അറക്കപ്പറമ്പിൽ ബോൺ കൺഫ്യൂസ്ഡ് (കോൺഗ്രസ്) ദേശി

അറക്കപ്പറമ്പിൽ ബോൺ കൺഫ്യൂസ്ഡ് (കോൺഗ്രസ്) ദേശി

തങ്ങളുടെ രാജ്യത്തിന്റെ അതിർത്തിക്കപ്പുറമുള്ള മറ്റെല്ലാം, അതൊരു മാധ്യമമാണെങ്കിൽ കൂടി, തങ്ങളുടെ ശത്രുപക്ഷത്താണ് എന്ന തീവ്രവലതിന്റെ ഇടുങ്ങിയ ദേശീയവാദത്തിന്റെ മുറ്റത്താണ് അനിലിന്റെ പ്രസ്താവന

ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള ബി ബി സിയുടെ ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിത്തറ തോണ്ടുമെന്ന പ്രസ്താവന ഉളവാക്കിയ 'നെഗറ്റിവിറ്റിയിൽ' മനംനൊന്ത് സാക്ഷാൽ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോൺഗ്രസിന്റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും രാജിവച്ചിരിക്കുകയാണ്.

വിവാദമായ ട്വീറ്റിനു വിവിധ തുറകളിൽ നിന്നു ലഭിക്കുന്ന പ്രതികരണം, വിഷയത്തിന്റെ മെറിറ്റിൽ നിന്ന് ഏറെ അകന്ന് അങ്ങേയറ്റം വ്യക്തിപരമായി പരിണമിച്ചുവെന്ന് അനിലിന് തോന്നിയിട്ടുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്ന് പറയേണ്ടിവരും. കോൺഗ്രസിന്റെ ഡിജിറ്റൽ വിഭാഗത്തിന് നേതൃത്വം കൊടുക്കാനുള്ള അനിൽ ആന്റണിയുടെ യോഗ്യത മുതൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ കേരളത്തിലെ കോൺഗ്രസ് നേടിയ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്പിയായ പിതാവ് എ കെ ആന്റണിയുടെ രാഷ്ട്രീയ ജീവിതം വരെ മണിക്കൂറുകൾക്കിടയിൽ വെട്ടിക്കീറി പരിശോധിച്ചു സാമൂഹിക മാധ്യമങ്ങളിൽ കളം നിറഞ്ഞാടിയ വിഷയ വിദഗ്‌ധർ. അങ്ങേയറ്റം പ്രഫഷണൽ സമീപനവും സഹായവും ആവശ്യമുള്ള കോൺഗ്രസ്‌ പാർട്ടിയെ വഴി തെറ്റിക്കുന്നത് ഇതുപോലുള്ള പ്രഫഷനലുകളാണ് എന്ന് വരെ അഭിപ്രായങ്ങൾ ഉണ്ടായി. അഡ്ഹോമിനക്കാർ മെഷീൻ ഓഫ്‌ ചെയ്യുന്ന ലക്ഷണവും അനിലിന്റെ രാജി വാർത്ത വന്നിട്ടും കാണുന്നുമില്ല.

സത്യത്തിൽ ഗുജറാത്ത്‌ കലാപത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടിക്കുള്ള അതേ അഭിപ്രായമാണ് തനിക്കുള്ളതെന്ന് വിഷയത്തെക്കുറിച്ച് നടന്ന ചാനൽ ചർച്ചയിൽ അനിൽ പറയുന്നുണ്ട്. ബി ബി സി ഡോക്യൂമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കരുത് എന്ന നിലപാടുമില്ല. അനിൽ ആന്റണിയുടെ പ്രശ്നം ബി ജെ പിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും രാജ്യത്ത് നടന്ന ഒരു വിഷയത്തെക്കുറിച്ച് ഒരു വിദേശ മാധ്യമം ചെയ്ത ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നല്ലേ എന്നും അത് ഉചിതമാണോ എന്നുമുള്ള സംശയങ്ങളാണ്.

ഒരു വിഷയത്തെക്കുറിച്ച് പഠിക്കാനും ആ വിഷയം പൊതുമധ്യത്തിൽ കൊണ്ടുവരാനുമുള്ള ജനാധിപത്യ അവകാശം അതിരുകൾക്കപ്പുറവും മാധ്യമങ്ങൾക്കില്ലെങ്കിൽ ചൈനയിലെ ഉയിഗ്വർ മുതൽ സബ് സഹാറൻ ആഫ്രിക്കയിലെ വരെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ ലോകമറിയുക പോലുമുണ്ടാകുമായിരുന്നില്ലല്ലോ?

അനിൽ ആന്റണിയുടെ ഇന്നലത്തെ ട്വീറ്റിൽ രണ്ട് ചോദ്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഒന്ന്, മറ്റു താല്പര്യങ്ങളുള്ള ഒരു 'വൈദേശിക' മാധ്യമം, അതും 'മുൻവിധികളോടെ' വിഷയങ്ങളെ സമീപിച്ച ചരിത്രമുള്ള ബിബിസി നമ്മുടെ 'ആഭ്യന്തര'കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത്? അതിന് അദ്ദേഹം സാധൂകരിക്കുന്നത് ബി ബി സിയുടെ ഡോക്യുമെന്ററിയിൽ സംസാരിക്കുന്ന മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയുടെ പേര് പരാമർശിച്ച് കൊണ്ടാണ്. ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസിൽ 2003ലെ ഇറാഖ് യുദ്ധത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഒരു നുണയനായി ബ്രാൻഡ് ചെയ്യപ്പെട്ട ആളാണ് ജാക്ക് സ്ട്രോ. തങ്ങളുടെ തന്നെ രാജ്യത്തെ നുണയനായി അറിയപ്പെടുന്ന ഒരാളുടെ വെളിപ്പെടുത്തൽ അതേ രാജ്യത്തെ ഒരു മാധ്യമം ഇന്ത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ആധാരമാക്കുന്നു എന്ന ആരോപണം വഴി അനിൽ ആന്റണി ബിബിസി ഡോക്യൂമെന്ററിയുടെ സകല വിശ്വാസ്യതയുമാണ് ചോദ്യം ചെയ്തത്.

പക്ഷെ ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുക വഴി, തന്റെ പ്രസ്താവനയുടെ രാഷ്ട്രീയ പരിസരം, തങ്ങളുടെ രാജ്യത്തിന്റെ അതിർത്തിക്കപ്പുറമുള്ള മറ്റെല്ലാം, അതൊരു മാധ്യമമാണെങ്കിൽ കൂടി തങ്ങളുടെ ശത്രുപക്ഷത്താണ് എന്ന തീവ്രവലതിന്റെ ഇടുങ്ങിയ ദേശീയവാദത്തിന്റെ മുറ്റത്താണ് എന്ന് പറയാതെ പറയുക കൂടിയായിരുന്നു അനിൽ. ഒരു വിഷയത്തെക്കുറിച്ച് പഠിക്കാനും ആ വിഷയം പൊതുമധ്യത്തിൽ കൊണ്ടുവരാനുമുള്ള ജനാധിപത്യ അവകാശം അതിരുകൾക്കപ്പുറവും മാധ്യമങ്ങൾക്കില്ലെങ്കിൽ ചൈനയിലെ ഉയിഗ്വർ മുതൽ സബ് സഹാറൻ ആഫ്രിക്കയിലെ വരെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ ലോകമറിയുക പോലുമുണ്ടാകുമായിരുന്നില്ലല്ലോ?

രണ്ടാമതായി അനിൽ ഉന്നയിച്ചത് രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ രാജ്യത്തിന്റെ 'പൊതുതാല്പര്യമായ' പരമാധികാരം ബാലികഴിക്കണോ എന്നതാണ്. റിപ്പബ്ലിക്ക് ദിനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ രാജ്യത്തിന്റെ പരമാധികാരം എന്താണെന്ന് അസന്ദിഗ്ധമായി പറയാനുള്ള ഒരു വേദിയുണ്ടാക്കിയതിന് അനിലിനോട് ഈ നാട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തിലെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു രാഷ്ട്രത്തലവനുണ്ടാകുമ്പോഴാണ് ഒരു രാജ്യം റിപ്പബ്ലിക്ക് ആകുന്നത്. ഒരു രാജ്യത്തിന്റെ പരമാധികാരം നിർവചിക്കുന്നതിലും നിർണ്ണയിക്കുന്നതിലുമുള്ള പരമാധികാരികൾ ആ രാജ്യത്തിലെ ജനങ്ങളാണ്. ആ ജനങ്ങളിൽ ഗുജറാത്ത്‌ വംശഹത്യക്ക് ഇരകളായ മനുഷ്യരുമുണ്ട്. ആ പരമാധികാരികളുടെ പട്ടികയിൽ ആർ ബി ശ്രീകുമാറും സഞ്ജയ്‌ ഭട്ടും ടീസ്റ്റ സെതൽവാദുമുണ്ട്. നിങ്ങളും ഞാനുമുണ്ട്. ഇവിടുത്തെ മനുഷ്യർ അറിയേണ്ടതും അറിയിക്കേണ്ടതുമായ വിവരങ്ങൾ തടയുക വഴി നാം തിരഞ്ഞെടുത്ത സർക്കാരുകൾ പരമാധികാരികളായ നമ്മെ അടിമകളായി മാറ്റുകയാണ്. സർക്കാരിന് ഇഷ്ടമല്ലാത്തതല്ല ജനങ്ങൾക്കിഷ്ടമില്ലാത്തതാണ് നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുക എന്ന അടിസ്ഥാന ഭരണഘടനാ ജ്ഞാനമാണ് അനിലിന് കൈമോശം വന്നത്.

അധികാരത്തിലിരിക്കുന്നവരുടെ അധികാരങ്ങളാണ് പരമാധികാരം എന്നത് അധികാരവുമായി ചേർന്ന് നിൽക്കുന്നവരുടെ മാത്രം സങ്കല്പമാണ്

ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ഉദാരവൽക്കരണാനന്തര മൂശയിലിട്ട് വാർത്ത മുതലാളിത്ത സങ്കൽപ്പമല്ല ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സർക്കാരിനുള്ളത്. അധികാരത്തിലിരിക്കുന്നവരുടെ അധികാരങ്ങളാണ് പരമാധികാരം എന്നത് അധികാരവുമായി ചേർന്ന് നിൽക്കുന്നവരുടെ മാത്രം സങ്കല്പമാണ്. അധികാരമില്ലെങ്കിൽ കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ കിടന്നുപിടയുന്ന കോൺഗ്രസിൽ അനിൽ ആന്റണി ഒറ്റയ്ക്കാകാൻ തരമില്ല. അതുകൊണ്ടാണ് അധികാരമുള്ള ബി ജെ പിക്കാർക്ക്, അവരുടെ ചാനൽ ചർച്ച പാനലിസ്റ്റുകൾ മുതൽ നേതാക്കന്മാർക്ക് വരെ വരിവരിയായി നിന്ന് അനിലിന് അഭിവാദ്യമർപ്പിക്കാൻ തോന്നുന്നത്. അത് നടന്നോട്ടെ. പക്ഷെ, അതിനുവേണ്ടി അനിലിന്റ കുടുംബത്തിന് നേരെയും കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ശുഷ്‌കാന്തി കുറവിനെതിരെയും അമ്പുകൾ എയ്യുന്നത് എന്തിനാണ്?

logo
The Fourth
www.thefourthnews.in