ഹിന്ദുത്വ സെൻസറിൽ വാ മൂടപ്പെടുന്ന ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ

ഹിന്ദുത്വ സെൻസറിൽ വാ മൂടപ്പെടുന്ന ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ

2021ൽ അപർണ പുരോഹിതിനെതിരെ പരാതികളുടെ നീണ്ട പരമ്പരയ്ക്ക് തുടക്കമിട്ട അതേ രമേശ് സോളങ്കിയാണ് നയൻ‌താര ചിത്രത്തിനെതിരെയും ആക്രോശങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്

മതവികാരം വ്രണപ്പെടുത്തിയെന്ന ഹിന്ദുത്വ സംഘങ്ങളുടെ ആരോപണത്തെ തുടർന്ന് വീണ്ടുമൊരു ചിത്രം കൂടി രാജ്യത്ത് പിൻവലിപ്പിക്കപ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യൻ താരം നയൻതാരയുടെ അന്നപൂരണി. നീക്കം ചെയ്തതതാകട്ടെ അമേരിക്കൻ കമ്പനിയായ നെറ്റ്ഫ്ലിക്സ്. എത്ര വലിയ ബഹുരാഷ്ട്ര കുത്തകയാണെങ്കിലും ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ തങ്ങളുടെ താത്പര്യം അനുസരിച്ചേ പറ്റൂവെന്ന് കൂടിയാണ് തുടർച്ചയായുള്ള ഇത്തരം ഭീഷണികളിലൂടെ ഹിന്ദുത്വ സംഘങ്ങൾ പറഞ്ഞുവയ്ക്കുന്നത്.

ഇത് ഇന്നോ ഇന്നലെയോ അല്ല തുടങ്ങുന്നത്. 2019 ലാണ് ആദ്യമായി ഹൈന്ദവ -ദേശീയ സംഘങ്ങൾ ഒരു വെട്ടിക്കിളി കൂട്ടമെന്ന നിലയിൽ ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ ആക്രമണം ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്‌സും ആമസോൺ പ്രൈമുമായിരുന്നു ഇക്കൂട്ടരുടെ പട്ടികയിലെ ആദ്യ രണ്ട് പേരുകാർ. 'പതാൾ ലോക്' പോലെ രാജ്യത്ത് നിലനിക്കുന്ന വർഗീയ- അക്രമ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന നിരവധി സീരീസുകൾ പ്രേക്ഷകരിലേക്കെത്തിച്ച പ്ലാറ്റ്‌ഫോമുകളായിരുന്നു ഇവ എന്നതാണ് അതിന്റെ പ്രധാന കാരണം. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബഹിഷ്കരണാഹ്വാനങ്ങൾ, പല സംസ്ഥാനങ്ങളിലായി പോലീസ് കേസുകൾ എന്നിവയായിരുന്നു ഹിന്ദുത്വ വെട്ടുക്കിളി കൂട്ടങ്ങളുടെ ആയുധങ്ങൾ.

ഈ സമ്മർദ്ദ തന്ത്രത്തിന് ആദ്യം ഇരയായത് ആമസോൺ പ്രൈം ആയിരുന്നു. 2021 ജനുവരിയിൽ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാൻ അഭിനയിച്ച താണ്ഡവിനെതിരെ വലിയ ആക്രമണമായിരുന്നു ഹിന്ദുത്വ സംഘങ്ങൾ അഴിച്ചുവിട്ടത്. അധികാര രാഷ്ട്രീയത്തിന്റെ വടംവലികൾ പ്രമേയമാക്കിയ 'താണ്ഡവ്' ഹിന്ദു ദൈവത്തെ പരിഹസിച്ചു എന്നാരോപിച്ച് രാജ്യത്തുടനീളം കേസുകൾ നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായി ആമസോൺ പ്രൈമിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥയായ അപർണ പുരോഹിത്തിന് കുറച്ച് കാലത്തേക്കെങ്കിലും ഒളിവിൽ പോകേണ്ടി വന്നു. ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലായിരുന്നു അപർണയ്‌ക്കെതിരെ കേസ്. മോദി ഭരണകാലത്തെ പല സംഭവങ്ങളെയും പ്രതിഫലിപ്പിക്കുന്ന സീനുകൾ താണ്ഡവിൽ ഉണ്ടായിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. കേസുകൾ നിലനിൽക്കുന്നതിനാൽ അപർണയ്ക്ക് ഇപ്പോഴും ഇന്ത്യ വിട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇതായിരുന്നു തുടക്കം. ഇതോടെ സകല ഒ ടി ടി പ്ലാറ്റ്‌ഫോമുകളെയും ഭയം പിടികൂടി. മോദി ഭരണകൂടത്തെ പരോക്ഷമായെങ്കിലും വിമർശിക്കുകയോ, ഹിന്ദുത്വ സംഘങ്ങൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പിൻവലിക്കാൻ തുടങ്ങി. 2023 നവംബർ 21ന് വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച 'Facing pressure in India, Netflix and Amazon back down on daring films' എന്ന റിപ്പോർട്ട് ഇന്ത്യയിലെ ബഹുരാഷ്ട്ര ഒ ടി ടി പ്ലാറ്റ്‌ഫോമുകളെ ഭയം എങ്ങനെയാണ് പിടികൂടിയതെന്ന് വ്യക്തമാക്കുന്നുണ്ട്.

അനുരാഗ് കശ്യപ്
അനുരാഗ് കശ്യപ്

ഒരുവശത്ത് ഹിന്ദുത്വ ഭരണകൂടത്തിനെതിരെയുള്ള ഓരോ ചെറുശബ്ദങ്ങളും വെട്ടുക്കിളി കൂട്ടങ്ങളുടെ സഹായത്തോടെ ഭയപ്പെടുത്തി ഇല്ലാതാക്കുമ്പോൾ മറുവശത്ത് 'കേരളാ സ്റ്റോറി' പോലെയുള്ള ചിത്രങ്ങൾ യാതൊരു സെൻസർഷിപ് ബാധ്യതകളുമില്ലാതെ വിഹരിക്കുകയാണ്

ഈ ഭയത്തിന്റെ ഭാഗമായാണ് അനുരാഗ് കശ്യപിന്റെ 'മാക്സിമം സിറ്റി' എന്ന പ്രോജക്ടിനോട് നെറ്റ്ഫ്ലിക്സ് നോ പറയുന്നത്. മുംബൈയിലെ ഹിന്ദു മതഭ്രാന്ത് പ്രമേയമാക്കിയതായിരുന്നു മാക്സിമം സിറ്റി. അതിനുപുറമെ പത്ത് ലക്ഷം ഡോളർ മുടക്കി നിർമിച്ച അടിയന്തരാവസ്ഥ പ്രമേയമാക്കിയ 'Indi (r) a’s Emergency' എന്ന ഡോക്യൂമെന്ററിയും നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു. ദിബാകർ ബാനർജിയുടെ 'ടീസ്' എന്നിവയെല്ലാം ഈ ഭയചകിതമായ അന്തരീക്ഷത്തിൽ ഉപേക്ഷിക്കപ്പെട്ടവയാണ്.

മറ്റൊരു ശ്രദ്ധേയമായ വസ്തുത എന്തെന്ന് വെച്ചാൽ, 2021ൽ അപർണ പുരോഹിതിനെതിരെ പരാതികളുടെ നീണ്ട പരമ്പരയ്ക്ക് തുടക്കമിട്ട അതേ രമേശ് സോളങ്കിയാണ് നയൻ‌താര ചിത്രത്തിനെതിരെയും ആക്രോശങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്. പ്രൈം വീഡിയോയ്‌ക്കെതിരെ നൽകിയ പരാതികളും സാമൂഹ്യ മാധ്യമ ക്യാമ്പയ്‌നുകൾക്കും പിന്നിൽ സംഘടിപ്പിച്ചത് 2019 മുതൽ ഹിന്ദുത്വ ദേശീയവാദിയായ രമേഷ് സോളങ്കിയെപ്പോലുള്ള പ്രവർത്തകരാണ്.

സോളങ്കി പറയുന്നതനുസരിച്ച് ഒ ടി ടികൾക്ക് 'മൂക്കുകയറിടാൻ' പ്രവർത്തിക്കാന്‍ ഹിന്ദുത്വ ദേശീയവാദികളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വാട്സ്ആപ്, ഫേസ്ബുക് ഗ്രൂപ്പുകളാണ് പ്രവർത്തിക്കുന്നക്. വിദേശ കമ്പനികൾക്കെതിരെ പരാതി നൽകാൻ സ്വമേധയാ മുന്നോട്ട് വരുന്നവർക്ക് സാമ്പത്തികവും നിയമപരവുമായ സഹായം പോലും ഈ ഗ്രൂപ്പുകൾ വഴി നൽകുന്നതായും സോളങ്കി പറയുന്നു. "അവർ എല്ലായ്പ്പോഴും ഭാരതത്തെയും ഭാരതത്തിലെ ജനങ്ങളെയും വിമർശിക്കുന്നു, എല്ലായ്പ്പോഴും സൈന്യത്തെ വിമർശിക്കുന്നു, വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് നല്ലതല്ലാത്ത നെഗറ്റീവ് ഷോകൾ നടത്തുന്നു," സോളങ്കി പറയുന്നു.

ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്കും സിനിമൾക്കും നേരെ മാത്രമല്ല, സാഹിത്യത്തിലുമുണ്ട് ഇക്കൂട്ടരുടെ കടന്നുകയറ്റം. അതിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് ജെ സി ബി പുരസ്‌കാരം ലഭിച്ച എസ് ഹരീഷിന്റെ 'മീശ'യ്ക്ക് നേരെയുണ്ടായ ആക്രമണം. ഷാരുഖ് ഖാന്റെ പത്താൻ സിനിമയ്ക്കു നേരെ ഇത്തരത്തിൽ വലിയ വിദ്വേഷ ക്യാമ്പയിനാണ് രാജ്യത്ത് അരങ്ങേറിയത്. അതേസമയം മറുഭാഗത്ത് കശ്മീർ ഫയൽസും, കേരളാ സ്റ്റോറിയും പോലെയുള്ള പ്രൊപ്പഗാണ്ട സിനിമകൾ തീയേറ്ററുകളിലെത്തുന്നത്. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സർക്കാറുകള്‍ തന്നെ രംഗത്തെത്തിയതും നമ്മുടെ ഓർമയിലുണ്ടാകും. കൂടാതെ 2023 ഐ എഫ് എഫ് ഐയിൽ 'കേരള സ്റ്റോറി'യെന്ന ഇസ്ലാമോഫോബിക് ചിത്രമെത്തി.

ഹിന്ദുത്വ സെൻസറിൽ വാ മൂടപ്പെടുന്ന ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ
ക്ഷേത്ര പ്രവേശനം രാജാവിന്റെ ഔദാര്യമായിരുന്നില്ല, ലക്ഷ്മി ഭായിയുടെ നഷ്ടബോധമാണ് ഹരീഷിന്റെ നോവലിലെ പ്രതി ചരിത്രം

ഒരുവശത്ത് ഹിന്ദുത്വ ഭരണകൂടത്തിനെതിരെയുള്ള ഓരോ ചെറുശബ്ദങ്ങളും വെട്ടുക്കിളി കൂട്ടങ്ങളുടെ സഹായത്തോടെ ഭയപ്പെടുത്തി ഇല്ലാതാക്കുമ്പോൾ മറുവശത്ത് കേരളാ സ്റ്റോറി പോലെയുള്ള ചിത്രങ്ങൾ യാതൊരു സെൻസർഷിപ് ബാധ്യതകളുമില്ലാതെ വിഹരിക്കുകയാണ്. ഹിറ്റ്ലറിൻറെ പ്രചാരണ വിഭാഗം തലവനായിരുന്ന ഗീബല്സിനെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യയിൽ കലാ- സാംസ്കാരിക രംഗത്ത് സംഘടിതാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനിയും തിരിച്ചറിഞ്ഞ് ചെറുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും നമ്മുടെ രാഷ്ട്രനിര്മാതാക്കൾ സ്വപ്നം കണ്ടൊരു മതേതര- ജനാധിപത്യ 'ഇന്ത്യ' ഒരിക്കലും സാധ്യമായില്ലെന്ന് വരും.

logo
The Fourth
www.thefourthnews.in