ഹരിത വളര്‍ച്ചയിലും പരിസ്ഥിതി സൗഹാര്‍ദത്തിലും ഊന്നല്‍ നല്‍കിയ ബജറ്റ്

ഹരിത വളര്‍ച്ചയിലും പരിസ്ഥിതി സൗഹാര്‍ദത്തിലും ഊന്നല്‍ നല്‍കിയ ബജറ്റ്

2022-23 ലെ എക്കണോമിക് സര്‍വ്വേ ചൂണ്ടിക്കാണിച്ചത് പോലെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റേതൊരു വികസ്വര രാഷ്ട്രത്തേക്കാള്‍ മുന്നിലാണ്

വികസനത്തിൻ്റെ ദര്‍ശനങ്ങളായ കൂടുതല്‍ സാഹചര്യം ഒരുക്കുക, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നൽകുക, അതുവഴി തൊഴില്‍ വളര്‍ച്ചയും സ്ഥൂല സാമ്പത്തിക മേഖലയില്‍ സ്ഥിരതയും കൈവരിക്കുക എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റ്. ഈ നേട്ടങ്ങള്‍ കൈവരിക്കാനായി നാല് കാര്യങ്ങള്‍ ലക്ഷ്യമിടുന്നു. അവ വനിതകളുടെ സാമ്പത്തിക ശാക്തീകരണം, വൈദ്യ വികസനം(PM Vishwakarma Kaushal Samman), വിനോദ വികസനം, ഹരിത വളര്‍ച്ച എന്നിവയാണ്. ഈ പറഞ്ഞ സാമ്പത്തിക ദര്‍ശനങ്ങളും  അവസരങ്ങളും നേടുന്നതിനുള്ള ബജറ്റിലെ മുൻഗണനകൾ ഇവയാണ്.അവസാന ആൾക്കുവരെ വികസന നേട്ടം ഉറപ്പാക്കുക,അടിസ്ഥാന സൗകര്യം വികസനം എന്നിങ്ങനെ, ഹരിതവളര്‍ച്ച, യുവജനശക്തി, ധനകാര്യ മേഖല എന്നിവ.

കാര്‍ഷിക മേഖലയും ചെറുകിട വ്യവസായങ്ങളും (MSME), വിവര സാങ്കേതിക സഹായത്താല്‍ വികസിക്കുന്നതിലൂടെ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും

സാമ്പത്തിക വളര്‍ച്ച കാര്യമായി ഇല്ലാത്തപ്പോഴും സാമ്പത്തിക അസമത്വം നിലനിൽക്കുമ്പോഴും യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതും എല്ലാവരേയും ഉള്‍ക്കൊളളുന്നതുമായ വികസനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. കാര്‍ഷിക ഊർജ്ജിത ഫണ്ട് (agricultural accelerator fund), ( Athmanirbhan Horticultural clean program) ചെറുധാന്യ വികസനം, (Global Hub for Millets), വര്‍ധിപ്പിച്ച കാര്‍ഷിക വായ്പ, മത്സ്യ കര്‍ഷക സഹായ പദ്ധതി, സഹകരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഈ ലക്ഷ്യം നേടാന്‍ ഉപകരിക്കും. കാര്‍ഷിക മേഖലയും ചെറുകിട വ്യവസായങ്ങളും (MSME), വിവര സാങ്കേതിക സഹായത്താല്‍ വികസിക്കുന്നതിലൂടെ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

മെഡിക്കല്‍ രംഗത്തെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനായി ഐസിഎംആറിൻ്റെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഗവേഷണങ്ങളും കണ്ടെത്തലുകളും ഉചിതമാണ്. അതുകൂടാതെ വിവിധ വിഷയ സംയോജിത മെഡിക്കല്‍ വിദ്യാഭ്യാസം, മരുന്ന് ഉല്‍പ്പാദക വ്യവസായത്തിന്റെ ഗവേഷണവും കണ്ടെത്തലുകളും പ്രോത്സാഹനവും ഇന്ത്യയെ ഒരു മെഡിക്കല്‍ ഉപകരണ നിര്‍മാണത്തിന്റെയും മരുന്ന് ഉല്‍പാദന വ്യവസായത്തിന്റെയും കേന്ദ്രമാക്കി തീര്‍ക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ദേശീയ വിവര സാങ്കേതിക ലൈബ്രറി ,ഐസിടിയില്‍ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം എന്നിവ സമൂഹത്തിൻ്റെ വൈജ്ഞാനിക തലം ആഴത്തിലാക്കും. വികസനത്തിന്റെ നേട്ടം താഴേത്തട്ടിലെത്തിക്കാൻ അടിസ്ഥാന സൗകര്യങ്ങളായ ആരോഗ്യം, പോഷകാഹാര ലഭ്യത, വിദ്യാഭ്യാസം എന്നിവയുടെ വളർച്ച ബജറ്റ് ലക്ഷ്യമിടുന്നു.500 പുതിയ ബ്ലോക്കുകളുടെ വികസനം, പ്രാദേശിക വികസന അസമത്വം കുറയ്ക്കാന്‍ ഇടവരുത്തും. അതുപോലെ  അരിവാള്‍ രോഗ നിവാരണത്തിനുള്ള (സിക്കിള്‍ സെല്‍ അനിമീയ) മുന്‍ഗണന, പട്ടിക വര്‍ഗ്ഗ/ ഗോത്രവികസനം ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ സ്‌കൂള്‍ എന്നിവ സമൂഹത്തിലെ ഏറ്റവും പിന്നിലായ പട്ടിക വിഭാഗത്തിന് വലിയ ആശ്വാസമാണ്.

സാമ്പത്തിക വികസനത്തിൻ്റെ അടിസ്ഥാനനിക്ഷേപം പ്രത്യേകിച്ചും അടിസ്ഥാന സൗകര്യ വികസനത്തിലാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം തുക അടിസ്ഥാന വികസനത്തിനായി മാറ്റിവെച്ചത് വഴി രാജ്യത്തിന് സുസ്ഥിരവികസനം സാധ്യമാക്കാം. ഇതുവഴി തൊഴില്‍ വര്‍ധനവും വളര്‍ച്ചാ നേട്ടവും ഉല്‍പ്പാദനക്ഷമതയും കൂട്ടാനും പ്രാദേശിക അസമത്വവും പിന്നാക്ക അവസ്ഥയും കുറയ്ക്കാനും കഴിയും. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന മൂലധന ഗ്രാൻ്റ് കണക്കാക്കുകയാണെങ്കില്‍ യഥാര്‍ത്ഥ മൂലധനചെലവ് 13.7 ലക്ഷം കോടി രൂപ, അഥവാ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.5 ശതമാനം വരും.

ഈ ബജറ്റില്‍ ഗതാഗത്തിനും ലോജിസ്റ്റിക്‌സിനും വലിയ പ്രധാന്യം നല്‍കിയതായി കാണാം. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 75,000 കോടി രൂപ ലോജിസ്റ്റിക്‌സ് വികസനത്തിന് മാറ്റിവെച്ചു. അത് കൂടാതെ 50 പുതിയ വിമാനത്താവളങ്ങള്‍, ഹെലിപാഡ്, വാട്ടര്‍ എയറോഡ്രോമ്‌സ് എന്നിവയിലൂടെ ഗതാഗത സംവിധാനം വിപുലമാക്കുന്നു.

ഇന്ന് നഗരവത്ക്കരണം കൂടി വരുന്നതിനാല്‍ നഗര വികസനത്തിന് വേണ്ടിയുള്ള വിഭവ ശേഖരണം ഒരു വെല്ലുവിളിയാണ്. ഈ അവസരത്തില്‍ ബജറ്റ് നിര്‍ദേശങ്ങളായ നഗര അടിസ്ഥാന വികസന ഫണ്ട്, മുനിസിപ്പല്‍ കടപത്രത്തില്‍ കൂടിയുള്ള വിഭവ ശേഖരണം എന്നിവ നഗരാസൂത്രണം സുഗമമാക്കും. വികസനത്തിൻ്റെ നേട്ടം എന്നും സാധാരണക്കാരില്‍ വേണ്ടവിധം എത്തിക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരും അനുബന്ധ ജീവനക്കാരും കാലത്തിനൊത്ത രീതിയില്‍ പ്രത്യേകിച്ചും ഇ-ഗവേണൻസിന് അനുയോജ്യ രീതിയില്‍ നൈപുണ്യം വര്‍ധിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കാനുള്ള മിഷന്‍ കര്‍മയോഗി, ജനവിശ്വാസ് ബില്‍ പരിഷ്‌കരണം എന്നിവ ഉചിതമായ തീരുമാനങ്ങളാണ്.

ഊര്‍ജ മേഖലയുടെ സ്വയം പര്യാപ്തത ഹരിത ഊര്‍ജ ഉത്പാദനത്തിലൂടെ ഗണ്യമായി വര്‍ധിപ്പിക്കാൻ കഴിയും. ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനും സാമ്പത്തിക വളര്‍ച്ച കൂട്ടാനും ഇതിലൂടെ കഴിയും

വികസനം എല്ലായ്പ്പോഴും സാങ്കേതികവളർച്ചയെ ആശ്രയിച്ചിരിക്കുമല്ലോ. ആധുനിക സാങ്കേതിക വിദ്യയായ നിര്‍മിത ബുദ്ധി, റോബോട്ടിക് ടെക്‌നോളജി, ഐഒടി എന്നിവയ്ക്ക് അതീവ ഊന്നല്‍ നല്‍കേണ്ടതുണ്ട്. അതിനായി സാങ്കേതിക വിദ്യാഭ്യാസവും, വ്യവസായ വികസനവും സംയോജിപ്പിക്കണം


പാനും ആധാര്‍കാര്‍ഡും വ്യവസായ സംരംഭം തുടങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഒറ്റ തിരിച്ചറിയല്‍ രേഖയാക്കുന്നത് വഴി സംരംഭങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. അതുപോലെ പദ്ധതിനേട്ടങ്ങള്‍ ചിലവിലുപരി ഫലത്തിൻ്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നത് വഴി വിഭവ വിനിയോഗം കാര്യക്ഷമമാക്കാം.

നമ്മുടെ കയറ്റുമതിയില്‍ വജ്രത്തിന് വലിയ പ്രാധാന്യമുണ്ട്. എങ്കിലും കയറ്റുമതിക്കായി അതിന്റെ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ മിക്കവയും ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ പരീക്ഷണശാലകളില്‍ വജ്രം നിര്‍മിക്കുന്നതിനായുള്ള പദ്ധതി തൊഴില്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക നേട്ടത്തിനും വലിയ സാധ്യത തുറന്ന് തരുന്നു.

ഊര്‍ജ മേഖലയുടെ സ്വയം പര്യാപ്തത ഹരിത ഊര്‍ജ ഉത്പാദനത്തിലൂടെ ഗണ്യമായി വര്‍ധിപ്പിക്കാൻ കഴിയും. ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനും സാമ്പത്തിക വളര്‍ച്ച കൂട്ടാനും ഇതിലൂടെ കഴിയും. ബജറ്റില്‍ ഊന്നല്‍ നല്‍കിയ ഹരിത ഹൈഡ്രജന്‍ പദ്ധതി, ബാറ്ററി എനര്‍ജി പ്രൊജക്റ്റ്, ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം മുതലായ പദ്ധതികള്‍ ഹരിത ഊര്‍ജ ഉത്പാദനത്തിൻ്റെ ആക്കം വര്‍ധിപ്പിക്കും.

പാനും ആധാര്‍കാര്‍ഡും വ്യവസായ സംരംഭം തുടങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഒറ്റ തിരിച്ചറിയല്‍ രേഖയാക്കുന്നത് വഴി സംരംഭങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും

കാര്‍ഷിക വിളകൾ നേരിടുന്ന ഒരു പ്രധാനവെല്ലുവിളി വളപ്രയോഗങ്ങളിലെ അശാസ്ത്രീയതയാണ്.ഈ അവസരത്തില്‍ PM-Pranam പദ്ധതി അന്തരീക്ഷ മലിനീകരണം കുറയ്ക്കുക മാത്രമല്ല, കാര്‍ഷിക ഉത്പാദനം കൂടാനും സഹായിക്കും.പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനുള്ള MISHTI പ്രോഗ്രാം ഈ അവസരത്തില്‍ അഭിനന്ദനാര്‍ഹമണ്.

യുവജന കര്‍മ ശേഷി വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാങ്കേതിക പരിജ്ഞാനത്തിലൂന്നിയുള്ള വിദ്യാഭ്യാസത്തിനായി ആവിഷ്കരിച്ച പി എം കൗശൽ വികാസ് യോജന അവയിൽ ശ്രദ്ധേയമാണ്.ഇതുവഴി പുതിയ സാങ്കേതിക വിദ്യയായ നിര്‍മിത ബുദ്ധി, റോബോട്ടിക് ടെക്‌നോളജി, ഐഒടി, 3D പ്രിന്റിങ്, ഡ്രോണ്‍, സോഫ്റ്റ് സകില്‍ എന്നിവയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്നു.ബജറ്റില്‍ പ്രഖ്യാപിച്ച 3D സ്കിൽ ഇന്ത്യ ഇൻ്റർനാഷണൽ രാജ്യത്തെ സാങ്കേതികവിദ്യയിൽ ബഹുദൂരം മുന്നില്‍ എത്തിക്കും.

സാമ്പത്തിക വികനത്തിന്റെ അടിസ്ഥാനം ധനകാര്യ മേഖലയുടെ വികസനമാണ്.പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് ധനകാര്യ മേഖലയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഇതിന് വേണ്ടി സ്റ്റോക് മാര്‍ക്കറ്റിലും ബാങ്കിങ് റെഗുലേഷനിലും ചില ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൂടാതെ എംഎസ്എംഇയെ സാമ്പത്തികമായി പരിഷ്‌കരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുമുണ്ട്.

നികുതി പരിഷ്‌കരണം മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത് ഹരിത വാഹന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും തദ്ദേശീയമായി ഇലക്ട്രോണിക് ഉത്പന്നങ്ങൾ പ്രത്യേകിച്ചും മൊബൈല്‍ ഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി കയറ്റുമതി കൂട്ടാനുമാണ്. പ്രത്യക്ഷ നികുതി പരിഷ്‌കരണം പ്രത്യേകിച്ചും വരുമാന നികുതി പരിഷ്‌കരണം ഏറെ നാളായി കാത്തിരുന്നതാണ്. വരുമാന നികുതി സ്ലാബ് കുറയ്ക്കുകയും നികുതി നിരക്ക് കുറയ്ക്കുകയും ചെയ്തത് വഴി ഒരു നല്ല ശതമാനം ആളുകളുടെയും വരുമാനമിച്ചം വർധിക്കും.ഇതിലൂടെ ഉപഭോഗവും തദ്ദേശ സാമ്പത്തിക വളര്‍ച്ചയും കൂടും.

നികുതി പരിഷ്‌കരണം മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത് ഹരിത വാഹന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും തദ്ദേശീയമായി ഇലക്ട്രോണിക് ഉത്പന്നങ്ങൾ പ്രത്യേകിച്ചും മൊബൈല്‍ ഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി കയറ്റുമതി കൂട്ടാനുമാണ്

ഇത്തരത്തില്‍ ഗുണ വശങ്ങള്‍ ബജറ്റില്‍ ഉണ്ടെങ്കിലും നേരിട്ട് വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്ന കാര്‍ഷിക പദ്ധതികളും വ്യവസായ പദ്ധതികളും വളരെ കുറവാണ്. സാമ്പത്തിക വ്യവസ്ഥിതിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് സർക്കാർ കൂടുതൽ ശ്രദ്ധിച്ചിട്ടുള്ളത്. സര്‍ക്കാർ ഒരു facilitator ആയി മാറി നിന്ന് നേരിട്ടുള്ള വികസനത്തിന്റെ ഉത്തരവാദിത്വം സ്വകാര്യ മേഖലയ്ക്ക് കൈമാറിയിരിക്കുകയാണ്.ഇത് സ്വകാര്യ മേഖലയുടെ അധീശത്വത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in