അംബേദ്ക്കര്‍ ഇല്ലാതെ എന്റെ ജീവിതം പൂര്‍ണമല്ല

അംബേദ്ക്കര്‍ ഇല്ലാതെ എന്റെ ജീവിതം പൂര്‍ണമല്ല

2005 ല്‍ കാംപസിലെത്തിയ ശേഷം അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന് ആണ് അംബേദ്ക്കര്‍ എന്ന മഹദ് വ്യക്തിത്വത്തെ എന്റെയുള്ളില്‍ ഉറപ്പിച്ച് വെച്ചത്

2005ലാണു എം എ ഫിലോസഫിക്കായി ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴിസ്ടിയില്‍ ചേരുന്നത്. അന്നു വരെയും എന്നെ സംബന്ധിച്ചു ഡോ. ബി ആര്‍ അംബേദ്ക്കര്‍ എന്നാല്‍ ഒരു ദളിത് നേതാവ്, ഇന്ത്യന്‍ ഭരണ ഘടനയുടെ പിതാവ് എന്നിങ്ങനെ രണ്ടു പ്രാഥമിക അറിവുകള്‍ മാത്രമായിരുന്നു. അംബേദ്ക്കറെ പറ്റി ശരിയായി പഠിക്കാനോ അറിയാനോ എനിക്കു അതുവരെ കാര്യമായ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. കാരണം എന്റെ ബിരുദപഠനകാലം വരെ ഞാനൊരു വിദ്യാര്‍ഥി സംഘടനയിലും അംഗമായിരുന്നില്ല. കൂടാതെ ഞാന്‍ പഠിച്ചതും വളര്‍ന്ന് വന്നതുമായ വിദ്യാഭ്യാസരീതിയും സമൂഹവും അംബേദ്കറെപ്പറ്റി കാര്യമായി ഒന്നും പറഞ്ഞു തന്നതുമില്ല. 2005 ല്‍ കാംപസിലെത്തിയ ശേഷം അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന് ആണ് അംബേദ്ക്കര്‍ എന്ന മഹദ് വ്യക്തിത്വത്തെ എന്റെയുള്ളില്‍ ഉറപ്പിച്ച് വെച്ചത്. ഞാനൊരു പൂര്‍ണ്ണ സ്വതന്ത്രവ്യക്തിയാണെന്നാണ് ഞാന്‍ അത് വരെ വിശ്വസിച്ചിരുന്നത്. അവിടം മുതലാണ് ജാതി, മതം മുതലായവയെപ്പറ്റി ധാരാളം മുന്‍വിധികള്‍ എന്റെയുള്ളില്‍ വേരുറപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ദളിത് സമൂഹങ്ങള്‍ക്കുള്ളിലുള്ള ഉയര്‍ച്ചതാഴ്ചകളുടെ വേര്‍തിരിവുകള്‍ പോലെയുള്ള മുന്‍വിധികള്‍. മനസിന്റെ സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നെ പഠിപ്പിച്ചു. അതായിരുന്നു അംബേദ്ക്കറിനോടൊപ്പമുള്ള എന്റെ ജീവിതത്തിന്റെ തുടക്കം.

വൈസ് ചാന്‍സലര്‍ അപ്പാ റാവു വിഎല്‍ നിന്നു പി എച്ച് ഡി ബിരുദം നിരസിച്ചത് അംബേദ്ക്കറൈറ്റ് സ്വാഭിമാനപോരാട്ടത്തിന്റെ ഭാഗമായിട്ടാണ്

അംബേദ്ക്കറിനെ കൂടുതല്‍ അറിയാനും മനസിലാക്കാനും തുടങ്ങിയതോടെ എന്റെയുള്ളില്‍ ആഴത്തില്‍ വേരുറപ്പിച്ചിരുന്ന തെറ്റായ പല ധാരണകളും പിഴുതെറിയപ്പെട്ടു കൊണ്ടിരുന്നു. വിദ്യാഭ്യാസം, തൊഴില്‍ , ജാതി , മതം , പലതരം വിശ്വാസങ്ങള്‍ എന്നിവയെപ്പറ്റിയൊക്കെ ഞാന്‍ പരിചയിച്ച സമൂഹം അതുവരെ എന്റ്‌റെയുള്ളില്‍ നിറച്ചിരുന്ന തോന്നലുകളത്രയും പതിയെ നീങ്ങി മാറാന്‍ തുടങ്ങി. എന്റെ രക്ഷിതാക്കളും അവരുള്‍പ്പെടുന്ന സമൂഹവും പിന്തുടരുന്ന മതവിശ്വാസം ഒരു വിധത്തിലും ഞാന്‍ ആരെന്നോ, ഞാന്‍ എന്തെന്നോ ഉള്ള ഒരു ധാരണയും എനിക്കു നല്‍കിയില്ല. അംബേദ്ക്കറിനെ വായിക്കാനും അറിയാനും തുടങ്ങിയതോടെയാണ് ഈ രാജ്യത്തു ഞാനാരെന്നും എന്താണെന്നും എന്നതിനെപ്പറ്റി എനിക്കു കൃത്യമായ ഒരു ധാരണ കൈ വന്നത്. വിദ്യാഭ്യാസം നേടുക , സംഘടിക്കുക , പോരാടുക എന്ന അംബേദ്ക്കര്‍ വചനം വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റിയും സംഘടിതമായ ഒരു സമൂഹത്തിന്റെ ശക്തിയെപ്പറ്റിയും പോരാട്ടത്തിലൂടെ നേടിയെടുക്കേണ്ട നേട്ടങ്ങളെപ്പറ്റിയും എന്നെ ബോധ്യപ്പെടുത്തി.

എന്റെ രക്ഷിതാക്കളും അവരുള്‍പ്പെടുന്ന സമൂഹവും പിന്തുടരുന്ന മതവിശ്വാസം ഒരു വിധത്തിലും ഞാന്‍ ആരെന്നോ, ഞാന്‍ എന്തെന്നോ ഉള്ള ഒരു ധാരണയും എനിക്കു നല്‍കിയില്ല

ബാബാസാഹേബ് അംബേദ്ക്കറിന്റെ സ്വാധീനത്താല്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് നടത്തിയ എല്ലാ സമരങ്ങളും ക്യാംപസിന് പുറത്തു രാജ്യത്തെ വലിയ ഒരു ജനവിഭാഗത്തിനേ കൂടി ഉദേശിച്ചുള്ളതായിരുന്നു. ഇത്തരം സമരങ്ങളുടെ ഫലമായി 2008ല്‍ ആദ്യമായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി പ്രവേശനത്തിനായി ഒ ബി സി സംവരണം കൊണ്ട് വന്നു. വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഇത് പുതിയൊരു വഴിത്തിരിവ് തന്നെയായിരുന്നു. പ്രവേശന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ അപേക്ഷിക്കുമ്പോള്‍ എസ് സി എസ് ടി, ഓ ബി സി പേരുകളുടെ മുന്നില്‍ വണ്‍ സ്റ്റാര്‍ (*),ടു സ്റ്റാര്‍ (**),ത്രീ സ്റ്റാര്‍ (***) മാര്‍കിങ് സിംബലുകള്‍ ഉപയോഗിച്ച് എല്ലാ നോട്ടീസ് ബോര്‍ഡുകളിലും ഹോസ്റ്റലുകളിലും പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ വിദ്യാര്‍ഥികലൂടെ ജാതി എന്തെന്ന് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനെ ASA എതിര്‍ക്കുകയും ആ രീതി അവസാനിപ്പിക്കുന്നതിനായി പോരാടുകയും ചെയ്തു.

രോഹിത് വെമുലയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം യൂണിവേഴ്‌സിറ്റികള്‍ ദളിതര്‍ക്കു പറ്റിയ ഇടങ്ങളല്ല എന്ന തോന്നല്‍ സമൂഹത്തില്‍ ശക്തമാകാന്‍ കാരണമായി

അംബേദ്ക്കറുടെ ജീവിതവും പോരാട്ടവും നീതിക്കു വേണ്ടി നിലകൊള്ളുവാന്‍ എന്നെ എക്കാലവും പ്രേരിപ്പിച്ചിടുണ്ട് . ASA യുടെ ഒരു പോരാളി എന്ന നിലക്ക് ഏത് വിധത്തിലേയും വേര്‍തിരിവുകള്‍ക്കും മാറ്റി നിര്‍ത്തലുകള്‍ക്കും എതിരെ പോരാടുവാന്‍ അംബേദ്ക്കറാണെന്റെ ശക്തി എന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രോഹിത് വെമൂലയുടെ നീതിക്കായുള്ള എന്റെ പോരാട്ടം ഒരു വ്യക്തിക്ക് വേണ്ടി മാത്രമല്ല. ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയും ജീവനോ ജീവിതമോ ഹോമിക്കേണ്ടി വരികയും ചെയ്ത ആയിര്‍ക്കണക്കിന് അറിയപ്പെടാത്ത രോഹിത് വെമുലമാര്‍ക്ക് വേണ്ടികൂടിയാണ്. രോഹിത് വെമുലയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം യൂണിവേഴ്‌സിറ്റികള്‍ ദളിതര്ക്കു പറ്റിയ ഇടങ്ങളല്ല എന്ന തോന്നല്‍ സമൂഹത്തില്‍ ശക്തമാകാന്‍ കാരണമായി. കോണ്ഗ്രസ് പാര്‍ടി അധികാരത്തില്‍ വരികയാണെങ്കില്‍ അവര്‍ വിഭാവനം ചെയ്ത രോഹിത് ആക്ട് ഈ സാഹചര്യം മാറി ദളിത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാധ്യതകള്‍ നല്‍കിയേക്കാം. വൈസ് ചാന്‍സലര്‍ അപ്പാ റാവു വിഎല്‍ നിന്നു പി എച്ച് ഡി ബിരുദം നിരസിച്ചത് അംബേദ്ക്കറൈറ്റ് സ്വാഭിമാനപോരാട്ടത്തിന്റെ ഭാഗമായിട്ടാണ്. അംബേദ്ക്കര്‍ ഇല്ലാതെ എന്റെ ജീവിതം പൂര്‍ണമല്ല. അതിനു പിന്നില്‍ അദ്ദേഹം വിഭാവനം ചെയ്ത സംവരണം മാത്രമല്ല , ആത്മാഭിമാനത്തോടെ ജീവിക്കാനും പോരാട്ടങ്ങളിലൂടെ അത് നില നിരുത്താനും അദ്ദേഹം പകര്‍ന്നു നല്‍കിയ അറിവും ബോധ്യങ്ങളും കൂടിയാണ്.

logo
The Fourth
www.thefourthnews.in