വിവേകം ഇവിടെ വിമതമാകുന്നു; വിമതം സത്യവും

വിവേകം ഇവിടെ വിമതമാകുന്നു; വിമതം സത്യവും

സത്യത്തെ ദ്രോഹിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഉമര്‍ ഖാലിദും ആനന്ദ് ടെല്‍റ്റുംബ്‌ടെയും ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കപ്പെട്ടത്. സത്യത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് സ്റ്റാന്‍ സ്വാമി രക്തസാക്ഷിയായത്

രാജ്യത്തെ ദ്രോഹിക്കുന്നതിനേക്കാള്‍ സത്യത്തെ ദ്രോഹിക്കുന്നതാണ് എളുപ്പമെന്നുള്ള മൂര്‍ച്ചയുള്ള ഫലിതം ഒരിടത്ത് പറഞ്ഞുപോകുന്നുണ്ട് മലയാളി വായിച്ച ഏറ്റവും വലിയ വിമതനായ ഒ വി വിജയന്‍. സത്യത്തെ ദ്രോഹിച്ചുവെന്ന ആരോപണത്തിനുമേല്‍ കരിനിയമവും വിലങ്ങുമായി നിങ്ങളെ ആരും തേടിവരില്ല. കാലാവസ്ഥ മാറ്റം എന്ന സത്യത്തെ നിങ്ങള്‍ക്ക് പരസ്യമായി ചോദ്യം ചെയ്യാം. മനുഷ്യവംശത്തിന്റെ ആവിര്‍ഭാവം പരിണാമശാസ്ത്രാധിഷ്ഠിതമാണെന്ന് പറയുന്നവരെ പച്ച പുലഭ്യം പറഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ല; പുലഭ്യം പറയാനുള്ള അവകാശം ഭരണഘടനയുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍പ്പെട്ടതല്ല, എങ്കില്‍പ്പോലും. എന്നാല്‍, ഭരണഘടനാനിജമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വാദ്ഗാനത്തിലുള്ള വിശ്വാസം മൂലം ഏതെങ്കിലും ആരാധന സങ്കല്‍പ്പത്തെ വെറുതെയൊന്ന് ഞൊടിച്ചു നോക്കൂ, മിക്കവാറും സ്റ്റേറ്റ് തന്നെ മതനിന്ദയ്ക്കും കലാപാഹ്വാനത്തിനും നിങ്ങളെ പ്രോസിക്യൂട്ട് ചെയ്‌തെന്നു വരും.

ഭരണഘടനാനിജമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വാദ്ഗാനത്തിലുള്ള വിശ്വാസം മൂലം ഏതെങ്കിലും ആരാധന സങ്കല്‍പ്പത്തെ വെറുതെയൊന്ന് ഞൊടിച്ചു നോക്കൂ, മിക്കവാറും സ്റ്റേറ്റ് തന്നെ മതനിന്ദയ്ക്കും കലാപാഹ്വാനത്തിനും നിങ്ങളെ പ്രോസിക്യൂട്ട് ചെയ്‌തെന്നു വരും.

ആള്‍ദൈവങ്ങളെയും പുരോഹിത പ്രമുഖരെയും തൊട്ടാല്‍ അവര്‍ തന്നെ നിങ്ങളുടെ കഥ കഴിച്ചോളും. മതനിരപേക്ഷ സ്റ്റേറ്റ് നിസ്സംഗതാ നാട്യത്തില്‍ അതിപ്രവീണരാണ്. മതകീയ വേദാധികാരത്തെ ചോദ്യംചെയ്തവര്‍ പലരും കൊല്ലപ്പെട്ടുവെന്നത് പൊതു അറിവാണെങ്കിലും ആരാണ് അല്ലെങ്കില്‍ ഏതു സംഘടനയാണ് കൊലപാതകത്തിനുള്ള ആജ്ഞ നല്‍കിയെതെന്ന് സ്റ്റേറ്റിന് കണ്ടെത്തനായിട്ടില്ല. കല്‍ബുര്‍ഗിയും പന്‍സാരയും ധാബോല്‍ക്കറും ഗൗരി ലങ്കേഷും ചേകന്നൂരും വിമത ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് കൊല്ലപ്പെട്ടതും കാണാതെയായതും. സത്യത്തെ ദ്രോഹിച്ചുകൊള്ളുക. തിരിച്ചു കടിക്കില്ലെന്നത് നൂറു ശതമാനം ഗ്യാരണ്ടി.

ശാസ്ത്രീയമായ ഒരറിവിനെ മുന്‍നിര്‍ത്തിയുള്ള ഒരു വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നായര്‍ സംഘടന ഉയര്‍ത്തിയ വിവാദത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നത് സ്പീക്കര്‍ എ എന്‍ ഷംസീറല്ല, ശാസ്ത്രവും സത്യവുമാണ്. ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് ആ പഴയ ശൈലി ഏറെ മാറിപ്പോയിരിക്കുന്നുവെന്നാണ്. നായര് പിടിച്ച പുലിവാലല്ല ഇന്ന് പ്രശ്‌നം, നായര്‍ നിങ്ങളെക്കൊണ്ട് പിടിപ്പിക്കുന്ന പുലിവാലാണ് എന്നതാണ്.

ഒ വി വിജയന്‍ പറഞ്ഞത് ഓര്‍ക്കുകയാണെങ്കില്‍ ത്രീ മൈലിനും ചെര്‍ണോബിലിനും ശേഷം ആണവശാസ്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് കേവലം സംശയം പ്രകടിപ്പിച്ചവരെ രാജരാമണ്ണയെ പോലുള്ള ശാസ്ത്രജ്ഞര്‍ രാജ്യദ്രോഹികളെന്നാണ് ചാപ്പയടിച്ചത്.

ഇത് മതകാര്യത്തില്‍ മാത്രമല്ല സംഭവിക്കുന്നത്. ഒ വി വിജയന്‍ പറഞ്ഞത് ഓര്‍ക്കുകയാണെങ്കില്‍ ത്രീ മൈലിനും ചെര്‍ണോബിലിനും ശേഷം ആണവശാസ്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് കേവലം സംശയം പ്രകടിപ്പിച്ചവരെ രാജരാമണ്ണയെ പോലുള്ള ശാസ്ത്രജ്ഞര്‍ രാജ്യദ്രോഹികളെന്നാണ് ചാപ്പയടിച്ചത്. അമേരിക്കന്‍ ആണവ കരാറിനെ നഖശിഖാന്തം എതിര്‍ത്ത സി പി എം കൂടംകുളം ആണവ നിലയത്തിനെതിരെ നടന്ന സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോയ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും ജനകീയനും പോരാളിയുമായ വിഎസിനെ പരസ്യമായി ശാസിക്കുകയാണുണ്ടായത്. പാര്‍ട്ടി യജമാനന്മാര്‍ പുറത്താക്കാന്‍ ഒരു കാരണം കാത്തുനില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ വിഎസ് മാപ്പ് പറഞ്ഞു സ്വയം കഴിച്ചിലായി. കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച എസ് പി ഉദയകുമാറിനുമേല്‍ ആദ്യമായി വിദേശചാര പരിവേഷം ചാര്‍ത്തി നല്‍കിയത് ഹിന്ദുത്വ പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടികളാണ്.

രാജ്യദ്രോഹം ഒരു സ്ഥായിയായ പ്രവണതയാണ്. ഈ കല്പനയെടുത്തു പ്രയോഗിക്കുന്നവര്‍ മാറി മാറി വരുന്നുവെന്നു മാത്രം. അതിനൊപ്പം മാറുന്നുണ്ട് രാജ്യദ്രോഹ സങ്കല്പനവും. ഹിന്ദുത്വയുടെ രാജ്യദ്രോഹ സങ്കല്പനത്തില്‍ സനാതനമെന്ന് അവര്‍ കരുതുന്ന ഹിന്ദുരാഷ്ട്രത്തെയും സനാതനമായി തുടരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന അധികാര വ്യവസ്ഥയെയും അതിന്റെ ഫ്യൂററിനുമെതിരെയും വിമര്‍ശനം ഉന്നയിക്കുകയേ വേണ്ടൂ രാജ്യദ്രോഹിയാക്കി രാജകല്പന പുറപ്പെടുവിക്കാന്‍. രാജ്യദ്രോഹക്കുറ്റം എന്നെങ്കിലും കുറ്റമല്ലാതായാലും രാജ്യദ്രോഹമെന്ന ഡെമോക്ലിസിന്റെ വാള്‍ തലയ്ക്കുമുകളില്‍ തൂങ്ങി നില്‍പ്പുണ്ടെന്ന് പൗരനറിയാം.

രാജ്യദ്രോഹം ഒരു സ്ഥായിയായ പ്രവണതയാണ്. ഈ കല്പനയെടുത്തു പ്രയോഗിക്കുന്നവര്‍ മാറി മാറി വരുന്നുവെന്നു മാത്രം. അതിനൊപ്പം മാറുന്നുണ്ട് രാജ്യദ്രോഹ സങ്കല്പനവും.

വ്യവസ്ഥയ്ക്കും അധികാരത്തിനുമനുസരിച്ചു രാജ്യദ്രോഹ സങ്കല്പനം മാറി മാറി വന്നിട്ടുണ്ടെങ്കിലും രാജ്യദ്രോഹം എന്താണെന്നുള്ളത് മൂര്‍ത്തമാണ്. പക്ഷെ സത്യദ്രോഹത്തിന്റെ കാര്യമതല്ല. സത്യത്തിനുമേല്‍ ഒരു സമവായവും ലോകത്തൊരിടത്തും എത്തിച്ചേര്‍ന്നിട്ടില്ല. ശാസ്ത്രസത്യത്തെക്കുറിച്ചു യുക്തിവാദികള്‍ പറയുന്നതല്ല ശാസ്ത്രചിന്തകര്‍ പറയുക. പരമമായ സത്യമെന്നൊന്നില്ലെന്നും ശാസ്ത്രം ദൈവശാസ്ത്രമല്ലെന്നും അന്വേഷണങ്ങളിലെ പുതിയ കണ്ടെത്തലുകളോടെ ശാസ്ത്രസിദ്ധാന്തവും മാറാമെന്നുമൊക്കെയാണ് വ്യാഖ്യാനങ്ങള്‍. ഇതിനെ ശാസ്ത്രീയ ദര്‍ശനം എന്ന് വേണമെങ്കില്‍ വിളിക്കാം. ശാസ്ത്രീയമെന്നത് ലഭ്യമായ ജ്ഞാനത്തെ നിരന്തരം ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചപ്പാടാണ്. മാര്‍ക്‌സിസം സത്യമാണെന്നാണ് ലെനിന്‍ പറഞ്ഞത്. ലെനിന്‍ നല്‍കിയ ഉറപ്പ് ഒരു ലെനിനിസ്റ്റ് അന്ധവിശ്വാസിക്ക് മാത്രമേ സത്യമാവുകയുള്ളൂ. ആശയശാസ്ത്രങ്ങളെ പരമവിശ്വാസമായി കരുതുന്ന ഭൗതികവാദികളെന്ന് നടിക്കുന്നവരും അശാസ്ത്രീയമായ വഴികളിലൂടെ സഞ്ചരിക്കുന്നവരാണ്.

സത്യദ്രോഹത്തിന്റെ പ്രശ്‌നമിതാണ്. അനുഭവൈക യാഥാര്‍ഥ്യത്തെയല്ല ഇവിടെ സത്യം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. ഞാന്‍ ഇതെഴുതുന്ന പേനയും മേശപ്പുറവും ഇരിക്കുന്ന കസേരയും യാഥാര്‍ഥ്യമാണെന്നു പറയാന്‍ ഏതു യുക്തിവാദിക്കുമാവും. സാമൂഹ്യജീവിതത്തിലെ 'സത്യ'മാണ് പ്രശ്‌നം. അധികാരി അഴിമതിക്കാരനാണെന്നും ചങ്ങാത്ത മുതലാളിത്തമാണ് നടമാടുന്നതെന്നും പറയാനുള്ള സത്യസന്ധത പലപ്പോഴും നമ്മുടെ പുരോഗമന വിശുദ്ധപശുക്കളായ സാംസ്‌കാരിക നവവരേണ്യര്‍ കാട്ടാത്തത് അത് അവരുടെ നിലനില്പിനെ തന്നെ അപകടപ്പെടുത്തുന്നതായതുകൊണ്ടാണ്. ഇത്തരം സത്യം വിളിച്ചുപറയാതിരിക്കുകയാണ് നിലനില്പിനുള്ള സാമാന്യ യുക്തി എന്നവര്‍ക്കറിയാം. ഇവിടെ സാമാന്യയുക്തി സത്യത്തിനുമേല്‍ അധീശത്വം സ്ഥാപിക്കുന്നു. അല്ലെങ്കില്‍ തന്നെ സ്വന്തം നിലനില്പിനെക്കാള്‍ വലിയൊരു സത്യമില്ലെന്നു പുരാണങ്ങളും ഇതിഹാസങ്ങളും പേര്‍ത്തും പേര്‍ത്തും വായിച്ചു മനസ്സിലാക്കിയിട്ടുണ്ടാവണം അവര്‍. ജീവിതം എന്നാല്‍ സ്ഥാനം, മാനം സാമ്പത്തികസമൃദ്ധി, നവസവര്‍ണത, അംഗീകാരം, പ്രസംഗം, വിജ്ഞാനപീഠം എന്നിങ്ങനെയുള്ള വസ്തു അധിഷ്ഠിത അനുഭവൈക യാഥാര്‍ഥ്യമാണെന്ന് 'സാംസ്‌കാരിക യുക്തി'ചിന്തയാല്‍ മനസ്സിലാക്കിയ മഹാരഥന്മാരാണ് നമ്മുടെ കുഴലൂത്തുകാര്‍.

വിവേകം ഇവിടെ വിമതമാകുന്നു; വിമതം സത്യവും
'മുസ്ലിങ്ങളെ ചേർത്തുപിടിക്കലാണ് ഇക്കാലത്തെ സർഗാത്മക രാഷ്ട്രീയം, അതാണ് സിപിഎം ചെയ്യുന്നത്'

നിര്‍വചിക്കാന്‍ പറ്റാത്ത ഒരു ഹലാക്കായി സത്യം നിലനില്‍ക്കെ സത്യദ്രോഹം ആര്‍ക്കുമൊരു പ്രശ്നമാവേണ്ടതില്ല. സത്യത്തെ പലരും നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വി ടി 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു' എന്നാണ് നിര്‍വചിച്ചത്. ജാതിബദ്ധവും അനാചാരകലുഷിതവുമായ ഒരു കാലത്ത് ആരോടും കല്‍മഷമില്ലാതെയാണ് വി ടി ഈ നിര്‍വചനം കൊണ്ടുവന്നത്. ഗുരുദേവനെയും മഹാമാത്മാ അയ്യന്‍കാളിയെയും പിന്തുടര്‍ന്നുക്കൊണ്ടു ഉണര്‍ന്നെണീറ്റ കീഴാളര്‍ മനുഷ്യന്‍ എന്ന പൊതുസങ്കല്പനത്തെ പൊതുബോധത്തിലേക്ക് ഉയര്‍ത്തി. അതുവരെയും ഇരുട്ടില്‍ കഴിഞ്ഞിരുന്ന ജന്മി - നാടുവാഴി വര്‍ഗമായ നമ്പൂതിരിമാര്‍ക്കും സവര്‍ണര്‍ക്കും കീഴാളരില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് തങ്ങള്‍ ഇത്രയും കാലം മനുഷ്യരായിരുന്നില്ലെന്ന സത്യമാണ്. കീഴാളരായ മനുഷ്യരെ കണ്ടാണ് സവര്‍ണര്‍ തങ്ങളും മനുഷ്യരാകാന്‍ പ്രാപ്തരനാണെന്നു തിരിച്ചറിഞ്ഞത്.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ പ്രകൃതി നിര്‍ദ്ധാരണ സങ്കല്പനത്തെ കവച്ചുവയ്ക്കുന്ന ഒരു സാമൂഹികനിര്‍ദ്ധാരണവും പരിണാമവും ആധുനിക കേരളത്തിന്റെ പിറവിയോടെ സംഭവിച്ചിട്ടുണ്ട്. സത്യത്തില്‍ ഒരു പ്രാകൃത ജീവിത വ്യവസ്ഥയായി നിലനിന്ന കേരളം പരിണമിച്ചാണ് മനുഷ്യരിലേക്കെത്തിയത്. എല്ലാവരും മനുഷ്യരാണെന്ന സത്യം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ബോധ്യപ്പെടുത്തിയത് കീഴാളമുന്നേറ്റമാണ്. അതെ, അക്ഷരവും അര്‍ത്ഥവുമാണല്ലോ വി ടി യെ നവോത്ഥാനത്തിലേക്ക് ഉണര്‍ത്തിയത്. സാമൂഹ്യമനുഷ്യനിലേക്കുള്ള പരിണാമമാണ് മലയാളി ആദ്യം ദര്‍ശിച്ച സത്യം. ഗണപതി സമരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ചുറ്റും കൂടിയിരിക്കുന്നവര്‍ നായന്മാരാണെന്ന് പറഞ്ഞ നായര്‍ യഥാര്‍ത്ഥത്തില്‍ എത്രകാലം പുറകോട്ടുപോയെന്ന് സ്വയം ആലോചിക്കേണ്ടതുണ്ട്.

വി ടിയുടെ മനുഷ്യന്‍ സത്യമാണെന്ന നിര്‍വചനം സുസ്ഥിരമല്ലാത്ത ഒരു വ്യഖ്യാനം മാത്രമാണെന്നു നമ്മള്‍ ഇന്ന് തിരിച്ചറിയുന്നു. മനുഷ്യസങ്കല്പനത്തെ ചോദ്യം ചെയ്യുന്നതാണ് പുതിയ ഭാവുകത്വ പ്രവണതകളെല്ലാം തന്നെ. നവോത്ഥാന മനുഷ്യനെന്നാല്‍ അപ്രമാദിയായ വെള്ളക്കാരനായ പുരുഷനാണെന്ന് ചെറുത്തുനില്‍പ്പിന്റെ പുതിയ ഭാവുകത്വം പറയുന്നു. ഇന്ത്യയില്‍ ഇത് സവര്‍ണനായ പുരുഷനാണ്. ആദിവാസിയുടെ തലയില്‍ മൂത്രമൊഴിക്കുന്ന അതെ സവര്‍ണ സ്വത്വന്‍.

വിവേകം ഇവിടെ വിമതമാകുന്നു; വിമതം സത്യവും
ഏക സിവിൽ നിയമത്തെ എതിർക്കാനുള്ള ഒരു മതേതര മുസ്ലിമിൻ്റെ കാരണങ്ങൾ

മനുഷ്യനെന്നത് ജൈവശാസ്ത്രപരമായ ഉണ്മയല്ല സാംസ്‌കാരിക നിര്‍മിതിയാണെന്നും വിമര്‍ശനാവബോധത്തോടെയുള്ള പുത്തനാലോചനകള്‍ ഉയര്‍ന്നുവരുന്നു. ഇതൊരു വിമത ദര്‍ശനമാണ്. കാലത്തിന്റെ വിവേകമുള്ള വിമത ദര്‍ശനം. സ്ത്രീ സാംസ്‌കാരിക നിര്‍മിതിയാണെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് ലിംഗാതീതരും ലൈംഗിക ന്യൂനപക്ഷവും നാളിതുവരെയുള്ള ജ്ഞാനവ്യവസ്ഥയുടെ നിര്‍മിതിയാണെന്നും തിരിച്ചറിയുന്നു. ഇത് മാത്രമല്ല, മനുഷ്യാന്തരത്തിന്റെ (post-human) ഘട്ടത്തില്‍ എന്തായിരുന്നു, ഏതായിരുന്നു മനുഷ്യന്‍ എന്ന പ്രസക്തമായ ചോദ്യവും ഉയരുന്നു. ജന്മനാ സൈബോര്‍ഗായ വംശവും പിറവി കൊണ്ടിരിക്കുന്നു. മനുഷ്യാവകാശം തന്നെ പുനര്‍നിര്‍വചിക്കപ്പെടേണ്ട ആശയമാണെന്നാണ് പുതുകാല വിമത ബോധം. ഈ വിമതാശയങ്ങളുടെ പ്രസരണശേഷി ഒരു പുതുതലമുറയെ ഊര്‍ജിതമാക്കുന്ന അതേ ദുനിയാവില്‍ മനുഷ്യാവകാശത്തിനു തന്നെ ഒടുക്കത്തെ 'മണിമുഴുങ്ങുക'യാണോ എന്ന സന്ദേഹവും കേള്‍വിപ്പെടുന്നു.

മനുഷ്യസങ്കല്പനം വെറുതെ അങ്ങനെ മാറുകയൊന്നുമില്ല. ഒറ്റപ്പെട്ട വിമതശബ്ദങ്ങള്‍ ദീര്‍ഘകാലമായി നടത്തിയ ചെറുത്തുനില്‍പ്പും പോരാട്ടവുമാണ് വിമത ലൈംഗികതയെന്ന വിവക്ഷിക്കപ്പെടുന്ന ലിംഗാതീതരുടെയും ലൈംഗിക ന്യുനപക്ഷങ്ങളുടെയും സാമൂഹ്യമായ ആത്മപ്രകാശനത്തിനു വഴിയൊരുക്കിയത്. വളരെയധികം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നീതിപീഠങ്ങള്‍ വിമതലിംഗസ്വത്വം അംഗീകരിക്കാന്‍ തയ്യാറായത്. കൊളോണിയല്‍ ക്രിമിനല്‍ നിയമത്തില്‍ സ്വവര്‍ഗരതി കുറ്റകരമാക്കിയിരുന്ന വകുപ്പ് റദ്ദാക്കപ്പെട്ടെങ്കിലും ആ പോരാട്ടം അവിടം കൊണ്ടവസാനിച്ചിട്ടില്ല. സ്വവര്‍ഗവിവാഹത്തിന്റെ അംഗീകാരം ഇപ്പോഴും നീതിപീഠത്തിന്റെ തീര്‍പ്പിനായി കാക്കുകയാണ്. 'മനുഷ്യന്‍' എന്ന പഴയ സാമൂഹിക സമവായ സകല്പനം എന്തായാലും ഉടച്ചുവാര്‍ക്കപ്പെട്ടു. ട്രാന്‍സ് ജെന്‍ഡര്‍ എന്നത് വിമതത്വത്തിന്റെ തന്നെ ഉണ്മയായാണ് ഇത് പ്രകാശിതമാകുന്നത്.

ഭരണഘടന വലിയ സംവാദവേദിയായിരുന്നു. വിമത ശബ്ദങ്ങള്‍ അതുവരെയുണ്ടായിരുന്ന വ്യവസ്ഥാപിതത്വത്തിന്റെ കീഴ്‌വഴക്കങ്ങളെ ഉല്ലംഘിക്കുന്നതായിരുന്നു. ഓരോ അനുച്ഛേദവും പലവട്ടം പാരായണത്തിനും വിമര്‍ശനത്തിനും വിധേയമായി.

ഉദാര ജനാധിപത്യ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളിലേക്ക് നമ്മള്‍ ഇടയ്ക്കിടെ പോകാറുണ്ട്. ഭരണഘടന പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഭരണഘടന നിര്‍മാണ അസംബ്ലിയും. ഈയിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഭരണഘടനയുടെ സ്ഥാപക പിതാക്കന്മാര്‍ (founding fathers) എന്ന സ്ഥിരം പ്രയോഗത്തിനൊരു തിരുത്ത് വരുത്തി. ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് ഭരണഘടനയുടെ സ്ഥാപകമാതാക്കളും പിതാക്കളും എന്ന് പറയണമെന്നാണ്. മലയാളികള്‍ക്ക് ഭരണഘട അസംബ്ലി പ്രതിനിധിയായിരുന്ന ദാക്ഷായണി വേലായുധനെക്കുറിച്ചറിയാം.

ഭരണഘടന വലിയ സംവാദവേദിയായിരുന്നു. വിമത ശബ്ദങ്ങള്‍ അതുവരെയുണ്ടായിരുന്ന വ്യവസ്ഥാപിതത്വത്തിന്റെ കീഴ്‌വഴക്കങ്ങളെ ഉല്ലംഘിക്കുന്നതായിരുന്നു. ഓരോ അനുച്ഛേദവും പലവട്ടം പാരായണത്തിനും വിമര്‍ശനത്തിനും വിധേയമായി. സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന സംവാദം വിമതവീക്ഷണങ്ങളുടെ ആശയപരമായ ഏറ്റുമുട്ടലിലൂടെ രൂപപ്പെട്ടതാണ്. വിമത വീക്ഷണങ്ങളില്‍ നിന്നുരുവംകൊണ്ട ഭരണഘടനയാണ് സമവായത്തിലൂടെ അംഗീകരിക്കപ്പെട്ടത്. മുകളില്‍നിന്ന് അടിച്ചേല്പിക്കപ്പെട്ടതല്ല നമ്മുടെ രാഷ്ട്രസങ്കല്പത്തിനാധാരമായ ഭരണഘടന. അതുകൊണ്ടാണ് ഭരണഘടന ഇത്ര ശക്തിയുക്തം പൗരാവകാശങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വിമത വീക്ഷണങ്ങളുടെ പ്രകാശനത്തിനായി സര്‍വവിധ നിയമപിന്തുണയും നല്‍കുന്നത്.

ഏകാധിപത്യം വിമതവീക്ഷണങ്ങള്‍ പോയിട്ട് വ്യത്യസ്ത വീക്ഷണങ്ങള്‍ പോലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. വിമതര്‍ നിശ്ശബ്ദരാക്കപ്പെടുന്നു. വിമതരെ കരിനിയമങ്ങള്‍ ചാര്‍ത്തി തുറങ്കിലടയ്ക്കുന്ന സമീപനമാണ് ഇവിടെയും തുടരുന്നത്. ജെ എന്‍ യു വിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലിലാണ്. ജാമ്യം പോലും അനുവദിക്കപ്പെട്ടിട്ടില്ല. പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞയായ നന്ദിനി സുന്ദര്‍ ഉമര്‍ ഖാലിദിനെക്കുറിച്ച് എഴുതിയൊരു ലേഖനത്തില്‍ അദ്ദേഹത്തെ മോഡി ഭരണകൂടം ജയിലില്‍ അടയ്ക്കുക വഴി സര്‍വകലാശാലകള്‍ക്ക് മികച്ചൊരു ചരിത്രകാരനെയാണ് നഷ്ടമായതെന്ന് പറയുന്നുണ്ട്.

ഭീമ കോറേഗാവ് കേസിലെ ജയിലില്‍ അടിക്കപ്പെട്ടവരില്‍ മിക്കവരും അഗാധ ചിന്തകരും എഴുത്തുകാരും സൈദ്ധാന്തികരും കവികളുമാണ്. അവര്‍ സ്ഥിരമായി എഴുതിക്കൊണ്ടിരുന്നതാണ്. ആഴത്തിലുള്ള, ഉള്‍ക്കാഴ്ചയുള്ള അവരുടെ എഴുത്തുകള്‍ സാമൂഹ്യശാസ്ത്രമേഖലയിലെ നവലിബറല്‍ സമവായ ജ്ഞാനത്തെ തകിടംമറിക്കുന്ന ചെറുത്തുനില്‍പ്പിന്റെ വിമോചനത്തിന്റെ പുതുവിജ്ഞാനം സാധ്യമാക്കിയിരുന്നു. ആ എഴുത്തുകളാണ് അവരെ തുറങ്കിലടയ്ക്കുക വഴി ലോകത്തിനു നഷ്ടമായത്. വൈജ്ഞാനികമായ സത്യാന്വേഷണങ്ങളെ തകര്‍ക്കുകയെന്നത് ഏകാധിപത്യ ഭരണകൂടങ്ങളുടെ ഉദ്ദേശ്യലക്ഷ്യമാണ്.

സത്യത്തെ ദ്രോഹിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഉമര്‍ ഖാലിദും ആനന്ദ് ടെല്‍റ്റുംബ്‌ടെയും ജാമ്യം ലഭിക്കാതെ ജയിലില്‍ അടയ്ക്കപ്പെട്ടത്. സത്യത്തിനുവേണ്ടി നിലക്കൊണ്ടതിന്റെ പേരിലാണ് എണ്‍പത്തിനാലു വയസ്സുകാരനായ സ്റ്റാന്‍ സ്വാമി രക്തസാക്ഷിയായത്. മോശം ആരോഗ്യത്തിന്റെ പേരില്‍ പലതവണ ജാമ്യാപേക്ഷ നല്‍കിയിട്ടും കോടതികള്‍ നിഷേധിക്കുകയാണുണ്ടായത്. ലിബറല്‍ നീതിന്യായ വ്യവസ്ഥയിലെ അടിസ്ഥാന പ്രമാണം ജയിലല്ല ബെയിലാണെന്നു (bail not jail) പലതവണ ഉന്നത നീതിപീഠം ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഇതിനൊപ്പം കൂട്ടിവായിക്കണം.

വ്യക്തിപരമായ വിമതാവിഷ്‌കാരങ്ങളെ ചിലപ്പോഴെല്ലാം ഭരണകൂടം കണ്ടില്ലെന്നും നടിക്കാറുണ്ട്. പക്ഷെ, ഏതൊരു വിമത ശബ്ദമാണോ സമൂഹത്തിന്റെ മൊത്തം വിമതപ്രകാശമായി മാറുന്നത് അതിനെയാണ് ഭരണകൂടവും സര്‍ക്കാരുകളും അധികാരത്തിന്റെ പങ്കുപറ്റിയിരിക്കുന്ന കക്ഷി രാഷ്ട്രീയവും ഭയപ്പെടുന്നത്.

അതേ സമയം, നീതിയുടെ അന്തസ്സ് നിലനിര്‍ത്താനായാണ് ഗ്രോ വാസുവിനു ജാമ്യം വേണ്ടെന്നുവച്ച് ജയില്‍ വരിക്കേണ്ടി വന്നത്. പോലീസിന്റെ വെടിയേറ്റ് മാവോയിസ്റ്റുകളായ അജിതയും കുപ്പുദേവരാജും കൊല്ലപ്പെട്ടപ്പോള്‍ ഏറ്റുമുട്ടല്‍ കൊലപാതകം എന്ന ഭരണകൂടത്തിന്റെ ഹിംസയ്ക്കും അസത്യത്തിനുനേര്‍ക്ക് വിരല്‍ചൂണ്ടി പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെതിരെ കേസെടുത്തത്. ജനാധിപത്യത്തില്‍ അഹിംസാത്മകമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ പേരില്‍ കേസും തുടര്‍വിചാരണകളും ഭരണഘടനയുടെ, സത്യത്തിന്റെ തന്നെ നിഷേധമായിരിക്കുമെന്ന വിമത ശബ്ദമുയര്‍ത്തിയാണ് ഗ്രോ വാസു പിഴയൊടുക്കാതെയും ജാമ്യമെടുക്കാതെയും ജയിലില്‍ പോകാന്‍ തീരുമാനിച്ചത്. ഗ്രോ വാസുവിന്റെ സത്യം സര്‍ക്കാരിന് മനസ്സിലാകാത്തതില്‍ അത്ഭുതമില്ല. കാരണം പലായവര്‍ത്തനങ്ങളിലൂടെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന ഭരണകൂട ബോധത്തില്‍ വിമതര്‍ക്ക് ബെയിലല്ല ജയിലാണ് വിധിച്ചിട്ടുള്ളതാണ് എന്നാണ് 'കേരളം' സര്‍ക്കാരും മനസ്സിലാക്കിവച്ചിരിക്കുന്നത്.

വ്യക്തിപരമായ വിമതാവിഷ്‌കാരങ്ങളെ ചിലപ്പോഴെല്ലാം ഭരണകൂടം കണ്ടില്ലെന്നും നടിക്കാറുണ്ട്. പക്ഷെ, ഏതൊരു വിമത ശബ്ദമാണോ സമൂഹത്തിന്റെ മൊത്തം വിമതപ്രകാശമായി മാറുന്നത് അതിനെയാണ് ഭരണകൂടവും സര്‍ക്കാരുകളും അധികാരത്തിന്റെ പങ്കുപറ്റിയിരിക്കുന്ന കക്ഷി രാഷ്ട്രീയവും ഭയപ്പെടുന്നത്. അധികാരത്തെ പോലെ ഇത്ര ഭീരുത്വസഹജമായ മറ്റൊന്നുമില്ല. മാധ്യമങ്ങളെ സര്‍ക്കാരുകള്‍ ഭയപ്പെടുന്നതും നിന്ദിക്കുന്നതും ഓടിച്ച് അകലത്തുനിര്‍ത്തുന്നതും സത്യത്തെ പേടിച്ചാണ്.

സര്‍ക്കാരുകളോട് അസുഖകരമായ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുമെന്ന ഭീതിയാണിതിന് കാരണം. ഭരണഘടനാദത്തമായ ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ നിര്‍വചനം, എന്റെ വീക്ഷണത്തില്‍, സമൂഹത്തിന്റെ കൂട്ടായ വിമതശബ്ദമാണ് എന്നതാണ്. Collective Dissent of the Nation and society. കൂട്ടായ വിമത പ്രകാശനത്തില്‍ ഭരണകൂടത്തിന്റെ ഇരുട്ടറ രഹസ്യങ്ങളെല്ലാം പുറത്തുവരും. അതോടെ അധികാരത്തിനു പിടിച്ചുനില്‍ക്കാനാവില്ല. ഇങ്ങനെ പരസ്യമായി നഗ്‌നമാക്കപ്പെടുന്നത്തോടെ അധികാരത്തിന്റെ സത്യത്തെ ജനതയ്ക്കു മുമ്പില്‍ കാണിച്ചുതരുകയെന്നതാണ് ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള മാധ്യമത്തിന്റെ പരമമായ ധര്‍മം.

ഭരണകൂടം എപ്പോഴും പ്രസ്താവിക്കുകയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അതിന്റെ 'സത്യ'ത്തെ ചൂണ്ടിക്കാണിച്ച് ഇതാണ് സത്യം, ഇവിടെ മുട്ടുകുത്തുവിന്‍ എന്ന് ആജ്ഞാപിച്ചുകൊണ്ടാണ്. മാധ്യമം ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യേണ്ടത് അത് അസത്യമാണെന്നുള്ള സത്യാവബോധത്തിന്റെ വിമത ശബ്ദം ഉയര്‍ത്തുകയെന്നതാണ്. ഈ സത്യാവബോധത്തിന്റെ മറ്റൊരു പേരാണ് ശാസ്ത്രീയ ബോധം അഥവാ സയന്റിഫിക് ടെംപെര്‍. ഹൈഡ്രജന്‍ ബോംബിന്റെ നിര്‍മാണത്തെ എതിര്‍ക്കുകയും ആണവബോംബ് ബഹുജന വംശഹത്യയാണെന്നു ഉറക്കെ വിളിച്ചുപറയുകയും ചെയ്ത പണ്ഡിത ശാസ്ത്രജ്ഞനായ ഓപ്പണ്‍ഹൈമറുടേത് സയന്റിഫിക് ടെംപെറിന്റെ പ്രകാശനമായിരുന്നു.

എന്നാല്‍ ഒന്നാലോചിച്ചൂ നോക്കൂ ഓപ്പെന്‍ഹൈമര്‍ നീരീക്ഷിച്ചതു പോലെ ആണവ ബോംബിന്റെ വംശഹത്യ സ്വഭാവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഭഗവദ്ഗീതയിലെ 'ഞാന്‍ മരണമാണ്, ലോകനാശകന്‍' എന്ന വരികള്‍ പൊഖ്റാന്‍- ഒന്നും രണ്ടും പരീക്ഷണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉദ്ധരിച്ചിരുന്നുവെങ്കില്‍ മതനിന്ദയും രാജ്യദ്രോഹവും ഉറപ്പായും ആരോപിക്കപ്പെടുമായിരുന്നില്ലേ? പൊഖ്റാനിലെ ആദ്യ സ്ഫോടന രഹസ്യ ഓപറേഷനെ വിളിച്ചത് 'ബുദ്ധന്‍ ചിരിച്ചു അഥവാ സന്തുഷ്ടനായ കൃഷ്ണന്‍' എന്നാണ്. ഓപ്പണ്‍ ഹൈമറുടെ ശാസ്ത്രാവബോധം സ്ഫുരിക്കുന്നതും നൈതികപ്രധാനവും സത്യസന്ധവുമായ നിലപാടിനെ ഒറ്റവാക്കില്‍ വിവേകമെന്നും വിളിക്കാം. വിവേകമെന്നത് ഇവിടെ വിമതമാകുന്നു. വിമതം ഇവിടെ സത്യവുമാകുന്നു.

logo
The Fourth
www.thefourthnews.in