അര്‍ത്ഥശൂന്യമായ ഒരു രാഷ്ട്രീയ പിളര്‍പ്പിന്റെ ബാക്കി

അര്‍ത്ഥശൂന്യമായ ഒരു രാഷ്ട്രീയ പിളര്‍പ്പിന്റെ ബാക്കി

ഇപ്പോഴും കടുത്ത കോണ്‍ഗ്രസ് വിരുദ്ധത പുലര്‍ത്തുന്ന കേരളത്തിലെ സിപിഎമ്മും പിണറായി വിജയനും ഒഴികെ മറ്റാരാണ് 1964 ലെ പിളര്‍പ്പിന് ഇപ്പോഴും നീതീകരണം നിലനിര്‍ത്തുന്നത്

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ അറുപത് വര്‍ഷമായിരിക്കുന്നു. ആറ് പതിറ്റാണ്ടിനിപ്പുറത്തുനിന്ന് നോക്കുമ്പോള്‍, എന്തിനായിരുന്നു ആ പിളര്‍പ്പ് എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. 1948 ലെ 'ഇടതുതീവ്ര' നിലപാടുകള്‍ തിരുത്തി, ഫലത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പാത സ്വീകരിച്ചശേഷം എന്തിനായിരുന്നു ശരിക്കും പാര്‍ട്ടി പിളര്‍ന്നത്. അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പിളര്‍പ്പുണ്ടാക്കിയ പ്രത്യയശാസ്ത്ര പോര് ഇവിടേയ്ക്കും പടര്‍ന്നതുകൊണ്ടാണോ. അതോ നേതാക്കളുടെ ഈഗോയും അതില്‍ ഒരു ഘടകമായോ? ഇപ്പോള്‍ ആ പിളര്‍പ്പിനെക്കുറിച്ച് തന്നെ തിരിഞ്ഞുനോക്കുന്നത് അര്‍ത്ഥശൂന്യമായ ഏര്‍പ്പാടാണോ. അത്രമാത്രം കാലഹരണപ്പെട്ടതാണോ ആ കാലങ്ങളില്‍ ഉയര്‍ത്തിയ രാഷ്ട്രീയ സന്ദേഹങ്ങള്‍?

Summary

പിളര്‍പ്പ് അനാവശ്യമായ കാര്യമാണെന്ന് അക്കാലത്തും പിന്നീട് സങ്കടം വരുമ്പോഴുമെല്ലാം സ്ഥാപിക്കാന്‍ ശ്രമിച്ചത് പലപ്പോഴും സിപിഐക്കാരായിരുന്നു. പിളര്‍പ്പില്‍നിന്ന് ശക്തിനേടിയതിന്റെ അമിത വിശ്വാസത്തില്‍ അത്തരം പരിശോധനകള്‍ നടത്താനുള്ള വിനയം സിപിഎമ്മിന്റെ നേതാക്കള്‍ക്ക് സ്വാഭാവികമായി ഉണ്ടായിരുന്നില്ല

പിളര്‍പ്പിന്റെ അടിവേരുകള്‍ തേടിപ്പോയി, അതൊരു അനാവശ്യമായ കാര്യമാണെന്ന് അക്കാലത്തും പിന്നീട് സങ്കടം വരുമ്പോഴുമെല്ലാം സ്ഥാപിക്കാന്‍ ശ്രമിച്ചത് പലപ്പോഴും സിപിഐക്കാരായിരുന്നു. സിപിഎമ്മിന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം കേരളം, ബംഗാള്‍ തുടങ്ങി ഇടതിന് സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളില്‍ വലിയ ശക്തി സിപിഎമ്മാണെന്നത് കൊണ്ടുതന്നെ. പിളര്‍പ്പില്‍നിന്ന് ശക്തിനേടിയതിന്റെ അമിത വിശ്വാസത്തില്‍ അത്തരം പരിശോധനകള്‍ നടത്താനുള്ള വിനയം സിപിഎമ്മിന്റെ നേതാക്കള്‍ക്ക് സ്വാഭാവികമായി ഉണ്ടായിരുന്നില്ല. ലയനത്തെക്കുറിച്ച് നേരത്തെ സിപിഐ നേതാക്കള്‍ പറയുമ്പോള്‍ സിപിഎമ്മുകാര്‍ കാണിച്ച പുച്ഛം യഥാര്‍ത്ഥത്തില്‍ 'കമ്മ്യൂണിസ്റ്റ് അഹങ്കാരത്തിന്റെ മാതൃകയായിരുന്നു'.

ഇപ്പോള്‍ അക്കാലം കഴിഞ്ഞിരിക്കുന്നു. ദേശീയതലത്തില്‍ വലിയ തിരിച്ചടികളുടെ കഥകള്‍ മാത്രം പറയാനുള്ള രണ്ടു പാര്‍ട്ടികളും എന്തിനായിരുന്നു പിളര്‍പ്പെന്ന് ഇനി ചിന്തിക്കാന്‍ സാധ്യതയില്ല. ഒന്ന് അതെല്ലാം കഴിഞ്ഞിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അന്നത്തെ കാരണങ്ങള്‍ എന്തായിരുന്നാലും, ഒന്നും വീണ്ടെടുക്കാന്‍ പറ്റാത്ത രീതിയില്‍ ലോകം മാറിയിരിക്കുന്നു. അതിലുമപ്പുറം ചിലപ്പോള്‍ പിളര്‍ന്നില്ലായിരുന്നുവെങ്കിലും തിരിച്ചടികള്‍ ഒഴിവാകില്ലായിരുന്നുവെന്ന യാഥാര്‍ത്ഥ്യ ബോധവുമാകാം, സമീപകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സിപിഐക്കാര്‍ പോലും ഉന്നയിക്കാത്തത്.

അര്‍ത്ഥശൂന്യമായ ഒരു രാഷ്ട്രീയ പിളര്‍പ്പിന്റെ ബാക്കി
പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഖ്യാതമായ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായ തിരുത്തലുകള്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. സ്റ്റാലിനെതിരായ ക്രൂഷ്‌ചേവിന്റെ വിമര്‍ശനങ്ങളെ അംഗീകരിക്കാന്‍ ചൈനീസ് പാര്‍ട്ടി തയ്യാറായില്ല. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷം ചേര്‍ന്ന സിപിഐയുടെ പാലക്കാട് കോണ്‍ഗ്രസില്‍ ഇതിന്റെ ചലനങ്ങളുണ്ടായി.

സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഖ്യാതമായ 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായ തിരുത്തലുകള്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. സ്റ്റാലിനെതിരായ ക്രൂഷ്‌ചേവിന്റെ വിമര്‍ശനങ്ങളെ അംഗീകരിക്കാന്‍ ചൈനീസ് പാര്‍ട്ടി തയ്യാറായില്ല.

എങ്കിലും ചരിത്രത്തില്‍ ആ പിളര്‍പ്പുണ്ട്. അതുണ്ടായില്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ കുതിപ്പുണ്ടായാനെയെന്ന് കരുതുന്ന സാത്വികഭാവമുള്ള വൃദ്ധ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും ജീവിച്ചിരുപ്പുമുണ്ട്. അതുകൊണ്ട് പിളര്‍പ്പിന്റെ 60 -ാം വാര്‍ഷികദിനത്തില്‍ പിളര്‍പ്പ് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് ഒരു ദിവസത്തെയെങ്കിലും പ്രാധാന്യമുണ്ടാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന സിപിഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് 32 പേര്‍ ഇറങ്ങി പോന്നതോടെയാണ് പിളര്‍പ്പ് യാഥാര്‍ത്ഥ്യമായത്. എന്തിനായിരുന്നു ആ സഖാക്കള്‍ ഇറങ്ങി പോന്നത്. ഇന്ത്യന്‍ വിപ്ലവപാത സംബന്ധിച്ച ഭിന്നാഭിപ്രായം, സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്റെ തുടര്‍ച്ച അങ്ങനെ പലതും പറയും. സോവിയറ്റ് യൂണിയന്‍ അതിന് നേതൃപരമായ പങ്ക് വഹിച്ചതായാണ് സൂചന. കോണ്‍ഗ്രസ് ഇടതുപക്ഷ ശക്തിയായി മാറിയിരിക്കുന്നുവെന്നും അതുകൊണ്ട് തന്നെ അതിനോടുള്ള നിലപാട് കമ്മ്യൂണിസ്റ്റുകാര്‍ മാറ്റണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പലരീതിയില്‍ സോവിയറ്റ് യൂണിയന്റെ ഭാഗത്തുനിന്നുണ്ടായി എന്നും വാദങ്ങളുണ്ടായി.

സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഖ്യാതമായ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായ തിരുത്തലുകള്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. സ്റ്റാലിനെതിരായ ക്രൂഷ്‌ചേവിന്റെ വിമര്‍ശനങ്ങളെ അംഗീകരിക്കാന്‍ ചൈനീസ് പാര്‍ട്ടി തയ്യാറായില്ല. സോവിയറ്റ് കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷം ചേര്‍ന്ന സിപിഐയുടെ പാലക്കാട് കോണ്‍ഗ്രസില്‍ ഇതിന്റെ ചലനങ്ങളുണ്ടായി. പിന്നീട് കോണ്‍ഗ്രസുമായി ചേരണമെന്ന ആശയത്തിന് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞു. ആ തര്‍ക്കം പിന്നീട് രൂക്ഷമായെന്നും നേതൃത്വം തങ്ങള്‍ക്ക് അനുകൂലമായവരെ നിറച്ച് കമ്മിറ്റി രൂപീകരിക്കാന്‍ വിജയവാഡ കോണ്‍ഗ്രസില്‍ ശ്രമിച്ചുവെന്നും പി സുന്ദരയ്യ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. (വിപ്ലവപാത)

എസ്  എ ഡാങ്കെ
എസ് എ ഡാങ്കെ

ജനറല്‍ സെക്രട്ടറിയായിരുന്ന 1962 ല്‍ അജോയ് ഘോഷ് അന്തരിച്ചു. എസ് എ ഡാങ്കെയ്ക്ക് പാര്‍ട്ടി സെക്രട്ടറിയാവാന്‍ താല്പര്യമുണ്ടായിരുന്നുവെന്നും സുന്ദരയ്യ എഴുതുന്നുണ്ട്. എന്നാല്‍ അതിനോട് സുന്ദരയ്യയും കൂട്ടരും യോജിച്ചില്ല. അവര്‍ക്ക് ഇ എം എസിനെ ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ വിയോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ അത് വലിയ തര്‍ക്കമാകുമെന്നും പാര്‍ട്ടിയുടെ പിളര്‍പ്പില്‍ കലാശിക്കുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ടായി. അങ്ങനെ എസ് എ ഡാങ്കെ ചെയര്‍മാനായി. ഉള്‍പ്പാര്‍ട്ടി തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി സംഘടനയില്‍ ഒരു പുതിയ പദവി തന്നെ സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരിക്കും. ജനറല്‍ സെക്രട്ടറിയ്ക്കുപുറമെ ചെയര്‍മാന്‍ പദവിയും സൃഷ്ടിക്കപ്പെട്ടു. എങ്കിലും സെക്രട്ടേറിയറ്റില്‍ 'വലതുപക്ഷ'ത്തിനായിരുന്നു അന്ന് മേല്‍ക്കൈ. തര്‍ക്കം രൂക്ഷമായപ്പോള്‍ ഇ എം എസ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. ചൈനീസ് പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലെ 'ഇടതര്‍' പിളര്‍പ്പിന് ഒരുങ്ങുകയാണെന്ന പ്രചാരണം നടന്നു. അങ്ങനെ 1964 ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍നിന്ന് 32 പേര്‍ ഇറങ്ങിപ്പോന്നു. അതേക്കുറിച്ച് പി സുന്ദരയ്യ ഇങ്ങനെ എഴുതുന്നുണ്ട്, ''ഇ എം എസ്സിനും ജ്യോതിബസുവിനും ഞങ്ങളോട് പൂര്‍ണമായ യോജിപ്പുണ്ടായിരുന്നില്ലെങ്കിലും അവര്‍ ഞങ്ങളോട് സഹകരിച്ചു... '' ഇടതുപക്ഷക്കാരനായി ഇറങ്ങിപ്പോന്ന ഭൂപേഷ് ഗുപ്ത ഏറെ വൈകാതെ മാതൃസംഘടനയിലേക്ക് തിരികെ പോയി.'' സഖാക്കള്‍ ഇറങ്ങിപ്പോകുമ്പോള്‍ എസ് എ ഡാങ്കെ പറഞ്ഞുവത്രെ,''പോകുന്നവര്‍ പോകട്ടെ ആ ശല്യം തീര്‍ന്നു.''

ചൈന പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് അങ്ങ് കരുതുന്നുണ്ടോ.... ഞങ്ങള്‍ പുതിയ പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ ഉടനെ സായുധസമരം നടത്താനുള്ള തയ്യാറെടുപ്പൊന്നും ഞങ്ങള്‍ക്കില്ല...

പി സുന്ദരയ്യ

എന്തായാലും സഹകരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വിപ്ലവപാര്‍ട്ടി വീണ്ടും സജ്ജമായിരിക്കുന്നുവെന്ന തോന്നല്‍ സിപിഎം രൂപീകരണത്തോടെയുണ്ടായി. വ്യാപകമായി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ അത്ര വലിയ വിപ്ലവമൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു സിപിഎം നിലപാട്. ഇക്കാര്യം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് ബോധിപ്പിക്കാന്‍ പോലും സിപിഎം തയ്യാറായി. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിനനുസരിച്ച് ആഭ്യന്തര മന്ത്രി ഗുല്‍സാരിലാല്‍ നന്ദയെ കണ്ട വിവരം പി സുന്ദരയ്യ ഇങ്ങനെ എഴുതുന്നു.

''...ഞങ്ങളുടെ പേരില്‍ ഒരു പാട് കള്ളകേസുകള്‍ മെനഞ്ഞെടുത്തിട്ടുണ്ട്. ചൈന പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് അങ്ങ് കരുതുന്നുണ്ടോ... ഞങ്ങള്‍ പുതിയ പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ ഉടനെ സായുധസമരം നടത്താനുള്ള തയ്യാറെടുപ്പൊന്നും ഞങ്ങള്‍ക്കില്ല...'' ഇങ്ങനെ പാര്‍ട്ടി നയം ജനറല്‍ സെക്രട്ടറി തന്നെ ബോധ്യപ്പെടുത്തിയിട്ടും ആഭ്യന്തര മന്ത്രിയ്ക്ക് പൂര്‍ണമായി ബോധ്യപ്പെട്ടില്ലെന്നാണ് സുന്ദരയ്യ തന്റെ ആത്മകഥയില്‍ പറയുന്നത്. ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും സിപിഎം വളര്‍ച്ച നേരത്തെ സിപിഐ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ മാത്രമായി ഒതുങ്ങി.

അര്‍ത്ഥശൂന്യമായ ഒരു രാഷ്ട്രീയ പിളര്‍പ്പിന്റെ ബാക്കി
ചെ ഗുവേരയും സിപിഎമ്മും- സ്വാംശീകരണത്തിൻ്റെ ഇടതുവഴികൾ

എന്തായാലും ഉടന്‍ സായുധസമരം നടത്താന്‍ പദ്ധതിയില്ലാത്തതുകൊണ്ടോ, ചൈനക്കാര്‍ പറഞ്ഞതുപോലെ കേള്‍ക്കാത്തതുകൊണ്ടോ, ഏറെ വൈകാതെ 'ചൈനീസ് പക്ഷപാതികള്‍' മാവോയാണ് തങ്ങളുടെ ചെയര്‍മാനെന്ന് പറഞ്ഞ് നക്‌സലൈറ്റുകള്‍ എന്ന പേരില്‍ പിളര്‍ന്ന് ഉടന്‍ വിപ്ലവത്തിനുള്ള ശ്രമങ്ങളും തുടങ്ങി. എന്തായിരുന്നു 64 ലെ പിളര്‍പ്പിന്റെ വിപ്ലവലൈനെന്ന് ചോദ്യം അപ്പോള്‍ തന്നെ ചോദിച്ചു തുടങ്ങിയിരുന്നുവെന്ന് അര്‍ത്ഥം.

കാലം മാറി, സിപിഐയും സിപിഎമ്മും സഹോദര ഇടതുകക്ഷികളായി. കോണ്‍ഗ്രസിനോടായിരുന്നു സഹകരണമെങ്കിലും കോണ്‍ഗ്രസിതര കേന്ദ്ര മന്ത്രിസഭയില്‍ സിപിഐ അധികാരം പങ്കിട്ടു. ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായി. ചതുരാനന്‍ മിശ്രയും മന്ത്രിയായി. കോണ്‍ഗ്രസ് ഇതര മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കാനുള്ള സാധ്യത സിപിഎം വേണ്ടെന്നും വെച്ചു. അതിനെ അന്ന് നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന ജ്യോതിബസു ചരിത്ര മണ്ടത്തരം എന്ന് പരസ്യമായി തന്നെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്പീക്കര്‍ പദവി സിപിഎം ഏറ്റെടുത്തു. പാര്‍ട്ടി പറഞ്ഞിട്ടും ആ ഉത്തരവാദിത്തം ഒഴിയാന്‍ തയ്യാറാവാതെ സോമനാഥ് ചാറ്റര്‍ജി കോണ്‍ഗ്രസിനൊപ്പം നിന്നു. അദ്ദേഹത്തെ പുറത്താക്കി പാർട്ടി കോണ്‍ഗ്രസ് വിരുദ്ധത സിപിഎം ഉറപ്പിച്ചുനിര്‍ത്തി.

സിപിഎമ്മിൻ്റെ ആദ്യ പൊളിറ്റ് ബ്യൂറോ
സിപിഎമ്മിൻ്റെ ആദ്യ പൊളിറ്റ് ബ്യൂറോ

വീണ്ടും കാലം കഴിഞ്ഞു. എന്തിനായിരുന്നു പിളര്‍പ്പെന്ന ചോദ്യം ഒരു തമാശയായെങ്കിലും ഉന്നയിക്കപ്പെടേണ്ടതാണ്. ആ ചോദ്യം തന്നെ മറ്റൊര്‍ത്ഥത്തില്‍ പരിഹാസ്യമാണെങ്കിലും. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവം കൂടുതല്‍ രൗദ്രമായിരിക്കുന്നു. ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്നു. ഫാസിസത്തിനെതിരായ ഐക്യമുന്നണിയിലൂടെയല്ലാതെ ജനാധിപത്യത്തിന് അതിജീവനമില്ലെന്ന ബോധ്യവും വ്യാപകവുമാണ്. കോണ്‍ഗ്രസിനോടുള്ള (അന്നത്തെ ഭരണകക്ഷിയെന്ന നിലയില്‍) എതിര്‍പ്പാണ് കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന്റെ ഒരു കാരണമെങ്കില്‍, ആ നിലപാട് ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു ഘടകം കേരളത്തിലെ സിപിഎം ആയിരിക്കും. അതിന്റെ മുഖ്യ വക്താവ് പിണറായി വിജയനും.

അര്‍ത്ഥശൂന്യമായ ഒരു രാഷ്ട്രീയ പിളര്‍പ്പിന്റെ ബാക്കി
കേരളത്തില്‍ എത്ര ജൈവ ബുദ്ധിജീവികള്‍

ബംഗാളില്‍ മുഹമ്മദ് സലിം മുതല്‍ മീനാക്ഷി മുഖര്‍ജിവരെയുള്ള സഖാക്കള്‍ അധിര്‍ രഞ്ജന്‍ ചൗധരിയും കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് പ്രതിരോധം പണിയുമ്പോഴും ഇവിടുത്തെ നേതാക്കള്‍ 64 ന്റെ ചരിത്രബോധവും പേറി ജീവിക്കുകയാണെന്ന് തോന്നും, റിപ് വാന്‍ വിങ്കിളിനെപ്പോലെ. ഒ വി വിജയന്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ ചോദിച്ചു,''പ്രത്യയശാസ്ത്രത്തിന്റെ കണ്ണാടിയുടെ തെളിച്ചമുള്ളവര്‍ മറ്റെല്ലാവരും കാണുന്ന കാര്യങ്ങള്‍ കാണാതെ പോകുന്നതെന്തുകൊണ്ട്'' (ഒ വി വിജയന്‍ - ഇന്ദ്രപ്രസ്ഥം). കാണാന്‍ സന്നദ്ധതയുള്ളവര്‍ക്കായിരിക്കും, തെളിമയുള്ള കണ്ണാടികള്‍ പ്രയോജനം ചെയ്യുക.

logo
The Fourth
www.thefourthnews.in