ഇംഗ്ലണ്ടിലും വെയ്ൽസിലും ക്രിസ്ത്യാനികൾ ഇനി ന്യൂനപക്ഷം

ഇംഗ്ലണ്ടിലും വെയ്ൽസിലും ക്രിസ്ത്യാനികൾ ഇനി ന്യൂനപക്ഷം

പത്ത് വർഷങ്ങൾക്കുള്ളിൽ 13.1 ശതമാനം കുറഞ്ഞു

ബ്രിട്ടീഷ് ജനസംഖ്യാ കണക്കെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ക്രിസ്ത്യാനികൾ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിൽ താഴെയായെന്ന് സർക്കാർ ഏജൻസിയുടെ രേഖകൾ വ്യക്തമാക്കുന്നു. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഒ.എൻ.എസ്.) പുറത്തുവിട്ട രേഖകൾ പ്രകാരം ജനസംഖ്യയിൽ 46.2 ശതമാനം ആളുകൾ (അതായത് 2.75 കോടി) മാത്രമാണ് തങ്ങൾ ക്രിസ്ത്യൻ ആണെന്ന് 2021ൽ രേഖപ്പെടുത്തിയത്. എന്നാൽ 2011 ലെ ജനസംഖ്യാകണക്കെടുപ്പിൽ 59.3 ശതമാനം ആളുകൾ (3.33 കോടി) തങ്ങൾ വിശ്വസിക്കുന്ന മതം ക്രിസ്ത്യൻ എന്ന് രേഖപ്പെടുത്തിയിരുന്നു. പത്ത് വർഷങ്ങൾക്കുള്ളിൽ 13.1 ശതമാനം കുറവാണ് ക്രിസ്ത്യാനികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.

എന്നാൽ ഒ എൻ എസ് റിപ്പോർട്ട് പ്രകാരം ഒരു ദശകത്തിനുള്ളിൽ ക്രിസ്തുമതം ഒഴിച്ച് മറ്റേതൊരു മതത്തിലും വിശ്വസിക്കുന്നവരുടെ എണ്ണം കൂടുകയാണുണ്ടായത്. എണ്ണക്കുറവുണ്ടായെങ്കിലും മതമേതെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ആളുകൾ ക്രിസ്ത്യൻ എന്ന് തന്നെയാണ് രേഖപ്പെടുത്തിയത്. രണ്ടാമതായി ആളുകൾ രേഖപ്പെടുത്തിയത് മതമില്ല (no religion) എന്നായിരുന്നു. ജനസംഖ്യാകണക്കെടുപ്പിൽ 37.2 ശതമാനം ആളുകൾ (2.22 കോടി) മതത്തെ കുറിച്ചുള്ള ചോദ്യത്തിന് മതമില്ല എന്ന് രേഖപ്പെടുത്തി. പത്ത് വർഷങ്ങൾക്ക് മുൻപ് നടത്തിയ സെൻസസിൽ ‘മതമില്ല’ എന്ന് രേഖപ്പെടുത്തിയവർ മൊത്തം ജനസംഖ്യയുടെ 25.2 ശതമാനം (1.41 കോടി) ആളുകൾ മാത്രമായിരുന്നു. മതമില്ലാത്തവരുടെ എണ്ണത്തിൽ ഒരു ദശകത്തിനിടെ 37.2 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി എന്നർത്ഥം.

യു.കെ യിലെ ജനസംഖ്യയിൽ ക്രിസ്ത്യാനികളുടെ എണ്ണത്തിൽ കുറവ് വന്നതിനെ കുറിച്ച് യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കൊട്രൽ പറഞ്ഞത് ഇതിൽ വലിയ അത്ഭുതം ഒന്നുമില്ല എന്നാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനം (movement) ക്രിസ്ത്യാനിറ്റി ആണെന്ന കാര്യം ഓർക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്ന വിശ്വാസം മുറുകെപ്പിടിക്കാനും യേശുക്രിസ്തുവിനെ കുറിച്ചുള്ള അറിവുകൾ കൂടുതൽ ആളുകളിൽ എത്തിക്കാനും അദ്ദേഹം സമൂഹത്തോട് ആഹ്വാനം ചെയ്തു.

മതമില്ലാത്തവരെ ഏകോപിപ്പിക്കുന്ന യു.കെ.യിലെ സംഘടനയായ ഹ്യൂമനിസ്റ്റ്സ് യു.കെ പുതിയ ജനസംഖ്യാകണക്കെടുപ്പിലെ വിവരങ്ങളെക്കുറിച്ച് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: സമൂഹത്തിൽ മതത്തിന്റെ പങ്കിനെ കുറിച്ച് പുതിയ പുനരാലോചനകൾ നടത്തേണ്ടതിന്റെ ആവശ്യം ഈ കണക്കുകൾ മുന്നോട്ടുവെക്കുന്നു. മതമില്ലാത്തവരുടെ എണ്ണത്തിൽ വലിയ വർധനയാണ് പത്ത് വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് വന്നിട്ടുള്ളതെന്ന് ഹ്യൂമനിസ്റ്റ്സ് യു.കെ.യുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ കോപ്സൺ വിലയിരുത്തി. ലോകത്തിൽ മതവിശ്വാസം തീരെ കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് നിലവിൽ യു.കെ. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നിയമത്തിലും പൊതുനയത്തിലും മതങ്ങൾക്കും മതവിശ്വാസങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന രാജ്യമായിട്ടു കൂടി ഇവിടെ മതമില്ലാത്തവരുടെ എണ്ണം വളരെയധികമാണെന്നും കോപ്സൺ വിലയിരുത്തി.

ഇംഗ്ലണ്ടിലും വെയ്ൽസിലും വെള്ളക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് ഒഎൻഎസ് റിപ്പോർട്ട് വ്യകതമാക്കുന്നത്. ജനസംഖ്യയിൽ 81.7 ശതമാനം മാത്രമാണ് (4.87 കോടി) തങ്ങളുടെ വംശീയത വൈറ്റ് എന്ന് രേഖപ്പെടുത്തിയത്. 2011 ലെ കണക്കെടുപ്പ് പ്രകാരം വെള്ളക്കാരുടെ എണ്ണം 4.82 കോടി (മൊത്തം ജനസംഖ്യയുടെ 86 ശതമാനം) ആയിരുന്നു. വെളുത്തവർഗക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ രേഖപ്പെടുത്തിയ വംശീയത ഏഷ്യൻ, ഏഷ്യൻ ബ്രിട്ടീഷ്, ഏഷ്യൻ വെൽഷ് എന്നതാണ്. 55 ലക്ഷം ആളുകൾ, അതായത് 9.3 ശതമാനമാണ് ഈ വിഭാഗത്തിൽ പെടുന്നത്. 2011 ലെ കണക്കിൽ നിന്നും (42 ലക്ഷം) വ്യത്യസ്തമായി 7.5 ശതമാനം വളർച്ചയാണ് ഏഷ്യൻ, ഏഷ്യൻ ബ്രിട്ടീഷ്, ഏഷ്യൻ വെൽഷ് ആളുകളുടെ സംഖ്യയിൽ ഉണ്ടായത്. ഇംഗ്ലണ്ടിൽ ഇംഗ്ലീഷിനും വെയിൽസിൽ വെൽഷിനും പുറമെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷകൾ പോളിഷ് (612,000 പേർ), റൊമാനിയൻ (472,000 പേർ), പഞ്ചാബി (291,000 പേർ), ഉറുദു (270,000 പേർ) എന്നിവയാണ്.

2011 നും 2021 നുമിടയിൽ രാജ്യത്ത് മുസ്ലിം ജനസംഖ്യ 4 .9ൽ നിന്നും 6.5 ശതമാനമായി (27 ലക്ഷത്തിൽ നിന്നും 39 ലക്ഷമായി) ഉയർന്നു. സെൻസസ് പ്രകാരം ക്രിസ്ത്യാനികളുടെ എണ്ണത്തിൽ 55 ലക്ഷത്തിന്റെ കുറവുണ്ടായപ്പോൾ ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തിൽ 44 ശതമാനം വർധനയാണുണ്ടായത്. ഈ കാലയളവിൽ സിഖ് ജനസംഖ്യ 0.8 ൽ നിന്നും 0.9 ശതമാനമായി (4,23,000 ത്തിൽ നിന്നും 5,24,000) വർധിച്ചു. ബുദ്ധമതക്കാരുടെ എണ്ണം 0.4 ൽ നിന്നും 0.5 ശതമാനമായി (2,49,000 ത്തിൽ നിന്നും 2,73,000) ഉയർന്നപ്പോൾ ഹിന്ദുമതവിശ്വാസികൾ 1.5 ശതമാനത്തിൽ നിന്നും 1.7 ശതമാനമായി (8,18,000 ത്തിൽ നിന്നും 10 ലക്ഷമായി വർധിച്ചു.

ഇംഗ്ലണ്ടിലെ ലെസ്റ്റർ, ബെർമിങ്ഹാം എന്നീ നഗരങ്ങൾ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ പ്രദേശങ്ങളാണ് മാറി എന്നതും ചരിത്രമാണ്. ലെസ്റ്ററിലെ ജനസംഖ്യയിൽ 59.1 ശതമാനം ആളുകൾ വംശീയന്യൂനപക്ഷവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. യു.കെയിലെ രണ്ടാമത്തെ വലിയ നഗരമായ ബെർമിങ്ഹാമിൽ 51.4 ശതമാനം ജനങ്ങൾ വംശീയന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 20 വർഷങ്ങൾക്ക് മുൻപ് ബെർമിങ്ഹാമിലെ 70 ശതമാനം ജനങ്ങളും വെള്ളക്കാരായിരുന്നു. മറ്റൊരു നഗരമായ ലൂട്ടണിലെ ജനങ്ങളിൽ 54.8 ശതമാനം ആളുകൾ നിലവിൽ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണ്.

logo
The Fourth
www.thefourthnews.in