പണം കായ്ക്കുന്ന ക്യാമറകൾക്കാകുമോ റോഡ് അപകടങ്ങൾക്ക് തടയിടാൻ? 

പണം കായ്ക്കുന്ന ക്യാമറകൾക്കാകുമോ റോഡ് അപകടങ്ങൾക്ക് തടയിടാൻ? 

നിർമിത ബുദ്ധി ക്യാമറ വഴി ട്രാഫിക് നിയമലംഘനത്തിന് പിഴ പിരിക്കുന്നതിൽ ഉയരുന്ന ധാർമിക ചോദ്യങ്ങളുണ്ട്; ഒപ്പം ആശയക്കുഴപ്പം സൃഷ്ടിച്ച് ധനസമാഹാരണ മാർഗമെന്ന മട്ടിൽ പദ്ധതി കൊണ്ടുപോകാനുള്ള അധികൃതരുടെ ശ്രമങ്ങളും

നിർമിത ബുദ്ധിയാൽ നിയന്ത്രിതമെന്ന് വ്യാപകമായി കരുതപ്പെടുന്ന ക്യാമറകളുടെ ഒരു ശൃംഖല കേരളത്തിലെ പ്രധാന റോഡുകളുടെ നിയന്ത്രണം ഏറ്റെടുത്തിട്ട് ആഴ്ച ഒന്നാകുന്നു. ഇതുവരെ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾ ലക്ഷങ്ങളുടെ കണക്കിലാണെങ്കിലും ദിവസവും ആയിരത്തിന്റെ കണക്കിലാണ് ‘ഗതാഗത നിയമ ലംഘകർക്ക്’ പിഴ രസീതുകൾ അയക്കുന്നത്. 

കുറഞ്ഞതുകയായ 250 രൂപ മുതൽ കൂടിയ തുകയായ 2000 രൂപ വരെ ഹെൽമെറ്റ് വയ്ക്കാത്ത ഇരുചക്ര വാഹനയാത്ര, സീറ്റ് ബെൽറ്റ് ഇല്ലാത്ത നാൽചക്ര വാഹനയാത്ര, അമിത വേഗം, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, അനധികൃത പാർക്കിങ്ങ് അങ്ങനെ പല വകുപ്പിലാണ് പിഴ ചീട്ടുകൾ അയക്കുന്നത്. ഈ ക്യാമറകളുടെ വാങ്ങലും പരിപാലനവുമൊക്കെ വലിയ വിവാദമായ സംഭവങ്ങളാണ്. അതേപ്പറ്റി ധാരാളം പേർ പ്രതികരിച്ചു കഴിഞ്ഞതുമാണ്. ഈ വിഷയത്തിൽ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ വേറെ ചിലതാണ്. ഒന്നാമത്, ഈ പിഴ പിരിക്കലിൽ മുഴച്ചുനിൽക്കുന്ന ധാർമിക ചോദ്യങ്ങളും അതിനെ പാടെ അവഗണിച്ചുകൊണ്ടുള്ള സർക്കാർ നിലപാടും; രണ്ടാമത്, മനഃപൂർവം ആശയക്കുഴപ്പം സൃഷ്ടിച്ചും വർധിപ്പിച്ചും ഈ പദ്ധതി ബോധവത്കരണ ഉപാധി എന്നതിലുപരി ധനസമാഹാരണ മാർഗം എന്ന മട്ടിൽ കൊണ്ടുപോകാനുള്ള അധികൃതരുടെ ശ്രമങ്ങൾ. 

മോശം റോഡ് പരിപാലനവും ഗതാഗത നിയമങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയും കാൽനടയാത്രക്കാർക്ക് നടക്കാനും റോഡ് മുറിച്ചുകടക്കാനുമുള്ള സുരക്ഷിത ഇടങ്ങളുടെ അഭാവവും അവ്യക്തവും അപര്യാപ്തവുമായ മുന്നറിയിപ്പ് ബോർഡുകളുമൊക്കെയാണ് മിക്കവാറും അപകടങ്ങളുടെ കാരണം

വർധിച്ചുവരുന്ന റോഡ് അപകടങ്ങളും ഭയാനകമെന്ന് തന്നെ പറയാവുന്ന മരണനിരക്കുമാണ് ഈ പിഴ ഈടാക്കൽ യോജനയുടെ പ്രചാരകർ തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കേരളത്തിലെ റോഡ് അപകടങ്ങൾ ആഴത്തിൽ പരിശോധിച്ചാൽ മോശം റോഡ് പരിപാലനവും ഗതാഗത നിയമങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയും കാൽനടയാത്രക്കാർക്ക് നടക്കാനും റോഡ് മുറിച്ചുകടക്കാനുമുള്ള സുരക്ഷിത ഇടങ്ങളുടെ അഭാവവും അവ്യക്തവും അപര്യാപ്തവുമായ മുന്നറിയിപ്പ് ബോർഡുകളുമൊക്കെയാണ് മിക്കവാറും അപകടങ്ങളുടെ കാരണം എന്ന് പറയാൻ പറ്റും. ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. അതായത് മിക്ക അപകടങ്ങളിലും പ്രതിയോ കൂട്ടുപ്രതിയോ സർക്കാർ തന്നെയാണെന്ന് പറയേണ്ടിവരും. 

കാൽനടയാത്രക്കാരുടെ പ്രാഥമികമായ അവകാശങ്ങൾ പോലും അവഗണിച്ചാണ് നമ്മുടെ ഗതാഗത ചട്ടങ്ങൾ

നിലവിലെ നിയമം റോഡ് യൂസർ എന്ന് നിർവചിച്ചിരിക്കുന്നത് റോഡിലൂടെ വാഹനം ഓടിക്കുകയോ വാഹനത്തിൽ സഞ്ചരിക്കുകയോ ചെയ്യുന്നവരേയും കാൽനട യാത്രക്കാരെയുമാണ്. എന്നാൽ കാൽനട യാത്രക്കാർ റോഡ് ഉപഭോക്താവാണ് എന്ന കാഴ്ചപ്പാടിലല്ല നമ്മൾ പലപ്പോഴും റോഡ് സുരക്ഷാമാർഗങ്ങൾ രൂപീകരിക്കുന്നത്. കാൽനടയാത്രക്കാരുടെ പ്രാഥമികമായ അവകാശങ്ങൾ പോലും അവഗണിച്ചാണ് നമ്മുടെ ഗതാഗത ചട്ടങ്ങൾ. ഉദാഹരത്തിന്, 30 മുതൽ 45 മീറ്റർ വരെ വീതിയുള്ള മെയിൻ റോഡുകൾ മുറിച്ചുകടക്കാൻ 10 സെക്കൻഡ് മാത്രം സിഗ്നൽ നൽകുന്ന സംവിധാനം പ്രായമായവരും നടക്കാൻ ശാരീരികമായി ബുദ്ധിമുട്ടുള്ളവരുമായ റോഡ് ഉപഭാക്താക്കളെ പാടെ അവഗണിച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഒന്നാണ്. 

നമ്മുടെ റോഡിൽ വാഹനവുമായി ഇറങ്ങുന്നവരിൽ എത്ര പേർക്കാണ് റോഡിലെ മാർക്കിങ്ങുകളെപ്പറ്റി വ്യക്തമായ ധാരണയുള്ളത്?

റോഡിൽ മുന്നറിയിപ്പ് നൽകുന്ന അടയാളങ്ങൾ വ്യക്തമായി രേഖപ്പെടുത്താതിരിക്കുക, മുന്നറിയിപ്പ് ബോർഡുകൾ എളുപ്പത്തിൽ വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തിൽ സ്ഥാപിക്കാതിരിക്കുക തുടങ്ങിയ പിഴവുകൾ സർവസാധാരണമാണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിർണയിച്ച രീതിയിലല്ലാതെ പണിയുന്ന റോഡ് ഹമ്പുകൾ മാർക്കിങ് പോലുമില്ലാതെ തുടരുന്നത് നമ്മുടെ റോഡുകളിൽ കാണാൻ കഴിയും. വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഹമ്പിൽ കയറുമ്പോൾ, പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോഴൊക്കെ വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണ്. 

നമ്മുടെ റോഡിൽ വാഹനവുമായി ഇറങ്ങുന്നവരിൽ എത്ര പേർക്കാണ് റോഡിലെ മാർക്കിങ്ങുകളെപ്പറ്റി വ്യക്തമായ ധാരണയുള്ളത്? റോഡിനു നടുവിലെ വരയ്‌ക്കൊപ്പം, മുറിഞ്ഞ വരയിടുന്ന ഭാഗങ്ങളിൽ വര മുറിച്ച്  വാഹനം മറികടക്കാം എന്നും അതിനു ശേഷം ഉടൻ തന്നെ ഇടതുവശത്തെ സ്വന്തം ലൈനിലൂടെ വാഹനം ഓടിക്കാമെന്നും എത്ര പേർക്കാണ് അറിവുള്ളത്? അതുപോലെയാണ് ലംബമായ ഒറ്റ മഞ്ഞ വരയുള്ള റോഡുകളിൽ, ആ വര മറികടന്ന് ഓവർടേക്കിങ് പാടില്ലെന്ന കാര്യം ഇപ്പോഴും പലർക്കും നിശ്ചയമില്ലാത്ത ഒന്നാണ്. ഇത്തരം നിയമങ്ങൾ വാഹനം ഓടിക്കുന്ന എല്ലാവർക്കും ഹൃദിസ്ഥമാക്കാൻ സഹായിക്കുന്ന പ്രചാരണ മാർഗങ്ങളല്ലേ പൗരന്മാരുടെ ജീവനെപ്പറ്റി ആത്മാർത്ഥമായ ആകുലതയുള്ള ഒരു സർക്കാർ ആദ്യം ചെയ്യേണ്ടത്? 

ദേശീയപാതയിൽ 85 കിലോമീറ്ററും സംസ്ഥാന പാതയിൽ 80 കിലോമീറ്ററുമാണ് അനുവദനീയമായ പരമാവധി വേഗം. അതെ സമയം സ്കൂൾ മേഖലയിൽ 30 കിലോമീറ്ററും. ഈ സോണുകൾ എവിടെ തുടങ്ങും എന്നോ എവിടെ അവസാനിക്കുമെന്നോ വ്യക്തമാക്കുന്ന സിഗ്നലുകൾ ഉണ്ടാവാറില്ല

റോഡ് നികുതിയായും ഇന്ധന നികുതിയായും പലവക സർചാർജുകളായും ഗണ്യമായ തുകയാണ് ഓരോ റോഡ് ഉപഭോക്താവിൽ നിന്നും സർക്കാർ ഈടാക്കുന്നത്. ഈ തുകയുടെ ഒരു നിശ്ചിത ശതമാനം തന്നെ റോഡ് സുരക്ഷാമാർഗങ്ങളും ബോധവത്കരണ പരിപാടികളും നടപ്പാക്കാനായി ചെലവഴിക്കാൻ കഴിയുന്നതേയുള്ളൂ. സർക്കാരിന്റെ ഭരണനേട്ടങ്ങളായി ഉദ്‌ഘാടനങ്ങളേയും മറ്റും വല്യ പരസ്യങ്ങളിലൂടെ ഘോഷിക്കുന്ന നേതൃത്വത്തിന് റോഡിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായി ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ താല്പര്യമില്ലാത്തത് എന്തുകൊണ്ടാണ്? 

അതുപോലെയാണ് വേഗ നിയമങ്ങളെപ്പറ്റി നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ. ദേശീയപാതയിൽ 85 കിലോമീറ്ററും സംസ്ഥാന പാതയിൽ 80 കിലോമീറ്ററുമാണ് അനുവദനീയമായ പരമാവധി വേഗം. അതെ സമയം സ്കൂൾ മേഖലയിൽ 30 കിലോമീറ്ററും. ഈ സോണുകൾ എവിടെ തുടങ്ങും എന്നോ എവിടെ അവസാനിക്കുമെന്നോ വ്യക്തമാക്കുന്ന സിഗ്നലുകൾ ഉണ്ടാവാറില്ല, റോഡിലെ സീബ്രാ ലൈനും മഞ്ഞ വരകളും ഒക്കെ പലയിടത്തും മങ്ങിയും മാഞ്ഞുമാണ്. ഇതിനൊക്കെ പുറമെയാണ് സീബ്രാ ലൈനുകളിലൂടെ അല്ലാതെ വ്യാപകമായ റോഡ് ക്രോസിങ്. രാത്രിയിലാണെങ്കിൽ വേണ്ടത്ര സ്ട്രീറ്റ് ലൈറ്റുകൾ പലയിടത്തും പ്രധാന റോഡുകളിൽ പോലുമില്ല. 

'നിർമിത ബുദ്ധി ക്യാമറ ശൃംഖല’ സദുദ്ദേശപരമായ ഒരു സർക്കാർ തീരുമാനമായി കണക്കാക്കാൻ ബുദ്ധിമുട്ടുണ്ട്

ഒരു ദേശീയ പാതയുടെ ഓരത്തുള്ള സ്കൂളിന് മുന്നിലൂടെ 40 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാർ നിയമം പാലിക്കുകയാണോ ലംഘിക്കുകയാണോ ചെയ്യുക? നാലുവരി പാതയിൽ കാറുകൾക്ക് 90 കിലോമീറ്റർ എന്ന് പറയുന്നുണ്ട്. ഇത് നാലുവരി സംസ്ഥാനപാതയിൽ ബാധകമാണോ അതോ ദേശീയ പാതയിൽ മാത്രമാണോ എന്ന സംശയം നിലനിൽക്കുന്നു. പലപ്പോഴും എം സി റോഡിൽ നാലുവരി വീതിയുള്ള സ്ഥലങ്ങളിൽ 85 കിലോമീറ്റർ 1500 രൂപ പിഴ അർഹിക്കുന്ന കുറ്റമായി വിധിക്കപ്പെടാറുണ്ട്. 

ഈ ചോദ്യങ്ങൾക്കൊക്കെ ഗതാഗതകമ്മീഷണർക്കും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ഉത്തരം അറിയാമായിരിക്കും. എന്നാൽ വാഹനം ഉപയോഗിക്കുന്നവർക്കിടയിലെ ഇത്തരം സംശയങ്ങൾ ദൂരീകരിക്കാൻ ശ്രമങ്ങൾ ഇല്ലാത്തതാണ് പ്രശ്നം. ഇക്കാരണങ്ങളാൽ തന്നെ ‘നിർമിത ബുദ്ധി ക്യാമറ ശൃംഖല’ സദുദ്ദേശപരമായ ഒരു സർക്കാർ തീരുമാനമായി കണക്കാക്കാൻ ബുദ്ധിമുട്ടുണ്ട്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സംസ്ഥാന സർക്കാർ മദ്യത്തിൽ നിന്നും ഭാഗ്യക്കുറിയിൽ നിന്നും ലഭിക്കുന്ന വൻ ലാഭത്തിനു പുറത്തൊരു വരുമാന സ്രോതസ് കണ്ടെത്തിയതാണ് ഈ പദ്ധതിയെന്ന് വിമർശകർ ആരോപിച്ചാൽ അതിൽ അൽപ്പം കഴമ്പുണ്ടെന്ന് കരുതേണ്ട മട്ടിലാണ് കാര്യങ്ങൾ. 

logo
The Fourth
www.thefourthnews.in