‍ ഭൂതരായരുടെ റിഹേഴ്‌സല്‍ ക്യാമ്പ് പിരിച്ചുവിട്ടു.

പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ പ്രാചീന കേരളീയ ആചാരങ്ങളും ജീവിതരീതികളും പകര്‍ത്തിയ കേരളപ്പഴമയുടെ മനോഹരമായ ഡോക്യുമെന്ററിയായേനെ ചിത്രം

പിന്നീടങ്ങോട്ട് ദൗര്‍ഭാഗ്യങ്ങളുടെ ഘോഷയാത്രയായിരുന്നു. മദിരാശിയിലെ മന്ത്രിയായ കോങ്ങാട്ട് രാമന്‍ മേനോന്റെ ശിപാര്‍ശ പ്രകാരം, കണ്ണൂരിലെ പ്രമുഖ വ്യവസായിയായ സാമുവല്‍ ആറോണും നിലമ്പൂര്‍ ദിവാന്‍ കുഞ്ഞി ശങ്കരമേനോനും നിര്‍മാണത്തിനുള്ള പണമിറക്കാമെന്ന് അറിയിച്ചു. പക്ഷേ, അവിടേയും വിധി  ഇടംകോലിട്ടു. ഇടനിലക്കാരനായ കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ ഹൃദയസ്തഭനം മൂലം പൊടുന്നനെ അന്തരിച്ചു. അതോടെ ആ വാതിലും അടഞ്ഞു. കൊച്ചി രാജകുടംബത്തിലെ ചില തമ്പുരാക്കന്മാര്‍ പണമിറക്കാന്‍ മുന്നോട്ടുവന്നു. അപ്പോഴാണ് തിരുപ്പൂരുള്ള ഒരു സേട്ട് താന്‍ ഒറ്റയ്ക്ക് നിര്‍മാണത്തുക വഹിക്കാന്‍ തയാറാണെന്നറിയിച്ച് കൊണ്ടുള്ള കത്ത് അപ്പന്‍ തമ്പുരാന് കിട്ടിയത്. എന്നാല്‍ അതാണ് ഉത്തമമെന്ന അഭിപ്രായത്തോടെ കൊച്ചി തമ്പുരാക്കന്മാര്‍ പിന്‍വാങ്ങി. പക്ഷേ, അതും വെള്ളത്തില്‍ വരച്ച വര പോലെയായി. ആ സമയത്ത് സേട്ടുവിന്റെ ഒരു കച്ചവടക്കപ്പല്‍ മുങ്ങുകയും, ഒറ്റയടിക്ക് 20 ലക്ഷം രൂപയോളം നഷ്ടപ്പെടുകയും ചെയ്തതോടെ ആ വഴിയും അടഞ്ഞു.

അതോടെ അപ്പന്‍ തമ്പുരാന്‍ ഭൂതരായര്‍ ചലച്ചിത്രമാക്കാനുള്ള ശ്രമം എന്നന്നേക്കുമായി ഉപേക്ഷിച്ചു. വലിയ കടബാധ്യത അവശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭൂതരായര്‍ ചലച്ചിത്ര സങ്കല്‍പ്പം മാഞ്ഞുപോയി. അതീവ സൂക്ഷ്മാശങ്ങളില്‍ പോലും ശ്രദ്ധ ചെലുത്തി ഉന്നത നിലവാരത്തിലുള്ള ഒരു കാവ്യ ചിത്രമായിരുന്നു ഭൂതരായരിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ പ്രാചീന കേരളീയ ആചാരങ്ങളും ജീവിതരീതികളും പകര്‍ത്തിയ കേരളപ്പഴമയുടെ മനോഹരമായ ഡോക്യുമെന്ററിയായേനെ ചിത്രം.

തൃപ്പൂണിത്തുറ കോവിലകം വിട്ട് അന്യദേശമായ തൃശൂര്‍ വന്ന് താമസമാക്കിയ അപൂര്‍വം കൊച്ചിരാജ കുടംബാംഗങ്ങളിലൊരാളായിരുന്നു അപ്പന്‍ തമ്പുരാന്‍. തന്റെ ജീവിതകാലത്ത് പ്രവര്‍ത്തന മണ്ഡലമായ തൃശൂരിലെ സമൂഹത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തില്‍ അനേകം ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ ആളായിരുന്നു അദ്ദേഹം. ഭാര്യ നാനി കുട്ടിയമ്മ. മൂന്ന് ആണ്‍ മക്കളും ഒരു മകളുമായിരുന്നതില്‍ രണ്ട് ആണ്‍മക്കള്‍ ഒരു മാസത്തിന്റെ വ്യത്യാസത്തില്‍ ആകസ്മികമായി അന്തരിച്ചു. മകള്‍ മനോരോഗിയുമായി. പ്രമേഹബാധിതനായി മാറിയ അപ്പന്‍ തമ്പുരാന്‍ 1941 നവംബര്‍ 19ന് അറുപത്തിയാറാം വയസില്‍ തൃശൂരില്‍ അന്തരിച്ചു.

ഏറെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അദ്ദേഹത്തിന്റെ തൃശൂര്‍ അയ്യന്തോളുള്ള കോവിലകമായ കുമാര മന്ദിരം 1976ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള സാഹിത്യ അക്കാദമിയുടെ കീഴിലാക്കി. ഇന്നത് അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറിയും മ്യൂസിയവുമായി അറിയപ്പെടുന്നു.

മദ്രാസ് സര്‍വകലാശാല മലയാളം വകുപ്പ് മേധാവി ചേലനാട്ട് അച്യുതമേനോന്‍ ഒരിക്കല്‍ പറഞ്ഞത് വളരെ ശരിയായിരുന്നു.
'കേരളത്തേയും കേരളീയരേയും കേരള ഭാഷയേയും 'ഒരപ്പനായി' തന്നെ അദ്ദേഹം എന്നും നോക്കിപ്പോന്നു. അപ്പന്‍ തമ്പുരാനുള്ള എറ്റവും വലിയ അംഗീകാരമായിരുന്നു ചേലനാടന്റെ വാക്കുകള്‍.

1934 ല്‍ അപ്പന്‍ തമ്പുരാന്‍ രാമകൃഷ്ണാശ്രമത്തിന്റെ സ്‌കൂള്‍ മാനേജറായിരിക്കെ പുതിയ ഒരു വിദ്യാമന്ദിരം പണിയാന്‍ തീരുമാനിച്ചു. തറക്കല്ലിടാന്‍ വരുന്നത്. മഹാത്മാ ഗാന്ധിയായിരുന്നു. തറക്കല്ലിടുന്നതിന് മുന്‍പ് ആശാരിമാര്‍ പൂജ നടത്തി. അതില്‍ ചൊല്ലിയ മന്ത്രങ്ങള്‍ കേട്ട ഗാന്ധിജിക്ക് താല്‍പ്പര്യം തോന്നി. അപ്പന്‍ തമ്പുരാന്‍ പൂജ കഴിഞ്ഞ് മൂത്താശാരിയെ വിളിച്ച് മന്ത്രത്തെക്കുറിച്ച് ചോദിച്ചു. തലമുറകളായി വായ്‌മൊഴിയായ് പകര്‍ന്നുകിട്ടിയതാണ്. മുത്താശാരിക്ക് അതിന്റെ അര്‍ത്ഥമൊന്നുമറിയില്ല. തമ്പുരാന്‍ മന്ത്രങ്ങള്‍ വീണ്ടും ചൊല്ലിച്ച് എഴുതിയെടുത്ത് സംസ്‌കൃതത്തിലുള്ള മന്ത്രങ്ങളുടെ വ്യാഖ്യാനം ഗാന്ധിജിയെ കേള്‍പ്പിച്ചു.  

കെട്ടിടം പണിക്കുവേണ്ടി കാട്ടിലെ മരങ്ങള്‍ മുറിക്കുക, അതുവഴി മരങ്ങളില്‍ അധിവസിക്കുന്ന പക്ഷികളെയും മറ്റു ജീവജാലങ്ങളെയും ശല്യപ്പെടുത്തുക - ഇങ്ങനെ പല വിധത്തിലും പ്രകൃതിയിലെ പരിസ്ഥിതിയെ മാറ്റിമറിക്കുന്നതിന് പ്രകൃതിയോട് ക്ഷമായാചനം ചെയ്യുകയായിരുന്നു പൂജയുടെ ഉദ്ദേശം. ''ഇവിടെ, അല്‍പ്പം സ്ഥലത്ത് ഒരു മനുഷ്യാലയം നിര്‍മിക്കുന്നതു കൊണ്ട് മുഖം അസുന്ദരമാക്കുന്നതില്‍ പ്രകൃതീശ്വരീ പൊറുക്കുക. ഇതിനുവേണ്ടി അകലെ കാടുകളില്‍ മരം മുറിക്കുമ്പോള്‍ കൂടുകള്‍ നഷ്ടപ്പെട്ട പക്ഷികളേ ക്ഷമിക്കുക,'' ഇതായിരുന്നു മന്ത്രങ്ങളുടെ അര്‍ത്ഥം.

ഈ സംഭവത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എം ടി വാസുദേവന്‍ നായര്‍ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളൊന്നായ 'പെരുന്തച്ചനില്‍' അക്കാര്യം അതിമനോഹരമായി എഴുതി. വൃക്ഷപൂജ നടത്തി അനുവാദം വാങ്ങിയോ എന്ന് മകനോട് ചോദിക്കുന്ന പെരുന്തച്ചന്‍ പറയുന്നു: 'ജീവിച്ചുതീര്‍ന്ന് എല്ലാം നേടിക്കഴിഞ്ഞ മരം വെട്ടിയെടുക്കാന്‍ സന്തോഷത്തോടെ സമ്മതിക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ അനുഗ്രഹിക്കുന്നു. അതില്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങള്‍ എന്നും ജ്വലിക്കുമെന്ന് ശാസ്ത്രം.''

60 വര്‍ഷം മുന്‍പ് അപ്പന്‍ തമ്പുരാന്‍ നല്‍കിയ  വാസ്തുശില്‍പ്പശാസ്ത്രത്തിലെ ഒരു കീറ് അറിവ് ഒടുവില്‍ ഒരു മികച്ച ചലച്ചിത്രത്തിലെ രംഗമായി മാറിയത്, അപ്പന്‍ തമ്പുരാന്റെ നടക്കാതെ പോയ ഒരു സിനിമാ സ്വപ്നത്തിനോടുള്ള കാലത്തിന്റെ പ്രായശ്ചിത്തമായിരിക്കാം.!

logo
The Fourth
www.thefourthnews.in