കേരള ബജറ്റ്- പദ്ധതികൾ ഭാവനാ സമ്പന്നം,  നടപ്പിലാക്കാൻ വിഭവങ്ങൾ എവിടെ?

കേരള ബജറ്റ്- പദ്ധതികൾ ഭാവനാ സമ്പന്നം, നടപ്പിലാക്കാൻ വിഭവങ്ങൾ എവിടെ?

നിരവധി ഭാവനാപൂർണമായ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാൽ പലതും നടപ്പിലാക്കുന്ന സാധ്യത കുറവായിരിക്കും

കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ ദേശീയ ശരാശരിയേക്കാളും നല്ല നിലയിലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. അദ്ദേഹം സൂചിപ്പിച്ചതുപോലെ സംസ്ഥാന ആഭ്യന്തര വളർച്ചാ തോതിന്റെയും പ്രതിശീർഷ വരുമാനത്തിന്റെയും മറ്റ് ആരോഗ്യ സാമൂഹിക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ അവസ്ഥ ദേശീയ ശരാശരിയേക്കാളും മുന്നിൽ തന്നെ! എന്നിരുന്നാലും ഇത്തരത്തിൽ ഉയർന്ന സാമൂഹിക അവസ്ഥ നിലനിർത്തിക്കൊണ്ട് പോകാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിന് കുറവാണെന്നുള്ള വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനം ഇപ്പോൾ ഒരു ഹാർഡ് ബജറ്റ് പ്രതിബന്ധമാണ് (Hard Budget Constraint) അഭിമുഖീകരിക്കുന്നത്. ഇത് പരിഹരിക്കാനായി ഒരു ത്രിതല നയമാണ് സ്വീകരിക്കുന്നത്. അവ ഫെഡറൽ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുക, നികുതി-നികുതിയേതര വരുമാനം പരമാവധി വർധിപ്പിക്കുക, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം എന്നിവയാണ് അവ. ഇപ്പറഞ്ഞ നടപടികളെ പ്രാവർത്തികമാക്കാനാണ് ഈ ബജറ്റ് ഉടനീളം ശ്രമിക്കുന്നത്.

ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പല തുറന്ന പദ്ധതികളും സംസ്ഥാനത്തിന്റെ ആവശ്യത്തെയും ശേഷിയെയും ഭാവി തലമുറയേയും പരിഗണിച്ചുകൊണ്ട് വിഭാവനം ചെയ്യപ്പെട്ടവയാണ്. കേരളത്തിന്റെ ജനസംഖ്യാ ഘടനയുടെ മാറ്റം, പ്രവാസി വിഭാഗത്തിന്റെ പങ്ക്, യുവജനതയുടെ അഭിലാഷങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടും പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ബജറ്റിൽ പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി വിദേശ സർവകലാശാലകളായ മാഞ്ചസ്റ്റർ ഓക്സ്ഫോർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയാണ് ഗ്രാഫീൻ ഇക്കോസിസ്റ്റത്തിന്റെ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ സയൻസ് പാർക്കിനായി ടെക്‌നോപാർക്കിൽ പുതിയ സൗകര്യം , പുതിയ വ്യവസായ പാർക്കുകൾ, അഗ്രി പാർക്കുകൾ, വർക്ക് നിയർ ഹോം പദ്ധതികൾ, ലൈഫ് സയൻസ് പാർക്കിലെ ന്യൂട്ര എന്റർപ്രൈസ് എന്നിവ കേരളത്തിലെ അഭ്യസ്തവിദ്യരും സാങ്കേതിക വിദ്യാപരിജ്ഞാനമുള്ള യുവ തലമുറയ്ക്ക് പ്രയോജനപ്പെടുന്നതാണ്. അതുകൂടാതെ സംസ്ഥാനത്തിന്റെ തനതായ വ്യക്തിമുദ്ര ആലേഖനം ചെയ്യുന്ന 'മേക്ക് ഇൻ കേരള' പദ്ധതിയും നല്ലതുതന്നെ. ഈ പദ്ധതി കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കുക മാത്രമല്ല സമ്പദ്ഘടനയുടെ ഉത്പാദന മേഖലയിൽ ചലനം സൃഷ്ടിക്കാൻ പോന്നവയുമാണ് ഇതുകൊണ്ട് കേരളത്തിലെ പല ഉത്പന്നങ്ങൾക്കും തദ്ദേശീയമായി കമ്പോളം ലഭിക്കുന്നത് കൂടാതെ വിദേശത്തും ഒരു ബ്രാൻഡ് ഇമേജ് ഉണ്ടാക്കാൻ സാധിക്കും. ഇത് കേരളവികസന മാതൃക സുസ്ഥിരമാക്കാൻ ഏറെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതിനായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അനുവദിക്കുമെന്നും ഈ വർഷം 50 കോടി രൂപ മാറ്റി വയ്ക്കണമെന്നും ബജറ്റ് പറയുന്നു. ഇതിനോടൊപ്പം നിലവിലുള്ള സംരംഭങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 1000 പേർക്ക് നാല് വര്ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുന്ന രീതിയിലുള്ള ഒരു 'സ്കെയിൽ അപ്പ്' പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് ചേർന്നുള്ള പുതിയ വ്യവസായ ഇടനാഴികൾ, വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സെന്ററുകൾ, വെസ്റ്റ്-കോസ്ററ് കനാൽ നിർമാണം എന്നീ പദ്ധതികൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാൻ ഉതകുന്നവയാണ്. പരിസ്ഥിതി സൗഹാർദ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ന്യൂ എനർജി പാർക്കുകൾ, തിരുവനന്തപുരം, കൊച്ചി കേന്ദ്രമായിട്ടുള്ള രണ്ട് ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്, ഇലക്ട്രോണിക് വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായുള്ള വൈദ്യുതി വാഹന കൺസേർഷ്യം എന്നിവ വികസനത്തിന് ഊന്നൽ നൽകുന്നവയാണ്. ഇത് കൂടാതെ കാർഷിക വ്യവസായ, ഗതാഗത,ആരോഗ്യ,വിനോദ സഞ്ചാര നഗര മേഖലകൾക്കായി ധാരാളം പുതിയ പദ്ധതികളും മുൻകാലങ്ങളിൽനിന്ന് തുടർന്നു വരുന്ന പദ്ധതികളും ബജറ്റിലുണ്ട്.

സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായ ഉത്പാദന മേഖലയുടെ തളർച്ച, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ചെറുകിട വ്യവസായത്തിന്റെ തകർച്ച, ആവശ്യത്തിനുള്ള വായ്പാ ലഭ്യതക്കുറവ്, വർധിച്ച കടബാധ്യത, പലിശഭാരം എന്നിവ സംസ്ഥാനത്തെ തുറിച്ചു നോക്കുന്ന യാഥാർഥ്യങ്ങളാണ്. ഈ അവസ്ഥയിൽ നിന്നുവേണം സംസ്ഥാന ബജറ്റിനെ യാഥാർഥ്യ ബോധത്തോടെ വിശകലനം ചെയ്യേണ്ടത്.

ഇത്തരത്തിൽ നോക്കിയാൽ, ബജറ്റിൽ ധാരാളം ഭാവനാത്മക പദ്ധതികൾ ഇടം പിടിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നിന്നും വീക്ഷിക്കുമ്പോൾ ഇവ പ്രവൃത്തി പഥത്തിലെത്തിക്കാൻ കഠിന ശ്രമം നടത്തേണ്ടതായി വരും. ഇന്ത്യയിലെ മറ്റേത്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ചും നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ല. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായ ഉത്പാദന മേഖലയുടെ തളർച്ച, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ചെറുകിട വ്യവസായത്തിന്റെ തകർച്ച, ആവശ്യത്തിനുള്ള വായ്പാ ലഭ്യതക്കുറവ്, വർധിച്ച കടബാധ്യത, പലിശഭാരം എന്നിവ സംസ്ഥാനത്തെ തുറിച്ചു നോക്കുന്ന യാഥാർഥ്യങ്ങളാണ്. ഈ അവസ്ഥയിൽ നിന്നുവേണം സംസ്ഥാന ബജറ്റിനെ യാഥാർഥ്യ ബോധത്തോടെ വിശകലനം ചെയ്യേണ്ടത്.

കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ ധാരാളം ഭാവനാത്മകമായ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും, പലതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. അഥവാ ആരംഭിച്ചാൽ തന്നെ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിലാണ് താനും. ഇതിന്റെ എല്ലാം കാരണം വിഭവ സമാഹരണവും അതിന്റെ കാര്യക്ഷമമായ വിനിയോഗത്തിലുമാണ്. മൊത്തം പ്രതീക്ഷിത വരുമാനം (total receipts ) കഴിഞ്ഞ ബജറ്റിനെക്കാളും 1.4 ശതമാനം മാത്രമേ കൂടിയിട്ടുള്ളു. എന്നാൽ റിവൈസ്ഡ് ബജറ്റുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് 5.6 ശതമാനം വർധിച്ചതായി കാണാം. മൊത്തം വരുമാനത്തിൽ, റെവന്യു വരുമാനവും കഴിഞ്ഞ ബജറ്റിനെക്കാളും ഒരു ശതമാനം വർധന മാത്രമാണ് കാണിച്ചിട്ടുള്ളത്. എന്നാൽ റിവൈസ്ഡ് ബജറ്റ് പ്രകാരം ഇത് 4.8 ശതമാനം വർധന കാണിക്കുന്നുണ്ട്. പഴയ ബജറ്റും, അതിന്റെ തന്നെ പുതുക്കിയ ബജറ്റും - ഇന്നത്തെ ബജറ്റും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നത്, കഴിഞ്ഞവർഷം ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന വരുമാനം സംസ്ഥാനത്തിന് നേടാൻ സാധിച്ചിട്ടില്ല എന്നതാണ്. തനതു നികുതി വളർച്ച കഴിഞ്ഞ ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 9.4 ശതമാനമാണ്. എന്നാൽ റിവൈസ്ഡ് ബജറ്റ് പ്രകാരം 15.5 ശതമാനമാണ്. ഇത് കാണിക്കുന്നത്, ബജറ്റ് എസ്റ്റിമേറ്റിനെക്കാളും കുറഞ്ഞ തരത്തിലുള്ള വിഭവ സമാഹരണമാണ് നടന്നിരിക്കുന്നത്. ടാക്സ് ബോയെൻസി, റെവന്യു റസീപ്റ്റ് പ്രകാരം കുറഞ്ഞതായി കാണാം. കണക്കുകൾ കാണിക്കുന്നതനുസരിച്ച്, സംസ്ഥാനത്തിന് നികുതി ഇനത്തിൽ കിട്ടേണ്ടിയിരുന്ന 19,920 കോടി രൂപ ഇനിയും പിരിഞ്ഞു കിട്ടേണ്ടതുണ്ട്. ഈ അവസ്ഥാവിശേഷം ഭാവിയിലും തുടർന്നാൽ എങ്ങനെയാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്ന സ്വപ്ന പദ്ധതികൾ യാഥാർഥ്യമാകുന്നത്?

മൂലധനച്ചെലവ് കഴിഞ്ഞ ബജറ്റിനെക്കാളും 7.8 ശതമാനം കുറഞ്ഞ വളർച്ചയാണ് കാണിക്കുന്നത്. എന്നാൽ അത് റിവൈസ്ഡ് ബജറ്റ് പ്രകാരം 30.4 ശതമാനം കുറഞ്ഞ വളർച്ചയാണ് കാണിക്കുന്നത്. ഇത് കാണിക്കുന്നത് മൊത്തം മൂലധനച്ചെലവ് കുറഞ്ഞു എന്ന് മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന മൂലധനച്ചെലവുകളാണ് ഏറ്റവുമധികം വെട്ടിച്ചുരുക്കപ്പെട്ടത് എന്നുമാണ്. ഇതിൽ നിന്നും രണ്ട് വസ്തുതകൾ അനുമാനിക്കാവുന്നതാണ്. ഒന്നാമതായി, ഉദ്ദേശിച്ച തരത്തിൽ വിഭവ സമാഹരണം നടത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. രണ്ടാമതായി ഉദ്ദേശിച്ച രീതിയിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കൻ സാധിച്ചിട്ടുമില്ല.

ചെലവുകളുടെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം ചെലവ് 1.4 ശതമാനം മാത്രമേ വർധിച്ചിട്ടുള്ളു. എന്നാൽ റിവൈസ്ഡ് ബജറ്റുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് 5.6 ശതമാനമാണ്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട വസ്തുത, പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ല. ഇതിൽ തന്നെ പദ്ധതിയേതര ചെലവ് കഴിഞ്ഞ ബജറ്റിനേക്കാൾ 2.6 ശതമാനവും റിവൈസ്ഡ് ബജറ്റിനേക്കാൾ 9.2 ശതമാനവും വർധിച്ചിരിക്കുന്നു. എന്നാൽ പദ്ധതിച്ചെലവ് മുൻപത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനം കുറവ് വളർച്ച രേഖപ്പെടുത്തുന്നു. അത് റിവൈസ്ഡ് ബജറ്റുമായി തട്ടിച്ചുനോക്കുമ്പോൾ 9.3 ശതമാനം കുറവ് വളർച്ചയാണ് കാണിക്കുന്നത്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, പൊതുവെ പ്രഖ്യാപിച്ച ചെലവുകളിൽ നിന്നും പിറകോട്ട് പോയി എന്ന് മാത്രമല്ല പദ്ധതിച്ചെലവുകൾ വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു എന്നുമാണ്. ഇത്തരത്തിലുള്ള പദ്ധതി വെട്ടിച്ചുരുക്കൽ നമ്മുടെ വികസന സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും. പദ്ധതിച്ചെലവുകൾക്കുള്ളിൽ തന്നെ മൂലധനച്ചെലവ് കഴിഞ്ഞ ബജറ്റിനെക്കാളും 7.8 ശതമാനം കുറഞ്ഞ വളർച്ചയാണ് കാണിക്കുന്നത്. എന്നാൽ അത് റിവൈസ്ഡ് ബജറ്റ് പ്രകാരം 30.4 ശതമാനം കുറഞ്ഞ വളർച്ചയാണ് കാണിക്കുന്നത്. ഇത് കാണിക്കുന്നത് മൊത്തം മൂലധനച്ചെലവ് കുറഞ്ഞു എന്ന് മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന മൂലധനച്ചെലവുകളാണ് ഏറ്റവുമധികം വെട്ടിച്ചുരുക്കപ്പെട്ടത് എന്നുമാണ്. ഇതിൽ നിന്നും രണ്ട് വസ്തുതകൾ അനുമാനിക്കാവുന്നതാണ്. ഒന്നാമതായി, ഉദ്ദേശിച്ച തരത്തിൽ വിഭവ സമാഹരണം നടത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. രണ്ടാമതായി ഉദ്ദേശിച്ച രീതിയിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കൻ സാധിച്ചിട്ടുമില്ല. ഈ അവസ്ഥ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ ശോഷണത്തിനു വഴിതെളിക്കും.

നമ്മുടെ സംസ്ഥാനം പ്രഖ്യാപിക്കുന്ന പല പദ്ധതികളും, ഒന്നുകിൽ അത് പോലെയോ, ചെറിയ വ്യത്യാസത്തിലോ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതായി കാണാം. ഈ അവസരത്തിൽ സംഘർഷ സാധ്യത കുറച്ചുകൊണ്ട്, കേന്ദ്ര പദ്ധതികൾ സംസ്ഥാന സാഹചര്യത്തിന് അനുസൃതമാണെങ്കിൽ, അത് നടപ്പിലാക്കാനുള്ള പരിസ്ഥിതി ഒരുക്കിക്കൊടുക്കുകയാണെങ്കിൽ സംസ്ഥാന വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിക്കും.

ബജറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം റെവന്യു വരുമാനം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.11 ശതമാനവും ധനക്കമ്മി 3.5 ശതമാനവുമാണ്. മൊത്തം റെവന്യുക്കമ്മി 23,942 കോടി രൂപയാണ്. ആകയാൽ ധനക്കമ്മിയുടെ 15,720 കോടി രൂപ മാത്രമേ മൂലധനച്ചെലവുകൾക്കായി മാറ്റിവയ്ക്കാൻ സാധിക്കുകയുള്ളൂ. അത് ധനക്കമ്മിയുടെ 40 ശതമാനമാണ്. എന്നാൽ പലിശച്ചെലവൊഴിവാക്കിയാൽ അത് 33.8 ശതമാനമായി ചുരുങ്ങും. ഇത് സൂചിപ്പിക്കുന്നത് ഫിസ്ക്കൽ ഡെഫിസിറ്റിന്റെ ൩൩.൮ മാത്രമേ തനത് വർഷത്തിൽ മൂലധന അടിസ്ഥാന വികസന പദ്ധതികൾക്ക് ചെലവാക്കാൻ സാധിക്കുകയുള്ളൂ.

വർധിച്ചുവരുന്ന പലിശ വലിയൊരു ബാധ്യതയാണ്. അത് റവന്യു വരുമാനത്തിന്റെ ഏകദേശം 20 ശതമാനം വരുന്നു. ഉയർന്ന പലിശാച്ചെലവ് വരും കാലഘട്ടത്തിൽ ഒരു ഭീഷണിയാണ്. അത് സംസ്ഥാന പൊതു കടത്തിന്റെ സ്ഥിരതയേയും സുസ്ഥിരതയേയും ദോഷകരമായി ബാധിക്കും.

മേൽപ്പറഞ്ഞ വസ്തുതകൾ കൂടാതെ പുതുതായി കണ്ടെത്തിയ ധനാഗമന മാർഗ്ഗത്തെപ്പറ്റി ചില കാര്യങ്ങൾ വിസ്മരിക്കാൻ പാടില്ല. മുൻ കാലങ്ങളിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ വിൽപ്പന നികുതി ജി എസ ടി യിൽ ലയിപ്പിച്ചതുകൊണ്ട് നികുതി വരുമാനം വർധിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ ശേഷി കുറഞ്ഞു. നികുതിയേതര മാർഗങ്ങളെയാണ് കൂടുതൽ ആശ്രയിച്ചിരിക്കുന്നത്. വർധിച്ച കെട്ടിട നികുതി, ഭൂനികുതി, ധാതു ഖനനത്തിനുള്ള ഫീസ് വർദ്ധന, ബജറ്റിന് പുറമെയുള്ള വെള്ളക്കര, വൈദ്യുതി നിരക്ക് വർദ്ധന മുതലായവ വരുമാനം വർധിപ്പിക്കും. ഇത്തരത്തിലുള്ള നികുതി ഭാരം മറ്റുള്ളവരിലേക്ക് മാറ്റാൻ സാധിക്കാത്തതുകൊണ്ട് നികുതി ദായകർ തന്നെ അത് വഹിക്കേണ്ടി വരും. നികുതി വർദ്ധന പ്രത്യേകിച്ച് വസ്തുനികുതി, ഭൂനികുതി, വെള്ളക്കരം, വൈദ്യുതി ചാർജ് വർദ്ധന എന്നിവ സാധാരണക്കാരുടെ ജീവിതച്ചെലവുകൾ വർധിക്കാനിടയാക്കും. അതുകൂടാതെ സാമൂഹിക സുരക്ഷാ ഫണ്ടിനുവേണ്ടി പെട്രോളിന്റെ മുകളിലുള്ള അധികച്ചുങ്കം എല്ലാവരെയും ബാധിക്കും. ഇത് ഗതാഗത ഉത്പാദന ചെലവുകൾ വർധിപ്പിക്കുകയും വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യും. ഇത് ജനങളുടെ വാങ്ങൽ ശേഷി കുറയാൻ ഇടയാക്കും. അതുപോലെ മദ്യത്തിനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന അധിക നികുതി ഏറ്റവും അധികം ബാധിക്കുന്നത് സമൂഹത്തിൽ സാമ്പത്തികമായി താഴെത്തട്ടിൽ നിൽക്കുന്നവരെയായിരിക്കും. അതുകൂടാതെ മറ്റു ഹാനികരമായ ലഹരിപദാർഥങ്ങളുടെ ഉപയോഗത്തിലേക്ക് ആളുകളെ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അധിക ബാധ്യത സാധാരണക്കാർക്ക് വന്നു ചേരുമ്പോഴും അവരെ സഹായിക്കുന്ന അധിക ആനുകൂല്യങ്ങളൊന്നും അനുവദിച്ചതായും ബജറ്റിൽ കാണുന്നില്ല.

മൊത്തത്തിൽ നോക്കുമ്പോൾ സംസ്ഥാനം വിഭവ സമാഹരണത്തിൽ മാത്രമല്ല, വിഭവ വിനിയോഗത്തിലും പിറകിലാണെന്ന് കാണാം. ഈ സന്ദർഭത്തിൽ ചില വസ്തുതകൾ കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സംസ്ഥാനം പ്രഖ്യാപിക്കുന്ന പല പദ്ധതികളും, ഒന്നുകിൽ അത് പോലെയോ, ചെറിയ വ്യത്യാസത്തിലോ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതായി കാണാം. ഈ അവസരത്തിൽ സംഘർഷ സാധ്യത കുറച്ചുകൊണ്ട്, കേന്ദ്ര പദ്ധതികൾ സംസ്ഥാന സാഹചര്യത്തിന് അനുസൃതമാണെങ്കിൽ, അത് നടപ്പിലാക്കാനുള്ള പരിസ്ഥിതി ഒരുക്കിക്കൊടുക്കുകയാണെങ്കിൽ സംസ്ഥാന വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിക്കും. ഉദാഹരണമായി, പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരമുള്ള പല നൂതന-സാങ്കേതിക പരിജ്ഞാന മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് ടെക്നോളജി, 3-ഡി പ്രിന്റിങ് മുതലായവ നമ്മുടെ സംസ്ഥാനത്തിന് വളരെ ഗുണകരമാണ്. അത്തരത്തിലുള്ള കാര്യങ്ങൾക്ക് വിവിധ പദ്ധതികൾ വേറിട്ട നടപ്പിലാക്കുന്ന വഴി ഉണ്ടാകാവുന്ന അധിക സാമ്പത്തിക സാധ്യത ഒഴിവാക്കാം. ഈ സന്ദർഭത്തിൽ സംസ്ഥാന- കേന്ദ്ര പദ്ധതികളുടെ ഏകീകരണവും സംയോജിക്കലും നല്ലതാണ്

അതുകൂടാതെ ധനമന്ത്രി സൂചിപ്പിച്ചപോലെ വിഭവ ഉപയോഗത്തിന്റെ കാര്യക്ഷമത വര്ധിപ്പിക്കണമെങ്കിൽ ചെലവിന്റെ അടിസ്ഥാനത്തിൽ പദ്ധതി വിശകലനം ചെയ്യുന്നതിന് പകരം പദ്ധതിയിൽ നിന്നും ഉത്ഭവിക്കുന്ന ഫലത്തെ ആശ്രയിച്ചായിരിക്കണം അവ വിലയിരുത്തപെടേണ്ടത്. അതിനുവേണ്ടി എക്‌സ്‌പെന്റിച്ചർ ബജറ്റിന് പകരം ഔട്ട്കം ബജറ്റിന് കൂടുതൽ പ്രാധാന്യം നൽകണം.

ചുരുക്കിപ്പറഞ്ഞാൽ നിരവധി ഭാവനാപൂർണമായ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാൽ പലതും നടപ്പിലാക്കുന്ന സാധ്യത കുറവായിരിക്കും.

logo
The Fourth
www.thefourthnews.in