മോദിയെ വാഴ്ത്തുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് അറിയുമോ ജനാധിപത്യം ഇല്ലാതാക്കപ്പെടുന്ന ഈ രാജ്യത്തിന്റെ കഥ?

മോദിയെ വാഴ്ത്തുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് അറിയുമോ ജനാധിപത്യം ഇല്ലാതാക്കപ്പെടുന്ന ഈ രാജ്യത്തിന്റെ കഥ?

ഈ വർഷത്തെ യൂറോപ്യന്‍ എസ്സെ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന്റെ സംക്ഷ്പിത രൂപം
Updated on
5 min read

2023 ലെ യൂറോപ്യന്‍ എസ്സെ അവാര്‍ഡിന് എന്നെ തിരഞ്ഞെടുത്തതിന് ഞാന്‍ ചാള്‍സ് വെയ്‌ലന്‍ ഫൗണ്ടേഷന് നന്ദി പറയുന്നു. ഇത് സാഹിത്യത്തിനുള്ള പുരസ്‌കാരമാണെന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഇത് സമാധാനത്തിനോ, സംസ്‌കാരത്തിനോ കിട്ടിയ പുരസ്‌കാരമല്ല, മറിച്ച് സാഹിത്യത്തിനുള്ളതാണ്. കഴിഞ്ഞ 25 വര്‍ഷമായി ഞാൻ എഴുതിയ പ്രബന്ധങ്ങള്‍ക്കുള്ള പുരസ്‌കാരമാണ്.

ഈ പ്രബന്ധങ്ങള്‍ ആദ്യം ഭൂരിപക്ഷാധിപത്യത്തിലേക്കും പിന്നീട് പൂര്‍ണാര്‍ത്ഥത്തിലുള്ള ഫാസിസത്തിലേക്കുമുള്ള ഇന്ത്യയുടെ വീഴ്ചയെ അടയാളപ്പെടുത്തുന്നുണ്ട്. തീര്‍ച്ചയായും ഇപ്പോഴും തിരഞ്ഞെടുപ്പുകള്‍ ഉണ്ട്. വ്യക്തമായ ആധിപത്യം കിട്ടാന്‍ ബിജെപി 140 കോടി ജനങ്ങളിലേക്ക് ഹിന്ദു അധീശത്വത്തിനുള്ള ആശയങ്ങള്‍ വിതരണം ചെയ്തുകൊണ്ടേയിരിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ കൊലപാതകങ്ങള്‍ക്കുള്ള കാലവസ്ഥയുണ്ടാക്കുന്നു. മര്‍ദനങ്ങള്‍ക്കും ആക്രമണത്തിനുള്ള ആഹ്വാനത്തിനുമുള്ള കാലം. ഈ കാലം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഏറ്റവും അപകടം പിടിച്ച കാലം കൂടിയാണ്.

ഏതെങ്കിലും നേതാക്കളെ മാത്രം ഭയന്നാല്‍ പോരാ, ജനങ്ങളില്‍ വലിയ വിഭാഗത്തെ ഭയക്കേണ്ട സാഹചര്യമാണ്. നികൃഷ്ടതയുടെ സ്വാഭാവികവത്കരണം നമുക്ക് തെരുവുകളില്‍ കാണാം, ക്ലാസ് മുറികളില്‍ കാണാം, അതുപോലെ മറ്റ് പൊതു ഇടങ്ങളിലും കാണാം. ഭൂരിപക്ഷാധിപത്യത്തിന്റെ ഫാസിസത്തിനുവേണ്ടിയുള്ള ഉപകരണങ്ങളായി മാറിയിരിക്കുകയാണ് പത്രങ്ങളും നൂറുകണക്കിന് ടെലിവിഷന്‍ ചാനലുകളും. ഇന്ത്യയുടെ ഭരണഘടന ഫലത്തില്‍ മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം തിരുത്തപ്പെടുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ നമുക്ക് പുതിയൊരു ഭരണഘടന തന്നെയുണ്ടായെന്ന് വരും.

ഹിന്ദി മേഖലയില്‍ കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകള്‍ ഉണ്ടാവുന്ന രീതിയില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം ചെയ്യാന്‍ പോകുന്നു. ഇത് തെക്കെ ഇന്ത്യയില്‍ അസ്വാരസ്യം സൃഷ്ടിക്കും. ഇന്ത്യ ബാല്‍ക്കനൈസ് ചെയ്യപ്പെടുന്നതിന് പോലും ഇത് കാരണമായേക്കാം. സാധ്യത വിരളമെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും വംശീയവാദത്തിന്റെ വിഷം എല്ലാ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അങ്ങനെയല്ലാത്ത ഒന്നുമില്ല, ദുര്‍ബലമാക്കപ്പെട്ട സുപ്രീംകോടതിയൊഴിച്ച്.

ഒരു എഴുത്തുകാരി എന്ന നിലയില്‍, എന്റെ രാജ്യം കടന്നു പോകുന്ന ഇരുണ്ട കാലം എന്റെ എഴുത്തില്‍ പ്രതിഫലിക്കുമെന്ന് മാത്രമെ എനിയ്ക്ക് ഊഹിക്കാന്‍ പറ്റൂ. ഇവിടെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞങ്ങളെപോലുള്ളവര്‍ യോജിച്ചിരുന്നില്ലെന്ന് എന്നെ പോലുള്ളവരുടെ എഴുത്ത് സാക്ഷ്യപ്പെടുത്തും

1997 ലാണ് എന്റെ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് പ്രസിദ്ധീകരിച്ചത്. അപ്പോഴേക്കും ശീതയുദ്ധം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായിരുന്നു. മുതലാളിത്തം എതിരാളിയില്ലാതെ വിജയിച്ചതിന്റെയും അമേരിക്കയുടെ ഏക ധ്രുവ ലോകത്തിന്റെയും തുടക്കമായിരുന്നു. ഇന്ത്യ അമേരിക്കയുമായി അടുക്കുകയും അതിന്റെ വിപണി കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. സ്വകാര്യവല്‍ക്കരണവും ഘടനപരമായ പരിഷ്‌കാരവുമായിരുന്നു സ്വതന്ത്ര വിപണിയുടെ അടിസ്ഥാനം. 1998 ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആണവ സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും ഇതിനെ സങ്കുചിത ദേശീയതയുടെ ഭാഷയില്‍ അതിനെ വാഴ്ത്തി.

മിണ്ടാതിരുന്നാല്‍ ഇവിടെ നടക്കുന്നതിനെ മുഴുവന്‍ ഞാന്‍ അംഗീകരിക്കുകയാണെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുമെന്ന് എനിക്ക് തോന്നി. നിശബ്ദമായിരിക്കുന്നത് പ്രതികരിക്കുന്നത് പോലെ തന്നെ രാഷ്ട്രീയമാണെന്ന് ഞാന്‍ മനസ്സിലാക്കി. പ്രതികരിക്കുന്നതോടെ സാഹിത്യ ലോകത്തെ താരറാണി പദവിയില്‍നിന്ന് ഞാന്‍ പുറത്താകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇതിലെല്ലാമപ്പുറം, ബോധ്യമുള്ള കാര്യങ്ങളെക്കുറിച്ച് , ഭവിഷ്യത്ത് എന്തായാലും എഴുതിയില്ലെങ്കില്‍ എന്റെ ഏറ്റവും വലിയ ശത്രു ഞാന്‍ തന്നെയാവുമെന്നും എനിയ്ക്ക് അറിയാമായിരുന്നു.
അരുന്ധതി റോയ്

ബുക്കര്‍ പ്രൈസ് കിട്ടിയതോടെ, അറിയാതെ തന്നെ എന്നെ പുതിയ ഇന്ത്യയുടെ സാംസ്‌ക്കാരിക അംബാസിഡറായി പരിഗണിക്കപ്പെട്ടു തുടങ്ങിയിരുന്നു. പ്രധാനപ്പെട്ട മാസികകളുടെ കവറുകളില്‍ എന്റെ ചിത്രം അച്ചടിച്ചുവന്നു. മിണ്ടാതിരുന്നാല്‍ ഇവിടെ നടക്കുന്നതിനെ മുഴുവന്‍ ഞാന്‍ അംഗീകരിക്കുകയാണെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുമെന്ന് എനിയ്ക്ക് തോന്നി. നിശബ്ദമായിരിക്കുന്നത് പ്രതികരിക്കുന്നത് പോലെ തന്നെ രാഷ്ട്രീയമാണെന്ന് ഞാന്‍ മനസ്സിലാക്കി. പ്രതികരിക്കുന്നതോടെ സാഹിത്യലോകത്തെ താരറാണി പദവിയില്‍നിന്ന് ഞാന്‍ പുറത്താകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇതിലെല്ലാമപ്പുറം, എനിയ്ക്ക് ബോധ്യമുള്ള കാര്യങ്ങളെക്കുറിച്ച് ഭവിഷ്യത്ത് എന്തായാലും എഴുതിയില്ലെങ്കില്‍ എന്റെ ഏറ്റവും വലിയ ശത്രു ഞാന്‍ തന്നെയാവുമെന്നും എനിക്ക് അറിയാമായിരുന്നു. ചിലപ്പോള്‍ പിന്നീട് എനിയ്ക്ക് ഒരിക്കലും എഴുതാന്‍ കഴിയില്ലെന്നും! അങ്ങനെ എന്റെ എഴുത്തിനെ സംരക്ഷിക്കാന്‍ വേണ്ടി ഞാന്‍ എഴുതി. എന്റ് ഓഫ് ഇമാജിനേഷന്‍ രണ്ട് പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ഒരേ സമയം പ്രസിദ്ധീകരിച്ചു. ഔട്ട്‌ലുക്കിലും ഫ്രണ്ടലൈനിലും. ഉടനെ തന്നെ എന്നെ ദേശവിരുദ്ധയും രാജ്യദ്രോഹിയുമാക്കി. ഈ അപഹസിക്കലുകളെ അംഗീകാരമായിട്ടാണ് ഞാന്‍ കണ്ടത്, ബുക്കര്‍ പ്രൈസിനോളമുള്ള അംഗീകാരമായിട്ട്.

ഇത് പിന്നീട് കൂടുതല്‍ എഴുത്തുകളിലേക്ക് എന്നെ നയിച്ചു. അണക്കെട്ടുകളെക്കുറിച്ച്, നദികളെക്കുറിച്ച്, ജാതി, കുടിയൊഴിപ്പിക്കലുകള്‍ അങ്ങനെ പലതിനെക്കുറിച്ചും. അത് എന്റെ അറിവിനെ കൂടുതല്‍ അഗാധമാക്കി. സാഹിത്യരചനയും സാഹിത്യേതര രചനയും വേര്‍പിരിക്കാന്‍ പറ്റാത്തതാണെന്ന ബോധ്യവുമുണ്ടാക്കി. ആദ്യം പ്രമുഖ മാസികകളിലും പിന്നീട് പുസ്തകമായും ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ വിനാശകരമായ ഒരു സംശയത്തോടെയായിരുന്നു ചിലര്‍ കണ്ടത്. ചിലര്‍- പ്രത്യേകിച്ചും സവര്‍ണര്‍- എന്നെ എങ്ങനെ എഴുതണം, ഏത് വിഷയം തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശിച്ചു തുടങ്ങി. അണക്കെട്ടുകളെ കുറിച്ച് എഴുതിയത് പോലെ ബാലപീഡനത്തെക്കുറിച്ച് എഴുതണമെന്നായിരുന്നു ചിലരുടെ ആവശ്യം.

എന്നാല്‍ മറ്റിടങ്ങളില്‍ ഈ പുസ്തകം വ്യാപകമായി സ്വീകരിക്കപ്പെട്ടു. അവ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ടു. ലഘുലേഖകളാക്കി പ്രസിദ്ധീകരിക്കപ്പെട്ടു. നദീതീരങ്ങളിലെ കാടുകളിലെയും മനുഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. ഈ വായനക്കാര്‍ക്ക് സാഹിത്യം എന്താകണമെന്നതിനെ സംബന്ധിച്ച് നേരത്ത പറഞ്ഞ കൂട്ടരില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായമായിരുന്നു. വായനക്കാരും എഴുത്തുകാരും സൃഷ്ടിക്കുന്ന ഇടമാണ് സാഹിത്യത്തിന്റെത്. അത് തകര്‍ക്കാന്‍ കഴിയാത്ത ഇടമാണ്. കോര്‍പ്പറേറ്റുകളുടെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന മാധ്യമങ്ങള്‍ ഇന്ന് ഈ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കാര്യം അചിന്തനീയമാണ്. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് സ്വതന്ത്ര വിപണിയും ഫാസിസവും സ്വതന്ത്ര്യമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളും ജനാധിപത്യമെന്ന് വിളിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചു. ഈ ജനുവരിയില്‍ നടന്ന സംഭവങ്ങള്‍ മറ്റെല്ലാറ്റിനെക്കാളും ഉപരിയായി ഈ നിഗമനത്തെ സാക്ഷ്യപ്പെടുത്തും. ബിബിസി 'മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നു. കുറച്ചു ദിവസത്തിന് ശേഷം ഹിൻ‍ഡൻബര്‍ഗ് റിസര്‍ച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനിയായ അദാനി ഗ്രൂപ്പിന്റെ നിയമ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യയുടെ ഏറ്റവും വലിയ വ്യവസായി ഗൗതം അദാനിയുമെന്ന ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിട്ടാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതിനെ ചിത്രീകരിച്ചത്. കൂട്ടകൊലയെ മോദി സഹായിച്ചുവെന്നാണ് ബിബിസി ചിത്രം കുറ്റപ്പെടുത്തിയത്. കോര്‍പ്പറ്റേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കളവാണ് അദാനി ഗ്രൂപ്പ് കാണിച്ചതെന്ന് ഹിൻഡൻബർഗ് റിപ്പോര്‍ട്ടും പറഞ്ഞു. ഇതിനെ ശക്തിപ്പെടുത്തുന്ന, ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്റ്റിന്റെ കണ്ടെത്തലുകള്‍ ഓഗസ്റ്റ് 30 -ാം തീയതി ദി ഗാര്‍ഡിയനും ഫിനാന്‍ഷ്യല്‍ ടൈംസും പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ അന്വഷണ ഏജന്‍സികളും മാധ്യമങ്ങളും ഇത്തരം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല.

വിദേശ മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിക്കുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്ന അതിദേശീയതയുടെ അന്തരീക്ഷത്തില്‍, ആ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ചിത്രീകരിക്കാന്‍ എളുപ്പം കഴിയുന്നു. 59 ഹിന്ദു തീര്‍ഥാടകരെ ജീവനോടെ ചുട്ടുകൊന്ന റെയില്‍വേ കോച്ച് കത്തിച്ചതിന് മുസ്ലീങ്ങളാണ് ഉത്തരവാദികള്‍ എന്ന് ആരോപിച്ച് ഗുജറാത്തില്‍ 2002-ല്‍ നടന്ന മുസ്ലീം വിരുദ്ധ വംശഹത്യയെക്കുറിച്ചാണ് ബിബിസി യുടെ മോദി ക്വസ്റ്റിയന്‍ ആദ്യ ഭാഗം കൈകാര്യം ചെയ്തത്. കൂട്ടക്കൊലയ്ക്ക് ഏതാനും മാസങ്ങള്‍ക്കുമുമ്പ് മാത്രമാണ് മോദി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ഈ സിനിമ കൊലപാതകങ്ങളെ കുറിച്ച് മാത്രമല്ല, നീതി പ്രതീക്ഷിച്ച്, ഇരകള്‍ നിയമവ്യവസ്ഥയിലൂടെ നടത്തിയ 20 വര്‍ഷത്തെ പോരാട്ടത്തിന്റെ കൂടി കഥയാണ്. 'ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല'യില്‍ 60 പേരെ കൊലപ്പെടുത്തിയ ഇംതിയാസ് പത്താന്റെ ഏറ്റവും വേദനാജനകമായ ദൃക്സാക്ഷി വിവരണങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ മുന്‍ പാര്‍ലമെന്റ് അംഗം എഹ്സാന്‍ ജാഫ്രി ഉള്‍പ്പെടെയുള്ളവരെ ജീവനോടെ കത്തിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. മോദിയുടെ എതിരാളിയായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തിയിരുന്നു. ബിബിസിയുടെ ചിത്രത്തിലില്ലാത്ത ഒരു സംഭവം 19 കാരിയായ ബില്‍ക്കിസ് ബാനോയുടെ കൂട്ടബലാത്സംഗവും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളുടെ കൊലപാതകവുമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍, സ്വാതന്ത്ര്യ ദിനത്തില്‍, സ്ത്രീകളുടെ അവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍, അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കി വിട്ടയച്ചു. പുറത്തിറങ്ങിയ അവരെ മാലകള്‍ അണിയിച്ചാണ് സ്വീകരിച്ചത്. ഇപ്പോള്‍ അവര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നു.

****

ഗുജറാത്ത് കലാപത്തില്‍ മുസ്ലിങ്ങള്‍ കൊലചെയ്യ പ്പെട്ടപ്പോള്‍ കോര്‍പ്പറേറ്റ് ഇന്ത്യ അതിനെ അപലപിച്ചു. എന്നാല്‍ അന്നും കൂടെ നിന്ന ആളായിരുന്നു ഗൗതം അദാനി. അദാനിയുടെ സ്വകാര്യ ജെറ്റിലാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മോദി ഡല്‍ഹിയിലേക്ക് പോയത്. മോദിയുടെ ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ അദാനിയുടെ സമ്പത്ത് 8 ബില്യണ്‍ ഡോളറില്‍നിന്ന് 137 ബില്ല്യണ്‍ ഡോളറായി മാറി. 2022 മാത്രം അദ്ദേഹം ഉണ്ടാക്കിയത് 72ബില്യണ്‍ ഡോളറാണ്. അദ്ദേഹത്തിന് തൊട്ടുതാഴെയുള്ള ലോകത്തെ ഒമ്പത് കോടീശ്വരന്‍മാരുടെ ആ വര്‍ഷത്തെ സമ്പത്ത് ആകെയെടുത്താല്‍ പോലും അത്രയും വരില്ല. *****

ഇന്ത്യ ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്ന സമ്പന്നമായ രാജ്യമാണ്. ഏറ്റവും അസമത്വം നിറഞ്ഞ സമൂഹങ്ങളില്‍ ഒന്ന്. ഓക്‌സ്ഫാം ഇന്ത്യയുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും അതുപോലെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന എന്‍ജിഒകളുടെ ഓഫീസും അടപ്പിച്ചു. ഇതൊന്നും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചില്ല. ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമാണ് മോദി ജോ ബൈഡനുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായും ക്രിയാത്മക'മായ ചര്‍ച്ച നടത്തിയത്.

...

ജൂലൈ മാസത്തില്‍ മോദി അമേരിക്കയും ഫ്രാന്‍സും സന്ദര്‍ശിച്ചു. ബൈഡനും മാക്രോണും മോദിയെ സ്‌നേഹത്തോടെ കെട്ടിപിടിക്കുകയായിരുന്നു. ഇതൊക്കെ 2024 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് അവര്‍ക്ക് അറിയാത്തതല്ല. അവര്‍ക്ക് മോദിയെക്കുറിച്ചുള്ള ഒരു കാര്യവും അറിയാത്തതല്ല. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് അവര്‍ക്ക് അറിയാം. മുസ്ലീങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും ആക്രമികളെ മോദിയുടെ മന്ത്രിസഭയിലെ അംഗം തന്നെ മാലയിട്ട് സ്വീകരിക്കപ്പെടുന്നതിനെക്കുറിച്ചും അവര്‍ക്ക് അറിയാം. ക്രിസ്ത്യന്‍ പള്ളികള്‍ അഗ്നിക്ക് ഇരയാക്കുന്നത് അവര്‍ക്ക് അറിയാത്തതല്ല. പ്രതിപക്ഷ നേതാക്കളെയും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുന്നതിനെക്കുറിച്ചും സിനിമകള്‍ നിരോധിക്കപ്പെടുന്നതിനെക്കുറിച്ചും ചരിത്രം തിരുത്തി എഴുതുന്നതിനെക്കുറിച്ചും ബിബിസി ഓഫീസ് റെയ്ഡ് ചെയ്തതിനെക്കുറിച്ചും അവര്‍ക്ക് അറിയാത്തതല്ല. പത്ര സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 180 ല്‍ 161 ആണെന്ന കാര്യം അവര്‍ക്ക് അറിയാത്തതല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യയെ ഇല്ലാതാക്കാനുള്ള ഓക്‌സിജനാണ് അവര്‍ മോദിയ്ക്ക് നല്‍കികൊണ്ടിരിക്കുന്നത്. ഇതൊരു തരം വംശീയതയാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ ജനാധിപത്യവാദികളെന്ന് പറയുന്നു. പക്ഷെ അവര്‍ യഥാര്‍ത്ഥത്തില്‍ വംശീയവാദികളാണ്. അവരുടെ മൂല്യങ്ങള്‍ വെള്ളക്കാരല്ലാത്തവര്‍ക്ക് ബാധകമല്ലെന്ന് അവര്‍ കരുതുന്നു.

മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങളെക്കുറിച്ചും അവര്‍ക്ക് അറിയാം. കശ്മീരിനെക്കുറിച്ച് അവര്‍ക്ക് അറിയാത്തതല്ല. ജനാധിപത്യ രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ കാലയളവില്‍ ഇന്റര്‍നെറ്റ് ഇല്ലാതായതിനെക്കുറിച്ച് അവര്‍ക്ക് അറിയാത്തതല്ല. സ്വന്തം കഴുത്തില്‍ പട്ടാളത്തിന്റെ ബൂട്ട് പേടിച്ച് കഴിയുന്നവരാണ കശ്മീര്‍ ജനത. 21-ാം നൂറ്റാണ്ടില്‍ ആര്‍ക്കും അവരെ പോലെ ജീവിക്കേണ്ടി വന്നിട്ടില്ല. മുസ്ലീങ്ങള്‍ക്കെതിരായ പൗരത്വ നിയമത്തെക്കുറിച്ചും അവര്‍ക്ക് അറിയാം. തങ്ങള്‍ മോദിയെ വാഴ്ത്തുമ്പോള്‍ ഉത്തരാഖണ്ഡിലെ മുസ്ലീങ്ങള്‍ക്ക് പാലായനം ചെയ്യേണ്ടിവന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയാം. ... ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യയെ ഇല്ലാതാക്കാനുള്ള ഓക്‌സിജനാണ് അവര്‍ മോദിയ്ക്ക് നല്‍കികൊണ്ടിരിക്കുന്നത്. ഇതൊരു തരം വംശീയതയാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ ജനാധിപത്യ വാദികളെന്ന് പറയുന്നു. പക്ഷെ അവര്‍ യഥാര്‍ത്ഥത്തില്‍ വംശീയവാദികളാണ്. അവരുടെ മൂല്യങ്ങള്‍ വെള്ളക്കാരല്ലാത്തവര്‍ക്ക് ബാധകമല്ലെന്ന് അവര്‍ കരുതുന്നു. അതൊന്നും കാര്യമാക്കുന്നില്ല. നമ്മുടെ യുദ്ധം നമ്മള്‍ തന്നെ നടത്തും. അവസാനം രാജ്യത്തെ നമ്മള്‍ വീണ്ടെടുക്കും. എങ്കിലും ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാവുന്നത് ലോകത്തെ ബാധിക്കില്ലെന്നാണ് ലോക രാജ്യങ്ങള്‍ കരുതുന്നതെങ്കില്‍ അവര്‍ മായാലോകത്താണ്.......

കടപ്പാട്: https://scroll.in/

logo
The Fourth
www.thefourthnews.in