വി സിയെ നീക്കിയ കോടതി വിധിയും കഥയറിയാതെ ആട്ടം കാണുന്ന കോണ്‍ഗ്രസും

വി സിയെ നീക്കിയ കോടതി വിധിയും കഥയറിയാതെ ആട്ടം കാണുന്ന കോണ്‍ഗ്രസും

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദം വിശദമായി തന്നെ കേരളം ചര്‍ച്ച ചെയ്തതാണ്. അദ്ദേഹത്തിന്റെ യോഗ്യതയിലോ കാര്യക്ഷമതയിലോ പ്രതിബന്ധതയിലോ കേരളീയ സമൂഹത്തിന് യാതൊരു വിയോജിപ്പുമില്ല

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രമുഖ ചരിത്രകാരന്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ കാലാവധി പൂര്‍ത്തിയായ ശേഷം, യൂണിവേഴ്‌സിറ്റി ചാന്‍സലറായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുനര്‍നിയമിച്ചത് സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ റദ്ദാക്കിയിരിക്കുകയാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും ലോകായുക്തയും നിയമപരമായി അംഗീകരിച്ച നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്.

വി സി നിയമനം പരിശോധിച്ച സുപ്രീം കോടതി നാല് വിഷയങ്ങളായിരുന്നു പ്രധാനമായും പരിശോധിച്ചത്.

1. വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം സാധ്യമാണോ?

2. അറുപത് വയസ് കഴിഞ്ഞയാളെ പുനര്‍നിയമനം വഴി വൈസ് ചാന്‍സലറായി നിയമിക്കാമോ?

3. പുനര്‍നിയമനത്തിന് ആദ്യ നിയമനത്തില്‍ പറയുന്നത് പോലെയുള്ള നിബന്ധകള്‍ ബാധകമാണോ?

4. ചാന്‍സലറുടെ തീരുമാനത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ?

വി സിയെ നീക്കിയ കോടതി വിധിയും കഥയറിയാതെ ആട്ടം കാണുന്ന കോണ്‍ഗ്രസും
കണ്ണൂര്‍ വി സി പുനര്‍നിയമനം: ഗവര്‍ണറെ പഴിചാരി തടിയൂരാന്‍ സര്‍ക്കാര്‍; 'ചാവേര്‍' ആയി മാറിയ ആരിഫ് മുഹമ്മദ് ഖാന്‍

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനകാര്യത്തില്‍ ഈ നാല് കാര്യങ്ങളും വിശദമായി തന്നെ കേരളം ചര്‍ച്ച ചെയ്തതാണ്. അദ്ദേഹത്തിന്റെ യോഗ്യതയിലോ കാര്യക്ഷമതയിലോ പ്രതിബന്ധതയിലോ കേരളീയ സമൂഹത്തിന് യാതൊരു വിയോജിപ്പുമുണ്ടായില്ല. യൂണിവേഴ്‌സിറ്റിയെ മികച്ച നിലയില്‍ ആറ് വര്‍ഷം അദ്ദേഹം നയിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് മികവുകളും കുട്ടികളുടെ വ്യത്യസ്ത തലങ്ങളിലുള്ള മികവിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളും നമുക്ക് ബോധ്യമാകുന്നുണ്ട്.

സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോഴും ആദ്യത്തെ മൂന്ന് വിഷയങ്ങളിലെയും സര്‍ക്കാര്‍ വാദം അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ചാന്‍സലറായ ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദം മൂലമാണോ ഡോ. ഗോപിനാഥിനെ വൈസ് ചാന്‍സലറായി പുനര്‍നിയമനം നടത്തിയതെന്ന് കാര്യം പരിശോധിച്ചിടത്താണ് നിയമനം റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിന് അടിസ്ഥാനമായി സുപ്രീം കോടതി അവലംബിച്ചതാകട്ടെ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ സത്യവാങ്ങ്മൂലം (confession Affidavit ) ആയിരുന്നു.

ബാഹ്യസമ്മര്‍ദം വഴിയാണ് തീരുമാനം എടുത്തതെന്ന് വ്യക്തമാക്കി നേരത്തെ പുറപ്പെടുവിച്ച പത്രകുറിപ്പിലെ ഉള്ളടക്കമായിരുന്നു ഇതിലും ആവര്‍ത്തിച്ചത്. ഗവര്‍ണര്‍ പോലുള്ള ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാള്‍ സ്വന്തം വീഴ്ച അംഗീകരിച്ച സ്ഥിതിയ്ക്ക് ധാര്‍മികമായോ നിയമപരമായോ ആ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. ഇവിടെ സുപ്രീംകോടതിയുടെ നീരീക്ഷണം കേരള സര്‍ക്കാര്‍ പുനര്‍നിയമനത്തില്‍ ശിപാര്‍ശ നടത്തിയത് ബാഹ്യ ഇടപെടല്‍ മൂലമാണ് എന്നാണല്ലോ.

വി സിയെ നീക്കിയ കോടതി വിധിയും കഥയറിയാതെ ആട്ടം കാണുന്ന കോണ്‍ഗ്രസും
'മുസ്ലിങ്ങളെ ചേർത്തുപിടിക്കലാണ് ഇക്കാലത്തെ സർഗാത്മക രാഷ്ട്രീയം, അതാണ് സിപിഎം ചെയ്യുന്നത്'

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരളത്തില്‍ മൂന്ന് മുന്നണികളും അവരുടെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ആ പ്രകടന പത്രികയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങള്‍ വ്യക്തമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗമെന്നു പറയുന്നത് യൂണിവേഴ്‌സിറ്റികളാണ്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന, സംസ്ഥാന നിയമം വഴി രൂപം കൊളുന്ന യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ അധ്യാപക അനധ്യാപക തസ്തികകള്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് സൃഷ്ടിക്കുന്നത്. സര്‍വീസ് റൂള്‍സ് പ്രകാരം സംവരണ റൊട്ടേഷന്‍ പലിച്ചാണ് നിയമനം നടത്തുന്നത്.

ഇന്ത്യയില്‍ സംഘപരിവാറും ആര്‍എസ്എസ് സൈദ്ധാന്തികരും വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന നടപടികളെടുക്കുമ്പോള്‍ അതിനെതിരെ ബദല്‍ ഉയര്‍ത്തുന്ന ഏക സംസ്ഥാനം ഇന്ന് കേരളം മാത്രമാണ്. പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രവും ശാസ്ത്രീയതയും എടുത്തുമാറ്റാൻ സംഘപരിവാര്‍ ശ്രമിച്ചപ്പോള്‍ അതിന് ബദലായി ഇവ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതും നമുക്ക് മുന്നിലെ അനുഭവങ്ങളാണ്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയ്ക്കുണ്ടായിരുന്ന ഏക നിയമസഭ സീറ്റും നഷ്ടപ്പെട്ടതോടെ സംഘപരിവാര്‍ ആശയത്തെ ഒരു നിലയ്ക്കും സംസ്ഥാനം പിന്തുണയ്ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതാണ്

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയ്ക്കുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടതോടെ സംഘപരിവാര്‍ ആശയത്തെ ഒരു നിലയ്ക്കും സംസ്ഥാനം പിന്തുണയ്ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതാണ്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരവും താത്പര്യങ്ങളും കേന്ദ്ര സർക്കാരും അവരുടെ പ്രതിനിധിയായി സംസ്ഥാന സര്‍ക്കാരില്‍ ബാഹ്യ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കുമെതിരാണ്.

സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ നിയമസഭ നല്‍കിയ അധികാരം വച്ച് സംഘപരിവാര്‍ താത്പര്യങ്ങള്‍ യുണിവേഴ്‌സിറ്റികളില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹം ഗവര്‍ണറായശേഷം വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ സംസ്ഥാന ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സംഘപരിവാര്‍ അജണ്ട നടപ്പാക്കാൻവേണ്ടി നിയമനങ്ങള്‍ നടത്തിയതായി കാണാനാവും.

കേരളത്തിലെ പല യൂണിവേഴ്‌സിറ്റികളിലെയും സെനറ്റ് സിന്‍ഡിക്കേറ്റ് - അക്കാദമിക് കൗണ്‍സിലുകള്‍ പഠന ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ സംഘപരിവാര്‍ നോമിനികളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം വന്നപ്പോള്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുജിസി നോമിനി വഴി സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാൻ ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വൈസ് ചാന്‍സലറാക്കാൻ ശിപാര്‍ശ ചെയ്തത്. ആ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ മുഖ്യമന്ത്രിയോ വ്യക്തിപരമായ ഏതെങ്കിലും താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് ശിപാര്‍ശ നല്‍കിയതെന്ന് സർക്കാരിന്റെ കടുത്ത വിമര്‍ശകര്‍ക്കുപോലും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല.

നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുമ്പോഴും കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍, സംഘപരിവാര്‍ താൽപ്പര്യങ്ങളെ ഉന്നത വിദ്യാഭ്യാസരംഗത്തുനിന്ന് അകറ്റിനിര്‍ത്താന്‍ സംസ്ഥാന സർക്കാർ എടുത്ത നടപടി ധാര്‍മികമായും ഭരണപരമായും പൂര്‍ണമായും ശരിയായിരുന്നുവെന്ന് വരും ദിവസങ്ങളില്‍ നമുക്ക് ബോധ്യമാകും. കേരളത്തിലെ പല യൂണിവേഴ്‌സിറ്റികളിലെയും സെനറ്റ് സിന്‍ഡിക്കേറ്റ് - അക്കാദമിക് കൗണ്‍സിലുകള്‍ പഠന ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ സംഘപരിവാര്‍ നോമിനികളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇതിനെതിരെ സംഘവിരുദ്ധപക്ഷത്ത് നില്‍ക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് - യുഡിഎഫ് കക്ഷികള്‍ ശക്തമായ നിലപാടുകളെടുക്കുന്നതിന് പകരം സംഘപരിവാറിന്റെ എല്‍ഡിഎഫ് വിരുദ്ധ രാഷ്ട്രീയം ഭാവിയില്‍ ഉപയോഗിക്കാമെന്ന വ്യാമോഹത്തില്‍ യുഡിഎഫ് നിര്‍ഭാഗ്യവശാല്‍ കുടുങ്ങിക്കിടക്കുകയാണ്. യുഡിഎഫിലെ മുസ്ലിം ലീഗ് മാത്രമാണ് ഒരു പരിധി വരെ ഈ അപകടം തിരിച്ചറിഞ്ഞതെന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്.

വി സിയെ നീക്കിയ കോടതി വിധിയും കഥയറിയാതെ ആട്ടം കാണുന്ന കോണ്‍ഗ്രസും
ഏക സിവിൽ നിയമത്തെ എതിർക്കാനുള്ള ഒരു മതേതര മുസ്ലിമിൻ്റെ കാരണങ്ങൾ

ഇന്നലെ സുപ്രീം കോടതി വിധി വന്നതു മുതല്‍ കഥയറിയാതെ ആട്ടംകാണുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഒന്നാം കിട നേതാക്കള്‍ പോലും സ്വീകരിച്ചതായി കാണുന്നത്. സംഘപരിവാറിന്റെ ചട്ടുകമെന്ന നിലയില്‍ കേരളത്തിലെ ജനഹിതം അട്ടിമറിച്ച് സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ മനസ്സിലാക്കാൻ‍ സര്‍ക്കാര്‍ വിരുദ്ധത കൊണ്ട് കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത് കേരളീയസമൂഹത്തില്‍ വലിയ അപകടം ചെയ്യും. ഭാവിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി വരികയും കേന്ദ്രത്തിന്റെ ഏജന്റായി ഇവിടെ മറ്റൊരു ആരിഫ് ഖാന്‍ ഉണ്ടാവുകയും ചെയ്താല്‍ ആ ഘട്ടത്തെ മറികടക്കുക കോണ്‍ഗ്രസിന് അത്ര എളുപ്പമായിരിയ്ക്കില്ല.

പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും വിശാലമായ കേരളീയ സമൂഹത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനുവേണ്ടി നിലപാടെടുത്ത സര്‍ക്കാരിനെതിരെ ആക്രമിക്കാനുള്ള അവസരമായിട്ടാണ് ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തിയത്

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നടപ്പിലാക്കുവാന്‍ ബാധ്യസ്ഥമായ സ്ഥാപനങ്ങളാണ്. ആ സ്ഥാപനങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉള്‍ക്കൊളളുന്ന വിശാലമായ മതേതര ജനാധിപത്യ ബോധമുള്ള മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഒരാള്‍ തന്നെ വൈസ് ചാന്‍സലറായി വരണമെന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിയ്ക്കുന്നത് സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ജനാധിപത്യ ബോധമുള്ളവര്‍ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും വിശാലമായ കേരളീയ സമൂഹത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനുവേണ്ടി നിലപാടെടുത്ത സര്‍ക്കാരിനെ ആക്രമിക്കുവാനുള്ള അവസരമായിട്ടാണ് ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തിയത്.

വിവേചനപരമായി തീരുമാനമെടുക്കാന്‍ അധികാരമുള്ള ഗവര്‍ണര്‍ ശിപാര്‍ശയ്ക്ക് വഴങ്ങിയാണ് തീരുമാനമെടുത്തത് എന്ന് കുറ്റസമ്മതം നടത്തിയപ്പോള്‍ ഗവര്‍ണറായി തുടരാനുള്ള അദ്ദേഹത്തിന്റെ അര്‍ഹതയ്‌ക്കെതിരെ കനത്ത മൗനം പാലിയ്ക്കുന്നത് സംഘപരിവാര്‍ വിധേയത്വത്തിന്റെ മറ്റൊരു ലക്ഷണമായി മാത്രം കണ്ടാല്‍ മതിയോ?

logo
The Fourth
www.thefourthnews.in