ഫെഡറൽ ഘടനയെ നിലനിർത്താൻ 16-ാം ധന കമ്മീഷൻ എന്ത് ചെയ്യും? കേരളത്തിൻ്റെ ആശങ്കയും  പ്രതീക്ഷയും

ഫെഡറൽ ഘടനയെ നിലനിർത്താൻ 16-ാം ധന കമ്മീഷൻ എന്ത് ചെയ്യും? കേരളത്തിൻ്റെ ആശങ്കയും പ്രതീക്ഷയും

സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതം വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്കിടയിലെ വികസന വൈജാത്യം പരിഗണിക്കാനും പുതിയ ധനകമ്മീഷൻ തയ്യാറാകുമോ എന്നതാണ് മുഖ്യപ്രശ്നം

പതിനാറാം ധനകാര്യ കമ്മീഷൻ ഔപചാരികമായി നിലവിൽ   വന്നിരിക്കുന്നു. പ്രൊഫസർ അരവിന്ദ പാണിഗാരിയ  ചെയർമാൻ ആകും. കൊളംബിയ സർവകലാശാലാ ഇക്കണോമിക്സ് പ്രൊഫസർ ആയ അദ്ദേഹം 2015-2017 കാലത്ത് നിതി ആയോഗ് വൈസ് ചെയർമാനായിരുന്നു.  നിതി അയോഗിൽ നിന്നുള്ള പ്രൊഫസർ അരവിന്ദ പാണിഗാരിയയുടെ അപ്രതീക്ഷിതമായ പിൻവാങ്ങൽ  ആ സമയത്ത് വലിയ ജിജ്ഞാസ ഉണ്ടാക്കിയിരുന്നു. ദേശീയ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി പകരം കൊണ്ടു വന്ന സംവിധാനമാണല്ലോ നിതി ആയോഗ്. ആസൂത്രണ കമ്മീഷന്റെ തിരോധാനം ഇന്ത്യൻ ഫെഡറൽ ധനവിന്യാസത്തിലെ വലിയ ദിശാമാറ്റം കൂടിയായിരുന്നു എന്ന വസ്തുത  ഓർക്കുന്നത്  ഇപ്പോൾ പ്രസക്തമാണെന്നു തോന്നുന്നു.

ധനകാര്യ കമ്മീഷൻ വഴിയുള്ള ധനവിന്യാസം കഴിഞ്ഞാൽ  പദ്ധതികൾക്കുള്ള മറ്റൊരു പ്രധാന ധനവിന്യാസ വഴി ആസൂത്രണ കമ്മീഷൻ ധനസഹായമായിരുന്നു. ആസൂത്രണക്കമ്മീഷൻ വഴിയുള്ള ധനവിന്യാസം, അല്ലെങ്കിൽ പ്ലാൻ സഹായം, ഫോർമുല അടിസ്ഥാനപ്പെടുത്തിയുള്ള ധനവിന്യാസ മാർഗമായിരുന്നു. മാത്രമല്ല, പ്ലാനിംഗ് കമ്മീഷന്റെ തിരോധനത്തോടെ  കേന്ദ്ര-സംസ്ഥാന-ഫെഡറൽ സംവാദങ്ങളുടെ പ്ലാറ്റ്ഫോം ആയ  ദേശീയ വികസന സമിതിയും വേദിയൊഴിഞ്ഞു. ഇതും  പ്രസക്തമായ ഒരു പശ്ചാത്തല വിവരമാണ്. എന്തായാലും അരവിന്ദ പാണിഗാരിയ  നിതി ആയോഗ് ഉപാധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി അദ്ദേഹത്തെ വലിയ തോതിൽ പ്രശംസിക്കുന്നതാണ് കണ്ടത്. ഒരു ലോഭവും കൂടാതെ  തന്നെ അതു തിരിച്ചു പ്രകടിപ്പിക്കുകയും ചെയ്തു .  

സംസ്ഥാനങ്ങളുടെ വിഭവാവകാശം സംബന്ധിച്ചു പുതിയ ധന കമ്മീഷൻ സ്വീകരിക്കുന്ന സമീപനം ഇന്ത്യൻ ഫെഡറൽ ഘടനയുടെയും ഫെഡറൽ സ്വാതന്ത്രങ്ങളുടെയും  കാര്യത്തിൽ  അതീവ നിർണായകമായിരിക്കും.   

പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് കാലം 2025-2026 സാമ്പത്തിക വർഷം അവസാനിക്കും. അതായത് 2026 ഏപ്രിൽ  ഒന്നു മുതലുള്ള ധനവിന്യാസം പുതിയ ധനകാര്യക്കമ്മീഷൻ അവാർഡ് പ്രകാരമായിരിക്കണം.അതുകൊണ്ടു തന്നെ  2025 ഒക്ടോബർ 31-നകം പതിനാറാം ധനക്കമ്മീഷൻ ശിപാര്‍ശ സർക്കാരിനു സമർപ്പിക്കണം എന്നാണ് ഉത്തരവ്. സംസ്ഥാനങ്ങൾക്കു   പൊതുവിലും കേരളത്തിനു സവിശേഷമായും പ്രധാന്യമുള്ളതാണ് പതിനാറാം ധനകാര്യ കമ്മീഷൻ തീർപ്പുകൾ. ഇന്ത്യൻ ഫെഡറൽ ഘടന പല രൂപത്തിലുമുള്ള വെല്ലുവിളികൾ നേരിടുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. സംസ്ഥാനങ്ങളുടെ വിഭവാവകാശം സംബന്ധിച്ചു പുതിയ ധന കമ്മീഷൻ സ്വീകരിക്കുന്ന സമീപനം ഇന്ത്യൻ ഫെഡറൽ ഘടനയുടെയും ഫെഡറൽ സ്വാതന്ത്രങ്ങളുടെയും  കാര്യത്തിൽ  അതീവ നിർണായകമായിരിക്കും.   

പ്രധാന നികുതി-വരുമാന-സമാഹരണ  അധികാരങ്ങൾ  കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. അതേ സമയം വിദ്യാഭ്യാസം, ആരോഗ്യം, വികസനം, ക്ഷേമം, ക്രമസമാധാനം തുടങ്ങി ചെലവേറെയും സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിലും ഉത്തരവാദിത്തത്തിലുമാണ്. വിഭവ സ്രോതസും ചുമതലകളും തമ്മിലുള്ള ഈ  അസന്തുലിതാവസ്ഥ  സംബന്ധിച്ച് ഭരണഘടനാ ശിൽപ്പികൾക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.

 ഫെഡറൽ സന്തുലനവും ധനകാര്യ കമ്മീഷനും 

അധികാരങ്ങളുടെയും ചുമതലകളുടെയും വിഭജനവും ഇതിനുതകുന്ന ധന വിന്യാസവും  ചേരുന്നതാണ് ഫെഡറൽ ഘടനയുടെ  സന്തുലനം എന്നു പറയാം. അതിവിപുലമായ ഒരു മേഖലയാണിത്ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരമുള്ള ഏഴാം പട്ടികയിലെ  മൂന്നു ലിസ്റ്റുകൾ  കേന്ദ്ര പാർലമെന്റിന്റെയും സംസ്ഥാന നിയമ സഭകളുടെയും നിയമ നിർമാണ അധികാരമാണ് നിർവചിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എക്സിക്യൂട്ടീവ് അധികാരങ്ങളും ഈ ലിസ്റ്റുകളുമായി ബന്ധപ്പെട്ടതാണ്. പാർലമെന്റിനു നിയമനിർമാണ അധികാരമുള്ള  വിഷയങ്ങളിൽ    കേന്ദ്രസർക്കാരിനും   നിയമസഭകൾക്ക് നിയമനിർമാണ അധികാരമുള്ള  വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകൾക്കുമാണ് ഭരണഘടന എക്സിക്യൂട്ടീവ് അധികാരങ്ങൾ നൽകിയിട്ടുള്ളത് (Articles 73 and 162).  

ഈ വ്യവസ്ഥ ധനവിന്യാസ ചർച്ചകളിൽ അതീവ പ്രസക്തമാണ്. ഈ വ്യവസ്ഥകൾ പ്രകാരം പ്രധാന നികുതി-വരുമാന-സമാഹരണ  അധികാരങ്ങൾ  കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. അതേ സമയം വിദ്യാഭ്യാസം, ആരോഗ്യം, വികസനം, ക്ഷേമം, ക്രമസമാധാനം തുടങ്ങി ചെലവേറെയും സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിലും ഉത്തരവാദിത്തത്തിലുമാണ്. വിഭവ സ്രോതസും ചുമതലകളും തമ്മിലുള്ള ഈ  അസന്തുലിതാവസ്ഥ  സംബന്ധിച്ച് ഭരണഘടനാ ശിൽപ്പികൾക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ധനവിന്യാസം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ ഇതു വ്യക്തമാക്കുന്നതാണ്.  

പ്രധാനപ്പെട്ട  നികുതികൾ  പിരിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കിയത് അവയെല്ലാം കേന്ദ്രസർക്കാരിനു മാത്രം അവകാശപ്പെട്ടതാണെന്ന അർഥത്തിലല്ല. മറിച്ച്, നികുതി സമാഹരണത്തിന്റെ സൗകര്യം കണക്കിലെടുത്തു കൊണ്ടാണ്.

പതിനഞ്ചാം ധന കമ്മീഷൻ ഈ  അസന്തുലിതാവസ്ഥയെ അളന്നു പറഞ്ഞിട്ടുണ്ട്. ആകെ വരുമാനത്തിൽ 62.7  ശതമാനവും കേന്ദ്ര സർക്കാരിനാണ്. അതേസമയം ചെലവുകളിൽ  62.4 ശശതമാനവും സംസ്ഥാനങ്ങളാണു വഹിക്കുന്നത്. 2018-2019ലെ വരവും ചെലവുകളും വിശകലനം ചെയ്തുകൊണ്ടുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ  കണക്കാണിത്. ഈ  അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള  പദ്ധതിയാണ് വിഭവക്കൈമാറ്റം.

കേന്ദ്രം  പിരിക്കുന്ന ചില നികുതികൾ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കണം. മറ്റൊരുതരത്തിൽ ഇതു മനസിലാക്കാം. പ്രധാനപ്പെട്ട  നികുതികൾ  പിരിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കിയത് അവയെല്ലാം കേന്ദ്രസർക്കാരിനു മാത്രം അവകാശപ്പെട്ടതാണെന്ന അർഥത്തിലല്ല. മറിച്ച്, നികുതി സമാഹരണത്തിന്റെ സൗകര്യം കണക്കിലെടുത്തു കൊണ്ടാണ്. ഇങ്ങനെ പിരിക്കുന്ന നികുതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിക്കുന്നതിനു വേണ്ടി ഒരു സ്വതന്ത്രസംവിധാനമാണ്   ഭരണഘടന വ്യവസ്ഥ ചെയ്തത്. ആ ചുമതല കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കുകയല്ല ചെയ്തതെന്നോർക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ  280 പ്രകാരമുള്ള ധനകാര്യ കമ്മീഷൻ ഈ  വിഭവക്കൈമാറ്റം തീരുമാനിക്കുന്നതിനുള്ള സംവിധാനമാണ്. വിഭവക്കൈമാറ്റം സംസ്ഥാനങ്ങളുടെ അവകാശമാണ്, അല്ലാതെ എന്തെങ്കിലും ഔദാര്യമല്ല.

ധനവിന്യാസത്തിലെ ഭരണഘടനാ വ്യവസ്ഥകൾ 

വിഭവ സ്രോതസും ചുമതലകളും തമ്മിലുള്ള  അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് ധനവിന്യാസം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ ശ്രമിക്കുന്നത്. ഭരണഘടനയുടെ  പന്ത്രണ്ടാം ഭാഗത്തെ 270, 275, 280 എന്നീ അർട്ടിക്കിളുകളാണ്  ഇവിടെ പ്രസക്തമായ ഭരണഘടനാ വ്യവസ്ഥകൾ. ആർട്ടിക്കിൾ 270 ആണ് നികുതി വിന്യാസം സംബന്ധിച്ച വ്യവസ്ഥ. ഇതിലെ പദപ്രയോഗത്തിനു    പ്രത്യേക  പ്രാധാന്യമുണ്ട് . ‘കേന്ദ്രം പിരിക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിക്കേണ്ടതും’ ( levied and collected by the Government of India and shall be distributed between the Union and the States) എന്നതാണ് പ്രയോഗം. കേന്ദ്രം പിരിച്ചു സംസ്ഥാനങ്ങൾക്കു  കൊടുക്കും എന്നല്ല ഭരണഘടന പറയുന്നത്, വിഭജിക്കേണ്ടതും ( shall be divided)  എന്നതാണ് പ്രയോഗം. വിഭവ വിഭജനം എന്തെങ്കിലും ഔദാര്യമായല്ല ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് എന്നു വ്യക്തം.  ഇതു സാധൂകരിക്കുന്ന ക്രമീകരണമാണ് നികുതി, വിഭവവിന്യാസത്തിനായി ഭരണഘടന ഏർപ്പെടുത്തിയത്. 

ഫെഡറൽ ഘടനയിൽ സംസ്ഥാനങ്ങളുടെ മുൻഗണനകളും അധികാരവും എല്ലാം അംഗീകരിച്ചു കൊണ്ടുള്ള ക്രമീകരണമാണ് ഏറിയകൂറും ഭരണ ഘടന വ്യവസ്ഥ ചെയ്തത്. പക്ഷേ ഈ ക്രമീകരണങ്ങൾ അസാധുവാക്കുന്ന ധനകേന്ദ്രീകരണ പ്രവണതകളാണ് പിൽക്കാലത്ത് കാണുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾക്കിടയിലുള്ളതുമായ നീതിയുക്തമായ സന്തുലനം നഷ്ടമാകുന്ന സ്ഥിതിയാണു സമീപകാല അനുഭവം. 

അഞ്ചുകൊല്ലം വീതം അധികാരകാലമുള്ള  ധനകാര്യ കമ്മീഷനാണ്  ഫെഡറൽ ധന വിന്യാസം എന്ന ഭരണഘടനാ ചുമതല നിർവഹിക്കുന്നത്. നികുതി വിഭജനവും ആർട്ടിക്കിൾ 275 പ്രകാരമുള്ള ഗ്രാന്റ്-ഇൻ-എയിഡും ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമാണ് തീരുമാനിക്കുന്നത്. ധനകാര്യകമ്മീഷനുകളെ കേന്ദ്രസർക്കാരുകൾ തങ്ങളുടെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റി എന്നതു മറ്റൊരു ചർച്ചയാണ്.എന്തായാലും കേന്ദ്ര സർക്കാരിന്റെ ഇഷ്ട്ടാനിഷ്ടങ്ങളും പ്രത്യയ ശാസ്ത്ര പരിഗണനകളുമല്ല ധനവിന്യാസത്തിന്റെ മാനദണ്ഡമായി ഭരണഘടന വ്യവസ്ഥ ചെയ്തത്. മറിച്ച്, ഫെഡറൽ ഘടനയിൽ സംസ്ഥാനങ്ങളുടെ മുൻഗണനകളും അധികാരവും എല്ലാം അംഗീകരിച്ചു കൊണ്ടുള്ള ക്രമീകരണമാണ് ഏറിയകൂറും ഭരണ ഘടന വ്യവസ്ഥ ചെയ്തത്. പക്ഷേ ഈ ക്രമീകരണങ്ങൾ അസാധുവാക്കുന്ന ധനകേന്ദ്രീകരണ പ്രവണതകളാണ് പിൽക്കാലത്ത് കാണുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾക്കിടയിലുള്ളതുമായ നീതിയുക്തമായ സന്തുലനം നഷ്ടമാകുന്ന സ്ഥിതിയാണു സമീപകാല അനുഭവം. 

കേന്ദ്ര- സംസ്ഥാന സാമ്പത്തിക  വിന്യാസത്തിലെ അസന്തുലിതാവസ്ഥ അഥവാ vertical imbalance പരിഹരിക്കുന്നതിനുള്ള ചുമതല ധനക്കമ്മീഷൻ നിർവഹിക്കണം, കേന്ദ്രത്തിനും  സംസ്ഥാനങ്ങൾക്കുമായി   നികുതി പങ്കിടണം. ഇതാണ് vertical devolution.

ചുമതലകളുമായി തട്ടിച്ചു നോക്കുമ്പോൾ സംസ്ഥാനങ്ങൾ  നേരിടുന്ന വിഭവ പരിമിതി നാം നേരത്തെ പറഞ്ഞു. ഇതാണ് കേന്ദ്ര- സംസ്ഥാന സാമ്പത്തിക  വിന്യാസത്തിലെ അസന്തുലിതാവസ്ഥ അഥവാ vertical imbalance എന്നു പറയുന്നത്. ഇതു പരിഹരിക്കുന്നതിനുള്ള ചുമതല ധനക്കമ്മീഷൻ നിർവഹിക്കണം. കേന്ദ്രത്തിനും  സംസ്ഥാനങ്ങൾക്കുമായി   നികുതി പങ്കിടണം. ഇതാണ് vertical devolution. ഇപ്പോൾ നിലവിലുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ തീർപ്പുകൾ പ്രകാരം  59 ശതമാനം കേന്ദ്ര സർക്കാരിനും  എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 41 ശതമാനവും  എന്നതാണ് വിഭജനത്തിന്റെ അനുപാതം. ഇതിന്റെ കുറച്ചുകൂടി വിശദാംശങ്ങൾ അടുത്ത ഖണ്ഡികയിൽ പറയാം. എല്ലാ സംസ്ഥാനങ്ങൾക്കുമായി നീക്കിവയ്ക്കുന്ന വിഹിതം ഒരോരുത്തർക്കും  എത്ര വീതം എന്നും  തീരുമാനിക്കണമല്ലോ? ഇതിനുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്തി സംസ്ഥാനങ്ങൾക്ക്    ഈ വിഹിതം പങ്കിടുന്നതും ധനകാര്യ കമ്മീഷനാണ്. ഇതാണ് horizontal devolution എന്നു പറയുന്നത്. 

2011-2012 ൽ കേന്ദ്ര സർക്കാരിന്റെ ആകെ നികുതി വരവിന്റെ  (Gross Tax Revenue- GTR) 10.4 ശതമാനമായിരുന്നു സെസുകളും സർചാർജുകളും. 2021-2022  ൽ ഇതു 28.1 ശതമാനമായി ഗണ്യമായി ഉയർന്നു. സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതി വിഹിതത്തിൽ  വലിയ കുറവു വരുന്നു എന്നർഥം.

ഫെഡറൽ ധനനീതിക്കുവേണ്ടി   

ധനകേന്ദ്രീകരണ  പ്രവണതകളെ കടിഞ്ഞാണിട്ടു കൊണ്ടു  മാത്രമേ ഫെഡറൽ നീതിയും  ഫെഡറൽ ഘടനയെത്തന്നെയും സംരക്ഷിക്കാനാകൂ. നിരന്തരം ചുരുങ്ങുന്ന, ശുഷ്കമാകുന്ന  ഡിവിസിബിൾ പൂൾ (പങ്കിടേണ്ട നികുതിക്കൂട) ആണ് ആദ്യ വെല്ലുവിളി. പങ്കുവയ്ക്കേണ്ട നികുതികൾ ചേരുന്നതാണ്  വിഭജിക്കേണ്ട നികുതിക്കൂട അല്ലെങ്കിൽ divisible pool എന്നു പറയുന്നത്. സെസുകളും സർചാർജുകളും ഒഴികെയുള്ള കേന്ദ്ര  നികുതി വരുമാനമെല്ലാം ഈ വിഭജിക്കേണ്ട നികുതിക്കൂടയിലിടണമെന്നതാണ് വ്യവസ്ഥ. പങ്കു വെയ്ക്കേണ്ട  പാത്രത്തിൽ ഇടാതെ മാറ്റി വെച്ചാലോ? പങ്കിടുന്നത് ഒഴിവാക്കി  സ്വന്തം കീശയിൽ ഇടാം. വാസ്തവത്തിൽ കേന്ദ്ര സർക്കാർ സമീപകാലത്തു സ്വീകരിക്കുന്ന രീതി ഇതാണ്.സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ടതില്ലാത്ത സെസുകളും സർച്ചാർജുകളുമായി നികുതി ഈടാക്കും. അതു സ്വന്തം കീശയിൽ കിടന്നോളുമല്ലോ. നിരന്തരം കൂട്ടുന്ന ഇന്ധന നികുതി divisible pool ൽ വരാത്ത സെസുകളായിട്ടാണ്  കേന്ദ്രം ഈടാക്കുന്നത്. ഇതിന്റെ ഫലമെന്താണ്. പങ്കുവെയ്ക്കേണ്ട നികുതി ശുഷ്ക്കിക്കുന്നു, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ അസന്തുലിതാവസ്ഥ കൂടുതൽ  വഷളാകുന്നു.   

2011-2012 ൽ കേന്ദ്ര സർക്കാരിന്റെ ആകെ നികുതി വരവിന്റെ  (Gross Tax Revenue- GTR) 10.4 ശതമാനമായിരുന്നു സെസുകളും സർചാർജുകളും. 2021-2022  ൽ ഇതു 28.1 ശതമാനമായി ഗണ്യമായി ഉയർന്നു. സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതി വിഹിതത്തിൽ  വലിയ കുറവു വരുന്നു എന്നർഥം. 2023 -20234 ൽ കേന്ദ്ര സർക്കാരിന്റെ  Gross Tax Revenue  3360858 കോടി രൂപയാണ്. ഇതിൽ 1.45 ലക്ഷം കോടി രൂപ GST നഷ്ട പരിഹാര സെസ് മാറ്റി നിർത്തി കണക്കാക്കിയാലും 10.4 ശതമാനത്തിൽ നിന്നും 28.1 ശതമാനത്തിലേക്കുള്ള സെസുകളുടെയും  സർചാർജുകളുടെയും കുത്തനെയുള്ള കയറ്റം 5.7 ലക്ഷം കോടി രൂപയെങ്കിലും  സംസ്ഥാനങ്ങൾക്ക് നഷ്ടമാക്കുന്നുണ്ട്. 

ഈ  അനീതി പരിഹരിക്കുക എന്നതായിരിക്കണം പതിനാറാം ധനകാര്യ കമ്മീഷൻ  ആദ്യം ചെയ്യേണ്ടത്. സെസുകളും സർചാർജുകളും കേന്ദ്ര സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ 10 ശതമാനത്തിൽ നിജപ്പെടുത്തനം. ഇതിലൂടെ  ലഭിക്കുന്ന തുക  നികുതി വിഭജന മാനദണ്ഡങ്ങൾ മൂലം നഷ്ടം അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള സവിശേഷ  വികസന ദിശാ  നിധിയായി പ്രത്യേകം  പങ്കു വെയ്ക്കാൻ കഴിയണം.  ഇതു കുറച്ചു കൂടി വിശദമായി നോക്കാം.  പതിനാറാം ധനകമ്മീഷൻ ആദ്യം അഭിസംബോധന ചെയ്യേണ്ടത് ഈ vertical imbalance   പരിഹരിക്കുക എന്നതാണ്. പങ്കിടേണ്ട നികുതിയിൽ(divisible pool)  കൃത്രിമമായി വരുന്ന കുറവു പരിഹരിക്കുന്ന കാര്യമാണ് ഇപ്പോൾ നാം പറഞ്ഞത് .

ഡിവിസിബിൾ   പൂളിൽ നിന്നും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എങ്ങനെയാണ് വിഹിതം നിശ്ചയിക്കുക? ഇപ്പോൾ കേന്ദ്രത്തിനു 59 ശതമാനവും സംസ്ഥാനങ്ങൾക്ക് 41 ശതമാനവുമാണെന്ന് നാം കണ്ടു. വികസന , ക്ഷേമ, ഭരണ   ചെലവുകളുടെ കാര്യം നോക്കിയാൽ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലാണല്ലോ? അപ്പോൾ സംസ്ഥാനങ്ങളുടെ വിഹിതം ഈ  ചെലവിനൊത്തു  കുറഞ്ഞത്  62 ശതമാനം ആകുക എന്നതാണ് ന്യായം. എന്നാൽ പ്രതിരോധ,വിദേശകാര്യച്ചെലവുകൾ കേന്ദ്ര സർക്കാർ വഹിക്കുന്നതാണ്. ഇതു കണക്കിലെടുത്താലും കുറഞ്ഞത് അൻപതു  ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്കായി നീക്കി വയ്ക്കുക എന്ന ആവശ്യവും ധനകമ്മീഷൻ പരിഗണിക്കേണ്ടതുണ്ട്. 

സംസ്ഥാനങ്ങളുടെ വിഹിതം  പതിമൂന്നാം ധന കമ്മീഷൻ കാലത്തെ 32 ശതമാനത്തിൽ നിന്നും  ഇപ്പോൾ 41 ശതമാനമായി ഗണ്യമായി ഉയർന്നു. ഇതു ഗണ്യമായ  മാറ്റമുണ്ടാക്കി  എന്ന പ്രതീതിയാണ്  ഉണ്ടാക്കുന്നത്. എന്നാൽ വസ്തുതകൾ അങ്ങനെയല്ല. 2020-2024 കാലത്ത്  ആകെ  കേന്ദ്ര നികുതി വരുമാനത്തിന്റെ 31 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക്  യാഥാർത്ഥത്തിൽ കൈമാറിയത്.  തൊട്ടുമുൻപ്  ഇതു 35 ശതമാനമായിരുന്നു. ഇതിനു കാരണങ്ങളുണ്ട്. ധനക്കമ്മീഷൻ വിഹിതം ഉയർത്തിയപ്പോൾ പ്ലാനിങ് കമ്മീഷൻ വിഹിതം നിർത്തി. പ്ലാനിങ് കമ്മീഷൻ തന്നെ അവസാനിപ്പിച്ചു.  സെസുകളും സർചാർജുകളും കൂട്ടി സംസ്ഥാനങ്ങളുടെ കീശ കവരുകയും  ചെയ്യുന്നു. സംസ്ഥാനങ്ങളുടെ അസൽ വിഹിതം കുറയുന്നതിനുള്ള കാരണമിതാണ്.  ഈ ഫെഡറൽ വിരുദ്ധ പ്രവണതകൾ   പതിനാറാം ധനക്കമ്മീഷന്റെ പരിഗണനയ്ക്കു കൊണ്ട് വരിക എന്നതു വലിയ രാഷ്ട്രീയ ഉത്തരവാദിത്തമാണ്.   

കേരളത്തിനു നികുതി വിഹിതം കുറയുന്നതെങ്ങനെ? 

സംസ്ഥാനങ്ങളുടെ  അസൽ വിഹിതത്തിലുണ്ടാകുന്ന  കുറവും അതിന്റെ കാരണങ്ങളും നാം  കണ്ടു. സെസുകളും സർച്ചാർജുകളും  ഗണ്യമായി ഉയരുന്നത് കൊണ്ട്  ഡിവിസിബിൾ പൂളിൽ വരുന്ന കുറവിന്റെ അനുമാനക്കണക്കുകൾ  നാം നോക്കിയല്ലോ? വളരെ കുറഞ്ഞ നമ്മുടെ നികുതി വിഹിതം വച്ചു നോക്കുമ്പോൾ തന്നെ ഏതാണ്ടു 4500 കോടി രൂപ    ഇതു  മൂലം കേരളത്തിനു നഷ്ടപ്പെടുന്നുണ്ട്. ഈ പൊതുവായ നഷ്ടത്തിനു പുറമേ  കഴിഞ്ഞ ഏതാനും ധനകമ്മീഷനുകളിലായി  കേരളത്തിനു  വലിയ നഷ്ടം വന്നു ചേരുന്ന നിലയാണുള്ളത്. പത്താം ധനകമ്മീഷൻ കാലത്ത് സംസ്ഥാനങ്ങളുടെ ആകെ വിഹിതത്തിന്റെ 3.9 ശതമാനമായിരുന്നു കേരളത്തിന്റെ നികുതി വിഹിതം. ഇപ്പോൾ 1.9 ശതമാനം  മാത്രം.   ഇതെങ്ങനെ സംഭവിക്കുന്നു ? സംസ്ഥാന വിഹിതം പങ്കുവയ്ക്കുന്നതിനുള്ള  മാനദണ്ഡങ്ങൾ കേരളത്തിനു പ്രതികൂലമാകുന്ന സ്ഥിതിയാണ്. നമ്മുടെ പ്രത്യേക പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്നുമില്ല.

ഓരോ സംസ്ഥാനത്തിന്റെയും വിഭവ ആവശ്യം, സംസ്ഥാനങ്ങൾക്കിടയിലെ തുല്യത,  പ്രവർത്തന മികവ് എന്നിവയാണ്(Need, Equity , Efficiency)  പൊതുവിൽ സംസ്ഥാന വിഹിതം പങ്കുവയ്ക്കുന്നതിനു  പരിഗണിക്കുന്ന ഘടകങ്ങൾ.  ജനസംഖ്യ, വിസ്തൃതി, കാതൽ വനവിസ്തൃതി എന്നിവയാണ് ‘ആവശ്യം’ അളക്കുന്നതിനു പതിനഞ്ചാം ധനകമ്മീഷൻ പരിഗണിച്ചത്. ഇവിടെ ജനസംഖ്യയുടെ കാര്യം  പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന വിഹിതം പങ്കിടുന്നതിൽ ജനസംഖ്യയക്ക് 15 ശതമാനമാണ് വെയിറ്റ്. നികുതി വിഹിതത്തിൽ  15 ശതമാനം സംസ്ഥാനങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടായിരിക്കും വീതിക്കുക എന്നർത്ഥം. ആറാം ധനകാര്യകമ്മീഷൻ കാലം മുതൽ നികുതി പങ്കിടുന്നതിനു പരിഗണിച്ചു  പോന്നത് 1971 ലെ ജനസംഖ്യയാണ്. ജനസംഖ്യാ നിയന്ത്രണം ഒരു ദേശീയ ലക്ഷ്യമായി വന്ന കാലത്തു കേന്ദ്രം നൽകിയ വാക്കായിരുന്നു ഇത്. എന്നാൽ  പതിനഞ്ചാം ധനക്കമ്മീഷൻ 2011 ലെ ജനസംഖ്യയാണ് കണക്കിലെടുത്തത്. കേന്ദ്രസർക്കാർ പരിഗണനാ വിഷയങ്ങളിൽ തന്നെ ഈ മാറ്റം പറഞ്ഞിരുന്നു.  

ഉയർന്ന പ്രതിശീർഷ വരുമാനവും കുറഞ്ഞ ജനസംഖ്യാ വിഹിതവും ചേരുമ്പോൾ  ഈ 45 ശതമാനത്തിൽ കേരളതിന്റെ നഷ്ടം വളരെ വലുതായി. 2011-ലെ ജനസംഖ്യ മനദണ്ഡമാക്കിയത് ആകെ വിഹിതത്തെ ബാധിക്കുന്നതിങ്ങനെയാണ്. ജനസംഖ്യയുടെ പങ്കു  കുറഞ്ഞു. പ്രതി ശീർഷ വരുമാനം ഉയർന്നു. ഇതു  രണ്ടും രണ്ടു പ്രധാന മാനദണ്ഡങ്ങൾ നമുക്ക് പ്രതികൂലമാക്കി .

ഇതുകൊണ്ടു നമുക്കെന്തു  നഷ്ടം? 1971-ൽ  കേരള  ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ 3.96 ശതമാനമുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് കേരളം ജനനനിരക്കു നിയന്ത്രിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചു. അങ്ങനെ ഇപ്പോൾ 2.835ശതമാനമായി. അതിനിയും കുറയുകയാണ് ചെയ്യുക. നികുതി വിഭജനത്തിനായി 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നമ്മുടെ വലിയ ഒരു നേട്ടം നമുക്കു ദോഷമായി മാറുന്നു. 

ഈ മാറ്റം ജനസംഖ്യ എന്ന മാനദണ്ഡത്തിനുള്ള 15 ശതമാനത്തെ മാത്രമല്ല ബാധിക്കുന്നത്. ‘തുല്യത'യാണ് നികുതി പങ്കിടുന്നതിൽ  ഏറ്റവും ഉയർന്ന ഊന്നൽ,വെയിറ്റ്  ഉള്ള മാനദണ്ഡം. സംസ്ഥാനങ്ങൾക്കു കൈമാറുന്ന  ആകെ നികുതിയുടെ 45 ശതമാനവും ഈ മാനദണ്ഡം അനുസരിച്ചാണ് പങ്കുവയ്ക്കുക. പ്രധാന സംസ്ഥാനങ്ങളിൽ പ്രതിശീർഷ വരുമാനത്തിൽ   ഒന്നാമതുള്ള   ഹരിയാനയുമായി ഓരോ സംസ്ഥാനത്തിനുമുള്ള   അന്തരം എടുക്കുന്നു. പ്രതിശീർഷ വരുമാനത്തിൽ കേരളം  രണ്ടാം സ്ഥാനത്താണ്. ഇത് 2011 ലെ ജനസംഖ്യയക്ക് ആനുപാതികമാക്കുകയും ചെയ്യുന്നു. ഉയർന്ന പ്രതിശീർഷ വരുമാനവും കുറഞ്ഞ ജനസംഖ്യാ വിഹിതവും ചേരുമ്പോൾ  ഈ 45 ശതമാനത്തിൽ കേരളതിന്റെ നഷ്ടം വളരെ വലുതായി. 2011-ലെ ജനസംഖ്യ മനദണ്ഡമാക്കിയത് ആകെ വിഹിതത്തെ ബാധിക്കുന്നതിങ്ങനെയാണ്. ജനസംഖ്യയുടെ പങ്കു  കുറഞ്ഞു. പ്രതി ശീർഷ വരുമാനം ഉയർന്നു. ഇതു  രണ്ടും രണ്ടു പ്രധാന മാനദണ്ഡങ്ങൾ നമുക്ക് പ്രതികൂലമാക്കി . ജനസംഖ്യാ നിയന്ത്രണത്തിനുള്ള 12.5 ശതമാനം വെയിറ്റ്  60 ശതമാനം വെയിറ്റുള്ള  മേഖലകളിലെ കനത്ത നഷ്ടം മൂലം നിഷ്പ്രഭമായി.

നികുതി വിഹിതത്തിലെ  ഈ ഇടിവുണ്ടാക്കുന്ന ധനനഷ്ടത്തിന്റെ വലിപ്പം എത്രയാണ്?  പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കാകെ  അഞ്ചു കൊല്ലംകൊണ്ടു  വീതിച്ചു നൽകുന്ന  നികുതി വിഹിതം 42,24760  കോടി രൂപയാണ്. ഇതിൽ അഞ്ചു കൊല്ലം കൊണ്ടു കേരളത്തിനു കിട്ടുന്നത് 81326 കോടി രൂപ. അതാണ്  1.925  ശതമാനം. പത്താം ധന കമ്മീഷൻ  മാനദണ്ഡപ്രകാരം  കേരളത്തിനു  നികുതി വിഹിതം ലഭിച്ചിരുന്നുവെങ്കിൽ  എത്രരൂപ കിട്ടുമായിരുന്നു? 163920 കോടി രൂപ കിട്ടുമായിരുന്നു. അതായത് പത്താം ധനകാര്യ കമ്മീഷൻ അവാർഡുമായി താരതമ്യപ്പെടുത്തി നോക്കിയാൽ  82594 കോടി രൂപയാണ് നഷ്ടം.  പ്രതിവർഷം 16518 കോടി രൂപ. ജനസംഖ്യാനുപാതികമായി നോക്കിയാൽ പോലും പ്രതിവർഷം  8000-8500 കോടി രൂപ കേരളത്തിനു നഷ്ടമാകുന്നുണ്ട്.  

മാറാത്ത മാനദണ്ഡങ്ങളും  മാറുന്ന കേരളവും 

ഈ നഷ്ടം പരിഹരിക്കുക എന്നതു കേരളത്തിന്റെ  ധനസന്തുലനത്തിൽ  അതീവ പ്രാധാന്യമുള്ള  കാര്യമാണ്. എങ്ങനെയാണ് ഇതു പരിഹരിക്കുക?  നികുതി വിഭജനത്തിനായി 1971 ലെ ജനസംഖ്യ  പരിഗണിക്കണം എന്ന്  വീണ്ടും ആവശ്യപ്പെടാമോ?  ഇത്  അയഥാർഥ സ്ഥിതിയാണു എന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. 1971 ൽ നമ്മുടെ ജനസംഖ്യ രാജ്യ ജനസംഖ്യയുടെ 3.9 ശതമാനം ഉണ്ടായിരുന്നു. ഇപ്പോൾ അത് 2.8 ശതമാനമേ വരൂ. നമ്മുടെ പ്രത്യുൽപ്പാദന നിരക്ക് ഗണ്യമായി കുറഞ്ഞതാണ് ഈ മാറ്റത്തിനാധാരം. അത് നമ്മുടെ ഒരു നേട്ടമാണ്. വിഭവ വിന്യാസത്തിൽ അതിപ്പോൾ  നെഗറ്റീവ്  ഘടകമായി മാറുന്ന നിലയാണ്. പ്രത്യുൽപ്പാദന നിരക്കു മാത്രമല്ല,മരണ നിരക്കും കുറവായിരുന്നു. ഇതോടെ  ജനസംഖ്യയുടെ പ്രായ ഘടനയിൽ വലിയ മാറ്റം വന്നു. ശരാശരി ആയുർ  ദൈർഘ്യം   75 വയസായി. പ്രായ യമുള്ളവരുടെ എണ്ണം കൂടി. ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു. രോഗങ്ങളുടെ സ്വഭാവം ( രോഗ ഭാരം)  മാറി. ആവശ്യങ്ങൾ മാറി. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ വികസന ലക്ഷ്യങ്ങൾ കേരളത്തിനു സാധുവാകാത്ത സ്ഥിതി സംജാതമാകുകയാണ്. ആരോഗ്യത്തിലാണെങ്കിലും വിദ്യാഭ്യാസത്തിലാണെങ്കിലും ഈ വ്യത്യാസം ഒരു യാഥാർഥ്യമാണ്.

മന്ത്രി  കെ എൻ ബാലഗോപാൽ കേന്ദ്ര ധന മന്ത്രി  നിർമ്മല സീതാരമനൊപ്പം
മന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരമനൊപ്പം

വികസന വൈജാത്യം

ജനസംഖ്യാ മാറ്റങ്ങൾ  പോലെയുള്ള  നേട്ടങ്ങൾ ഉണ്ടാക്കുന്ന പരാധീനതകളുമുണ്ട്. പ്രായമായവരുടെ ക്ഷേമം ,ഉയർന്ന രോഗാതുരത തുടങ്ങി ചെലവേറെയുള്ള പുതിയ പ്രശ്നങ്ങൾ. ഉയർന്ന വനവിസ്തൃതി മാനവ സമൂഹത്തിനു തന്നെ നാം നൽകുന്ന സംഭാവനയാണ്.പക്ഷേ അതുണ്ടാക്കുന്ന ചെലവുകൾ ചില്ലറയല്ല. വനസംരക്ഷണം,വനാതിരുകളിലെ മനുഷ്യരുടെ ജീവിതവും ജോലിയും, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങി സവിശേഷമായ ഒട്ടനവധി പുതിയ പ്രശ്നങ്ങൾ. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാർവ്വത്രിക വിദ്യാഭ്യാസം ഉന്നത  വിദ്യാഭ്യാസ മേഖലയിൽ വലിയ മുതൽ മുടക്ക് അനിവാര്യമാക്കുന്നുണ്ട്. അഭ്യസ്തവിദ്യരുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കുമൊത്ത തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്നതും ഒരു  സവിശേഷ പ്രശ്നമാണ്. പാതിയോളം വരുന്ന നഗരജനസംഖ്യ ഉയർന്ന  പശ്ചാത്തല സൗകര്യ മുതൽമുടക്ക് ആവശ്യമാക്കുന്ന  ഒരു മാറ്റമാണ്. പ്രാദേശിക സർക്കാരുകളുടെ  ശാക്തീകരണം അവയുടെ വിഭവാവശ്യം കൂട്ടുകയാണ് ചെയ്യുന്നത്.  നേട്ടങ്ങളെല്ലാം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുക്കുന്നുണ്ട്. അല്ലാതെ കേരളം പ്രശ്നരഹിത പ്രദേശമായി മാറുകയല്ല ചെയ്യുന്നത്.ദൈർഘ്യമേറിയ തീരവും ഉയർന്ന വർഷപാതവും മൂലം കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന അവ്യവസ്ഥ ഉയർന്ന തോതിൽ ബാധിക്കുന്ന സ്ഥലവുമാണ് കേരളം.ഈ വെല്ലുവിളിയെ പ്രതിരോധിക്കുന്നതിനും  വലിയ ചെലവുണ്ട്. 

കേരളത്തിന്റെ സവിശേഷ വിഭവ ആവശ്യങ്ങൾ വിഭവവിന്യാസത്തിൽ പരിഗണിക്കപ്പെടുന്നില്ല. വികസനദശയിലെ വ്യത്യസ്തത കേരളത്തിന്റെ മാത്രം സവിശേഷതയല്ല. വ്യത്യസ്ത വികസന ദശയിലുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കപ്പെടുമ്പോഴേ  വിഭവവിന്യാസം ഫെഡറൽ മൂല്യങ്ങൾക്കനുസരിച്ചു നീതിയുക്തമാകൂ. സംസ്ഥാനങ്ങളുടെ വിഹിതത്തിൽ നിശ്ചിത ശതമാനം വികസന വൈജാത്യമുള്ള സംസ്ഥാനങ്ങൾക്കായി നീക്കി വെയ്ക്കണം.സെസ്സുകളും സർച്ചാർജ്ജുകളും കണക്കില്ലാതെ ക്കൂട്ടുന്നതു  കൊണ്ടുണ്ടാകുന്ന നഷ്ടത്തിന്റെ കണക്കു നേരത്തെ പറഞ്ഞതിന്റെ യുക്തി ഇതാണ്. വികസന വൈജാത്യം  വിഭവ വിന്യാസത്തിൽ അപരിഗണിക്കപ്പെടുക തന്നെ വേണം. ഡിവിസിബിൾ പൂളിൽ നിന്നും കേന്ദ്രം കവരുന്ന പണത്തിൽ നിന്നും ഇതു കണ്ടെത്തുകയാണ് വേണ്ടത്.  

ചുരുക്കത്തിൽ 

  • സെസുകളും സർചാർജുകളും യുക്തിസഹമായി നിജപ്പെടുത്തണം .

  •  കേന്ദ്ര സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ 10 ശതമാനത്തിലപ്പുറം സെസുകളും സർചാർജുകളും പോകരുത് .

  •  ഇങ്ങനെ കണ്ടെത്തുന്ന  ഡിവിസിബിൾ പൂളിലെ അധിക വിഭവം വികസന  വൈജാത്യം അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള സവിശേഷ  വികസന ദശാ  നിധിയായി പ്രത്യേകം  പങ്കു വെയ്ക്കാൻ കഴിയണം. 

  • കേരളത്തിന്റെ വികസന വൈജാത്യം  വിഭവ വിന്യാസത്തിൽ പരിഗണി ക്കുന്നതിനുള്ള  യോജിച്ച ശബ്ദം ഉയരണം.  പല വികസന മേഖലകളിലെയും   ദേശീയ ലക്ഷ്യങ്ങൾ എന്തുകൊണ്ടാണ് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക്  സാധൂവല്ലാത്തത് എന്നതു  വ്യക്തമായും  യോജിപ്പോടെയും അവതരിപ്പിക്കാൻ  കഴിയണം.  ദേശീയ വിദ്യാഭ്യാസ ലക്ഷ്യങ്ങളോ ആരോഗ്യ ലക്ഷ്യങ്ങളോ അല്ല കേരളത്തിനുള്ളത്.   വികസന ദശയിലെയും വികാശനാവശ്യങ്ങളിലെയും  ഈ വൈജാത്യം  ധനക്കമ്മീഷൻ പരിഗണിക്കുന്ന വിധത്തിലുള്ള ജനകീയാവശ്യം ഉയർന്നു വരണം. 

  •  രാജ്യ വിസ്തൃതിയുടെ 1.2 ശതമാനമുള്ള കേരളം എന്ന സംസ്ഥാനം രാജ്യ ജനസംഖ്യയുടെ  2.8 ശതമാന പേരുടെ വാസ  സ്ഥലമാണ്. ഈ 1.2 ശതമാനം ഭൂ പ്രദേശത്താണ്  രാജ്യത്തെ കാതൽ വന വിസ്തൃതിയുടെ 3 ശതമാനവും. 580 മീറ്റർ കടൽത്തീരവും കേരളത്തിന്റെ സവിശേഷതയാണ്.   പാതിയിലേറെ  വരും നമ്മുടെ നഗര ജനസംഖ്യ.  

വികസന ദശയിലെ ഈ   വൈജാത്യം വെല്ലുവിളികൾ ഉയർത്തുന്ന നേട്ടമാണ് എന്നതാണ് നാം മനസിലാക്കേണ്ട വസ്തുത. നമ്മുടെ ഭൂമി  ശാസ്ത്ര സവിശേഷതകൾ സൗഭാഗ്യവും അതേ പോലെ വെല്ലുവിളികൾ ഉണ്ടാക്കുന്നതുമാണ്.സംസ്ഥാനങ്ങളുടെ വിഭവാവശ്യങ്ങൾ  വിലയിരുത്തുമ്പോൾ ഈ വികസന  വൈജാത്യം പരിഗണിക്കപ്പെടുന്നു എന്നുറപ്പാക്കണം .പതിനാറാം ധനകാര്യ കമ്മീഷനു കൂടുതൽ തുറന്ന സമീപനം ഇക്കാര്യത്തിൽ ഉണ്ടാകണം. എന്തായാലും  ഇന്ത്യൻ ഫെഡറൽ ഘടനയുടെ ഭാവിയെ സംബന്ധിച്ച് അതീവ നിർണായകമാണ് പതിനാറാം ധനക്കമ്മീഷൻ എന്നതു തർക്കമറ്റ കാര്യമാണ്. 

logo
The Fourth
www.thefourthnews.in