ബാബ്റി മസ്ജിദ് തകർക്കലും ഹിന്ദുത്വ ഭീകരതയുടെ മൂന്ന് പതിറ്റാണ്ടുകളും

ബാബ്റി മസ്ജിദ് തകർക്കലും ഹിന്ദുത്വ ഭീകരതയുടെ മൂന്ന് പതിറ്റാണ്ടുകളും

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകമായ മുഖം 'പുതിയ സ്വാഭാവികത' യായി (The new normal) മാറി

ബാബ്റി മസ്ജിദ് എന്നാണോ തർക്ക മന്ദിരം എന്നാണോ രാമ ജന്മഭൂമി എന്നാണോ പറയേണ്ടത് എന്ന തർക്കങ്ങൾ ഇന്ത്യയുടെ പൊതുസമൂഹ വ്യവഹാരങ്ങളിൽ നിന്നും ഏതാണ്ട് ഇല്ലാതാക്കിയതാണ് 1992, ഡിസംബർ 6ന് അയോധ്യയിലെ ബാബ്റി മസ്ജിദ് സംഘപരിവാർ പ്രവർത്തകർ തകർത്തതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടിന്റെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ പരിണാമം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകമായ മുഖം 'പുതിയ സ്വാഭാവികത' യായി (The new normal) മാറി. സംഘപരിവാറിന്റെ രാഷ്ട്രീയാധികാരം നീണ്ടുനിൽക്കുന്ന രാഷ്ട്രീയ ജീവിതമായി ഇന്ത്യ സ്വീകരിച്ചു. മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളിൽ നിന്നും ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പുകളും ഏതാണ്ട് അപ്രത്യക്ഷമാവുകയും ഹിന്ദുത്വത്തിന്റെ വകഭേദങ്ങളിലൂടെ ഒരു പുതിയ രാഷ്ട്രീയ മത്സരം രൂപപ്പെടുകയും ചെയ്തു. ഭരണകൂടം രാഷ്ട്രീയമായി ഫാസിസ്റ്റ് സ്വഭാവവും നടത്തിപ്പിൽ സമഗ്രാധിപത്യവുമായി മാറി. ഭരണഘടനാ ജനാധിപത്യത്തിന്റെ ദുർബ്ബലമായ ചട്ടക്കൂട് ബഹുശകലങ്ങളായി അതിദ്രുതം തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ബാബ്റി മസ്ജിദ് തകർത്തതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകൾ ദേശീയ സ്വാതന്ത്ര്യസമരം രൂപം കൊടുത്ത ജനാധിപത്യ, മതേതര ഇന്ത്യയെന്ന സങ്കല്പത്തിന്റെ തകർച്ചയുടെ കാലക്രമം കൂടിയാകുന്നു

ഒരാശയമെന്ന നിലയിൽ ജനാധിപത്യ, മതേതര ഇന്ത്യ എന്ന റിപബ്ലിക്ക് അതിന്റെ തകർച്ചയുടെ അവസാനത്തെ നോക്കിക്കാണുകയും ഭൂരിപക്ഷ മത-രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സമഗ്രാധിപത്യം, പകരം സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുന്നു. ഭരണകൂട-ഫാസിസ്റ്റ്-കോർപ്പറേറ്റ് കൂട്ടുകെട്ട് രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ സകല മേഖലകളിലും വെല്ലുവിളികളില്ലാത്ത ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. ബാബ്റി മസ്ജിദ് തകർത്തതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകൾ ദേശീയ സ്വാതന്ത്ര്യസമരം രൂപം കൊടുത്ത ജനാധിപത്യ, മതേതര ഇന്ത്യയെന്ന സങ്കല്പത്തിന്റെ തകർച്ചയുടെ കാലക്രമം കൂടിയാകുന്നു.

ഇന്ത്യൻ സമൂഹത്തിലെ തങ്ങളുടെ പ്രത്യയശാസ്ത്ര ശക്തിയുടെ ബാഹ്യപ്രകടനമാണ് ബാബ്റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിലൂടെ സംഘപരിവാർ നടത്തിയത്

അയോധ്യയിലെ ബാബ്റി മസ്ജിദ് തകർക്കുന്നതിലേക്ക് സംഘപരിവാറും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയവും എത്തുന്നത് വരേയ്ക്കും അത് സഞ്ചരിച്ച നീണ്ട വഴികളാണ് ബാബരി മസ്ജിദ് തകർക്കലിന് ശേഷമുള്ള കാലത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇന്ധനം. ബാബരി മസ്ജിദ് തകർക്കുക എന്നതും രാമക്ഷേത്രം പണിയുക എന്നതും ശാഖാപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര നിർമാണ അജണ്ടയിലെ ചില അടവുകളും പ്രയോഗങ്ങളും മാത്രമാണ്. രാഷ്ട്രീയ-സാമൂഹ്യ ഘടനയിലെ മാറ്റങ്ങൾ മറ്റ് വഴികളിലൂടെയാണ് വരുന്നത്. ഇന്ത്യൻ സമൂഹത്തിലെ തങ്ങളുടെ പ്രത്യയശാസ്ത്ര ശക്തിയുടെ ബാഹ്യപ്രകടനമാണ് ബാബ്റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിലൂടെ സംഘപരിവാർ നടത്തിയത്.

1992 ഡിസംബർ 6 ൽ പ്രകടമാക്കിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കായികബലം ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യത്തിന്റെ പൊതുസമ്മതി അവസാനിച്ചിരിക്കുന്നു എന്ന് കൂടിയായിരുന്നു. ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ സംഘടിത ശേഷി ഇനി ഇന്ത്യൻ രാഷ്ട്രീയാധികാരത്തെ മാത്രമല്ല, ഇന്ത്യൻ സമൂഹത്തെയും നിശ്ചയിക്കുകയും അതിന് ആജ്ഞകൾ നൽകുകയും ചെയ്യും എന്നത് ഇന്ത്യൻ സമൂഹത്തിനെ ബോധ്യപ്പെടുത്താനുള്ള പ്രകടനമായിരുന്നു അത്.

ഹിന്ദുത്വ രാഷ്ട്രീയം ബാബ്റി മസ്ജിദ് തകർക്കാനുള്ള അഥവാ ഇന്ത്യൻ സമൂഹത്തിന് മുന്നിൽ തങ്ങളുടെ ഫാസിസ്റ്റ് ശേഷിയും രാഷ്ട്രീയവും മറയില്ലാതെ പ്രകടിപ്പിക്കാനുള്ള ആ ദിവസത്തിന്റെ പൂർത്തീകരണത്തിലേക്ക് എത്തുന്നതിന് മുൻപ് നീണ്ട ഏഴ് പതിറ്റാണ്ടുകൾ സംഘപരിവാർ ഒരു ഫാസിസ്റ്റ് സംഘടനാ ശരീരത്തെ അതിസൂക്ഷ്മമായി നിർമിച്ചെടുത്തിരുന്നു എന്ന് മാത്രമല്ല ആ ഫാസിസ്റ്റ് രാഷ്ട്രീയത്തെയും സംഘടനയെയും ഞെട്ടലുകളോ അസ്വാഭാവികതയോ ഇല്ലാതെ സ്വീകരിക്കുന്നൊരു വലിയൊരു വിഭാഗം ഹിന്ദു സമൂഹത്തെയും അവരുണ്ടാക്കിയെടുത്തിരുന്നു. ബാബ്റി മസ്ജിദിന്റെ തകർക്കലിന് ശേഷം ഇന്ന് വരേക്കുമുള്ള മൂന്ന് പതിറ്റാണ്ടുകളിൽ യാതൊരു മനം മാറ്റവുമില്ലാതെ ഹിന്ദുത്വയുടെ രാഷ്ട്രീയ പ്രയോഗത്തെയും പ്രത്യയശാസ്ത്രത്തെയും അംഗീകരിക്കുന്ന ഈ ജനപിന്തുണ കൂടിയാണ് അതിനെ നിലനിർത്തുന്നത്.

ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനുള്ള ഈ ജനപിന്തുണ കാണാതെ പോവുകയും അതിനെ കേവലം മുകളിൽ നിന്നുള്ള അധികാരപ്രയോഗമായി ചുരുക്കിക്കാണുകയും ചെയ്യുക എന്നത് വാസ്തവത്തിൽ ഫാസിസ്റ്റ് വിരുദ്ധ സമങ്ങൾക്ക് സംഭവിക്കുന്ന വീഴ്ചയാണ്. ഹിന്ദുത്വ രാഷ്ട്രീയം ഇന്നിപ്പോൾ എത്തിനിൽക്കുന്ന അതിന്റെ ഏതാണ്ട് ഒരു നൂറ്റാണ്ടോളമായ സംഘടനാ പ്രവർത്തനത്തിൽ എല്ലാ ഘട്ടത്തിലും ഈ ജനപിന്തുണ ഉറപ്പുവരുത്താൻ ശ്രമിക്കാറുണ്ട്. അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം പ്രതിഫലിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നാമമാത്രമായ സ്വാധീനം മാത്രം ചെലുത്താൻ കഴിഞ്ഞ കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യസ്വാധീനം ആഴത്തിലും പരപ്പിലും വളർന്നുകൊണ്ടിരുന്നത്.

ആഗോള ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഇന്ത്യൻ രൂപം എന്ന നിലയിൽ ഖിലാഫത്ത് മുന്നേറ്റത്തെ കണ്ടുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളുടെ രാഷ്ട്രീയ സംഘടനായി 1925 ൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) രൂപം കൊള്ളുമ്പോൾ അതിന്റെ പ്രയോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രാഷ്ട്രീയാധികാരത്തിനുള്ള പരിപാടികളായിരുന്നില്ല, മറിച്ച് സമൂഹത്തെ ഹിന്ദുത്വവത്ക്കരിക്കുക എന്നായിരുന്നു. ഹിന്ദുത്വവത്ക്കരണം എന്നതിന്റെ രൂപഭാവങ്ങൾ മുന്നോട്ടുപോകുന്തോറും മാറിക്കൊണ്ടിരുന്നു.

ആദ്യകാലത്ത് ആർഎസ്എസും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി 'ഹിന്ദു'വിനേയും 'ഹിന്ദുത്വത്തെയും' ഒരു 'ഏകാത്മക ഹിന്ദു രാഷ്ട്രത്തെയും' സൃഷ്ടിക്കുക എന്നതായിരുന്നു. അങ്ങനെയൊരു ഹിന്ദു വളരെ ദുർബലമായ രൂപത്തിലാണ് നിലനിന്നിരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് അതിന്റേതായ ഭൂതകാലത്തെ കണ്ടെത്തുകയും സൃഷ്ടിച്ചെടുക്കുകയും ചെയ്യേണ്ടിവന്നു. അവരത് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമായ നിലനിൽപ്പിന് ഈ ഏകാത്മക ഹിന്ദുത്വത്തെയും ഹിന്ദുവിനെയും നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കണം എന്നവർക്കറിയാം.

ഭരണകൂടത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള സാമൂഹ്യമായ ശേഷി ആർജ്ജിച്ചെടുക്കുക എന്നതായിരുന്നു ആർഎസ്എസ്സിന്റെ ആദ്യ അജണ്ട

കൊളോണിയൽ ഭരണകാലത്ത് നടന്ന ജനസംഖ്യ കണക്കെടുപ്പിലാണ് ആദ്യമായി ഇന്ത്യൻ ജാതിവ്യവസ്ഥ എന്ന ചാതുർവർണ്യ ശ്രേണീബന്ധത്തെയും അതിന് പുറത്തുള്ള മറ്റ് മതങ്ങളിൽ ഉൾപ്പെടാത്തവരെയുമെല്ലാം ഹിന്ദുക്കളായി അടയാളപ്പെടുത്തി തുടങ്ങിയത്. ജാതിഘടനയെ ഔദ്യോഗികമായി ഹിന്ദു വിലാസത്തിൽ രേഖപ്പെടുത്തി ബ്രിട്ടീഷ് ഭരണം. അതുവരെ ജാതിഘടനയുടെ പുറത്തുനിന്നിരുന്ന ആദിവാസികളെയും അവർ ഹിന്ദുക്കളായി അതിനുള്ളിലേക്ക് കൂട്ടി. ഈയൊരു ഹിന്ദു സമൂഹത്തിന് ഏകരൂപത്തിലുള്ള ഒരു ബന്ധമുണ്ടെന്നും ജാതിവ്യവസ്ഥയെ ഒട്ടും അലോസരപ്പെടുത്താതെ തന്നെ വിശാല ഹിന്ദുവിന്റെ ഐക്യം സാധ്യമാണെന്നുമുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആഗധ്യാനം തുടക്കം മുതൽ തന്നെ വി ഡി സവർക്കറും ഹെഗ്‌ഡെവാറും ഗോൾവാർക്കറും ഹിന്ദുവിനെ ഭാരതീയതും രാജ്യവും ദേശവുമായി കൂട്ടിവെച്ചത് ഇതിന് വേണ്ടിയായിരുന്നു. അതിനാകട്ടെ അഖണ്ഡ വിശാല ഭാരതമെന്ന സങ്കൽപ്പവും ഉണ്ടാക്കി.

ബ്രിട്ടീഷുകാർ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ഭരണ ഭൂപ്രദേശമാണ് ഇന്ത്യയെന്ന വസ്തുതയെ അവർക്ക് മറികടക്കണമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട 1885ൽ കൊളോണിയൽ ഭരണാധികാരിയായിരുന്ന ജോൺ സ്ട്രാഷേ ഇന്ത്യ എന്ന അന്നത്തെ രൂപത്തിന് സമാനമായൊരു ഭൂതകാലമില്ല എന്ന് പറയുന്നുണ്ട് " ഒരിക്കലും ഇന്ത്യയുണ്ടായിരുന്നില്ല, ഇന്ത്യയെന്ന രാജ്യവുമുണ്ടായിരുന്നില്ല. യൂറോപ്യൻ ആശയങ്ങൾക്കനുസരിച്ച് നോക്കിയാൽ രാഷ്ട്രീയമോ ഘടനാപരമോ സാമൂഹികമോ മതപരമോ ആയ ഇന്ത്യ നിലനിന്നിട്ടുണ്ടായിരുന്നില്ല ; അങ്ങനെ ഒരു രാജ്യവുമില്ല, ഒരു ജനതയുമില്ല." ഈയൊരു പ്രശ്നത്തെക്കൂടിയാണ് അഖണ്ഡ ഭാരതമെന്ന വിശാല സാംസ്കാരിക സങ്കല്പത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം മറികടക്കാൻ ശ്രമിച്ചത്.

ബാബ്റി മസ്ജിദ് തകർത്തത് അതിദീർഘമായ ഹിന്ദുത്വവത്ക്കരണ യാത്രയുടെ ഉറഞ്ഞുതുള്ളിയ പ്രകടനമായിരുന്നു

കേവലമായ രാഷ്ട്രീയാധികാരം എന്ന പ്രയോഗത്തിൽക്കൂടി മാത്രം മുന്നോട്ട് പോയിരുന്നെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം നാമമാത്രമായൊരു ശക്തിയായി ഒതുങ്ങിയേനെ. പകരം ആദ്യഘട്ടത്തിലൊക്കെ രാഷ്ട്രീയാധികാരത്തെ പ്രധാന അജണ്ടയായി മുന്നോട്ടുവെക്കാൻ പോലും ആർഎസ്എസ് തയ്യാറായിരുന്നില്ല. ഭരണകൂടത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള സാമൂഹ്യമായ ശേഷി ആർജ്ജിച്ചെടുക്കുക എന്നതായിരുന്നു അതിന്റെ ആദ്യ അജണ്ട. അത്തരത്തിലൊരു ശേഷി നേടിക്കഴിഞ്ഞാൽ രാഷ്ട്രീയാധികാരം കൈക്കലാക്കുക എന്നത് സമയക്രമത്തിന്റെ മാത്രം പ്രശ്നമാണ്.

ഭരണകൂടത്തെയും അധികാര രാഷ്ട്രീയത്തേയും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ വളരെ ദുർബലമായ ആത്മീയ വ്യാപാരങ്ങളായിരുന്നില്ല. ഗാന്ധി വധമടക്കം വളരെ അക്രമാസക്തമായ രൂപങ്ങൾ അത് നിരന്തരം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ദുർബലന്മാരും സ്ത്രൈണചിത്തന്മാരുമായ ഹിന്ദുവിനെയാണ് ഗാന്ധി ഉണ്ടാക്കിയത് എന്നായിരുന്നു ആർഎസ്എസുകാരുടെ എതിർപ്പുകളിലൊന്ന്. സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തിൽ പ്രത്യേകിച്ചൊരു പങ്കും വഹിച്ചില്ലെന്ന് മാത്രമല്ല ബ്രിട്ടീഷുകാരുടെ കയ്യാളുകളായി പ്രവർത്തിക്കുകയും ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ടതും ദീർഘകാലത്തേക്കുള്ളതുമായ അജണ്ട, ഭരണകൂടാധികാരം നേരിട്ട് പിടിക്കുകയായിരുന്നില്ല. മറിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യാധികാരം ഉറപ്പുവരുത്തക എന്നതായിരുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം രാഷ്ട്രീയകക്ഷി രൂപവത്ക്കരിക്കാനുള്ള ശ്രമത്തിൽ ആദ്യമൊന്നും ആർഎസ്എസ് നേതൃത്വം അത്ര ഉത്സുകരായിരുന്നില്ല. എന്നാൽ അന്ന് നിലനിന്നിരുന്ന നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ മതേതര രാഷ്രീയത്തിന്റെ ശക്തമായ സാമൂഹ്യ സ്വാധീനവും നേരിട്ടുള്ള രാഷ്ട്രീയാധികാരത്തിൽ സാന്നിധ്യമില്ലെങ്കിലും പൊതുസമൂഹത്തിൽ ഇടപെടൽ ശേഷിയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളും അത്തരത്തിലൊരു രാഷ്ട്രീയ ഇടപെടലിന്റെ അനിവാര്യത ആർഎസ്എസിനെ ബോധ്യപ്പെടുത്തി.

1992 ഡിസംബർ 6ന് ബാബ്റി മസ്ജിദ് തകർത്തത് ഈ അതിദീർഘമായ ഹിന്ദുത്വവത്ക്കരണ യാത്രയുടെ ഉറഞ്ഞുതുള്ളിയ പ്രകടനമായിരുന്നു. അതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകൾ ഈ ഹിംസാത്മക ഹിന്ദുത്വത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്കുള്ള അതിവേഗത്തിലുള്ള യാത്രയായിരുന്നു.

ഹിന്ദു മഹാസഭയുടെ പഴയ രൂപത്തിൽ നിന്നും ജനസംഘത്തിലേക്ക് (1951) എത്തിയപ്പോൾ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ രാഷ്ട്രീയാധികാര യാത്ര തുടങ്ങിയിരുന്നു. ഗോസംരക്ഷണം, ഹിന്ദി രാഷ്ട്രഭാഷ, മതപരിവർത്തനത്തിനെതിരായ പ്രതിഷേധങ്ങൾ എന്നിങ്ങനെ പല രൂപത്തിൽ അവരത് നടത്തിക്കൊണ്ടിരുന്നു. രാമജന്മഭൂമി പ്രക്ഷോഭമായിരുന്നു അതിന്റെ ഏറ്റവും നിർണ്ണായകമായ രാഷ്ട്രീയരൂപമായി മാറിയത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർടി സർക്കാരിൽ ചേരുകയും ശേഷം ആർഎസ്എസ് ബന്ധത്തിന്റെയും ഇരട്ട അംഗത്വത്തിന്റെയും പേരിൽ പുറത്തുപോരികയും ചെയ്ത ആർഎസ്എസുകാർ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഉണ്ടാക്കിയപ്പോൾത്തന്നെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന രാമ ജന്മഭൂമി പ്രക്ഷോഭത്തെ മുഖ്യ രാഷ്ട്രീയ പ്രക്ഷോഭമാക്കി മാറ്റാനുള്ള അരങ്ങൊരുങ്ങിയിരുന്നു.

ഇന്ത്യൻ സമൂഹത്തിന്റെ ഹിന്ദുത്വവത്ക്കരണത്തിനുള്ള ഭൂമിക സംഘപരിവാർ അപ്പോഴേക്കും ഒരുതരത്തിൽ ഒരുക്കിക്കൊണ്ടുവന്നു. അതുകൊണ്ടാണ് രാമ ജന്മഭൂമി ശിലാന്യാസത്തിന് രാജീവ് ഗാന്ധി സർക്കാർ അനുമതി നൽകിയത്. കോൺഗ്രസിന്റെ അധികാര കുത്തക തകർന്ന് തുടങ്ങിയ കാലത്ത് കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. ഹിന്ദുത്വ രാഷ്ട്രീയം ഒരു സാമൂഹ്യ വ്യവഹാരമെന്ന നിലയിൽ അതിശക്തമായ സാന്നിധ്യമായി മാറിത്തുടങ്ങി. ദേശീയ സർക്കാർ മാധ്യമമായ ദൂരദർശനിൽ രാമായണവും മഹാഭാരതവും കാണാൻ ജനം ക്ഷേത്ര ദർശനത്തിനെന്ന പോലെ കാത്തിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ദൈനംദിന വ്യവഹാരത്തെ സംഘപരിവാർ ഹിന്ദുത്വവത്ക്കരിക്കുന്നതിന്റെ വിജയകരമായ ദൃശ്യങ്ങളായിരുന്നു അതൊക്കെ. 1990ൽ എൽ കെ അദ്വാനി നയിച്ച രഥയാത്ര അതിന്റെ വഴികളുട നീളം വർഗീയ കലാപങ്ങളും കൂട്ടക്കൊലകളും സൃഷ്ടിച്ചുകൊണ്ട് തിരിച്ചുപോക്കില്ലാത്ത വിധത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈനികവത്കൃതമായ രാഷ്ട്രീയരൂപത്തിന്റെ വരവറിയിച്ചു.

1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർത്തത് ഈ അതിദീർഘമായ ഹിന്ദുത്വവത്ക്കരണ യാത്രയുടെ ഉറഞ്ഞുതുള്ളിയ പ്രകടനമായിരുന്നു. അതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകൾ ഈ ഹിംസാത്മക ഹിന്ദുത്വത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്കുള്ള അതിവേഗത്തിലുള്ള യാത്രയായിരുന്നു. അതൊരു വിളവെടുപ്പിന്റെ സ്വഭാവമുള്ളതാണ്. സൂക്ഷ്മവും അവിരാമവുമായി പതിറ്റാണ്ടുകൾ നീണ്ട ഹിന്ദുത്വ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വിളവെടുപ്പ്.

ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തോടെ 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ബിജെപി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാധികാര ഘട്ടത്തിന്റെ ഏറ്റവും നിർണ്ണായകമായ ചുവരുവെപ്പാണ് നടത്തിയത്. രണ്ട് തരത്തിൽ അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോഗത്തിൽ മാറ്റം വരുത്തി. ഒന്ന്, രാമക്ഷേത്ര നിർമ്മാണം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നീ അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയ വാഗ്ദാനങ്ങൾ അത് നടപ്പാക്കി. അതിതീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പ്രചാരണപരിപാടിയിൽ നിന്നും പ്രയോഗതലത്തിലേക്ക് കൊണ്ടുവന്നു. രണ്ട്, ഇന്ത്യൻ ജനാധിപത്യത്തിന്റെ രണ്ടു പ്രധാന ഘടകങ്ങൾക്ക് നേരെ -ഒന്ന്, ഉദാര ജനാധിപത്യ മൂല്യങ്ങളുള്ള ബൂർഷ്വാസിയിലെ ഒരു വിഭാഗമടക്കമുള്ള എണ്ണത്തിൽ കുറഞ്ഞ എന്നാൽ പൊതുസമൂഹത്തിൽ സ്വാധീനമുള്ള പക്ഷം, രണ്ട് - ജനാധിപത്യ വ്യവസ്ഥയിലെ ഭരണഘടനാ സ്ഥാപനങ്ങൾ- ഹിന്ദുത്വ രാഷ്ട്രീയവും ഭരണകൂടവും പ്രത്യക്ഷമായ ആക്രമണങ്ങൾ തുടങ്ങി. മുൻകാലങ്ങളിലും ഇത് സംഘപരിവാറിന്റെ അജണ്ടയായിരുന്നുവെങ്കിലും രാഷ്ട്രീയാധികാരത്തിന്റെ സമ്പൂർണ്ണ പിന്തുണയോടെ നടത്തുന്ന മോദി സർക്കാരിന്റെ ആക്രമണം ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യഘടനയെ അനുദിനം ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുസൃതമായ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഉദാര ജനാധിപത്യവാദികൾ (ലിബറലുകൾ), ഇടതുപക്ഷക്കാർ, സ്ത്രീപക്ഷ രാഷ്ട്രീയക്കാർ, പരിസ്ഥിതിവാദികൾ എന്നിങ്ങനെ ഭരണകൂടത്തിന്റെ എതിര്പക്ഷത്തുള്ളവരെ മോദി സർക്കാരും സംഘപരിവാറും ചുട്ടികുത്തി അടയാളപ്പെടുത്തി ആക്രമിക്കുന്നു

ഉദാര ജനാധിപത്യവാദികൾ (ലിബറലുകൾ), ഇടതുപക്ഷക്കാർ, സ്ത്രീപക്ഷ രാഷ്ട്രീയക്കാർ, പരിസ്ഥിതിവാദികൾ എന്നിങ്ങനെ ഭരണകൂടത്തിന്റെ എതിര്പക്ഷത്തുള്ളവരെ മോദി സർക്കാരും സംഘപരിവാറും ചുട്ടികുത്തി അടയാളപ്പെടുത്തി ആക്രമിക്കുന്നു. ഏത് തരത്തിലുള്ള ഹിന്ദുത്വ വിരുദ്ധതയും ഭരണകൂടത്തോടുള്ള പ്രതിഷേധവും രാജദ്രോഹവും ദേശവിരുദ്ധതയുമാക്കി ചിത്രീകരിക്കുകയാണ്. ഇതും നേരത്തെപ്പറഞ്ഞ പോലുള്ള നീണ്ടകാലത്തെ ഹിന്ദുത്വവത്ക്കരണത്തിന്റെ വിളവെടുപ്പാണ്. ആദ്യം ഹിന്ദുവും ദേശവും ഒന്നാണെന്ന് സ്ഥാപിക്കുന്നു. ദേശത്തെത്തന്നെ തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അടിത്താനത്തിൽ നിര്വചിക്കുന്നു. ദേശവും ഹിന്ദുവും ഒന്നാകുന്നതോടെ ഹിന്ദുത്വ രാഷ്ട്രീയം ദേശത്തിന്റെ സനാതനമായ രാഷ്ട്രീയമാകുന്നു. പലപ്പോഴും രാഷ്ട്രീയം എന്നതിലുപരി അത് ദേശത്തിന്റെ ധാർമ്മികതയായി അവതരിപ്പിക്കപ്പെടുന്നു. ഇത്തരത്തിലൊരു ഹിന്ദുത്വ ധാർമ്മികത സ്വീകാര്യമാക്കിയാൽ അതിനെതിരെ പ്രതിഷേധിക്കുന്ന ആരും ദേശവിരുദ്ധരായി മാറും.

അങ്ങനെയാണ് മോദി സർക്കാരിനെതിരായ പ്രതിഷേധങ്ങൾ രാജ്യദ്രോഹക്കുറ്റമായി മാറുന്നത്. രാജ്യത്തെമ്പാടുമായി നിരവധി മനുഷ്യാവകാശ പ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയുമാണ് തടവിലാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ടുകുത്തി യന്ത്രങ്ങളായി പങ്കെടുക്കുക എന്നല്ലാതെ മറ്റൊരുതരത്തിലുള്ള രാഷ്ട്രീയപ്രവർത്തനവും സാധ്യമാകാത്ത തരത്തിലേക്കുള്ള തിരഞ്ഞെടുക്കപ്പെടുന്ന സമഗ്രാധിപത്യമായി രാജ്യത്തെ ഭരണസംവിധാനം മാറിക്കഴിഞ്ഞു.

ചെറിയ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന എൻഡിടിവി എന്ന മാധ്യമസ്ഥാപനത്തെ മോദി സർക്കാരിന്റെ പ്രായോജകനെന്നോ നിഴലെന്നോ വിളിക്കാവുന്ന അദാനി സ്വന്തമാക്കിയതോടെ എന്തെങ്കിലും തരത്തിലുള്ള ബദൽ മാധ്യമ സാദ്ധ്യതകൾ ഇന്ത്യയിൽ വലിയ തോതിലുള്ള മാധ്യപ്രവർത്തനത്തിൽ സാധ്യമാകില്ല എന്നതിലേക്ക് എത്തിയിരിക്കുന്നു

മാധ്യമങ്ങളുടെ ഏതാണ്ട് സമ്പൂർണ്ണമായ ഭരണകൂട വിധേയത്വവും അത് സാധ്യമാക്കുന്ന കോർപ്പറേറ്റ് കയ്യടക്കലും പൂർണ്ണമാണ്. ചെറിയ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന എൻഡിടിവി എന്ന മാധ്യമസ്ഥാപനത്തെ മോദി സർക്കാരിന്റെ പ്രായോജകനെന്നോ നിഴലെന്നോ വിളിക്കാവുന്ന അദാനി സ്വന്തമാക്കിയതോടെ എന്തെങ്കിലും തരത്തിലുള്ള ബദൽ മാധ്യമ സാദ്ധ്യതകൾ ഇന്ത്യയിൽ വലിയ തോതിലുള്ള മാധ്യപ്രവർത്തനത്തിൽ സാധ്യമാകില്ല എന്നതിലേക്ക് എത്തിയിരിക്കുന്നു. അർബൻ നക്സലുകൾ എന്ന രാജ്യദ്രോഹികളെ സൃഷ്ടിക്കുന്ന ആഖ്യാനം നരേന്ദ്ര മോദി തുടങ്ങിവെച്ചതോടെ അതിനെ നിരന്തരമായ പ്രചാരണപരിപാടികളിലൂടെ ഒരു പൊതുബോധമാക്കി മാറ്റിയെടുത്തത് ബഹുഭൂരിപക്ഷം വരുന്ന മാധ്യമങ്ങളാണ്. 2022-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നർമ്മദാ ബചാവോ ആന്ദോളൻ നേതാവ് മേധാ പട്കറെ അർബൻ നക്സൽ എന്നാണ് നരേന്ദ്ര മോഡി വിശേഷിപ്പിക്കുന്നത്.

നിരന്തരമായി നേതാവിനെതിരെയും സർക്കാരിനെതിരെയും ഗൂഢാലോചന നടക്കുന്നു എന്നും എല്ലായ്പ്പോഴും യുദ്ധസജ്ജമായ ഒരാവസ്ഥയിലാണ് നമ്മളെന്നും അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധത്തിന്റെയുമൊക്കെ 'ആർഭാടങ്ങൾ' നമ്മൾ മാറ്റിവെക്കുകയും സർവശക്തനായ നേതാവിന് പിന്നിൽ അണിനിരക്കണമെന്നുമുള്ള പ്രചാരണം സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും എക്കാലത്തെയും സ്വഭാവവിശേഷമാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്ന ആരോപണമുന്നയിച്ച് യാതൊരു തെളിവുമില്ലാതെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും അടങ്ങുന്ന നിരവധി പേരെ വർഷങ്ങളായി തടവിലിട്ടിരിക്കുന്നത്. അതാകട്ടെ ആദ്യമൊക്കെ ഒരു ചർച്ചയായെങ്കിലും ഒന്നിന് പിറകെ ഒന്നായി ഇതിന്റെ പല രൂപങ്ങളിൽ ആളുകൾ തടവിലാകാൻ തുടങ്ങിയതോടെ അത് സ്വാഭാവികമായ ഒന്നായി സമൂഹം കരുതുകയും അതിനെ നേരിടേണ്ടത് ഭരണകൂട അടിച്ചമർത്തലിന് വിധേയരായ മനുഷ്യരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കുകയും ചെയ്തു.

ഇത്തരത്തിൽ ഏതുതരം ഫാസിസ്റ്റ് ആഖ്യാനവും സ്വീകരിക്കാൻ പാകത്തിലൊരു സാമൂഹ്യശരീരത്തെ ഉണ്ടാക്കിയെടുത്തതിന് ശേഷമാണ് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഹിംസാത്മകവും പ്രത്യക്ഷവുമായ ആക്രമണം നടത്തുന്നത് എന്നാണ് നമുക്ക് കാണാവുന്നത്. മതേതരത്വം എന്നത് വ്യാജമായൊരു സംഗതിയാണെന്നത് എത്രയോ കാലമായി സംഘപരിവാറിന്റെ വാദമാണ്. Pseudo -secularism അഥവാ കപട മതേതരത്വം ഉദാര ജനാധിപത്യത്തിന്റെയും ഇടതുപക്ഷത്തിന്റെയും വാദമാണെന്നും അതാകട്ടെ ഭാരതീയതുമായി ബന്ധമില്ലാത്ത പാശ്ചാത്യസങ്കല്പനമാണെന്നും സംഘപരിവാർ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. മതേതരത്വം എന്നത് മുസ്ലീം/ ന്യൂനപക്ഷ പ്രീണനത്തിനുള്ള മറയാണെന്നാണ് അവർ ആരോപിച്ചത്. രാഷ്ട്രീയാധികാരം ലഭിച്ചതോടെ മതേതരത്വത്തെക്കുറിച്ചുള്ള ഈ ഹിന്ദുത്വ നിലപാട് പ്രയോഗതലത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിന് ഹിന്ദു പുരോഹിതന്മാർക്കൊപ്പം പൂജ ചെയ്യുന്ന, രാമക്ഷേത്ര നിർമാണത്തിന് പൂജ ചെയ്യുന്ന പ്രധാനമന്ത്രി നമുക്ക് ഞെട്ടലുണ്ടാക്കാത്തത് മതേതരത്വത്തിന്റെ ഹിന്ദുത്വ പ്രത്യാഖ്യാനം നേടിയ മേൽക്കൈയാണ്.

പൗരത്വ നിയമ ഭേദഗതിയിൽ ചില വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പൗരത്വത്തിനുള്ള മാനദണ്ഡങ്ങളിലൊന്നിൽ മതം ഒരു പരിഗണനയാക്കുകയും ആ മതങ്ങളുടെ കൂട്ടത്തിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുകയും ചെയ്തത് അടിസ്ഥാനപരമായ ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനുള്ള പരിപാടിയുടെ ഒരു പരീക്ഷണമായിരുന്നു

ഇതാകട്ടെ കേവലം പ്രതിനിധാനങ്ങളിൽ ഒതുങ്ങുന്നില്ല. പൗരത്വ നിയമ ഭേദഗതിയിൽ ചില വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പൗരത്വത്തിനുള്ള മാനദണ്ഡങ്ങളിലൊന്നിൽ മതം ഒരു പരിഗണനയാക്കുകയും ആ മതങ്ങളുടെ കൂട്ടത്തിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുകയും ചെയ്തത് അടിസ്ഥാനപരമായ ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനുള്ള പരിപാടിയുടെ ഒരു പരീക്ഷണമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരക്കാരെ മുഴുവൻ രാജ്യദ്രോഹികൾ എന്നും അവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയണമെന്ന് നരേന്ദ്ര മോഡി പറഞ്ഞതും അതുകൊണ്ടാണ്.

ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകർക്കുന്ന പരിപാടിയാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയാധികാരം ചെയ്യുന്നത്. സുപ്രീംകോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനുമടക്കമുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അത് തങ്ങളുടെ ഏറാൻമൂളികളാക്കാനുള്ള ശ്രമത്തിലാണ്. അതാകട്ടെ വലിയ തടസങ്ങളില്ലാതെ നടക്കുകയുമാണ്. നടപ്പാക്കാൻ കഴിയുന്ന വിധികൾ പ്രഖ്യാപിച്ചാൽ മതി എന്ന് അമിത് ഷാ കോടതികൾക്ക്ക് താക്കീത് നൽകിയതും കൊളീജിയം സംവിധാനത്തിനെതിരെ കേന്ദ്ര മന്ത്രിമാരും ഉപരാഷ്ട്രപതിയും അടക്കമുള്ളവർ സുപ്രീംകോടതിയോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതും ബാക്കിയുള്ള ചില തടസങ്ങൾക്കൂടി മാറ്റാനാണ്.

പ്രതിപക്ഷരഹിതമായ ഭരണ സംവിധാനമാണ് സംഘപരിവാറിന്റെ ആഗ്രഹം. പാർലമെന്റിനെ തന്നെ വെറും നോക്കുകുത്തിയാക്കുന്ന മോദി സർക്കാരിന്റെ പ്രവർത്തനരീതികൾ ഇതിന്റെ ഭാഗമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനും ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിനുമുള്ള ഭരണഘടനാ ഭേദഗതി 2019, ഓഗസ്റ്റ് 5ന് പാർലമെന്റിൽ അവതരിപ്പിച്ച് അംഗീകരിപ്പിച്ചെടുക്കുമ്പോൾ വേണ്ടത്ര ചർച്ചപോലും നടത്തിയില്ലായിരുന്നു. അത്തരത്തിലൊരു ഭരണഘടന ഭേദഗതിക്കുള്ള കേന്ദ്ര സർക്കാരിന്റെ ഭരണഘടനാപരമായ അധികാരം പോലും സംശയത്തിലായിരിക്കെയാണ് ഇത് ചെയ്തത്.

വാജ്‌പേയിയിൽ നിന്നും മോദിയിലെത്തുമ്പോഴുള്ള വ്യത്യാസം ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യ നാട്യങ്ങൾ അത്രയൊന്നും ആവശ്യമില്ലാത്ത അധികാരരൂപം ആർജ്ജിച്ചു എന്നതാണ്

പാർലമെന്റിലെ ചർച്ചകൾക്ക് പകരം ആരും ചോദ്യം ചോദിക്കാത്ത, ഏകമുഖഭാഷണവും നാടകീയതയും മാത്രമുള്ള പൊതുയോഗങ്ങളാണ് പ്രധാനമന്ത്രിക്ക് താത്പര്യം. 2014-2019 കാലയളവിൽ മോദി പാർലമെന്റിൽ സംസാരിച്ചത് പ്രതിവർഷം ശരാശരി 3.6 തവണയാണ്. അഞ്ച് വർഷമെടുത്താൽ മൊത്തം 22 തവണ. രണ്ടുകൊല്ലം മാത്രം പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ ഇതിലേറെ സംസാരിച്ചിട്ടുണ്ട്. മൗനി ബാബയെന്ന ആക്ഷേപിക്കപ്പെട്ട മൻമോഹൻ സിങ് പ്രധാനമന്ത്രിയിരുന്നപ്പോൾ പോലും ഇതിലേറെത്തവണ പാർലമെന്റിൽ സംസാരിച്ചിട്ടുണ്ട്. വാജ്പേയിയാകട്ടെ പ്രധാനമന്ത്രിയായിരുന്ന ആറ് വർഷത്തിൽ 77 തവണ പാർലമെന്റിൽ പ്രസംഗിച്ചു. വാജ്‌പേയിയിൽ നിന്നും മോദിയിലെത്തുമ്പോഴുള്ള വ്യത്യാസം ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യ നാട്യങ്ങൾ അത്രയൊന്നും ആവശ്യമില്ലാത്ത അധികാരരൂപം ആർജ്ജിച്ചു എന്നതാണ്.

കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പ്രാഥമിക വിഭവങ്ങൾ കൊള്ളയടിക്കാൻ തുറന്നുകൊടുക്കുന്നതിൽ ഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ സർക്കാരും മറ്റാരേക്കാളും മുന്നിലാണ്

ഹിന്ദുത്വ ഫാസിസത്തെ അതിന്റെ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെ കാമ്പിൽ നിന്നും അടർത്തിമാറ്റി കേവലയമായ രാഷ്ട്രീയധികാരവും സമഗ്രാധിപത്യവും സാംസ്കാരിക പ്രശ്നവുമായി കാണുന്നത് വ്യാപകമായ പ്രവണതയാണ്. പുതിയ സാഹചര്യത്തിൽ കോർപ്പറേറ്റ് മൂലധനത്തിന്റെ ഭരണകൂട സംരക്ഷകർ എന്ന ചുമതല പ്രകടമായ രീതിയിൽ തന്നെ അത് നിർവഹിക്കുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയാധികാരം ഒരു വശത്ത് പലമട്ടിൽ സ്ഥാപിച്ചെടുക്കുമ്പോൾത്തന്നെ മൂലധനത്തിന്റെ കൊള്ളയെ മറ്റേത് ഭരണകൂടം സുഗമമാക്കുന്നതിനേക്കാളും കൃതഹസ്തതയോടെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം നടത്തിക്കൊടുക്കുന്നുണ്ട്.

മോദിയുടെ ഭരണകാലത്താണ് അദാനി തന്റെ സമ്പത്ത് ശതകോടികളിൽ നിന്നും ലക്ഷക്കണക്കിന് കോടി രൂപയിലേക്ക് വർധിപ്പിച്ചതും ലോകത്തിലെ തന്നെ മൂന്നാമത്തെ സമ്പന്നനായി മാറിയതും. 2022ൽ രാജ്യത്തെ 84% കുടുംബങ്ങളുടെ വരുമാനം താഴേക്ക് പോയപ്പോൾ ശതകോടീശ്വരന്മാരുടെ എണ്ണം 104ൽ നിന്നും 142ആയി മാറി എന്നത് അസമത്വത്തന്റെ വൈരുധ്യങ്ങളിൽ ഏതുപക്ഷത്താണ് ഹിന്ദുത്വ സർക്കാർ എന്ന് തെളിയിക്കുന്നു. മാർച്ച് 2020നും നവംബർ 2021നും ഇടയിലുള്ള കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23.14 ലക്ഷം കോടി രൂപയിൽ നിന്നും 53.16 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ 2020ൽ 4.6 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയുടെ താഴേക്ക് വീണു. കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പ്രാഥമിക വിഭവങ്ങൾ കൊള്ളയടിക്കാൻ തുറന്നുകൊടുക്കുന്നതിൽ ഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ സർക്കാരും മറ്റാരേക്കാളും മുന്നിലാണ്.

വാസ്തവത്തിൽ ആഗോളീകരണത്തിന്റെ മൂന്ന് പതിറ്റാണ്ട് കൂടിയാണ് കഴിഞ്ഞുപോയത്. കോർപ്പറേറ്റ് മൂലധനത്തിന്റെ ലാഭയുക്തിയെ മാറ്റ് ബദലുകളൊന്നും സാധ്യമല്ലാത്ത സ്വാഭാവികതയാക്കി മുഖ്യധാരാ ആഖ്യാനങ്ങളിൽ അംഗീകരിപ്പിച്ചു എന്നതാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടന്ന ഏറ്റവും സൂക്ഷ്മമായ രാഷ്ട്രീയ പ്രവർത്തനം. അതിൽ ഹിന്ദുത്വ രാഷ്ട്രീയം തങ്ങളുടെ പങ്കുവഹിക്കുകയും ചെയ്തു. ഈ പുത്തൻ കോർപ്പറേറ്റ് മൂലധന വികസന ഘോഷയാത്രയുടെ മുന്നിൽ കുത്തുവിളക്കും കുന്തവും പിടിച്ചുനടക്കാൻ മുഖ്യധാരാ ഇടതുപക്ഷത്തെവരെ കൂടെക്കിട്ടി എന്നതാണ് പുതിയ സ്വാഭാവികതയുടെ നേട്ടം.

അദാനിക്ക് വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കരാർ ഏതാണ്ട് വെറുതെയെന്ന മട്ടിൽ നൽകുകയും മൂന്നിൽ രണ്ട് ചെലവും സർക്കാർ വഹിക്കുന്നൊരു നിർമാണ പ്രവർത്തിയിൽ തുറമുഖത്തിന്റെ നടത്തിപ്പവകാശം ഏതാണ്ട് 60 വർഷത്തേക്ക് അദാനിക്ക് നൽകുകയും ചെയ്യുന്നൊരു പദ്ധതി പൂർത്തിയാക്കാൻ ഇടതുപക്ഷവും ബിജെപിയും മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടാണ് എന്നത് ഫാഷിസത്തിന്റെ കോർപ്പറേറ്റ് കൂട്ടുകെട്ടിനെ മറച്ചുപിടിക്കാനും പകരം അതിനെ മതേതരത്വത്തിന്റെ പ്രശനം മാത്രമാക്കി ചുരുക്കാനുമുള്ള കൗശലത്തിന്റെ കാരണത്തെ വെളിപ്പെടുത്തുന്നുണ്ട്.

മോദി ക്ഷേത്രത്തിൽ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോൾ രാഹുൽ ഗാന്ധി രണ്ട് ക്ഷേത്രം കൂടുതൽ കയറുന്നു. സർവശക്തനായ നേതാവായി മോദിയെ വാഴ്ത്തുമ്പോൾ ഇടതുപക്ഷ മുഖ്യമന്ത്രി സമാനമായ പ്രചാരണതന്ത്രങ്ങളിൽ ക്യാപ്റ്റനായി വാഴ്ത്തപ്പെടുന്നു. സംഘപരിവാർ രാമക്ഷേത്രം പണിയുമ്പോൾ അയോധ്യയിലേക്ക് തീർത്ഥാടനസൗജന്യം പ്രഖ്യാപിക്കുന്നു ആം ആദ്മി പാർട്ടി.

ബാബരി മസ്ജിദിന്റെ തകർക്കലിന് ശേഷം മോദി ഭരണകാലത്ത് സവിശേഷമായും ഹിന്ദുത്വ ഫാഷിസം ഉണ്ടാക്കിയെടുത്ത നേട്ടം അതിന്റെ രാഷ്ട്രീയാഖ്യാനമാണ് അവരുടെ രാഷ്ട്രീയ എതിരാളികൾപ്പോലും ഉപയോഗിക്കുന്നത് എന്നതാണ്. മോദി ക്ഷേത്രത്തിൽ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോൾ രാഹുൽ ഗാന്ധി രണ്ട് ക്ഷേത്രം കൂടുതൽ കയറുന്നു. സർവശക്തനായ നേതാവായി മോദിയെ വാഴ്ത്തുമ്പോൾ ഇടതുപക്ഷ മുഖ്യമന്ത്രി സമാനമായ പ്രചാരണതന്ത്രങ്ങളിൽ ക്യാപ്റ്റനായി വാഴ്ത്തപ്പെടുന്നു. സംഘപരിവാർ രാമക്ഷേത്രം പണിയുമ്പോൾ അയോധ്യയിലേക്ക് തീർത്ഥാടനസൗജന്യം പ്രഖ്യാപിക്കുന്നു ആം ആദ്മി പാർട്ടി.

സംഘപരിവാറിനെ കടത്തിവെട്ടാൻ നോട്ടിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണം എന്ന കെജ്‌രിവാൾ ആവശ്യപ്പെടുന്നു. സംഘപരിവാർ യോഗയുടെ പ്രചാരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ സാമൂഹ്യ അടിത്തറ ശക്തമാക്കുമ്പോൾ മതേതര യോഗയെന്ന് പേരിട്ടുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വായിലേക്ക് നടന്നുകയറുന്നു എതിർകക്ഷികൾ.

രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ആഖ്യാനം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകളിലൂടെ നീങ്ങുന്നതാണ് നമ്മൾ കാണുന്നത്. അത് മാറ്റിയെടുക്കുക അതീവ ദുഷ്ക്കരമായ ജോലിയാണ്. തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാലും ഇന്ത്യയിലത് ആഴത്തിൽ വേരോടിക്കഴിഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന തട്ടിപ്പുകൾക്കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റ സാമൂഹ്യാടിത്തറയെ നേരിടാനാകില്ല. ഫാസിസം ഭരണകൂടാധികാരത്തിന്റെ മർദ്ദക പ്രയോഗങ്ങൾക്കൊണ്ട് മാത്രമാണ് സമൂഹത്തെ നിയന്ത്രിക്കുക എന്ന് കരുതരുത്. അത് താങ്കളെപ്പോലെ ചിന്തിക്കുന്ന, വിധേയത്വം ഒരു മികച്ച മൂല്യമായി കണക്കാക്കുന്ന, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വെറുപ്പ് മുഴുവൻ ഉള്ളിലേക്ക് സ്വീകരിച്ച ഒരു ജനസമൂഹത്തെക്കൂടി സൃഷ്ടിക്കുന്നു. ഫാസിസത്തിന്റെ ഏറ്റവും ശക്തമായ സാമൂഹ്യപിന്തുണ ലഭ്യമാക്കുന്നൊരു മധ്യവർഗം അതിവേഗം രൂപപ്പെടുന്നു. ആശ്രിത മുതലാളിത്തത്തിന്റെ സംവിധാനം സൃഷ്ടിക്കപ്പെടുന്നു. ജനാധിപത്യവും അതിന്റെ സംവാദ സന്നദ്ധതയും ദൗർബ്ബല്യവും അനാരോഗ്യവുമായി അപഹസിക്കപ്പെടുന്നു.

ചർച്ചകൾക്ക് പകരം കൂവിവിളിക്കുന്ന ആൾക്കൂട്ടങ്ങളും അവയ്ക്ക് പറ്റിയ നേതാക്കളുമുണ്ടാകുന്നു. ആൾക്കൂട്ട ഭ്രാന്തിനെ നീതിയുടെ സത്വരമായ നടത്തിപ്പായി വാഴ്ത്തുന്നു. ഫാസിസം അതിന്റെ തന്നെ ധാർമ്മികതയെ സൃഷ്ടിക്കുന്നു. ഫാസിസ്റ്റ് ധാർമികതയുടെയും രാഷ്ട്രീയത്തിന്റെയും അകത്തുനിന്നുകൊണ്ട് അതിനെയെതിർക്കുക അസാധ്യമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഹിന്ദുത്വ രാഷ്ട്രീയം നേടിയ വിജയം തങ്ങളുടെ ഫാസിസ്റ്റ് ധാർമ്മികതയും രാഷ്ട്രീയവും രാജ്യത്തിന്റെ പൊതു ആഖ്യാനമാക്കി മാറ്റി എന്നതാണ്. അത് തിരഞ്ഞെടുപ്പുകളിലൂടെ മാത്രം പരിഹരിക്കാവുന്ന രാഷ്ട്രീയ പ്രശ്നമല്ല.

logo
The Fourth
www.thefourthnews.in