വിലകൊടുത്തു വാങ്ങരുത് ഭക്ഷ്യ വിഷബാധ: പരീക്ഷാക്കാലത്ത് വേണം പ്രത്യേക ശ്രദ്ധ

വിലകൊടുത്തു വാങ്ങരുത് ഭക്ഷ്യ വിഷബാധ: പരീക്ഷാക്കാലത്ത് വേണം പ്രത്യേക ശ്രദ്ധ

മാറ്റം വേണ്ടത് ദുരന്തങ്ങള്‍ക്ക് ശേഷം ഉണരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രവര്‍ത്തനത്തില്‍.

പലപ്പോഴും ഭക്ഷ്യ വിഷബാധ വില കൊടുത്തു വാങ്ങുകയാണ് നാം. വിദ്യാര്‍ഥികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. നോണ്‍ വെജിറ്റേറിയന്‍, ഫാസ്റ്റ് ഫുഡ്, ഓണ്‍ലൈന്‍, പ്രോട്ടീന്‍ അധികരിച്ച ഭക്ഷണത്തോട് വിദ്യാര്‍ഥികള്‍ക്ക് താത്പര്യമേറെയാണ്. ഇതുതന്നെയാണ് ഭക്ഷ്യവിഷബാധ നിരക്ക് ഇവരുടെയിടയില്‍ കൂടാനും കാരണം. സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കിതു പരീക്ഷാക്കാലമാണ്. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. ഇക്കാലയളവില്‍ ഭക്ഷണ കാര്യത്തിലും ഏറെ ശ്രദ്ധിക്കണം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കുട്ടികള്‍ക്കു നല്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഭക്ഷ്യ വിഷബാധ നിയന്ത്രിക്കാന്‍

കേരളത്തില്‍ അടുത്തകാലത്തായി ഭക്ഷ്യവിഷബാധ മരണനിരക്ക് വര്‍ധിച്ചു വരികയാണ്. ദുരന്തങ്ങള്‍ക്കുശേഷം പരിശോധന നടത്താന്‍ മുന്നിട്ടിറങ്ങുന്ന ഭക്ഷ്യസുരക്ഷാ വിഭാഗം രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഇതില്‍ നിന്നെല്ലാം പിന്‍വാങ്ങും. സ്ഥിരമായ പരിശോധന സംവിധാനത്തിന്റെ അപര്യാപ്തതയാണ് തുടരെയുള്ള ഭക്ഷ്യവിഷബാധയ്ക്കു കാരണം. ഓണ്‍ലൈന്‍ ഭക്ഷ്യവിപണി കരുത്താര്‍ജ്ജിച്ചതും, വിദേശ ഭക്ഷ്യവസ്തുക്കളുടെയും ഫാസ്റ്റ് ഫുഡിന്റെയും അമിതമായ ഉപയോഗവും ഇതിനു വഴിയൊരുക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംസ്‌കരണം, പാക്കിംഗ്, സൂക്ഷിപ്പ് തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. മികച്ച ഉത്പാദന, വിതരണ രീതികള്‍ പ്രവര്‍ത്തികമാക്കണം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് 2006 അനുസരിച്ചുള്ള നടപടിക്രമം എല്ലാ ഘട്ടങ്ങളിലും പ്രവര്‍ത്തികമാക്കുകയാണ് ഭക്ഷ്യവിഷബാധ തടയാനുള്ള പ്രധാനമാര്‍ഗം.

ദുരന്തങ്ങള്‍ക്ക് ശേഷം ഉണരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണരുന്നത് ദുരന്തങ്ങള്‍ക്കു ശേഷമാണ്. എന്നാല്‍ ദിനംപ്രതി ഭക്ഷ്യവിഷബാധയേറ്റ് ഓക്കാനം, ഛര്‍ദി, വയറിളക്കം, പനി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. സസ്യേതര ഭക്ഷണം കഴിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. അശാസ്ത്രീയ അറവുശാലകളില്‍ അശാസ്ത്രീയ അറവു രീതികളിലൂടെ പുറത്തെത്തിക്കുന്ന ഇറച്ചി കഴിക്കുന്നതിലൂടെ നിരവധി രോഗങ്ങളാണ് മനുഷ്യരിലേക്കെത്തുന്നത്. കോവിഡിനു ശേഷം ആരംഭിച്ച അശാസ്ത്രീയമായ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍, തട്ടുകടകള്‍ മുതലായവ ഇതിനു വഴിയൊരുക്കുന്നു. ചത്തകോഴികളുടെ ഇറച്ചി പാചകം ചെയ്ത് വില്പന നടത്തുന്നവരുണ്ട്. ആവശ്യമായ പരിശോധനയില്ലാത്തതിനാല്‍ രോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചിയും ഉപഭോക്താക്കളിലെത്തുന്നു. ഇവയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയ, വൈറസുകള്‍, ഫംഗല്‍ വിഷാംശം, പരാദങ്ങള്‍, പരാദ സിസ്റ്റുകള്‍, കീടനാശിനികള്‍, ലോഹങ്ങള്‍, മായം ചേര്‍ക്കുന്ന വസ്തുക്കള്‍, ഭക്ഷ്യ ചേരുവകള്‍, സൂക്ഷിപ്പുകാലയളവ് ഉയര്‍ത്താന്‍ സഹായിക്കുന്ന വസ്തുക്കള്‍ എന്നിവ വിഷബാധയ്ക്കിടവരത്തും. സാല്‍മൊണെല്ല, ഷിഗെല്ല, ക്ലോസ്ട്രിഡിയം, സ്റ്റഫൈലോ കോക്കസ്, വിബ്രിയോ, കൊംപൈലോ ബാക്ടര്‍, യെര്‍സിനിയ, ബ്രൂസെല്ല, മൈക്കോബാക്റ്റീരിയം തുടങ്ങിയ അണുക്കള്‍ ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ പോന്നവയാണ്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം

ഭക്ഷ്യ വിഷബാധ നിയന്ത്രിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തോടൊപ്പം പൊതുജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണ്. ഉപഭോക്താക്കളും നിരവധി കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷ്യ വിഷബാധയ്ക്കിടവരുത്തുന്നതില്‍ വെള്ളത്തിന്റെ ഗുണനിലവാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സൂക്ഷിപ്പുകാലം കുറഞ്ഞ ഭക്ഷണം സൂക്ഷിക്കുന്നതിലെ അശാസ്ത്രീയത, റെഫ്രിജറേഷന്‍, ഫ്രീസിംഗ് രീതികളിലെ അപര്യാപ്തത എന്നിവ ഭക്ഷ്യവസ്തുക്കളില്‍ രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഗുണനിലവാരമുള്ള പാല്‍, മുട്ട, ഇറച്ചി, അവയുടെ ഉത്പന്നങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവ വാങ്ങാന്‍ ശ്രമിക്കണം. വാങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ ദിവസങ്ങളോളം റഫ്രിജറേറ്ററില്‍ വച്ച് കഴിക്കുന്ന ശീലം ഉപഭോക്താക്കളിലുണ്ട്. ഇത് ഒഴിവാക്കണം. വീട്ടിലെ റഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീട്ടില്‍ കൊണ്ടുചെന്നു വച്ച് പഴകിയ ശേഷം ഭക്ഷണം കഴിച്ചു വിഷബാധയേല്‍ക്കുന്നതിന് ഹോട്ടലുകളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഭക്ഷണം വാങ്ങിയ ഉടനെ കഴിക്കണം. ആവശ്യത്തിനുള്ളവ മാത്രം വാങ്ങുന്നതാണ് നല്ലത്.

വാങ്ങുന്ന ഇറച്ചിയുടെ ഗുണനിലവാരം വിലയിരുത്തണം. ശുദ്ധമായ ഇറച്ചി ഇളം ചുവപ്പുനിറത്തിലുള്ളതായിരിക്കും. ഇത് തൊട്ടാല്‍ വലിയുന്നതായിരിക്കും. തൊട്ടാല്‍ വഴുവഴുപ്പുള്ളതോ, നീല നിറത്തിലുള്ളതോ ആയ ഇറച്ചി രോഗം ബാധിച്ചതോ, ചത്ത മൃഗങ്ങളുടെയോ ആകാം.

ഇറച്ചി വാങ്ങുമ്പോള്‍

ശാസ്ത്രീയ അറവുശാലകള്‍, ഇറച്ചി, കോഴി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രമേ ഇറച്ചി വാങ്ങാവൂ. ഇറച്ചി വാങ്ങി റഫ്രിജറേറ്ററില്‍ വെച്ച് വൈദുതി മുടങ്ങിയാലും ഉപയോഗിക്കുമ്പോള്‍ ഇറച്ചിയില്‍ വഴുവഴുപ്പുണ്ടാകും. ഇതു പാകം ചെയ്തു കഴിച്ചാല്‍ ഭക്ഷ്യവിഷബാധയ്ക്കു സാധ്യതയേറും. വാങ്ങുന്ന ഇറച്ചിയുടെ ഗുണനിലവാരം വിലയിരുത്തണം. ശുദ്ധമായ ഇറച്ചി ഇളം ചുവപ്പുനിറത്തിലുള്ളതായിരിക്കും. ഇത് തൊട്ടാല്‍ വലിയുന്നതായിരിക്കും. തൊട്ടാല്‍ വഴുവഴുപ്പുള്ളതോ, നീല നിറത്തിലുള്ളതോ ആയ ഇറച്ചി രോഗം ബാധിച്ചതോ, ചത്ത മൃഗങ്ങളുടെയോ ആകാം. പഴകിയ ഇറച്ചിക്കുമുകളില്‍ രക്തം ഒഴിച്ച് ശുദ്ധമായ ഇറച്ചിയെന്നു തെറ്റിധരിപ്പിക്കുന്നവരുമുണ്ട്. കേരളത്തില്‍ റോഡരികിലും, വഴിയോരത്തുമാണ് അറവു പ്രക്രിയയും ഇറച്ചി വില്‍പ്പനയും നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജാഗ്രതക്കുറവ് ഈ മേഖലയില്‍ ഏറെ പ്രകടമാണ്. കശാപ്പിന് മുമ്പും വില്പനയ്ക്ക് മുമ്പും മാംസ പരിശോധന നടത്തിയിരിക്കണം.

പരീക്ഷാക്കാലത്തെ ഭക്ഷണം

പരീക്ഷാക്കാലത്തു വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നതാണ് നല്ലത്. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ജ്യൂസ് എന്നിവ വാങ്ങുമ്പോഴും ഗുണ നിലവാരം വിലയിരുത്തണം. പരീക്ഷാക്കാലത്തു പച്ചക്കറികള്‍ കൂടുതലായി കഴിക്കുന്നതാണ് നല്ലത്. മുട്ട ബുള്‍സ് ഐയ്ക്കു പകരം ഓംലറ്റ് നല്‍കാം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. തണുത്ത ഭക്ഷ്യോത്പന്നങ്ങള്‍, ഐസ് ക്രീം മുതലായവ ഈ സീസണില്‍ ഉപേക്ഷിക്കണം. ആറു മണിക്കൂറെങ്കിലും ഉറങ്ങാനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കണം. പരീക്ഷയെക്കുറിച്ച് രക്ഷിതാക്കള്‍ അകാരണമായി കുട്ടികളെ ഭീതിപ്പെടുത്തരുത്.

(ബംഗളുരുവിലെ ട്രാന്‍സ്ഡിസ്സിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍)

logo
The Fourth
www.thefourthnews.in