പൂനാ കരാറിലൂടെ ഗാന്ധിജി അധഃസ്ഥിത വിഭാഗത്തിന് നിഷേധിച്ച രാഷ്ട്രീയ അവകാശങ്ങൾ

പൂനാ കരാറിലൂടെ ഗാന്ധിജി അധഃസ്ഥിത വിഭാഗത്തിന് നിഷേധിച്ച രാഷ്ട്രീയ അവകാശങ്ങൾ

1932 സെപ്റ്റംബർ 24 നാണ് ഗാന്ധിയുടെ നിരാഹര സമരത്തെ തുടർന്ന് അംബേദ്ക്കർക്ക് പുനാ കരാർ ഒപ്പിടേണ്ടിവന്നത്

അധികാരവും സ്വത്തും പദവിയും നിഷേധിക്കപ്പെട്ട പാര്‍ശ്വവല്‍കൃത അടിസ്ഥാന ജനവിഭാഗങ്ങളുടെ ജനാധിപത്യരാഷ്ട്രീയ അവകാശമാണ് സംവരണം. സംവരണം തൊഴില്‍ദാന പദ്ധതിയോ ദാരിദ്യനിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗമോ അല്ല. അധികാരത്തില്‍ പങ്കാളിത്തം എന്ന നിലയിലാണ് സംവരണത്തെ മനസ്സിലാക്കേണ്ടത്. യോഗ്യത ഉണ്ടായിരുന്നിട്ടും ജാതിയുടെ പേരില്‍ ഒഴിവാക്കപ്പെടുന്ന അടിസ്ഥാന ജനതയുടെ പ്രാതിനിധ്യം വിവിധ രംഗങ്ങളില്‍ നിയമപരമായി ഉറപ്പിക്കുന്ന രാഷ്ട്രീയ -ജനാധിപത്യ മെക്കാനിസമാണ് സംവരണം.

ജാതിയുടെ പേരില്‍ ഒഴിവാക്കപ്പെടുന്നതും പ്രത്യക്ഷമായും പരോക്ഷമായും ജാതിവിവേചനവും ഇന്നും തുടരുന്നതിനാലാണ് സംവരണം ആധുനികഘട്ടത്തിലും അനിവാര്യമാകുന്നത്. നീതി എല്ലാവര്‍ക്കും തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതാണെന്ന ജനാധിപത്യ ബോധ്യമാണ് സംവരണത്തിന്റെ അടിസ്ഥാനം. മുകളിലേയ്ക്ക് പോകുന്തോറും കുലീനത്വവും താഴേയ്ക്ക് വരുന്തോറും മ്ലേച്ഛത്വവും അടിച്ചേല്‍പ്പിക്കുന്ന ശ്രേണീകൃത വ്യവസ്ഥയായി ജാതി ഘടനയെ മനസ്സിലാക്കിയ ഡോ. ബി. ആര്‍. അംബേദ്ക്കറാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തുല്യനീതി സങ്കല്പത്തെ സൈദ്ധാന്തികമായും പ്രായോഗികമായും സ്ഥാപിക്കുന്നതിന് അടിസ്ഥാനമിട്ടത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉശിരന്‍ പ്രക്ഷോഭങ്ങളും ബൗദ്ധിക ഇടപെടലുകളും അദ്ദേഹം മുന്നോട്ട് വച്ച ജനാധിപത്യത്തെ സംബന്ധിച്ച പുത്തന്‍ അവബോധവുമാണ് സംവരണമെന്ന പ്രാതിനിധ്യ അവകാശത്തെ ദേശീയതലത്തില്‍ സാദ്ധ്യമാക്കിയത്.

ദേശീയ പ്രസ്ഥാനത്തോടും ഇടതുപക്ഷപ്രസ്ഥാനങ്ങളോടും സംഘര്‍ഷപ്പെട്ടുകൊണ്ടാണ് ഡോ. അംബേദ്ക്കര്‍ സാമൂഹ്യനീതി പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തിയത്. മോണ്ടോഗു ചെംസ്‌ഫോര്‍ഡ് ഭരണപരിഷ്‌ക്കാരങ്ങളുടെ പിന്‍തുടര്‍ച്ചയായെത്തിയ സൗത്ത് ബോറോ കമ്മീഷനുമുന്നില്‍ ഡോ. അംബേദ്ക്കര്‍ നിവേദനം നല്‍കി. അയിത്തജാതിക്കാരുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അവരുടെ സമുദായ പ്രതിനിധികളെ ബോംബെ നിയമ നിര്‍മ്മാണ സഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭരണഘടനാ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ 1928 ല്‍ ഇന്ത്യയിലെത്തിയ സൈമണ്‍ കമ്മീഷനെ ഗാന്ധിജിയും കോണ്‍ഗ്രസ്സും ബഹിഷ്‌ക്കരിച്ചു. എന്നാല്‍ അംബേദ്ക്കര്‍ സൈമണ്‍ കമ്മീഷനെ സ്വാഗതം ചെയ്യുകയും അയിത്തജാതിക്കാരുടെ മാഗ്നാകാര്‍ട്ടാ എന്ന് വിശേഷിപ്പിക്കാവുന്ന മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.

സര്‍ സൈമണിനും സൈമണ്‍ കമ്മീഷനിലെ മറ്റംഗങ്ങള്‍ക്കുമൊപ്പം ബി.ആര്‍ അംബേദ്കര്‍.
സര്‍ സൈമണിനും സൈമണ്‍ കമ്മീഷനിലെ മറ്റംഗങ്ങള്‍ക്കുമൊപ്പം ബി.ആര്‍ അംബേദ്കര്‍.

ഇന്ത്യയുടെ ഭാവി ഭരണഘടനയില്‍ പട്ടിക വിഭാഗങ്ങളുടെ പ്രത്യേക പരിരക്ഷകള്‍ ഉറപ്പാക്കണമെന്നും അല്ലാതെയുള്ള അധികാര കൈമാറ്റം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ പട്ടിക വിഭാഗങ്ങളുടെ സ്ഥാനം മുന്‍കൂട്ടി നിര്‍ണ്ണയിക്കണമെന്ന അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. വ്യത്യസ്ത സമുദായങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ സമുദായ സമത്വം എന്ന ജനാധിപത്യ സങ്കല്‍പത്തെയാണ് അദ്ദേഹം മുന്നോട്ടു വച്ചത്. ഇന്ത്യയിലെ സാമൂഹ്യ വിഭജനങ്ങളെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കണമെന്നും വ്യത്യസ്തയുടെ കൂട്ടായ്മ ആയിരിക്കണം ഭരണ സംവിധാനമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

സൈമണ്‍ കമ്മീഷനെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്കായി വട്ടമേശ സമ്മേളനങ്ങള്‍ ലണ്ടനില്‍ വിളിച്ചുകൂട്ടാന്‍ തീരുമാനമായി. 1930, 1931, 1932 വര്‍ഷങ്ങളില്‍ മൂന്നു വട്ടമേശ സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. 1930 ലെ ഒന്നാം വട്ടമേശ സമ്മേളനത്തില്‍ അധ:സ്ഥിത പ്രതിനിധിയായി ഡോ. ബി. ആര്‍. അംബേദ്ക്കര്‍ പങ്കെടുത്തു. അയിത്ത ജാതിക്കാരുടെ ദയനീയാവസ്ഥ വരച്ച് കാട്ടിയ അംബേദ്ക്കര്‍ അവര്‍ക്കായി പ്രത്യേക പരിരക്ഷകള്‍ ഭരണഘടനാപരമായി ഉറപ്പാക്കണമെന്ന ആവശ്യം വട്ടമേശ സമ്മേളനങ്ങളില്‍ ഉന്നയിച്ചു. തുല്ല്യപൗരത്വം, തുല്യനീതി, ആനുപാതിക പ്രാതിനിധ്യം എന്നീ ആവശ്യങ്ങള്‍ യുക്തിപരമായി ഉന്നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും പങ്കെടുത്തില്ല. 1931 മാര്‍ച്ച് 5 ന് ഗാന്ധിജി വൈസ്രോയി ഇര്‍വിന്‍ പ്രഭുവുമായി ഡല്‍ഹിയില്‍ വച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കരാറിലെത്തി. ആ കരാറനുസരിച്ച് നിയമ നിഷേധ പ്രസ്ഥാനം ഉപേക്ഷിക്കുന്നതിനും രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും പങ്കെടുക്കുന്നതിനും തീരുമാനമായി. ഈ ധാരണയനുസരിച്ച് ഗാന്ധിജിയും കോണ്‍ഗ്രസ്സ് പ്രതിനിധികളും രണ്ടാംവട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. ഗാന്ധിജിയും അംബേദ്ക്കറും വ്യത്യസ്ത താത്പര്യ പ്രതിനിധികള്‍ എന്ന നിലയില്‍ സംഘര്‍ഷപ്പെട്ടു. ഹിന്ദു ഐക്യത്തിന്റെ വക്താവായി ഗാന്ധിജി പ്രത്യക്ഷപ്പെട്ടപ്പോള്‍ അംബേദ്ക്കര്‍ സാഹോദര്യത്തിലധിഷ്ഠിതമായ ജനാധിപത്യത്തിനു വേണ്ടി നിലയുറപ്പിച്ചു.

ഇര്‍വിന്‍ പ്രഭുവിനൊപ്പം മഹാത്മാ ഗാന്ധി.
ഇര്‍വിന്‍ പ്രഭുവിനൊപ്പം മഹാത്മാ ഗാന്ധി.

മുസ്‌ളീം ജന വിഭാഗങ്ങളുടെ പ്രത്യേക രാഷ്ട്രീയവകാശത്തെ അനുകൂലിച്ച ഗാന്ധിജി ഹിന്ദുഐക്യത്തിനു ഹാനികരമാണെന്ന കാരണത്താല്‍ അധ:സ്ഥിതരുടെ രാഷ്ട്രീയവകാശ നിര്‍ദ്ദേശത്തെ എതിര്‍ത്തു വിവിധ ജാതി വിഭാഗങ്ങളായി വിഘടിച്ചു നില്‍ക്കുന്ന ഹിന്ദുമതത്തിന്റെ ഐക്യമെന്നത് വെറും മിഥ്യയാണെന്ന വസ്തുത ഗാന്ധിജി കണക്കിലെടുത്തില്ല. ഈ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതിനാല്‍ ഇന്ത്യയുടെ സാമുദായിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വട്ടമേശ സമ്മേളനങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും അയിത്തജാതിക്കാരുടെ പ്രശ്‌നം ഒരു രാഷ്ട്രീയ ജനാധിപത്യ പ്രശ്‌നമായി വട്ടമേശസമ്മേളനങ്ങളില്‍ അവതരിപ്പിക്കാന്‍ അംബേദ്ക്കര്‍ക്ക് കഴിഞ്ഞു.

വട്ടമേശസമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ട വിവിധ ഉപസമിതികളിലൊന്നായ ന്യൂനപക്ഷസമിതിക്ക് മുമ്പാകെ അംബേദ്ക്കര്‍ നല്‍കിയ അധ:സ്ഥിതരുടെ രാഷ്ട്രീയ അവകാശങ്ങള്‍ അടങ്ങിയ രേഖയിലെ പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു 1. തുല്യ പൗരത്വം, (2) തുല്യമായ അവകാശങ്ങളുടെ സ്വതന്ത്രമായ ലഭ്യത. 3) അയിത്തം നിയമപരമായി നിരോധിക്കണം. (4) എല്ലാതലങ്ങളിലുമുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കണം. (5) നിയമനിര്‍മ്മാണ സഭകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കണം. (6) സര്‍ക്കാര്‍ സര്‍വ്വീസില്‍ മതിയായ പ്രാതിനിധ്യം. (7) സര്‍ക്കാര്‍ സര്‍വ്വീസിനെ നിയന്ത്രിക്കുന്നതിനും നിയമനങ്ങള്‍ നടത്തുന്നതിനും പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കണം. (8) മര്‍ദ്ദിത വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഒരു മന്ത്രിയും വകുപ്പുമുണ്ടായിരിക്കണം. (9) അവകാശ ലംഘനങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള അവകാശം.

രണ്ടാം വട്ടമേശ സമ്മേളനത്തില്‍ മഹാത്മാ ഗാന്ധി.
രണ്ടാം വട്ടമേശ സമ്മേളനത്തില്‍ മഹാത്മാ ഗാന്ധി.

ഇന്ത്യയില്‍ വ്യത്യസ്ത ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളേണ്ടതിന്റെയും ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെയും ദര്‍ശനമാണ് ഈ രേഖയിലൂടെ അംബേദ്കര്‍ മുന്നോട്ടുവെച്ചത് അംബേദ്കറുടെ നിലപാടുകള്‍ക്ക് അംഗീകരം എന്ന നിലയില്‍ 1932 ആഗസ്റ്റ് 17ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു ഈ അവാര്‍ഡ് പ്രകാരം ദളിതര്‍ക്ക് നിയമസഭകളിലേക്ക് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുവാനും പൊതു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുവാനും കഴിയും വിധം ഇരട്ട വോട്ടിംഗ് അവകാശം ലഭിച്ചു.

അധ:സ്ഥിതര്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കിയ കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ ഗാന്ധിജി രംഗത്ത് വന്നു. യര്‍വാദാ ജയിലില്‍ ആയിരുന്നു ഗാന്ധിജി. 1932 സെപ്റ്റംബര്‍ 20 മുതല്‍ മരണം വരെ അവാര്‍ഡിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു ഇന്ത്യയുടെ സാമുദായിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്ന ഡോക്യുമെന്റില്‍ ഒപ്പിട്ട ഗാന്ധിജിയാണ് സ്വാതന്ത്ര്യ സമരത്തിന് പോലും ഉപയോഗിക്കാത്ത സമരായുധം അധസ്ഥിതര്‍ക്കെതിരെ പ്രയോഗിച്ചത്.

അധ:സ്ഥിതര്‍ക്കായി 71 സീറ്റുകള്‍ വിവിധ നിയമസഭകളിലേക്ക് നിജപ്പെടുത്തി അധ:സ്ഥിതര്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കിയ കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ ഗാന്ധിജി രംഗത്ത് വന്നു. യര്‍വാദാ ജയിലില്‍ ആയിരുന്നു ഗാന്ധിജി 1932 സെപ്റ്റംബര്‍ 20 മുതല്‍ മരണം വരെ അവാര്‍ഡിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു ഇന്ത്യയുടെ സാമുദായിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്ന ഡോക്യുമെന്റില്‍ ഒപ്പിട്ട ഗാന്ധിജിയാണ് സ്വാതന്ത്ര്യ സമരത്തിന് പോലും ഉപയോഗിക്കാത്ത സമരായുധം അധസ്ഥിതര്‍ക്കെതിരെ പ്രയോഗിച്ചത്.

ഗാന്ധിജിയുടെ ജീവന്‍ അപകടത്തിലാണെന്ന വാര്‍ത്ത രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. അംബേദ്കര്‍ പ്രഖ്യാപിച്ചു. ''ഈ നാടകത്തില്‍ ഞാനൊരു വില്ലനാക്കപ്പെട്ടിരിക്കുകയാണ് എന്നാല്‍ എനിക്ക് പറയാനുള്ളത് എന്റെ ജനങ്ങളുടെ മാനുഷികവും നിയമപരവും ആയ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് എന്റെ ധാര്‍മികമായ കടമയാണ് രാജ്യതാല്‍പര്യത്തിനു വേണ്ടി എന്റെ താല്‍പര്യം ബലി കഴിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നാല്‍ ഗാന്ധിജി പറയുന്ന രാജ്യതാത്പര്യത്തിനായി എന്റെ ജനങ്ങളുടെ താല്പര്യം ബലികഴിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നെ അടുത്ത് കാണുന്ന വിളക്കുകാലില്‍ കെട്ടിത്തൂക്കി കൊന്നാലും എന്റെ കടമയില്‍ നിന്നും ഞാന്‍ വ്യതിചലിക്കില്ല''.

അംബേദ്ക്കർ
അംബേദ്ക്കർ

അംബേദ്കര്‍ ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും രാഷ്ട്രീയ രംഗം കലുഷിതമായപ്പോള്‍ അദ്ദേഹത്തിന് പുറകോട്ട് സഞ്ചരിക്കേണ്ടി വന്നു നിരന്തര ആലോചനകള്‍ക്ക് ശേഷം ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കപ്പെട്ടു കമ്മ്യൂണല്‍ അവാര്‍ഡ് മുന്നോട്ടുവെച്ച സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അധ:സ്ഥിതരുടെ അവകാശം റദ്ദാക്കപ്പെട്ടു. പ്രത്യേക നിയോജക മണ്ഡലത്തിന് പകരം സംയുക്ത നിയോജക മണ്ഡലം അംഗീകരിക്കപ്പെട്ടു.

പ്രാദേശിക നിയമസഭകളില്‍ 71 സീറ്റിന് പകരം ലഭ്യമായ 148 സീറ്റ് പിന്നീട് 151 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കേന്ദ്ര നിയമ നിര്‍മ്മാണ സഭയില്‍ ഹിന്ദു സീറ്റുകളുടെ 10% അധ:സ്ഥിതര്‍ക്കായി മാറ്റിവെച്ചുകൊണ്ടും തീരുമാനമായി. റഫറണ്ടവുമായി ബന്ധപ്പെട്ട തര്‍ക്കവും പരിഹരിക്കപ്പെട്ടു. പൂനാകരാര്‍ എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഉടമ്പടി 1932 സെപ്റ്റംബര്‍ 24ന് യാഥാര്‍ത്ഥ്യമായി. അധസ്ഥിത വര്‍ഗ്ഗ പ്രതിനിധിയായി ഡോക്ടര്‍ അംബേദ്കറും സവര്‍ണ ഹിന്ദുക്കള്‍ക്ക് വേണ്ടി പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ, ജയ്ക്കര്‍, ജി സി ബിര്‍ള, രാജഗോപാലചാരി തുടങ്ങിയവര്‍ കരാറില്‍ ഒപ്പിട്ടു.

കമ്മ്യൂണല്‍ അവാര്‍ഡിന് പകരം പൂനാ കരാര്‍ ഡോക്ടര്‍ അംബേദ്കര്‍ക്ക് ഒപ്പിടേണ്ടി വന്ന രാഷ്ട്രീയ സാഹചര്യം വ്യക്തമാണ്. മരണം വരെ നിരാഹാര സമരം നടത്തിയ ഗാന്ധിയുടെ ജീവന്‍ അപകടത്തിലാണെന്ന വാര്‍ത്ത ഇന്ത്യയെ ഇളക്കിമറിച്ച സാഹചര്യത്തില്‍ പൂനാകരാര്‍ അംഗീകരിക്കേണ്ടിവന്നു. ദളിത് ജനതയില്‍ നിന്നും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്ന യഥാര്‍ത്ഥ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കമ്മ്യൂണല്‍ അവാര്‍ഡ് നല്‍കിയ രാഷ്ട്രീയ അവകാശമാണ് പൂനാ കരാറിലൂടെ റദ്ദ് ചെയ്യപ്പെട്ടത്.

അടിസ്ഥാന ജനതയുടെ സ്വതന്ത്ര രാഷ്ട്രീയ മുന്നേറ്റത്തെ അസാധ്യമാക്കിയ പൂനാകരാര്‍ ദളിതര്‍ നേരിട്ട രാഷ്ട്രീയ ദുരന്തമായാണ് കണക്കാക്കപ്പെടുന്നത്. പിന്നീട് കരാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അംബേദ്കര്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.

''1) പൂനാകരാര്‍ വലിയൊരു രാഷ്ട്രീയ അത്യാഹിതമായിരുന്നു. 2) കമ്മ്യൂണല്‍ അവാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വതന്ത്ര മനുഷ്യരാകുമായിരുന്നു. പൂനാ കരാറിലാകട്ടെ അടിമകളെ കൊണ്ടാണ് സീറ്റുകള്‍ നികത്തപ്പെടുക. 3) ഹിന്ദുക്കളുടെ അടിമത്തത്തില്‍ നിന്നും അയിത്ത ജാതിക്കാരെ മോചിപ്പിക്കുക എന്നതാണ് കമ്മ്യൂണല്‍ അവാര്‍ഡ് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കില്‍, പൂനാകരാറിലാകട്ടെ അയിത്ത ജാതിക്കാരെ ഹിന്ദുക്കളുടെ ആധിപത്യത്തില്‍ കൊണ്ടുവരിക എന്നതാണ് ഉദ്ദേശിക്കപ്പെട്ടത. 4). രാഷ്ട്രീയ അധികാരത്തിനു വേണ്ടിയുള്ള അയിത്ത ജാതിക്കാരുടെ സമരം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു ഈ ദുരന്തത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം മിസ്റ്റര്‍ ഗാന്ധിയ്ക്കായിരുന്നു എന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല''.

അംബേദ്കര്‍ സൂചിപ്പിച്ചതുപോലെ സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അധ:സ്ഥിതരുടെ അവകാശം റദ്ദാക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അടിമകള്‍ അധ:സ്ഥിത പ്രതിനിധികളായി പാര്‍ലമെന്റിലും നിയമസഭകളിലും എത്തി. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. അംബേദ്ക്കര്‍ ദീര്‍ഘവീക്ഷണം ചെയ്തതുപോലെ, ഹിന്ദുത്വ വ്യക്തികളുടെ അധീശത്വത്തില്‍ കഴിയുന്ന പട്ടിക വിഭാഗങ്ങളെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പൂനാ കരാറിലൂടെ നിലവില്‍ വന്ന സംവരണ വ്യവസ്ഥകള്‍ 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. കരാറിലെ രാഷ്ട്രീയ സംവരണത്തിനെതിരായ വിമര്‍ശനം നൂറുശതമാനവും ശരിയാണെങ്കിലും അതിന്റെ രാഷ്ട്രീയ ജനാധിപത്യ സമീപനത്തെ കാണാതിരുന്നുകൂട.

പട്ടിക വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ പങ്കാളിത്തം എന്ന തത്വം പൂനാ കരാറിലൂടെ അംഗീകരിക്കപ്പെട്ടു എന്നതാണ് അതിന്റെ ചരിത്ര പ്രാധാന്യം. മാത്രമല്ല സവര്‍ണാധിപത്യത്തിനും ജാതി വിവേചനത്തിനും വിധേയരാകുന്ന അടിസ്ഥാന ജനതയെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ടെന്ന സാമൂഹ്യ യാഥാര്‍ത്ഥ്യം പൂനാകരാര്‍ ഉള്‍ക്കൊള്ളുന്നുണ്ട് സര്‍വീസ് പ്രാതിനിധ്യം ഒരു പരിധിവരെ സാക്ഷാത്കരിക്കപ്പെട്ടതോടെ ദളിത് വിഭാഗത്തുനിന്നും ഒരു ഉദ്യോഗസ്ഥനിര ഉയര്‍ന്നു വന്നിട്ടുണ്ട്. ജ്ഞാനവ്യവഹാരങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഒരു ബൗദ്ധിക വിഭാഗവും ധാരാളം എഴുത്തുകാരും കവികളും മറ്റിതര കലാപ്രതിഭകളും ഈ വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട് എന്നത് നിസ്സാരമായി തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ സംവരണം നിരന്തരം അട്ടിമറിക്കപ്പെടുന്നതിന്റെ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്.

സംവരണം നിരന്തരം അട്ടിമറിക്കപ്പെടുന്നതിന്റെ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത് സാമ്പത്തിക സംവരണം എന്ന പേരില്‍ നടപ്പാക്കിയ സവര്‍ണ്ണ സംവരണം സമുദായ സംവരണത്തെ ഇല്ലാതാ ക്കാനുള്ള ആദ്യപടിയായി വേണം നാം മനസ്സിലാക്കാന്‍. 2001 ല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 87 ശതമാനം തൊഴില്‍ രംഗവും 97% ബിസിനസ് രംഗവും 66.5 ശതമാനം രാഷ്ട്രീയ രംഗവും 15 ശതമാനം വരുന്ന മുന്നോക്ക വിഭാഗം കയ്യടക്കി വെച്ചിരിക്കുന്നു അസമത്വം ജാതിവ്യവസ്ഥയുടെ രൂപത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യയുടെ ചിത്രം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു

സാമ്പത്തിക സംവരണം എന്ന പേരില്‍ നടപ്പാക്കിയ സവര്‍ണ്ണ സംവരണം സമുദായ സംവരണത്തെ ഇല്ലാതാ ക്കാനുള്ള ആദ്യപടിയായി വേണം നാം മനസ്സിലാക്കാന്‍. 2001 ല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 87 ശതമാനം തൊഴില്‍ രംഗവും 97% ബിസിനസ് രംഗവും 66.5 ശതമാനം രാഷ്ട്രീയ രംഗവും 15 ശതമാനം വരുന്ന മുന്നോക്ക വിഭാഗം കയ്യടക്കി വെച്ചിരിക്കുന്നു അസമത്വം ജാതിവ്യവസ്ഥയുടെ രൂപത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യയുടെ ചിത്രം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗങ്ങളില്‍ 96.91 ശതമാനവും കൈവശം വെച്ചിരിക്കുന്നത് മുന്നോക്ക വിഭാഗമാണ് അതില്‍ 82. 02% നായന്മാരുടെ കൈകളിലാണ് ദളിതര്‍ 0.32% മാത്രം. ഇവിടെയാണ് 10% സവര്‍ണ്ണ സംവരണം ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്.

രണ്ട് ലക്ഷത്തോളം അധ്യാപക- അനധ്യാപകര്‍ ജോലി ചെയ്യുന്നു വിദ്യാഭ്യാസ മേഖലയില്‍ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. സംവരണം ഇല്ലാത്തതിനാല്‍ ദളിതര്‍ ഒഴിവാക്കപ്പെടുകയാണ്. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം ചെലവിടുന്ന ഈ മേഖലയിലെ നിയമനം പി എസ് സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത് ആശങ്കപ്പെടുത്തുന്നതാണ്.

വിദ്യാഭ്യാസ രംഗത്ത് നിന്നും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും പൂര്‍ണമായും ദളിത് വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്

സാമൂഹ്യനീതി എന്നത് കടലാസില്‍ മാത്രമാണെന്നാണ് ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് നിന്നും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും പൂര്‍ണമായും ദളിത് വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്‌കോളര്‍ഷിപ്പിനും ഫീസ് ഇളവിനും രണ്ടര ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാനം നിശ്ചയിച്ചതോടെ 70% വിദ്യാര്‍ത്ഥികളും പഠനം തുടരാന്‍ ആവാതെ പ്രതിസന്ധിയില്‍ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുത്വ ശക്തികള്‍ ഇന്ത്യ ഭരിക്കുന്ന ഈ ഘട്ടത്തില്‍ സംവരണ വിരുദ്ധ നിലപാടുകള്‍ ശക്തിപ്പെടുകയാണ്. ഇന്ത്യയില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം അഥവാ സവര്‍ണ സംവരണം, സംവരണത്തിന്റെ സാമൂഹ്യ ജനാധിപത്യ ഉള്ളടക്കത്തെ നിരാകരിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വിയോജിക്കാനുള്ള അവകാശവും ചോദ്യം ചെയ്യപ്പെടുകയാണ്. ജനാധിപത്യ പൗരാവകാശങ്ങളും സമുദായ സംവരണവും ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന തന്നെ ഭീഷണിയെ നേരിടുകയാണ്. ഈ ഘട്ടത്തില്‍ അവകാശ സംരക്ഷണം എന്നത് പ്രധാന അജണ്ടയായി മാറേണ്ടതുണ്ട്.

സ്വതന്ത്ര പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കഴിയും വിധം നിയമ സംവിധാനം പൊളിച്ചെഴുതുകയാണ് വേണ്ടത്. എല്ലാ രംഗങ്ങളിലും ദളിത് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിസ്വീകരിക്കണം. ദളിത് ക്രൈസ്തവ പ്രശ്‌നവും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കപ്പെടണം വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണവും തുല്യനീതി എന്ന തത്വവും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളാണെന്ന് നാം മനസ്സിലാക്കണം. ജനാധിപത്യ രാഷ്ട്രീയ ഇടപെടലിലൂടെയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനാധിപത്യ ശക്തികള്‍ ശ്രമിക്കേണ്ടത്. ഈ ഒരു സാഹചര്യത്തില്‍ അംബേദ്കറുടെ വാക്കുകള്‍ ശ്രദ്ധേയമാണ. ''അധ:സ്ഥിതരുടെ പ്രശ്‌നം ഒരു സാമൂഹ്യ പ്രശ്‌നം മാത്രമാണെന്നും അതിന്റെ പരിഹാരം രാഷ്ട്രീയേതരമാണെന്നും നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാന്‍ പലപ്പോഴായി ശ്രമങ്ങള്‍ നടന്നിട്ടുണ്ട.

ഞങ്ങള്‍ ഈ വീക്ഷണത്തോട് ശക്തിയായി വിയോജിക്കുന്നു രാഷ്ട്രീയ അധികാരം അധ:സ്ഥിതരുടെ കൈകളില്‍ എത്തുന്നതുവരെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു അധ:സ്ഥിതരുടെ പ്രശ്‌നം ഗൗരവതരമായ ഒരു രാഷ്ട്രീയ പ്രശ്‌നമാണ.് അതിനാല്‍ അത് രാഷ്ട്രീയമായി തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്.'' സമത്വവും സാഹോദര്യവും അടിസ്ഥാനമാക്കിയ അംബേദ്കറുടെ സാമൂഹ്യ ജനാധിപത്യ ദര്‍ശനത്തെ മുന്നോട്ട് എടുക്കുന്ന രാഷ്ട്രീയ ജനാധിപത്യ ബദലിനു മാത്രമേ ഈ പ്രതിസന്ധിയെ പൂര്‍ണ്ണമായും മറികടക്കാന്‍ കഴിയൂ.

logo
The Fourth
www.thefourthnews.in