ഐഎഎസുകാരിലെ 'അവിരാമികള്‍'

ഐഎഎസുകാരിലെ 'അവിരാമികള്‍'

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പിരിഞ്ഞ ഏതാണ്ട് എല്ലാ ഐഎഎസുകാര്‍ക്കും പുനര്‍നിയമനം കിട്ടിയിട്ടുണ്ട്. ചിലര്‍ തങ്ങള്‍ക്ക് കിട്ടേണ്ട 'ലാവണങ്ങള്‍ 'കൂടി സൃഷ്ടിച്ചുകൊണ്ടാണ് റിട്ടയര്‍ ചെയ്യുന്നതുതന്നെ.

ഐഎഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് കൊളോണിയല്‍ ഭരണക്രമത്തിന്റെ തുടര്‍ച്ചയാണ്. ഭരണനിര്‍വഹണത്തിന്റെ നട്ടെല്ലാണ് ഐഎഎസ് എന്ന് പറയാം. ജനാധിപത്യ ശരീരത്തെ കുനിയാതെ നേരെ നിര്‍ത്തുന്നതില്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളോടൊപ്പം ഐഎഎസുക്കാര്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വലിയ പങ്കുണ്ട്.

പരസ്പരം സഹകരിക്കുന്നതിനൊപ്പം വിയോജിച്ചും വിമര്‍ശിച്ചും തിരുത്തിയും ആണ് ഈ ജനാധിപത്യ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകേണ്ടത്. ഉന്നതമായ ജനാധിപത്യ ബോധത്താല്‍ നയിക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഈ മൂന്ന് രംഗങ്ങളിലേയും അതികായകരെ നാം കണ്ടതാണ്. ഇന്നുപക്ഷേ രാഷ്ട്രീയ തലത്തിലെ മൂല്യച്യുതി ഈ രംഗങ്ങളിലൊക്കെ ലില്ലിപ്പുട്ടന്‍മാരെ സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നു.

രാഷ്ട്രീയ തലത്തിലെ മൂല്യച്യുതി ഈ രംഗങ്ങളിലൊക്കെ ലില്ലിപ്പുട്ടന്‍മാരെ സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നു.

പണ്ടൊക്കെ വിരമിച്ചശേഷം പൂന്തോട്ട നിര്‍മാണം, വായന, എഴുത്ത്, പെയിന്റിങ് തുടങ്ങിയ വ്യക്തിപരമായ താത്പര്യങ്ങള്‍ പിന്തുടരുന്നതായിരുന്നു ഐഎഎസിന്റെ അന്തസ്സ്. റിട്ടയര്‍മെന്റിന് ശേഷം ചില ഉപദേശക സമിതികളിലോ കമ്മിറ്റികളിലോ ഹൃസ്വകാലത്തേയ്ക്ക് പ്രവര്‍ത്തിക്കുന്നതിനപ്പുറം സ്ഥിരലാവണങ്ങള്‍ അഭികാമ്യമായി കരുതപ്പെട്ടിരുന്നില്ല. അതുക്കൊണ്ട് തന്നെ സേവനത്തില്‍ ഇരിക്കുന്ന കാലത്ത് രാഷ്ട്രീയ നേതൃത്വം ധന-സ്ഥാന പ്രലോഭനങ്ങളുമായി ഐഎഎസുകാരെ സമീപിക്കുന്നതിന് അത്രയൊന്നും ധൈര്യപ്പെട്ടിരുന്നില്ല.

ഇന്നു പക്ഷേ കാര്യങ്ങള്‍ ആകെ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. അഴിമതിയിലൂടെ സമാഹരിക്കപ്പെടുന്ന പണമാണ് ഇന്ന് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രലോഭനങ്ങള്‍ക്കുനേരേ ഒരു 'കണ്ണുവാട്ടം' കാണിച്ചാല്‍ നേടാന്‍ ഒരുപാടുണ്ട്. ഇഷ്ടമുള്ള കാലത്തോളം പുനര്‍നിയമനം, വിദേശ യാത്രകള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍, സില്‍ബന്ധികള്‍ അങ്ങനെ എന്തൊക്കെ?

വന്ന് വന്ന് പുനര്‍നിയമനം നേടാന്‍ കഴിയാത്തവര്‍ 'കഴിവില്ലാത്തവര്‍ ' ആണെന്നുപോലും പൊതുസമൂഹം കരുതി തുടങ്ങി. പൊതുസമൂഹത്തിന്റേയും പൊതുകാര്യത്തിന്റേയും നിര്‍ഭയരായ കാവലാളുകള്‍ ആയി ഫയലുകളില്‍ എഴുതുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നവര്‍ രാഷ്ട്രീയക്കാര്‍ക്ക് 'ശല്യക്കാരും' പൊതുസമൂഹത്തിന് 'നിര്‍ഗുണരും ' ആവുന്ന കാലം അവര്‍ അപ്രധാന തസ്തികകളില്‍ ഇരുന്ന് വിസ്മൃതരായി ശിഷ്ടജീവിതം നയിക്കും.

എന്തിന്, ആര്‍ക്കുവേണ്ടി ഈ ത്യാഗം എന്ന് ഇക്കൂട്ടരെ കൂടി തോന്നിപ്പിക്കുമാറാണ് ചില ഐഎഎസുകാര്‍ അവിരാമികളായി തുടരുന്നത്. ചിലരൊക്കെ എഴുപത് വയസ്സ് കഴിഞ്ഞിട്ടും 'സേവിച്ചു' കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പിരിഞ്ഞ ഏതാണ്ട് എല്ലാ ഐഎഎസുകാര്‍ക്കും പുനര്‍നിയമനം കിട്ടിയിട്ടുണ്ട്. ചിലര്‍ തങ്ങള്‍ക്ക് കിട്ടേണ്ട 'ലാവണങ്ങള്‍ 'കൂടി സൃഷ്ടിച്ചുകൊണ്ടാണ് റിട്ടയര്‍ ചെയ്യുന്നതുതന്നെ. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇതിനുതടസ്സമല്ല.

ആയുസ്സുള്ളിടത്തോളം കാലം 'ജനസേവനം ' എന്ന രാഷ്ട്രീയക്കാരുടെ ന്യായം തന്നെയാണ് ഇക്കൂട്ടര്‍ക്കും. സാമ്പത്തിക വറുതിയുടെ ഇക്കാലത്ത് നാമമാത്രമായ ഒരു വേതനം പറ്റിക്കൊണ്ട് ഈ ലാവണങ്ങള്‍ അലങ്കരിക്കാന്‍ ഇക്കൂട്ടരോട് ഒന്ന് ആവശ്യപ്പെടാമോ ? അപ്പോള്‍ കാണാം 'സേവനവ്യഗ്രത?.

സര്‍ക്കാര്‍ 'ലാവണങ്ങള്‍ക്ക് 'പുറമെ പോവുകയില്ല എന്ന് പറയുന്ന വേറെ ചിലരുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഇന്ത്യയിലെ തന്നെ കോര്‍പ്പറേറ്റുകള്‍ക്കും സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കുന്നവിധം ഫയലുകളില്‍ 'കണ്ണുവാട്ടം' കാണിക്കുന്നവരാണിവര്‍. സത്യത്തില്‍ ആദ്യം പറഞ്ഞ കുട്ടത്തേക്കാള്‍ അപകടകാരികളാണിവര്‍.

രാഷ്ട്രീയ നേതൃത്വം പൊതുവെ പറഞ്ഞു വരുന്ന ഒരു ഒഴിവുകഴിവുണ്ട്. റിട്ടയര്‍ ചെയ്തവരുടെ 'വൈദഗ്ധ്യം ' രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ടോ? പ്രത്യക്ഷത്തില്‍ ശരിയാണെന്നു തോന്നും. സത്യമെന്താണ്?

ഐഎഎസുകാര്‍ 'jack of all trade' ആണ്. ഏതിലും കൈവയ്ക്കും. ഒന്നിലും വൈദഗ്ധ്യം വേണ്ട. ഒരു മേഖലയിലെയും വിദഗ്ധരുടേയും കീഴില്‍ ജോലി ചെയ്യാന്‍ ഈ കൂട്ടരുടെ വലിയ ഭാവം സമ്മതിക്കുകയില്ല. വൈദഗ്ധ്യം 'വാടകയക്ക്' എടുക്കുമല്ലോ എന്നാണവരുടെ മനോഭാവം. അതുക്കൊണ്ടു തന്നെ നിവൃത്തിയുണ്ടെങ്കില്‍ യഥാര്‍ത്ഥത്തില്‍ വൈദഗ്ധ്യമുള്ളവര്‍ മിക്കപ്പോഴും സര്‍ക്കാര്‍ ലാവണങ്ങള്‍ക്ക് പുറകെ പോവുകയില്ല.

ഈ ശോചനീയാവസ്ഥക്ക് എതിരെ സിവില്‍ സമൂഹം ജാഗരൂകരാകേണ്ടതുണ്ട്. ആര്‍ജവമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രാഷ്ട്രീയ മേലാളന്മാരെ സമൂഹത്തില്‍ തൊലിയുരിച്ചുകാണിക്കാന്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ ശ്രദ്ധ കാണിക്കണം. വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ താത്കാലിക പരിഹാരങ്ങള്‍ക്ക് അപ്പുറവും സമൂഹത്തിന്റെയും സമ്പദ് വ്യവസ്ഥയുടേയും ദീര്‍ഘകാല താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ പൊതുസമൂഹം കൊണ്ടാടണം. ഇത്രമാത്രമാണ് ഈ രോഗത്തിനുള്ള ചികിത്സ.

logo
The Fourth
www.thefourthnews.in